UPDATES

ട്രെന്‍ഡിങ്ങ്

മോദിയെ ചൊല്ലി സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം തരൂരിനെതിരെ തിരിയുമ്പോള്‍

ആർഎസ്എസ്സിനെ വിമർശിക്കുമ്പോഴും മൃദു ഹിന്ദുത്വ നിലപാടുകളാണ് തരൂർ സ്വീകരിക്കുന്നതെന്ന ആരോപണം നേരത്തെ പലരിൽനിന്നുമുണ്ടായിരുന്നു

കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശും അതിനെ പിന്തുണച്ചു കൊണ്ട് അഭിഷേക് മനു സിംഘ്വിയും നടത്തിയ ‘മോദി അനുകൂല’ പ്രസ്താവനയെ പിന്തുണച്ച തിരുവനന്തപുരം എം പി ശശി തരൂരിനെതിരെ സംഘടിത നീക്കം നടത്തി കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍. പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല മുതല്‍ കെ മുരളീധരന്‍ വരെയുള്ളവരാണ് ശശി തരൂരിനെതിരായ വിമര്‍ശനവുമായി രംഗത്തെത്തിയത്. തരൂരിനെതിരെ ഇതുവരെ നടത്താന്‍ കഴിയാത്ത നീക്കങ്ങള്‍ മോദി വാഴ്ത്തിനെതിരായ പോരാട്ടം എന്ന മട്ടില്‍ മുന്നോട്ടു കൊണ്ടുപോകാനാണ് പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ നീക്കം.

മോദിയെ വിമര്‍ശിച്ചുകൊണ്ടിരുന്നതുകൊണ്ട് പ്രയോജനമൊന്നുമില്ലെന്നായിരുന്നു ജയ്‌റാം രമേശിന്റെയും സിംഘ്വിയുടെയും പ്രസ്താവനകളുടെ കാതല്‍. നല്ല കാര്യങ്ങള്‍ ചെയ്താല്‍ അനുകൂലിച്ചാല്‍ മാത്രമെ പ്രതിപക്ഷത്തിന് വിശ്വാസ്യത കൈവരുവെന്നായിരുന്നു നേതാക്കള്‍ പറഞ്ഞത്. ഈ വാദത്തിന്റെ ചുവടുപിടിച്ചാണ് ശശി തരൂര്‍ മോദിയെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയത്. ആറ് വര്‍ഷമായി താന്‍ പറയുന്ന നിലപാടാണ് മോദിയെ ആവശ്യമായ ഘട്ടങ്ങളില്‍ പ്രശംസിക്കണമെന്നതും എങ്കില്‍ മാത്രമേ തെറ്റുകള്‍ ചൂണ്ടിക്കാട്ടുമ്പോള്‍ അതിനു വിശ്വാസ്യത കൈവരൂ എന്നതും എന്നായിരുന്നു മറ്റ് നേതാക്കളെ പിന്തുണച്ചുകൊണ്ട് തരൂര്‍ പറഞ്ഞത്.

ഇതാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളില്‍നിന്ന് ശക്തമായ വിമര്‍ശനം ഏറ്റുവാങ്ങിയത്. മോദിയെ പുകഴ്ത്തുന്നതിനെതിരെ പ്രതിപക്ഷ നേതാവ്, മുരളീധരന്‍ എന്നിവര്‍ ശക്തമായ വിമര്‍ശനമാണ് ഉന്നയിച്ചത്. കേസ് ഭയന്നാണോ തരൂര്‍ മോദിയെ പുകഴ്ത്തുന്നതെന്നായിരുന്നു മുരളീധരന്റെ ചോദ്യം. മോദിയെ വാഴ്‌ത്തേണ്ടവര്‍ ബിജെപിയില്‍ പോകണമെന്നും അദ്ദേഹം പറഞ്ഞു. ആയിരം കുറ്റങ്ങള്‍ ചെയ്തിട്ട് ഒരു കാര്യം ചെയ്യുമ്പോള്‍ അതിനെ പുകഴ്‌ത്തേണ്ട കാര്യം കോണ്‍ഗ്രസിനില്ലെന്ന രമേശ് ചെന്നിത്തലയുടെ വിമര്‍ശനത്തിന് രൂക്ഷമായാണ് തരൂരും മറുപടി പറഞ്ഞത്. തന്നെ ആരും പഠിപ്പിക്കേണ്ടതില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. മോദി നടപ്പിലാക്കുന്ന സംഘ്പരിവാര്‍ രാഷ്ട്രീയത്തെ എതിര്‍ക്കേണ്ട സമയത്ത് അദ്ദേഹത്തെ പുകഴ്ത്തുന്നത് ശരിയല്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹന്നാനും പറഞ്ഞു.

നേരത്തെ മോദിയുടെ വികസനത്തെ വാഴ്ത്തിയ മുന്‍ എം പിയും എം എല്‍ എയുമായ എപി അബ്ദുള്ളക്കുട്ടിയെ ഉടനടി പുറത്താക്കിക്കൊണ്ടാണ് സംസ്ഥാന കോണ്‍ഗ്രസ്സ് നയം വ്യക്തമാക്കിയത്. അധികം വൈകാതെ തന്നെ അബ്ദുള്ളക്കുട്ടി ഡല്‍ഹിയില്‍ എത്തി അമിത് ഷായില്‍ നിന്നും ബിജെപി മെംബര്‍ഷിപ്പ് സ്വീകരിക്കുകയും ചെയ്തു.

കേരളത്തിലെ കോണ്‍ഗ്രസിലെ സമവാക്യങ്ങള്‍ക്ക് പുറത്തുനില്‍ക്കുന്ന നേതാവാണ് ശശി തരൂര്‍. ഐക്യരാഷ്ട്ര സഭയിലെ ജോലിയില്‍നിന്ന് രാഷ്ട്രീയത്തില്‍ ഇറങ്ങിയപ്പോള്‍ തന്നെ ദേശീയ നേതൃത്വത്തിന്റെ മുന്‍കൈയിലായിരുന്നു അദ്ദേഹം തിരുവനന്തപുരത്ത് മല്‍സരിച്ചത്. തരൂരിനുള്ള താര പദവി മൂലം വിയോജിപ്പുകള്‍ പോലും പ്രകടിപ്പിക്കാനാവാത്ത അവസ്ഥയിലായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഡിസിസിയുടെ ഭാഗത്തുനിന്ന് സഹകരണം ലഭിക്കുന്നില്ലെന്ന് പരാതിയെ തുടര്‍ന്ന് എഐസിസി നേരിട്ട് ഇടപ്പെട്ടാണ് ശശി തരൂരിന്റെ പരാതി പരിഹരിച്ചത്. ഇപ്പോള്‍ ശശി തരൂര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ നടത്തിയ മോദി അനുകൂല പ്രസ്താവനയെ അവഗണിക്കുകയാണ് പൊതുവില്‍ ദേശീയ നേതൃത്വം ചെയ്തത്. കേരളത്തില്‍നിന്നുള്ള നിന്നുള്ള നേതാവും സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറിയുമായ കെ സി വേണുഗോപാലും മൃദുവായാണ് തരൂരിന്റെ പ്രസ്താവനയോട് പ്രതികരിച്ചത്. ഈ പശ്ചാത്തലത്തിലാണ് കേരളത്തില്‍നിന്നുള്ള നേതാക്കളുടെ ശക്തമായ പ്രതിഷേധത്തിന് പിന്നില്‍ തരൂരിനെതിരെ വര്‍ഷങ്ങളായുള്ള എതിര്‍പ്പ് കൂടി പ്രതിഫലിക്കുന്നുണ്ടെന്ന് വ്യക്തമാകുന്നത്. ഇപ്പോഴാണ് പൊതുവില്‍ സ്വീകാര്യത കിട്ടിയേക്കാവുന്ന ഒരു അവസരം തരൂരിനെതിരെ ലഭിച്ചത്.

തെരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്ന് രാഹുല്‍ ഗാന്ധി സ്ഥാനമൊഴിഞ്ഞപ്പോള്‍ കോണ്‍ഗ്രസില്‍ നാഥനില്ലാ കളരിയാണെന്ന് തരൂരിന്റെ വിമര്‍ശനവും വലിയ വാര്‍ത്ത പ്രാധാന്യം നേടിയിരുന്നു. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവിനെ തെരഞ്ഞെടുക്കാന്‍ വൈകിയപ്പോഴും തരൂര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ഇതിന് പുറമെ തരൂരിനെ എഐസിസി അധ്യക്ഷനാക്കണമെന്ന് ആവശ്യവും ചില കേന്ദ്രങ്ങളില്‍നിന്നുയര്‍ന്നിരുന്നു. കേരളത്തിലെ കോണ്‍ഗ്രസിനപ്പുറം വളര്‍ന്ന നേതാവിനെതിരെ അണികള്‍ക്കിടയില്‍ വികാരം ഉണ്ടാക്കിയെടുക്കുകയെന്ന ലക്ഷ്യമാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കുള്ളത് എന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. തരൂരിന്റെ പാര്‍ലമെന്റിലെ സഹപ്രവര്‍ത്തകര്‍ തന്നെയാണ് അദ്ദേഹത്തെ ഏറ്റവും രൂക്ഷമായി വിമര്‍ശിച്ചതെന്നതാണ് ഏറ്റവും ശ്രദ്ധേയം. പുതിയ വിമര്‍ശനങ്ങള്‍ക്ക് തരൂര്‍ പ്രതികരിക്കുമോ എന്നാണ് കണ്ടറിയേണ്ടത്.

ആർഎസ്എസ്സിനെ വിമർശിക്കുമ്പോഴും മൃദു ഹിന്ദുത്വ നിലപാടുകളാണ് തരൂർ സ്വീകരിക്കുന്നതെന്ന ആരോപണം നേരത്തെ പലരിൽനിന്നുമുണ്ടായിരുന്നു. തരൂരിൻ്റെ അത്തരം നിലപാടുകളെക്കുറിച്ച് ഇതുവരെ പാർട്ടിയിൽ നിന്ന് വിമർശനമോ ചർച്ചയോ നടന്നിട്ടുമില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍