UPDATES

പി സുജാതന്‍

കാഴ്ചപ്പാട്

പി സുജാതന്‍

ന്യൂസ് അപ്ഡേറ്റ്സ്

അവിടെ പ്ലീനം, ഇവിടെ പുളിനം

അസാധാരണമായിരുന്നു മൂന്ന് കോണ്‍ഗ്രസ് നേതാക്കളുടെ ആ ഇരിപ്പ്. അതിലും അസാധാരണമായിരുന്നു അവര്‍ ഓരോരുത്തരും പറഞ്ഞത്. കേരളത്തിലെ കോണ്‍ഗ്രസ്സില്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പു കഴിയുന്നതുവരെയെങ്കിലും യാതൊരു ഭിന്നിപ്പുമില്ലെന്ന് വരുത്തുകയായിരുന്നു മൂന്നുപേരുടെയും ലക്ഷ്യം.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെയും നടുവിലിരുന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന്‍ പുതുവര്‍ഷാരംഭത്തില്‍ താന്‍ നടത്താന്‍ പോകുന്ന ‘ജനരക്ഷാ’ യാത്രയെക്കുറിച്ച് വാചാലമായി വിവരിച്ചു. ഇടത്തും വലത്തുമിരുന്ന നേതാക്കള്‍ ആ പ്രചരണജാഥ വിജയിപ്പിക്കാന്‍ തങ്ങളുടെ വാക്കുകള്‍കൊണ്ട് ഒത്താശചെയ്തു. കേരളത്തില്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പോടെ യു.ഡി.എഫിന്റെ ഭരണത്തുടര്‍ച്ച ഉണ്ടാകുമെന്ന് മൂന്ന് നേതാക്കളും പ്രതീക്ഷ പുലര്‍ത്തി. അസാധാരണമായ ഈ സംയുക്ത വാര്‍ത്താസമ്മേളനം റിപ്പോര്‍ട്ട് ചെയ്യാന്‍ അപ്പോള്‍ അവരുടെ മുന്നിലിരുന്ന മാധ്യമപ്രതിനിധികളുടെ മനസ്സിലൂടെ ആരും ഉന്നയിക്കാത്ത ഒരു പൊതുചോദ്യം മിന്നിമറഞ്ഞിട്ടുണ്ടാകണം. വാര്‍ത്താസമ്മേളനത്തിന്റെ തത്സമയദൃശ്യം കണ്ടിരുന്ന ടെലിവിഷന്‍ പ്രേക്ഷകരുടെ മനസ്സിലും ആ ചോദ്യം ഉയര്‍ന്നിരിക്കാം. അത് മറ്റൊന്നുമല്ല; ഇവരില്‍ ആര് ആരെയാകും വിഴുങ്ങുക? ഉമ്മന്‍ചാണ്ടിയെ ഭൂരിപക്ഷസമുദായ കാര്‍ഡ് ഇറക്കി രമേശ് ചെന്നിത്തല വിഴുങ്ങുമോ? പഞ്ചതന്ത്രം കഥയിലെ പാണ്ടന്‍ പൂച്ചയുടെയും മണിയന്‍ പൂച്ചയുടെയും തീറ്റത്തര്‍ക്കം തീര്‍ക്കാന്‍പോയ കൗശലക്കാരനായ കുരങ്ങ് പങ്കുവച്ച് പങ്കുവച്ച് മുഴുവന്‍ ഭക്ഷിച്ച് സ്ഥലം വിട്ടതുപോലെയാകുമോ? വി.എം. സുധീരന്‍ ഒരു കാര്യം വ്യക്തമായി പറഞ്ഞു. ”യു.ഡി.എഫ്. ചെയര്‍മാനും മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലാണ് വരുന്ന തെരഞ്ഞെടുപ്പ് നേരിടുന്നത്.” ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല കെ.പി.സി.സി പ്രസിഡന്റിന്റെ ആ വാചകത്തെ പിന്തുണച്ച് അനുബന്ധമായി ഒന്നും പറഞ്ഞില്ല. അത് കേട്ടില്ലെന്ന ഭാവത്തില്‍ മിണ്ടാതിരുന്നു. താമരപോലെ വിടര്‍ന്നിരുന്ന ആ മുഖം അറിയാതെ ഒന്നു വാടുകയും ചെയ്തു. അതു കണ്ടിട്ടും മാധ്യമ ലേഖകരിലാരും മന്ത്രി രമേശ് കെ.പി.സി.സി പ്രസിഡന്റിന്റെ ആ അഭിപ്രായത്തെ അംഗീകരിക്കുന്നുണ്ടോ എന്ന് ചോദിച്ചു കേട്ടില്ല. അപ്പോള്‍ ആ ചോദ്യം പ്രസക്തമായിരുന്നു. കാരണം, ഈയിടെ സുധീരന്‍ ഈ അഭിപ്രായം ഒരു ചാനല്‍ ഇന്റര്‍വ്യൂവില്‍ പറഞ്ഞ് കഴിഞ്ഞ ഉടന്‍ കൊല്ലത്തുവച്ച് ആഭ്യന്തരമന്ത്രി രോഷാകുലനായി പ്രതികരിച്ചതു കേരളം കണ്ടു. അടുത്ത നിയമസഭാ ഇലക്ഷനില്‍ യു.ഡി.എഫിനെ ആരു നയിക്കണമെന്ന് തീരുമാനിച്ചിട്ടില്ലെന്ന് രമേശ് പറഞ്ഞു. മുന്‍ കെ.പി.സി.സി പ്രസിഡന്റ് ഇപ്പോഴത്തെ പ്രസിഡന്റിനെ കൈയോടെ തിരുത്തുന്നതുപോലെ തോന്നി അതു കേട്ടപ്പോള്‍. സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ പക്ഷേ രമേശ് അതുകേട്ട് മിണ്ടാതിരുന്നു. അതെന്തുകൊണ്ടായിരിക്കും?

കോട്ടയത്തെ നാട്ടകം ഗസ്റ്റ് ഹൗസില്‍ വച്ച് എ.ഐ.സി.സി പ്രസിഡന്റ് സോണിയഗാന്ധി മൂന്ന് കോണ്‍ഗ്രസ്സ് നേതാക്കള്‍ക്ക് നല്‍കിയ ഐക്യലേഹ്യത്തിന്റെ വീര്യം കുറച്ചുദിവസം എങ്കിലും നില്‍ക്കും. ഉമ്മന്‍ചാണ്ടിയുടെയും സുധീരന്റെയും ചെന്നിത്തലയുടെയും അസാധാരണമായ ഈ സംയുക്ത വാര്‍ത്താസമ്മേളനംപോലും സോണിയഗാന്ധി വന്നുപോയതിന്റെ ഫലമാണ്. കേരളത്തിലെ കോണ്‍ഗ്രസ്സില്‍ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് കൃത്യമായ ധാരണയോടെ ആണ് എ.ഐ.സി.സി അദ്ധ്യക്ഷ ഇവിടെ വന്നത്. മൂന്ന് നേതാക്കളുടെ ചിരിക്കു പിന്നിലുള്ളതെന്താണെന്നും, സോണിയഗാന്ധി മനസ്സിലാക്കിയിട്ടുണ്ട്. ശ്രീനാരായണഗുരുവിനെക്കുറിച്ച് ശിവഗിരിയില്‍ പ്രസംഗിക്കാനുള്ള വാചകങ്ങള്‍ മോഹന്‍ ഗോപാല്‍ എഴുതിക്കൊടുത്തതാണെങ്കില്‍ കേരളത്തിലെ കോണ്‍ഗ്രസ്സിലെ ‘കത്തുകുത്ത്’ വിവാദത്തിന്റെ പൊരുളെല്ലാം സോണിയാഗാന്ധിയെ യഥാവിധി അറിയിക്കാന്‍ ഔദ്യോഗികവും അനൗദ്യോഗികവുമായ ഒരു ഡസന്‍ സ്രോതസുകളുണ്ട്. നേരിട്ടും അല്ലാതെയും അത് പത്താംനമ്പര്‍ ജനപഥത്തില്‍ എത്തിച്ചേരുന്നു. യു.ഡി.എഫ്. ഘടകകക്ഷികളുടെ നേതാക്കള്‍ നിരത്തിയ ആവലാതികളും കോണ്‍ഗ്രസ്സ് അദ്ധ്യക്ഷ കോട്ടയത്തുവച്ചു കേട്ടു. മുന്നണിക്ക് നേതൃത്വം നല്‍കുന്ന കക്ഷിയുടെ സമുന്നത നേതാക്കള്‍ വ്യക്തിപരമായ ആഗ്രഹങ്ങള്‍ താലോലിച്ച് മൂന്ന് വഴിക്കുപോയാല്‍ ഘടകകക്ഷികള്‍ നാനാവഴിക്കു ചിതറും. പഞ്ചായത്ത്-നഗരസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റതിലും മാരകമായിരിക്കും വരുന്ന നിയമസഭാ ഇലക്ഷനിലെ അനുഭവമെന്ന് സോണിയഗാന്ധിയോട് പറയാനറിയാവുന്ന ചിലര്‍ യു.ഡി.എഫ് കക്ഷികളിലുണ്ട്. അവരത് പറഞ്ഞു. അങ്ങനെ പറഞ്ഞ കാര്യം കുറച്ച് അവര്‍ പുറത്തും പറഞ്ഞു. മുസ്ലിം ലീഗീനും കേരളകോണ്‍ഗ്രസ്സുകള്‍ക്കും ആര്‍.എസ്.പിക്കും വീരേന്ദ്രവിലാസം ജനതാദളിനും അനേകം പരാതികള്‍ നിരത്താനുണ്ടായിരുന്നു. രാജ്യസഭാംഗത്വം, കൂടുതല്‍ നിയമസഭാ സീറ്റ്, സാമുദായിക സ്പര്‍ദ്ധ, കമ്മ്യൂണിസ്റ്റ് ഭീതി, ആര്‍.എസ്.എസ്. ഏറ്റെടുത്ത ബി.ജെ.പി സംസ്ഥാന നേതൃത്വം, സംസ്ഥാന കോണ്‍ഗ്രസ്സിലെ നേതൃ വടംവലി തുടങ്ങി എത്രയെത്ര ആവലാതികള്‍. കോണ്‍ഗ്രസ്സ് നേതാക്കള്‍ കലഹം തുടര്‍ന്നാല്‍ ജനതാദള്‍എസ്സിനും ആര്‍.എസ്.പിക്കും മുന്നണിമാറ്റം ആലോചിക്കേണ്ടിവരും. ഇടതുമുന്നണി അവര്‍ക്കായ് വാതില്‍ തുറന്നിട്ടിരിക്കുകയാണെന്ന് സി.പി.എം നേതാക്കള്‍ പരസ്യമായി പറഞ്ഞുകഴിഞ്ഞു. മാണിഗ്രൂപ്പ് കേരള കോണ്‍ഗ്രസ്സിനെ മൂന്നാം മുന്നണിയെ ശക്തിപ്പെടുത്താന്‍ പരിശ്രമിക്കുന്ന ബി.ജെ.പി സ്വീകരിക്കും. കോട്ടയം എം.പി ജോസ് കെ. മാണിക്ക് കേന്ദ്രമന്ത്രിപദംപോലും കിട്ടിയെന്നു വരാം. ഇവര്‍ മൂന്നും പോയാല്‍ മുസ്ലിംലീഗ് പിന്നെ കോണ്‍ഗ്രസ്സിന്റെ തോളില്‍ കൈയിട്ട് നില്‍ക്കില്ല. പിണറായി വിജയന്‍ ഏറെക്കാലമായി ആഗ്രഹിക്കുന്ന ലീഗ് – മാര്‍ക്‌സിസ്റ്റ് നിക്കാഹ് നിഷ്പ്രയാസം നടക്കും.

ഭീകരവും വിചിത്രവുമാണ് കേരളത്തിലെ കോണ്‍ഗ്രസ്സ് നയിക്കുന്ന യു.ഡി.എഫിന്റെ ആഭ്യന്തര വിശേഷങ്ങളെന്ന് സോണിയഗാന്ധി മനസ്സിലാക്കി. അന്യോന്യം കാലുവാരാന്‍ തക്കം പാര്‍ത്തുകഴിയുന്ന കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കിടയില്‍ പരമസുന്ദരമായ യോജിപ്പാണെന്ന് നാട്ടുകാരെ ബോധ്യപ്പെടുത്തണം. നേതൃതര്‍ക്കം തെരഞ്ഞെടുപ്പ് കഴിഞ്ഞുതീര്‍ക്കാവുന്ന കാര്യമാണ്. അതുവരെയെങ്കിലും ഒന്നിച്ചുനീങ്ങിയില്ലെങ്കില്‍ അടിത്തറ തകരും. തിരുവനന്തപുരം, തൃപ്പൂണിത്തുറ നഗരപ്രദേശങ്ങളില്‍ കഴിഞ്ഞ നവംബറില്‍ കണ്ട ജനവിധിയുടെ അമ്പരപ്പില്‍ നിന്ന് കോണ്‍ഗ്രസ്സുകാര്‍ ഒന്നും പഠിച്ചില്ലെന്നോ? യു.ഡി.എഫ് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ട നഗരങ്ങളും ഗ്രാമങ്ങളും ഒരു മുന്നറിപ്പായി കരുതാന്‍ കോണ്‍ഗ്രസ്സ് നേതാക്കളെ എ.ഐ.സി.സി പ്രസിഡന്റ് ഉപദേശിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ. സോണിയഗാന്ധി ന്യൂഡല്‍ഹിയില്‍ എത്തി ഉറങ്ങി ഉണരുംമുമ്പ് കെ.പി.സി.സി പ്രസിഡന്റ് മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും കൂട്ടി ‘ഞങ്ങള്‍ ഒന്ന്’ എന്ന് പ്രഖ്യാപിച്ചു. കോണ്‍ഗ്രസ്സിലെ കുപ്രസിദ്ധ ഗ്രൂപ്പുകള്‍ ഈ ഐക്യഗാനം എങ്ങനെ ഏറ്റുപാടുമെന്ന് കാത്തിരുന്ന് കേള്‍ക്കാം.

‘ഐക്യം കഷ്ടമാണ് മാഡം, ഗ്രൂപ്പല്ലോ സുഖപ്രദ’മെന്ന് പാടാനാണ് കേരളത്തിലെ സകലമാന കോണ്‍ഗ്രസ്സുകാര്‍ക്കും ഇഷ്ടം. അധികാരാവസരങ്ങളെല്ലാം എത്രയോ കാലമായി ഗ്രൂപ്പ് അടിസ്ഥാനത്തില്‍ പങ്കിടുന്നു. മുഖ്യമന്ത്രി ഐ ഗ്രൂപ്പില്‍ നിന്നായാല്‍ കെ.പി.സി.സി പ്രസിഡന്റ് പദം എ ഗ്രൂപ്പുകാരനു വേണം. യു.ഡി.എഫ് കണ്‍വീനര്‍ സ്ഥാനം ഇരുകൂട്ടരുടെയും അനുരഞ്ജന പദവിയാക്കാം. കരുണാകരന്റെ കാലത്ത് നിലനിന്ന ഈ കീഴ്‌വഴക്കം ഉമ്മന്‍ചാണ്ടി ഇല്ലാതാക്കിയെന്ന് വിശ്വസിക്കുന്നവരാണ് ഇപ്പോള്‍ രമേശ് ചെന്നിത്തല നയിക്കുന്ന ഐ ഗ്രൂപ്പുകാര്‍. വി.എം. സുധീരന്‍ കെ.പി.സി.സി പ്രസിഡന്റായത് ഏതെങ്കിലും കോണ്‍ഗ്രസ്സ് ഗ്രൂപ്പിന്റെ പ്രതിനിധിയായിട്ടല്ല. ഒരു ഗ്രൂപ്പിലും പെടാത്ത ഒറ്റയാന്‍ കോണ്‍ഗ്രസ്സ് നേതാവ് എന്ന പ്രതിച്ഛായയും പേറി ജീവിച്ച സുധീരന്‍ പ്രസിഡന്റാകുന്നതിന് കേരളത്തിലെ ഇരുഗ്രൂപ്പുകളുടെയും നേതാക്കളായ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും എതിരായിരുന്നു. ജി. കാര്‍ത്തികേയന്‍, വി.ഡി. സതീശന്‍, സി.എന്‍. ബാലകൃഷ്ണന്‍ എന്നീ പേരുകളുമായി ഹൈക്കമാന്‍ഡിനെ സമീപിച്ച് പരാജയപ്പെട്ടവരാണ് അവര്‍. സുധീരന്‍ കോണ്‍ഗ്രസ്സ് ഹൈക്കമാന്‍ഡിന്റെ (എന്നു പറഞ്ഞാല്‍ എ.കെ. ആന്റണിയുടെ) മാത്രം പ്രതിനിധിയായിരുന്നു. പത്തുകൊല്ലത്തോളം കോണ്‍ഗ്രസ്സിന്റെ നേതൃപദവികളില്‍ നിന്നെല്ലാം അകറ്റി നിറുത്തിയിരുന്ന സുധീരന് ജനമദ്ധ്യത്തുള്ള സല്‍പ്പേരും സാമുദായിക സന്തുലിത പരിഗണനയും അനുകൂലമായിത്തീര്‍ന്നു. ഗ്രൂപ്പ് വികാരജീവികളെ ഒതുക്കാനൊന്നും കെ.പി.സി.സി പ്രസിഡന്റിന് കഴിയില്ല. ഗ്രൂപ്പ് സ്‌നേഹം ആയിക്കോ ഗ്രൂപ്പ് ഭ്രാന്ത് പാടില്ലെന്നേ സുധീരന്‍ പറയൂ. ഹൈക്കമാന്‍ഡ് ഗ്രൂപ്പ് ആയതുകൊണ്ടുമാത്രം സുധീരന്റെ നേതൃത്വത്തെ അംഗീകരിക്കുന്ന ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഭാവിയില്‍ ഏതെങ്കിലും കാര്യത്തില്‍ യോജിക്കുമെങ്കില്‍ അത് സുധീരന്റെ വീഴ്ചകള്‍ വല്ലതും കണ്ടുപിടിക്കുന്നതിലായിരിക്കുമെന്ന് കോണ്‍ഗ്രസ്സുകാര്‍ക്ക് അറിയാം. അതുകൊണ്ട് വളരെ കരുതലോടെ, സൂക്ഷിച്ച് സൂക്ഷിച്ചാണ് സുധീരന്റെ ഓരോ വാക്കും പ്രവൃത്തിയും. ജനരക്ഷായാത്ര ഒരര്‍ത്ഥത്തില്‍ അദ്ദേഹത്തിന്റെ സ്വരക്ഷായാത്രയാണ്.

ഗ്രൂപ്പും വിഭാഗീയതയും ഇല്ലാത്ത രാഷ്ട്രീയപ്പാര്‍ട്ടികളൊന്നും കേരളത്തിലില്ല. ഏകാംഗപാര്‍ട്ടിയെന്ന് കരുതിപ്പോന്ന ജെ.എസ്. എസ്സില്‍പ്പോലും ഗൗരിയമ്മ വിരുദ്ധഗ്രൂപ്പുണ്ടായിരുന്നു. കേരളത്തിലെ സി.പി.എമ്മില്‍ വി.എസ്. ഗ്രൂപ്പും പിണറായിഗ്രൂപ്പും യോജിപ്പിലായെന്ന് വെറുതെയെങ്കിലും പ്രവര്‍ത്തകര്‍ പ്രചരിപ്പിക്കുന്നു. സംഘടനാ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അഞ്ചുദിവസം കൊല്‍ക്കത്തയില്‍ ചേര്‍ന്ന പാര്‍ട്ടി പ്ലീനത്തിന് കേരളത്തിലെ വിഭാഗീയത നീക്കാന്‍ പ്രത്യേക നിര്‍ദ്ദേശമൊന്നും ഇല്ല. വര്‍ഗ്ഗവൈരുദ്ധ്യങ്ങളെപ്പോലെ പരസ്പരം മുഖംതിരിച്ചു നടക്കുന്ന അച്യുതാനന്ദനും വിജയനും കോണ്‍ഗ്രസ്സുകാരെപ്പോലെ പുറമേയെങ്കിലും ഒന്ന് യോജിച്ചു കാണാന്‍ സി.പി.എമ്മിലെ സാധാരണ പ്രവര്‍ത്തകര്‍ ആഗ്രഹിക്കുന്നുണ്ട്. ജനാധിപത്യ മര്യാദകളാണ് എല്ലാവരും പ്രയോഗിക്കുന്നത്. പാര്‍ലമെന്ററി വ്യാമോഹം കമ്യൂണിസ്റ്റുകാരുടെ വിപ്ലവസ്വഭാവം കെടുത്തിയിട്ട് കാലമേറെയായി. സി.പി.എം. കോണ്‍ഗ്രസ്സിനെ അനുകരിക്കുന്ന പാര്‍ട്ടിയാണെന്ന് നിരീക്ഷകര്‍ പറയുന്നു. എനിക്ക് അങ്ങനെ തോന്നുന്നില്ല. മൂന്ന് കോണ്‍ഗ്രസ്സ് നേതാക്കള്‍ ഒരുമിച്ചിരുന്നു മാധ്യമപ്രതിനിധികളോട് സംസാരിച്ചതുപോലൊന്ന് കേരളത്തിലെ സി.പി.എമ്മില്‍ സംഭവിക്കുമോ? വി.എസ്. അച്യുതാനന്ദനെയും പിണറായി വിജയനെയും ഇരുവശവും ഇരുത്തി കോടിയേരിബാലകൃഷ്ണന്‍ ഒരു പത്രസമ്മേളനം നടത്തുന്നതു കാണാന്‍ പറ്റുമെന്ന് തോന്നുന്നില്ല. അങ്ങനെ സംഭവിക്കുന്ന ദിവസം കാക്ക മലര്‍ന്നു പറക്കും.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

പി സുജാതന്‍

പി സുജാതന്‍

കേരള പത്രപ്രവര്ത്തലന രംഗത്തെ പ്രമുഖ വ്യക്തിത്വമായ പി സുജാതന്‍ അറിയപ്പെടുന്ന രാഷ്ട്രീയ നിരീക്ഷകനും കാര്ട്ടൂ ണിസ്റ്റുമാണ്. കേരള കൌമുദി, കലാകൌമുദി, വീക്ഷണം തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ ജോലിചെയ്തിട്ടുണ്ട്. കലാകൌമുദിയില്‍ എഴുതിയ രാഷ്ട്രീയ ലേഖനങ്ങള്‍ ഏറെ ശ്രദ്ധേയം.

More Posts

Follow Author:
TwitterFacebookLinkedInGoogle PlusYouTube

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍