UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അടുത്തെത്തിയോ, ‘കോണ്‍ഗ്രസ് മുക്ത ഭാരതം’?

Avatar

ടീം അഴിമുഖം

വ്യാഴാഴ്ച്ച പുറത്തുവന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ഫലങ്ങള്‍ എത്തിക്കുന്ന വലിയ നിഗമനം എന്താണ്?

ശരിയാണ്, അസമിലും കേരളത്തിലും ബിജെപി വലിയ നേട്ടങ്ങളുണ്ടാക്കി. പക്ഷേ ‘കോണ്‍ഗ്രസ് മുക്ത ഭാരതം’ എന്ന ബി ജെ പി സ്വപ്നം കണക്കുകള്‍ സൂചിപ്പിക്കുന്നതിനേക്കാള്‍ അടുത്താണെന്നാണ് ഏറ്റവും നിര്‍ണായകമായ സംഭവവികാസം. 

പശ്ചിമബംഗാളില്‍ ഉണ്ടായ അപ്രതീക്ഷിതമായ ചില നേട്ടങ്ങള്‍ വെറും ഉച്ഛിഷ്ടമായി ഒതുങ്ങിപ്പോയ ആ കക്ഷിക്ക് ഒട്ടും ആശ്വാസം നല്‍കാന്‍ മതിയാകില്ല. ഈ വസ്തുതകള്‍ ഒന്നു കണക്കിലെടുത്താല്‍ പ്രത്യേകിച്ചും: കര്‍ണാടകം മാത്രമാണ് കോണ്‍ഗ്രസ് ഇപ്പോള്‍ ഭരിക്കുന്ന ഏക വലിയ സംസ്ഥാനം; ഇന്ത്യന്‍ ജനതയുടെ കഷ്ടി ആറു ശതമാനത്തിന് മുകളില്‍ മാത്രമാണ് ആ കക്ഷി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഉള്ളത്. സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏറ്റവും ശോഷിച്ച അവസ്ഥയാണിത്. 

സഖ്യകക്ഷികളുടെ സഹായത്തോടെ ഭരിക്കുന്ന ഉത്തരാഖണ്ഡും പുതുച്ചേരിയും കൂടി കണക്കാക്കിയാല്‍ രാജ്യത്തെ ഏറ്റവും പഴക്കമുള്ള കക്ഷി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ജനങ്ങളുടെ എണ്ണം ഏതാണ്ട് ഏഴു ശതമാനത്തിന് മുകളില്‍ കടക്കും. അപ്പോഴും ചരിത്രത്തിലെ ഏറ്റവും മോശമായ സ്ഥിതി തന്നെ. 

മോശം വാര്‍ത്തകള്‍ വരാന്‍ തുടങ്ങിയിട്ടേ ഉള്ളൂ. 2018 മെയ് മാസത്തില്‍ അഞ്ചു സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കാന്‍ പോവുകയാണ്. ഇതില്‍ കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ പ്രതീക്ഷ ഒട്ടും മെച്ചമല്ല താനും. 

കോണ്‍ഗ്രസിന്റെ സംസ്ഥാനങ്ങളിലെ സ്വാധീനം ജനസംഖ്യാടിസ്ഥാനത്തില്‍ അളന്നാല്‍, അവര്‍ ഒറ്റക്കും സഖ്യകക്ഷിയായും ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മൊത്തം ജനസംഖ്യ 8.62 കോടിയാണ്. 

കഴിഞ്ഞ കുറച്ചു ദശാബ്ദങ്ങളായി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഉരുത്തിരിയുന്ന വലിയ പ്രവണതയുടെ പ്രതിഫലനമാണ് കോണ്‍ഗ്രസിന്റെ ഈ ദയനീയസ്ഥിതി. ഇന്ത്യയുടെ വടക്കന്‍ ഹൃദയഭൂമിയില്‍ നിന്നും, മധ്യ, കിഴക്കന്‍ പ്രദേശങ്ങളില്‍ നിന്നും ആ കക്ഷി ഒരേപോലെ തൂത്തെറിയപ്പെട്ടിരിക്കുന്നു. ഗുജറാത്ത്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, ഇവിടങ്ങളിലൊന്നും അധികാരത്തിന്റെ അടുത്തെങ്ങുമില്ല. 

വരാനിരിക്കുന്ന മാസങ്ങള്‍ കോണ്‍ഗ്രസിനെ സംബന്ധിച്ചു നിര്‍ണായകമാണ്. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഉത്തരാഖണ്ഡ്, മണിപ്പൂര്‍ നിയമസഭകളുടെ കാലാവധി മാര്‍ച്ച് 2017 ന് അവസാനിക്കും. ഹിമാചല്‍ പ്രദേശ് 2018 ജനുവരിയിലും, കര്‍ണാടകത്തിലേത് 2018 മെയ് മാസത്തിലും, മേഘാലയ 2018 മാര്‍ച്ചിലും തീരും. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളിലെ ഈ പരാജയത്തിന്റെ വഴികള്‍ നോക്കിയാല്‍, കര്‍ണാടകത്തില്‍ വ്യത്യസ്തമായി ഏറെയൊന്നും സംഭവിക്കാനിടയില്ല. അതായത്, 2019ലെ പൊതുതെരഞ്ഞെടുപ്പിന് മുമ്പുതന്നെ ‘കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന’ ബി ജെ പി മുദ്രാവാക്യത്തോട് ഏതാണ്ടടുക്കാനാണ് സാധ്യത. 

അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന മറ്റ് സംസ്ഥാനങ്ങളിലും പഞ്ചാബ്, മാര്‍ച്ച് 2017, ഉത്തര്‍പ്രദേശ്, മെയ് 2017, ഗുജറാത്ത്, ജനുവരി 2018 ഇപ്പോഴത്തെ നിലവെച്ചുനോക്കിയാല്‍ കോണ്‍ഗ്രസിന് ഒട്ടും പ്രതീക്ഷയ്ക്ക് വകയില്ല. 

എന്നാലും കോണ്‍ഗ്രസ് ഇതില്‍ നിന്നൊന്നും ശരിയായ ഒരു പാഠവും പഠിക്കുന്നില്ല. രാഹുല്‍ ഗാന്ധിയോട് എത്രയും വേഗം കോണ്‍ഗ്രസ് അദ്ധ്യക്ഷസ്ഥാനം ഏറ്റെടുക്കാനാണ് മറ്റ് നേതാക്കള്‍ ആവശ്യപ്പെടുന്നത്. എല്ലാ മുതിര്‍ന്ന നേതാക്കളോടും പാര്‍ട്ടിയുടെ ഭാവിമാര്‍ഗങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാനും സംസ്ഥാന നേതാക്കളുമായി ചര്‍ച്ച നടത്താനും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിരുന്നു എന്നാണ് കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ സിംഗ് തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം നടത്തിയ പ്രതികരണത്തില്‍ പറഞ്ഞത്. ആ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള അവസാന ദിവസം 2015 ഫെബ്രുവരി 20 ആയിരുന്നു. ‘ഞങ്ങളെല്ലാം റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചു. ഞാനും നല്‍കി. ഇപ്പോള്‍ മെയ് 2016 ആയി. ഒരു നടപടിയും ഉണ്ടായിട്ടില്ല. അപ്പോള്‍ ചോദ്യമിതാണ്: എത്രകാലം പാര്‍ട്ടി ആത്മപരിശോധന നടത്തും? പാര്‍ട്ടി നേതൃത്വത്തോടു ഞങ്ങള്‍ പറഞ്ഞ നടപടികള്‍ ഒന്നും നടപ്പാക്കിയിട്ടില്ല. ‘

കണ്ടെത്തിയ പരിഹാരമോ? സിംഗിനെപ്പോലുള്ള മുതിര്‍ന്ന നേതാക്കള്‍ വിശ്വസിക്കുന്നത് രാഹുല്‍ ഗാന്ധി പാര്‍ട്ടിയുടെ മുഴുവന്‍ നിയന്ത്രണവും ഏറ്റെടുത്താല്‍ എല്ലാം ശരിയാകും എന്നാണ്!

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍