UPDATES

ട്രെന്‍ഡിങ്ങ്

‘ചിലര്‍ക്ക് ഷുഗറുണ്ട്, മറ്റ് ചിലര്‍ക്ക് പ്രഷറും, അവരുടെ ആരോഗ്യം നോക്കണം’; രാത്രി നിയമസഭയില്‍ ഉറങ്ങിയ ബിജെപിക്കാരെ ‘സല്‍ക്കരിച്ച്’ കോണ്‍ഗ്രസ്

ബിജെപി എംഎല്‍എമാര്‍ രാത്രി കഴിഞ്ഞത് സഭയില്‍

കര്‍ണാടക നിയമസഭയില്‍ നിലനില്‍പ്പിന്റെ പോരാട്ടമാണ്. വിശ്വാസം നേടിയെടുക്കാന്‍ കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് കഴിയുമോ, അതോ സര്‍ക്കാര്‍ താഴെ വീഴുമോ എന്നിവയുമായി ബന്ധപ്പെട്ട വലിയ ചര്‍ച്ചകള്‍. ഗവര്‍ണറുടെ നിര്‍ദ്ദേശം, അതിന്റെ ഭരണഘടനാ പരമായ സാഗത്യം തുടങ്ങിയവയെ ചൊല്ലി തര്‍ക്കം. വിശ്വാസ വോട്ട് വൈകിപ്പിച്ച സര്‍ക്കാര്‍ അധികാരത്തില്‍ കടിച്ചു തൂങ്ങാന്‍ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷം. ഇതില്‍ പ്രതിഷേധിച്ച് ഇന്നലെ രാത്രി സഭയില്‍ തന്നെ ഉറങ്ങാന്‍ തീരുമാനിക്കുകയായിരുന്നു ബിജെപി അംഗങ്ങള്‍.

എന്നാല്‍ എതിരാളികളല്ലേ, തങ്ങളുടെ സര്‍ക്കാരിനെ മറിച്ചിടാന്‍ ശ്രമിക്കുന്നവരല്ലേ, അവര്‍ എവിടെയങ്കിലും ഉറങ്ങട്ടെ എന്ന് കരുതുന്നവരായിരുന്നില്ല, കര്‍ണാടകത്തിലെ ചില കോണ്‍ഗ്രസ് നേതാക്കള്‍. രാഷ്ട്രീയ തര്‍ക്കത്തിനപ്പുറം എതിരാളികളുടെ ആരോഗ്യത്തില്‍ താല്‍പര്യമുള്ളവര്‍. അതില്‍ ആശങ്കപ്പെടുന്നവര്‍. അതുകൊണ്ട് പ്രതിഷേധിക്കുന്ന, തങ്ങളെ താഴെ ഇറക്കാന്‍ പാടുപെടുന്നവര്‍ക്ക് നല്ല ആരോഗ്യത്തിനായി അവര്‍ ഭക്ഷണം ഏര്‍പ്പാടാക്കി. ഇത് ഗാന്ധിയന്‍ മാര്‍ഗമാണോ, അതോ പബ്ലിസിറ്റിക്ക് വേണ്ടിയാണോ എന്ന ചോദ്യത്തിനൊന്നും പ്രസക്തിയില്ല. ഉപമുഖ്യമന്ത്രി ജി പരമേശ്വരയാണ് ഇതിന് നേതൃത്വം നല്‍കിയത്.

‘ഭക്ഷണവും മറ്റു കാര്യങ്ങളും അവര്‍ക്ക് ഏര്‍പ്പാടാക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്. ചിലര്‍ ഷുഗര്‍ രോഗികളാണ്. മറ്റുചിലര്‍ക്ക് ബ്ലഡ് പ്രഷര്‍ ഉണ്ട്. ഇതൊക്കെ കണക്കിലെടുത്ത് അവര്‍ക്ക് വേണ്ട എല്ലാ കാര്യങ്ങളും ഞങ്ങള്‍ ചെയ്തിട്ടുണ്ട്. രാഷ്ട്രീയത്തിനപ്പുറം ഞങ്ങള്‍ സുഹൃത്തുക്കളാണ്. അതാണ് ജനാധിപത്യത്തിന്റെ സൗന്ദര്യം.’ പരമേശ്വര പറഞ്ഞു.
അംഗങ്ങള്‍ ഭക്ഷണം കഴിച്ചതിന് ശേഷം സഭയില്‍ തന്നെ ഉറങ്ങി. ചിലര്‍ക്ക് പുതക്കാനുള്ള ഷീറ്റുകളും തലയിണകളും വീട്ടില്‍നിന്ന് വന്നു. പ്രതിപക്ഷ നേതാവ് യെദ്യുരപ്പ സഭയുടെ മധ്യഭാഗത്തായാണ് കിടന്നത്.

ഇന്ന് രാവിലെ സഭ വീണ്ടും ആരംഭിച്ചപ്പോള്‍ ഭരണ പ്രതിപക്ഷ ബഹളവും ഏറ്റുമുട്ടലും തുടങ്ങി. ഉച്ഛയ്ക്ക് ഒന്നരയ്ക്ക് മുമ്പ് വിശ്വാസ വോട്ടെടുപ്പ് നടത്താനാണ് സ്പീക്കര്‍ക്ക് ഗവര്‍ണര്‍ നിര്‍ദ്ദേശം നല്‍കിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍