UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നിയുക്ത മുഖ്യമന്ത്രിയും ബിജെപിയും അണികളെ അക്രമങ്ങളില്‍ നിന്ന് പിന്തിരിപ്പിക്കണം: ഉമ്മന്‍ചാണ്ടി

അഴിമുഖം പ്രതിനിധി

തെരഞ്ഞെടുപ്പ് കാലത്ത് അക്രമ രാഷ്ട്രീയത്തെക്കുറിച്ച് യു.ഡി.എഫ്. മുന്നോട്ടുവച്ച ആശങ്കകള്‍ ശരിയാകുന്നതിന്റെ സൂചനകളാണോ കഴിഞ്ഞ രണ്ടുദിവസമായി കാണുന്നതെന്നു ഭയപ്പെടുന്നതായി സ്ഥാനമൊഴിഞ്ഞ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഫേസ് ബുക്കില്‍ കുറിച്ചു. തെരഞ്ഞെടുപ്പില്‍ വിജയിച്ച് ഒരു കക്ഷിക്ക് ഭൂരിപക്ഷം ഉറപ്പായശേഷം കേരളത്തില്‍ അരങ്ങേറിയ അക്രമ സംഭവങ്ങള്‍ നല്ല സൂചനയല്ല നല്‍കുന്നത്. ജനങ്ങളുടെ സൈ്വരജീവിതം ഉറപ്പാക്കുമെന്ന് ആണയിട്ട് അധികാരത്തിലേറിയവര്‍ പങ്കാളികളായ അക്രമങ്ങളില്‍ രണ്ടു ദിവസത്തിനുള്ളില്‍ മരിച്ചത് രണ്ടുപേരാണ്. ഈ അക്രമ പരമ്പരയുടെ തുടക്കം തെരഞ്ഞെടുപ്പ് ദിവസം കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നടത്തിയ ആസൂത്രിതമായ അക്രമങ്ങളില്‍നിന്നാണ്. പ്രശ്‌നങ്ങളുടെയെല്ലാം ഒരു വശത്ത് ഭരണകക്ഷിയായ എല്‍.ഡി.എഫും മറുവശത്ത് ബി.ജെ.പിയുമാണെന്നത് എന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു.

കുമരകം, തിരുവാര്‍പ്പ് പഞ്ചായത്തുകളിലുണ്ടായ അക്രമത്തില്‍ അഞ്ചുപേര്‍ക്ക് പരുക്കേറ്റു. അവിടെ നിരോധനാജ്ഞ പ്രഖ്യാപിക്കേണ്ട സാഹചര്യം പോലുമുണ്ടായി. മര്‍ദനമേറ്റ പെണ്‍പിള്ളൈ ഒരുമ നേതാവ് രാജേശ്വരി ആശുപത്രിയിലാണ്. വടകരയില്‍ കെ.കെ.രമയുടെ വീടിനു മുന്നില്‍നിന്ന് അസഭ്യവര്‍ഷം നടത്തുകയും ആര്‍.എം.പിയുടെ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫിസുകള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തു. തിരുവനന്തപുരത്ത് നേമം മണ്ഡലത്തിലും അക്രമം. കൊല്ലത്ത് ചവറയിലും പരിസരപ്രദേശങ്ങളിലും ഉണ്ടായ അക്രമങ്ങള്‍. ധര്‍മ്മടം മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ ബോംബേറില്‍ ഒരു സി.പി.എം. പ്രവര്‍ത്തകന്‍ മരിച്ചു. ഇതിനെ തുടര്‍ന്ന് ഹര്‍ത്താല്‍ ആചരിച്ചതോടെ ഹര്‍ത്താലിനും തുടക്കംകുറിച്ചു. കൈയ്പ്പമംഗലത്ത് തെരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിനിടെ എല്‍.ഡി.എഫ്. ബി.ജെ.പി. സംഘര്‍ഷത്തില്‍ പരിക്കേറ്റ ബി.ജെ.പി. പ്രവര്‍ത്തകന്‍ പ്രമോദ് മരിച്ചു. ഇതിന്റെ പേരില്‍ തൃശൂരില്‍ ബി.ജെ.പി. ഹര്‍ത്താല്‍ നടത്തി.

ഇവ നല്‍കുന്നത് ശരിയായ സന്ദേശമല്ല. ഇങ്ങനെയാണ് സ്വൈരജീവിതം ഉറപ്പാക്കുന്നതെങ്കില്‍ കേരളം കൊലപാതക രാഷ്ട്രീയത്തിന്റെ ഈറ്റില്ലമായി മാറും. ഈ സാഹചര്യത്തില്‍ മുഖംനോക്കാതെ നടപടിയെടുത്ത് ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കണം. അണികളെ അക്രമങ്ങളില്‍നിന്നും പിന്തിരിപ്പിച്ച് കേരളത്തിന്റെ സമാധാന അന്തരീക്ഷം നിലനിര്‍ത്താന്‍ എല്‍.ഡി.എഫിന്റെ നിയുക്ത മുഖ്യമന്ത്രി പിണറായി വിജയനും ബി.ജെ.പി. നേതൃത്വവും തയാറാകണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍