UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഹൈദരാബാദ് സര്‍വകലാശാല: എസ്എഫ്ഐ നേതാവ് രാജിവച്ചു; ഘര്‍വാപസിയെന്ന് എബിവിപി

കെ.സി അരുണ്‍ 

ഹൈദരാബാദ് സര്‍വകലാശാലയില്‍ ദളിത് ഗവേഷണ വിദ്യാര്‍ഥി രോഹിത് വെമുലയുടെ ആത്മഹത്യയെ തുടര്‍ന്നുണ്ടായ രാഷ്ട്രീയ വിവാദങ്ങളില്‍ പുതിയ വഴിത്തിരിവ്. വെമുലയ്ക്ക് നീതി ലഭിക്കുന്നതിന് വേണ്ടി വിദ്യാര്‍ത്ഥികള്‍ നടത്തിയ സമരത്തിന് ഇടതുപക്ഷവും കോണ്‍ഗ്രസും മറ്റു അവസരവാദ സംഘടനകളും ധനസഹായം നല്‍കിയെന്ന് ആരോപിച്ച് ഹൈദരാബാദ് സര്‍വകലാശാലയുടെ വിദ്യാര്‍ത്ഥി യൂണിയന്‍ ജനറല്‍ സെക്രട്ടറി രാജു കുമാര്‍ സാഹു, എസ് എഫ് ഐയില്‍ നിന്നും രാജിവച്ചു. എന്നാല്‍ വിദ്യാര്‍ത്ഥി യൂണിയന്‍ ഭാരവാഹിത്വം ഒഴിയാന്‍ സാഹു തയാറായിട്ടില്ല. 

എസ് എഫ് ഐയുടേയും അംബേദ്ക്കര്‍ സ്റ്റുഡന്റ്സ് അസോസിയേഷന്റെയും അവസരവാദ രാഷ്ട്രീയ അജണ്ടയും വിഭജന ആശയങ്ങളും തനിക്ക് സഹിക്കാനാകില്ലെന്ന് സാഹു പറയുന്നു. താന്‍ എസ്.എഫ്.ഐ വിടുകയാണെന്ന കാര്യം കഴിഞ്ഞ ദിവസം ഫേസ്ബുക്കിലാണ് സാഹു അറിയിച്ചത്. 

നാലു മാസമായി തുടരുന്ന പ്രതിഷേധങ്ങള്‍ രോഹിതിന് നീതി ലഭിക്കാന്‍ സഹായമായില്ലെന്നും സാഹു ആരോപിക്കുന്നു. ദരിദ്ര കുടുംബ സാഹചര്യങ്ങളില്‍ നിന്നും വരുന്ന തനിക്ക് സര്‍വകലാശാലയില്‍ ചേരുന്നത് വരെ രാഷ്ട്രീയമില്ലായിരുന്നുവെന്നും പിന്നീട് എസ് എഫ് ഐ മുന്നോട്ടു വയ്ക്കുന്ന ആശയങ്ങളില്‍ ആകൃഷ്ടനാകുകയായിരുന്നുവെന്നും സാഹു പറയുന്നു. എസ് എഫ് ഐയില്‍ അഭിപ്രായ സ്വാതന്ത്ര്യമില്ലെന്ന് സംഘടനയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയശേഷമാണ് മനസ്സിലാക്കിയത്. തന്റെ സ്വത്വത്തിലേക്ക് ഒരു വ്യക്തി ചുരുങ്ങുന്നുവെന്ന് രോഹിത് ആത്മഹത്യ കുറിപ്പില്‍ എഴുതാന്‍ കാരണം എസ് എഫ് ഐയില്‍ അദ്ദേഹം അന്യവല്‍ക്കരിക്കപ്പെട്ടതും രാഷ്ട്രീയ നേട്ടങ്ങള്‍ക്കുവേണ്ടി സംഘടന അവസരവാദ രാഷ്ട്രീയം കളിക്കുന്നതുകൊണ്ടുമാണെന്ന് സാഹു ആരോപിക്കുന്നു.

എന്നാല്‍ എബിവിപിയുടെ സ്വാധീനത്തിന് വഴങ്ങിയാകാം സാഹു ഇപ്പോഴത്തെ നിലപാട് സ്വീകരിച്ചിരിക്കുന്നതെന്ന് ഹൈദരാബാദ് സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കെ പി സുഹൈല്‍ അഴിമുഖത്തോട് പറഞ്ഞു. “സമരത്തില്‍ സജീവമായിരുന്നയാളാണ് സാഹു. പല പ്രമേയങ്ങളും അവതരിപ്പിച്ചിരുന്നതും സാഹുവാണ്. സാഹു ഇപ്പോള്‍ പറയുന്ന കാര്യങ്ങള്‍ എബിവിപി പറയുന്നവയാണ്. രാജിവയ്ക്കുന്നത് മുമ്പ് പ്രശ്‌നങ്ങള്‍ തങ്ങളുമായി സംസാരിച്ചിരുന്നില്ലെ”ന്നും സുഹൈല്‍ കൂട്ടിച്ചേര്‍ത്തു.

 

 

സാഹുവിന്റെ തീരുമാനത്തെ ഘര്‍ വാപസിയെന്ന് വിശേഷിപ്പിച്ച് എബിവിപി അനുകൂല വിദ്യാര്‍ത്ഥികള്‍ സ്വാഗതം ചെയ്യുമ്പോള്‍ ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകളുമായി അടുപ്പമുള്ളവര്‍ എതിര്‍ക്കുകയാണ്. സാഹുവിന്റെ തീരുമാനം തീര്‍ത്തും നിരാശാജനകമാണെന്നും രാജി എബിവിപി രാഷ്ട്രീയ ലാഭത്തിനുവേണ്ടി ഉപയോഗിക്കുമെന്ന ആശങ്കയും അവര്‍ ഉയര്‍ത്തുന്നുണ്ട്. ഇത്തരത്തിലെ വ്യാജ-കമ്മ്യൂണിസ്റ്റുകളെ സര്‍വകലാശാല തെരഞ്ഞെടുപ്പില്‍ നിര്‍ത്തുമ്പോള്‍ എസ് എഫ് ഐ ശ്രദ്ധിക്കേണ്ടിയിരുന്നുവെന്നും ചില വിദ്യാര്‍ത്ഥികള്‍ ഫേസ് ബുക്കില്‍ കുറിക്കുന്നു.

സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എബിവിപിക്കുവേണ്ടി മത്സരിച്ചിരുന്ന സൂര്യപ്രതാവ് സിംഗുമായി സാഹുവിന് അടുപ്പമുണ്ടായിരുന്നു കാര്യം എ എസ് എയിലെ ഷാന്‍ മുഹമ്മദ് ചൂണ്ടിക്കാണിക്കുന്നു. ഈ സൗഹൃദം സാഹുവിന്റെ മനംമാറ്റത്തിലേക്ക് നയിച്ച ഇടപാടുകള്‍ക്ക് കാരണമായോയെന്ന കാര്യം വ്യക്തമല്ല. ഒരു മാസമായി സാഹു പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നുമില്ലെന്നും ഷാന്‍ പറയുന്നു.

സാഹുവിന്റെ നിലപാടുകളുടെ വിശദീകരണക്കുറിപ്പ് അവസാനിക്കുന്നത് സത്യമേജയതേ എന്ന മുദ്രാവാക്യവുമായാണ്. എന്നാല്‍ പകരം വന്ദേമാതരം എന്നാണ് എഴുതേണ്ടിയിരുന്നതെന്നാണ് ഇടതു വിദ്യാര്‍ത്ഥികള്‍ എഫ് ബിയിലെ സാഹുവിന്റെ കുറിപ്പിന് കീഴില്‍ എഴുതുന്നത്. സ്വന്തം കാര്യത്തിനുവേണ്ടിയാണ് എല്ലാവരും നിലനില്‍ക്കുന്നതെന്ന വെമുലയുടെ ആത്മഹത്യ കുറിപ്പും വിദ്യാര്‍ത്ഥികള്‍ ഉദ്ധരിക്കുന്നുണ്ട്. 

സാഹുവിന്റെ രാജിയും ആരോപണവും രോഹിതിന്റെ ആത്മഹത്യയെ തുടര്‍ന്ന് പ്രതിസ്ഥാനത്തായിരുന്ന ബിജെപി ഏറ്റെടുത്തിട്ടുണ്ട്. ഇടതുപക്ഷവും കോണ്‍ഗ്രസും രാജ്യത്തോട് മാപ്പ് പറയണമെന്ന് കേന്ദ്ര പാര്‍ലമെന്ററികാര്യ മന്ത്രി എം വെങ്കയ്യ നായിഡു ആവശ്യപ്പെട്ടിട്ടു.

ഈ വര്‍ഷം ജനുവരിയിലാണ് സര്‍വകലാശാലയിലെ ഹോസ്റ്റല്‍ മുറിയില്‍ ഇരുപത്തിയാറുകാരനായ രോഹിത് വെമുലയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. സര്‍വകലാശാലയിലെ ജാതി വിവേചനവും എബിവിപി രോഹിതിനെ ലക്ഷ്യമിട്ടതുമൊക്കെയായിരുന്നു ആത്മഹത്യയ്ക്ക് കാരണം എന്ന് ആരോപിച്ച് വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരം ഇപ്പോഴും അവസാനിച്ചിട്ടില്ല.

 

(അഴിമുഖം സീനിയര്‍ റിപ്പോര്‍ട്ടറാണ് അരുണ്‍)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍