UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സുധീര വധം; ഇനി ഡല്‍ഹി അങ്കം

കെ എ ആന്‍റണി

ഡല്‍ഹിയിലെ നിരത്തുകളില്‍ ഇന്നും നാളെയും പതിവില്‍ കവിഞ്ഞ തിരക്ക് അനുഭവപ്പെട്ടേക്കാം. ഒരുപക്ഷേ ഒരാഴ്ച കൂടി ഈ തിരക്ക് തുടര്‍ന്നേക്കാം. ഇതു കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തില്‍ നിന്നുള്ള അറിയിപ്പല്ല. രാഷ്ട്രീയമാപിനിയില്‍ നിന്നും ലഭിക്കുന്ന ചില വിപല്‍സന്ദേശങ്ങളാണ്. അതുകൊണ്ട് ഡല്‍ഹി നിവാസികള്‍, പ്രത്യേകിച്ചും മലയാളികള്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്നും ഈ സന്ദേശം പറയുന്നു.

കേരളത്തില്‍ നിന്നും വലിയൊരു സംഘം കോണ്‍ഗ്രസുകാര്‍ ഡല്‍ഹിയില്‍ എത്തിയിട്ടുണ്ട്. ഇനിയും പലരും എത്താനുമുണ്ട്. കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങി പോഷക സംഘടനകളുടെ പ്രതിനിധികള്‍ കൂടിയാകുമ്പോള്‍ ഇമ്മിണി ബല്യൊരു സംഘമാണ് ഇനിയങ്ങോട്ടു കുറച്ചു ദിവസം ഡല്‍ഹിയില്‍ കവാത്ത് നടത്തുക. ഏവരുടെയും ലക്ഷ്യം ഡല്‍ഹിയിലെ എ ഐ സിസി ആസ്ഥാനമാണെങ്കിലും ഗതികെട്ട് എത്തുന്ന ചിലരെങ്കിലും ഡല്‍ഹി മലയാളികളെ ആശ്രയിച്ചുകൂടായ്കയില്ല എന്നതിനാല്‍ കൂടിയാണ് ഈ മുന്നറിയിപ്പ്.

ചലോ ചലോ ദില്ലി… എന്ന പഴയൊരു മുദ്രാവാക്യമുണ്ട്. അതൊക്കെ പണ്ട് കേരളത്തിലെ പ്രതിപക്ഷ പാര്‍ട്ടികളും സിപിഎമ്മും അതിന്റെ പോഷക സംഘടനകളുമൊക്കെ നടത്തിയിരുന്ന ഒരു രാഷ്ട്രീയ ചടങ്ങായിരുന്നു. അരനൂറ്റാണ്ടിലേറെ ഇന്ത്യ മഹാരാജ്യം ഭരിച്ച കോണ്‍ഗ്രസ് ചരിത്രത്തിലും ഇത്തരം ചില യാത്രകള്‍ അന്നു നടന്നിട്ടുണ്ടായിരുന്നുവെന്നത് കാണാതിരുന്നുകൂടാ. പക്ഷേ അതൊക്കെ നിയമസഭ-ലോക്‌സഭ തെരഞ്ഞെടുപ്പുകളുടെ ഭാഗമായി സീറ്റ് മോഹികളും അവരുടെ ഗോഡ്ഫാദര്‍മാരും ശിങ്കിടകളും ചേര്‍ന്നു നടത്തിയിരുന്ന യാത്രകളായിരുന്നു. കേരളത്തില്‍ നിന്നും കേന്ദ്രമന്ത്രിമാരാകുന്നവരുടെ സത്യപ്രതിജ്ഞ ചടങ്ങു വേളകളിലും ഉണ്ടായിരുന്നു ഇത്തരം ചില യാത്രകള്‍.

ഈയാഴ്ചത്തെ കോണ്‍ഗ്രസുകാരുടെ ഡല്‍ഹി യാത്ര മറ്റൊരു ഉദ്ദേശ്യവുമായി ബന്ധപ്പെട്ടുള്ളതാണ്. തെരഞ്ഞെടുപ്പില്‍ തോറ്റമ്പിയ അവര്‍ പരാജയകാരണമായി കണ്ടെത്തിയ പ്രധാന വില്ലന്‍ വി എം സുധീരന്‍ എന്ന കെപിസിസി പ്രസിഡന്റ് ആകയാല്‍ അദ്ദേഹത്തെ തല്‍സ്ഥാനത്തു നിന്നും മാറ്റുക എന്നതാണ് ഡല്‍ഹി യാത്രയിലെ മുദ്രാവാക്യം.

സുധീരന്‍ ചില അപ്രിയസത്യങ്ങള്‍ പറഞ്ഞ് കോണ്‍ഗ്രസിനെയും യുഡിഎഫിനെയും തെരഞ്ഞെടുപ്പ് കാലത്തും അതിനു മുമ്പും ബുദ്ധിമുട്ടിലാക്കി എന്നത് ശരിയാണ്. നശിച്ചുപോകുന്ന ഗാന്ധിയന്‍ മൂല്യങ്ങളെ കുറിച്ച് സുധീരന്‍ പറഞ്ഞ കാര്യങ്ങള്‍ ഗാന്ധിമാര്‍ഗികള്‍ എന്നവകാശപ്പെടുന്ന ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കുമൊക്കെ അരോചകമായി തോന്നുന്നത് എന്തുകൊണ്ടാണെന്ന് സാത്വികരായ കോണ്‍ഗ്രസുകാര്‍ക്കും താഴെക്കിടയിലുള്ള സാധാവോട്ടര്‍മാരായ കോണ്‍ഗ്രസുകാര്‍ക്കും ഇതു പിടികിട്ടിയിട്ടില്ല.

കണ്ണൂര്‍ സിംഹം കെ സുധാകാരന്റെ പ്രഖ്യാപനം അനുസരിച്ച് നേതൃമാറ്റം തന്നെയാണ് ഡല്‍ഹിയില്‍ ചര്‍ച്ചയാവുക. എന്നുവച്ചാല്‍ സുധീരനെ തീര്‍ത്തും ചിത്രത്തില്‍ നിന്നും മാറ്റി പുതിയൊരാളെ അവിടെ പ്രതിഷ്ഠിക്കുക. പണിയൊന്നുമില്ലാതെ നടക്കുന്ന കെ സുധാകരന്‍ തന്നെയാവും ഇപ്പോള്‍ അതിനേറ്റവും യോഗ്യന്‍. നേരത്തെയും സുധാകരന് ഈ സ്ഥാനത്തോട് ഒരു മോഹമുണ്ടായിരുന്നു. സുധാകരന്‍ അടക്കമുള്ള പലരേയും തഴഞ്ഞ് രാഹുല്‍ ഗാന്ധി തന്നെയാണ് സുധീരനെ കെപിസിസി അധ്യക്ഷനാക്കിയത്. സുധാകരനെ കൂടാതെ കെ മുരളീധരനും അധ്യക്ഷപദവിയോട് താത്പര്യമില്ലാതില്ല. എല്ലാവരെയും തഴഞ്ഞാല്‍ താന്‍ തന്നെ അധ്യക്ഷനെന്ന മട്ടില്‍ എവിടെയും തൊടാതെ ഉമ്മന്‍ ചാണ്ടിയും നടക്കുന്നുണ്ടെന്നു കേള്‍ക്കുന്നുണ്ട്.

ദില്ലി രാജകുമാരന്റെ വാഴ്ച ഉടനെ ആരംഭിക്കുമെന്നാണ് കേള്‍ക്കുന്നത്. ഒരുപക്ഷേ യു പി തെരഞ്ഞെടുപ്പിനു മുമ്പായി തന്നെ രാഹുല്‍ എ ഐ സി സി അധ്യക്ഷനാകും. അതിനു മുമ്പ് നടത്തുന്ന വലിയൊരു അഭ്യാസമായി തന്നെ വേണം ഇന്നും നാളെയും നടക്കുന്ന കേരള പ്രശ്‌നങ്ങള്‍ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍.

സത്യത്തില്‍ രാഹുല്‍ ഗാന്ധിയൊരാള്‍ ഒറ്റയ്ക്കു കേരളത്തില്‍ വന്നു തിരുവനന്തപുരത്ത് ഇരുന്ന് നടത്താവുന്ന ചര്‍ച്ചയേയുള്ളൂ. പകരം സര്‍വമാന കോണ്‍ഗ്രസുകാരെയും ഡല്‍ഹിക്കു വിളിപ്പിച്ചത് സ്വന്തം ശരീരം രക്ഷപ്പെടുത്താനുള്ള ബുദ്ധി ആരെങ്കിലും ഉപദേശിച്ചു കൊടുത്തതിനാലുമാവാം. ഒരുപക്ഷേ കെ മുരളീധരന്‍ കെപിസിസി അധ്യക്ഷനായിരുന്ന കാലത്ത് ഇന്ദിരാഭവന്‍ പരിസരത്ത് രാജ്‌മോഹന്‍ ഉണ്ണിത്താനും ശരത്ചന്ദ്ര പ്രസാദിനും മര്‍ദ്ദനം ഏല്‍ക്കുക മാത്രമല്ല, ഉടുതുണിയില്ലാതെ ഓടിരക്ഷപെടേണ്ടി വന്ന ഗതികേടും ആരെങ്കിലും ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടാവണം.

സുധീരവധത്തിനായി ഡല്‍ഹിക്കു പുറപ്പെട്ടവര്‍ യുവരാജാവിന്റെ സ്ഥാനാരോഹണത്തില്‍ പങ്കെടുത്ത് മടങ്ങുമോ അതോ സുധീരന്റെ ചാത്തമുണ്ട് മടങ്ങുമോ എന്നു വൈകാതെ അറിയാം. അതുവരെ കേരളം ഒരുപരിധിവരെ പ്രശ്‌നരഹിതമാകുമെങ്കിലും ഡല്‍ഹി മലയാളികള്‍ ജാഗ്രവത്താകുന്നത് നല്ലത്.

(മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍