UPDATES

ട്രെന്‍ഡിങ്ങ്

കോണ്‍ഗ്രസ് നേതാവ് വൃദ്ധയെ ഉപദ്രവിക്കുന്നതിന്റെ ദൃശ്യം വൈറലായി; പോലീസ് സ്വമേധയാ കേസെടുത്തു

സംഭവം വിവാദമായതോടെ ശബരീനാഥ് എംഎല്‍എ കൃഷ്ണമ്മയുടെ വീട്ടിലെത്തി നേരിട്ട് മാപ്പുചോദിച്ചു

അരുവിക്കരയില്‍ വൃദ്ധയെ ഉപദ്രവിച്ച കോണ്‍ഗ്രസ് നേതാവ് രാജീവിനെതിരെ അരുവിക്കര പോലീസ് സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തു. രാജീവിന്റെ ബന്ധു കൂടിയായ 75കാരിയാണ് ഇയാളുടെ ആക്രമണത്തിനിരയായത്. വൃദ്ധയെ ഇയാള്‍ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തിലൂടെ പ്രചരിച്ചതോടെയാണ് പോലീസ് സ്വമേധയാ കേസെടുത്തത്.

അരുവിക്കര പഞ്ചായത്തിലെ ഇരുവ ജംഗ്ഷനിലാണ് സംഭവം. റോഡ് ഉദ്ഘാടനത്തിന്റെ ശിലാഫലകം മതിലിനോട് ചേര്‍ത്ത് സ്ഥാപിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിച്ചു. അനുവാദമില്ലാതെ തന്റെ വീടിന് മുന്നില്‍ ശിലാഫലകം സ്ഥാപിക്കാന്‍ ശ്രമിച്ചത് ഷീജ ഭവനത്തിലെ കൃഷ്ണമ്മ ചോദ്യം ചെയ്തതിനാണ് ഇവരെ രാജീവ് മര്‍ദ്ദിച്ചത്. വൃദ്ധയുടെ വസ്ത്രം ഉരിഞ്ഞ് മര്‍ദ്ദിക്കുന്നതാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്. ഇയാളുടെ കുഞ്ഞമ്മയാണ് അക്രമണത്തിനിരയായ കൃഷ്ണമ്മ. ഇവരെ ഗെയ്റ്റിനുള്ളിലാക്കി പുറത്തു നിന്നും പൂട്ടാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. മുമ്പും പ്രദേശത്ത് നിവധി ആക്രമണങ്ങള്‍ നടത്തിയ രാജീവിനെതിരെ പരാതിപ്പെടാന്‍ തങ്ങള്‍ക്ക് ഭയമാണെന്ന് നാട്ടുകാര്‍ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കൃഷ്ണമ്മ പരാതിയില്ലെന്ന് പോലീസിനെ അറിയിച്ചിട്ടും സ്വമേധയാ കേസെടുക്കുകയായിരുന്നു. ശബരീനാഥ് എംഎല്‍എയുടെ ചിത്രം ഉള്‍പ്പെടുത്തിയ ഫ്‌ളക്‌സും ശിലാഫലകത്തോടൊപ്പം സ്ഥാപിച്ചിരുന്നു. പ്രജീഷ് പിഎസ് എന്നയാളാണ് വീഡിയോ പുറത്തുവിട്ടത്. തുടര്‍ന്ന് സമൂഹമാധ്യമത്തിലെ നിരവധി ആളുകള്‍ ഇത് ഏറ്റെടുക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്തു. ഈ വീഡിയോ ഉള്‍പ്പെടെ തെളിവായി നല്‍കി അരുവിക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി ഷാജു പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ അതിന് മുമ്പ് തന്നെ പോലീസ് സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

അരുവിക്കര എംഎല്‍എ ശബരീനാഥ് തന്റെ അനുയായികളെ ഇതാണോ പഠിപ്പിക്കുന്നതെന്നാണ് പ്രഷീദ് ചോദിക്കുന്നത്. എങ്കില്‍ താങ്കളുടെ അധഃപതനം ഓര്‍ത്ത് ലജ്ജിക്കുന്നെന്നും താങ്കളുടെ അമ്മയേക്കാള്‍ പ്രായം ഉള്ള ആ പാവം സ്ത്രീയോട് താങ്കളുടെ അനുയായിയും പ്രാദേശിക ഗുണ്ടയുമായ അരുവിക്കരയിലെ (ഇരുമ്പയിലെ) രാജീവ് കാണിക്കുന്ന ഈ അതിക്രമം താങ്കള്‍ ന്യായീകരിക്കുമോയെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നു.

അവരുടെ വസ്ത്രം പിടിച്ചഴിക്കാനും നിലത്ത് വലിച്ചിഴയ്ക്കാനും അടിക്കാനും അവര്‍ എന്ത് തെറ്റാണ് ചെയ്തത്. അവരുടെ അനുവാദം ഇല്ലാതെ അവരുടെ വീടിന് മുന്നില്‍ ശിലാഫലകം സ്ഥാപിക്കാന്‍ ശ്രമിച്ചത് ചോദ്യം ചെയ്തതിനാണോ ഈ അതിക്രമവും ഭീഷണിയും. നിങ്ങളുടെ അനുവാദം ഇല്ലാതെ നിങ്ങളുടെ വീടിന് മുന്നില്‍ ആരെങ്കിലും ഇത് ചെയ്താല്‍ നിങ്ങളുടെ അമ്മ സുരേഖ ടീച്ചര്‍ ഇതിനേക്കാള്‍ രൂക്ഷമായല്ലേ പ്രതികരിക്കുക. ഇത്തരം ഒരു സംഭവം നിങ്ങളുടെ അച്ഛന്‍ ജി കാര്‍ത്തികേയന്റെ ശ്രദ്ധയില്‍ ആരെങ്കിലും കൊണ്ടുവന്നിരുന്നെങ്കില്‍ അപ്പോള്‍ തന്നെ ആ അമ്മയെ കണ്ട് മാപ്പു പറയുമായിരുന്നു എന്ന കാര്യത്തില്‍ സംശയം ഇല്ല. അതാണ് അദ്ദേഹത്തിന്റെ മഹത്വമെന്നും പോസ്റ്റില്‍ പറയുന്നു. ആ അച്ഛന്റെ മകനായ താങ്കള്‍ ഇപ്പോള്‍ സ്വീകരിക്കുന്ന സമീപനം അദ്ദേഹത്തെക്കൂടി അവഹേളിക്കല്‍ ആണെന്ന് പറയാതെ വയ്യെന്നാണ് പോസ്റ്റ് അവസാനിക്കുന്നത്. സംഭവം വിവാദമായതോടെ ശബരീനാഥ് എംഎല്‍എ കൃഷ്ണമ്മയുടെ വീട്ടിലെത്തി നേരിട്ട് മാപ്പുചോദിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍