UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കോണ്‍ഗ്രസ് നേതാവ് എ സി ജോസ് അന്തരിച്ചു

കോണ്‍ഗ്രസ് നേതാവും മുന്‍ നിയമസഭാ സ്പീക്കറുമായ എ സി ജോസ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കൊച്ചിയില്‍ ഇന്ന് പുലര്‍ച്ചെ മൂന്നു മണിയോടെ ലിസി ആശുപത്രിയിലാണ് അന്ത്യം സംഭവിച്ചത്. സംസ്‌കാരം ചൊവ്വാഴ്ച വൈകീട്ട് മൂന്ന് മണിക്ക് ഇടപ്പള്ളി സെന്റ് ജോര്‍ജ്ജ് പള്ളിയില്‍ നടക്കും.

1982 ഫെബ്രുവരി മൂന്ന് മുതല്‍ ജൂണ്‍ 23 വരെ നാലു മാസം കേരള നിയമസഭാ സ്പീക്കറായിരുന്ന അദ്ദേഹത്തിന്റെ കാസ്റ്റിങ് വോട്ടാണ് അക്കാലത്തെ കെ കരുണാകരന്‍ മന്ത്രിസഭയെ നിലംപതിക്കാതെ താങ്ങി നിര്‍ത്തിയത്. ഒരു ദിവസം നിയമസഭയില്‍ എട്ട് കാസ്റ്റിങ് വോട്ടു വരെ ചെയ്യേണ്ട അവസരം ഉണ്ടായിട്ടുണ്ട്. കാസ്റ്റിങ് സ്പീക്കര്‍ എന്ന വിളിപ്പേര് ലഭിച്ച ജോസ് കാസ്റ്റിങ് വോട്ട് ചെയ്ത ഏക സ്പീക്കര്‍ കൂടിയാണ്.

1937 ഫെബ്രുവരി അഞ്ചിന് എറണാകുളം എടപ്പള്ളിയില്‍ ജനിച്ച ജോസ് കെ എസ് യു വിലൂടെയാണ് രാഷ്ട്രീയത്തിലേക്ക് കടന്നു വരുന്നത്. സംഘടന സ്ഥാപിച്ചപ്പോള്‍ ജനറല്‍ സെക്രട്ടറിയായിരുന്ന ജോസ് പിന്നീട് കെ എസ് യുവിന്റെ സംസ്ഥാന പ്രസിഡന്റുമായി.

കൊച്ചിയിലെ പ്രശസ്തമായ അമ്പാട്ട് കുടുംബത്തില്‍ ജനിച്ച അദ്ദേഹം സെന്റ് ആല്‍ബര്‍ട്ട്‌സ് കോളേജില്‍ നിന്ന് ബി എസ് സിയും ഗവണ്‍മെന്റ് ലോ കോളെജില്‍ നിന്ന് എല്‍എല്‍ എം ബിരുദവും കരസ്ഥമാക്കി.

1969 മുതല്‍ 79 വരെ പത്ത് വര്‍ഷക്കാലം കൊച്ചി കോര്‍പ്പറേഷന്റെ കൗണ്‍സിലറായിരുന്ന അദ്ദേഹം 72-ല്‍ മേയറായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

1980-ല്‍ അദ്ദേഹം പറവൂര്‍ മണ്ഡലത്തില്‍ നിന്ന് നിയമസഭയിലുമെത്തി. രണ്ട് തവണ പറവൂരിനെ അദ്ദേഹം നിയമസഭയില്‍ പ്രതിനിധീകരിച്ചിട്ടുണ്ട്. 1996, 1998, 1999 പൊതു തെരഞ്ഞെടുപ്പില്‍ ലോക്‌സഭയിലേക്കും വിജയിച്ചു. ഇടുക്കി, മുകുന്ദപുരം, തൃശൂര്‍ ലോക്‌സഭാ മണ്ഡലങ്ങളില്‍ നിന്നാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്.

കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തിന്റെ ചീഫ് എഡിറ്റായിരുന്നു അദ്ദേഹം. പ്രൊഫസര്‍ ലീലാമ്മയാണ് ഭാര്യ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍