UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കോണ്‍ഗ്രസിന്റെ ബ്രാഹ്മണ കാര്‍ഡ് യു.പിയില്‍ ക്ലച്ചു പിടിക്കുമോ?

Avatar

അഴിമുഖം പ്രതിനിധി

ഉത്തര്‍പ്രദേശില്‍ നഷ്ടപ്പെട്ട ജനസ്വാധീനം തിരിച്ചു പിടിക്കാന്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തില്‍ വന്‍ അഴിച്ചു പണിക്ക് ഒരുങ്ങുന്നു. കൂടാതെ അടുത്ത വര്‍ഷം നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഒരു ബ്രാഹ്മണ നേതാവിനെ ഉയര്‍ത്തിക്കാട്ടാനും പദ്ധതിയിടുന്നു.

എന്നാല്‍ പ്രിയങ്ക വദ്രയോ രാഹുല്‍ ഗാന്ധിയോ നിയമസഭ തെരഞ്ഞെടുപ്പില്‍ നേതൃത്വം ഏറ്റെടുത്താല്‍ മാത്രമേ ഉത്തര്‍പ്രദേശില്‍ തിരിച്ചുവരവ് സാധ്യമാകുകയുള്ളൂവെന്നും പാര്‍ട്ടിയിലെ ഒരു വിഭാഗം ചിന്തിക്കുന്നുണ്ട്. ഗാന്ധി കുടുംബത്തിന് മാത്രമേ സംസ്ഥാനത്ത് പാര്‍ട്ടിയെ രക്ഷിക്കാന്‍ സാധിക്കുകയുള്ളൂവെന്ന ചിന്താഗതിക്കാരാണ് അവര്‍. എന്നാല്‍ ഇവരില്‍ ഒരാളെ മത്സരത്തിന് ഇറക്കുന്നതില്‍ പാര്‍ട്ടിക്ക് ആത്മവിശ്വാസമില്ല. കാരണം സംസ്ഥാനത്തെ പാര്‍ട്ടിയുടെ മോശം അവസ്ഥ തന്നെയാണ്.

2014-ലെ ലോകസഭ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയുടേയും 2015-ല്‍ ബീഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ നിതീഷ് കുമാര്‍-ലാലു പ്രസാദ് യാദവ് കൂട്ടികെട്ടിന്റേയും പ്രചാരണത്തിന് ചുക്കാന്‍ പിടിച്ച പ്രശാന്ത് കിഷോറാണ് യുപിയില്‍ കോണ്‍ഗ്രസിന്റെ തന്ത്രങ്ങളുടെ ചുമതലയേറ്റെടുത്തിരിക്കുന്നത്. രാഹുല്‍ അല്ലെങ്കില്‍ പ്രിയങ്ക സംസ്ഥാന തെരഞ്ഞെടുപ്പിന്റെ നേതൃത്വം ഏറ്റെടുക്കണമെന്നും അവര്‍ അതിന് തയ്യാറല്ലെങ്കില്‍ പ്രമുഖ ബ്രാഹ്മണ നേതാവിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാണിക്കണമെന്നുമാണ് പ്രശാന്തിന്റെ അഭിപ്രായം. മുന്‍ ഡല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിതിനേയും യുപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നുണ്ട്.

കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, പുതുച്ചേരി, അസം നിയമസഭ തെരഞ്ഞെടുപ്പ് ഫലം വരുന്ന മെയ് 19-ന് ശേഷം യുപിയിലെ അഴിച്ചുപണി പ്രഖ്യാപിക്കാനാണ് കോണ്‍ഗ്രസ് നേതൃത്വം പദ്ധതിയിടുന്നത്.

യുപി കോണ്‍ഗ്രസ് അധ്യക്ഷന്‍, നിയമസഭ പാര്‍ട്ടി നേതാവ്, സംസ്ഥാന ചുമതലയുള്ള എഐസിസി നേതാവ് എന്നിവര്‍ അടക്കമുള്ളവരുടെ സ്ഥാനങ്ങള്‍ തെറിച്ചേക്കും. കോണ്‍ഗ്രസിന്റെ ഒട്ടുമിക്ക പ്രധാനമന്ത്രിമാരും യുപിയില്‍ നിന്നുള്ളവരാണ്. അവിടെ മണ്ഡല്‍, മന്ദിര്‍ അനന്തര രാഷ്ട്രീയ കാലഘടത്തില്‍ കോണ്‍ഗ്രസ് പുറമ്പോക്കിലേക്ക് തള്ളപ്പെട്ടു. ഈ സാഹചര്യത്തില്‍ നിന്നുമുള്ള തിരിച്ചുവരവിനുള്ള കഠിനമായ ശ്രമമാണ് പാര്‍ട്ടി ഇപ്പോള്‍ നടത്തുന്നത്.

സംസ്ഥാനത്തെ വോട്ടര്‍മാരില്‍ 10 മുതല്‍ 12 ശതമാനം വരെയുള്ള ബ്രാഹ്മണ സമുദായത്തില്‍ നിന്ന് ഒരാളെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തി കാണിക്കുന്നത് അവരുടെ പിന്തുണ തിരിച്ചുപിടിക്കാന്‍ സഹായിക്കുമെന്നാണ് പ്രതീക്ഷ. മണ്ഡലിനും മന്ദിറിനും മുമ്പ് കോണ്‍ഗ്രസിന് വോട്ടു ചെയ്തിരുന്ന ബ്രാഹ്മണര്‍ രണ്ട് രാഷ്ട്രീയ കൊടുങ്കാറ്റുകള്‍ക്കും ശേഷം ബിജെപിയിലേക്ക് ചായുകയായിരുന്നു. ലോകസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കേവലം രണ്ട് സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. സോണിയയും രാഹുലും അവരുടെ തട്ടകങ്ങളില്‍ വിജയിച്ചു കയറി.

യുപിഎ ഒന്ന്, രണ്ട് മന്ത്രിസഭകളില്‍ അംഗമായിരുന്നവരെയും എംപിമാരേയും അടക്കമുള്ള ഉന്നതരെ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരത്തിന് ഇറക്കാനും അവര്‍ക്ക് പദ്ധതിയുണ്ട്. മൂന്ന് ദശാബ്ദത്തോളമായി അധികാരത്തിന് പുറത്തു നില്‍ക്കുന്ന കോണ്‍ഗ്രസില്‍ നേതൃത്വ പ്രതിസന്ധിയുമുണ്ട്. ആഭ്യന്തരകലഹവും ആത്മവിശ്വാസം നഷ്ടപ്പെട്ട പ്രവര്‍ത്തകരുമാണ് ഇപ്പോള്‍ കോണ്‍ഗ്രസില്‍ അവശേഷിക്കുന്നത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍