UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എങ്കില്‍ പിന്നെ കോണ്‍ഗ്രസ് ഒരു കുടുംബട്രസ്റ്റായി രജിസ്റ്റര്‍ ചെയ്തുകൂടെ? മക്കളും രക്ഷപ്പെടും

Avatar

ശരണ്‍

വി എം സുധീരന്‍ വല്ലാത്ത പ്രതിസന്ധിയിലാണ്. പക്ഷെ ആ പ്രതിസന്ധി അദ്ദേഹം തിരിച്ചറിയുന്നുണ്ടോ എന്നതു വലിയൊരു രാഷ്ട്രീയ തമാശയുമാണ്. ഒരുപക്ഷേ പണ്ടത്തെപോലെ പാര്‍ട്ടിയില്‍ നിന്നും ഭരണത്തില്‍ നിന്നും മാറിനില്‍ക്കുകയായിരുന്നു സുധീരനെങ്കില്‍ കാര്‍ത്തികേയന്റെ കുടുംബത്തില്‍ നിന്നുള്ള ഈ പുത്രവാഴ്ചയെ തുറന്നല്ലെങ്കിലും പരോക്ഷമായെങ്കിലും അദ്ദേഹം എതിര്‍ത്തേനെ. ഇപ്പോള്‍ പക്ഷെ കെപിസിസി പ്രസിഡന്റ് എന്ന മാറാപ്പ് ചുമക്കുന്നതുകൊണ്ട് പയ്യനായ വി എസ് ജോയിക്കുപോലും തുടര്‍ച്ചയായ മറുപടി കൊടുക്കേണ്ട ഗതികേടിലായിരിക്കുകയാണ് ആദര്‍ശധീരന്‍.

അരുവിക്കരയിലെ ഈ സ്ഥാനാര്‍ത്ഥിയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം പോയിട്ട് ഭാഗിക ഉത്തരവാദിത്വം ഏറ്റതായി പോലും ഉമ്മന്‍ ചാണ്ടി ഭാവിച്ചില്ല. കാരണം അരുവിക്കരയിലെന്നല്ല സംസ്ഥാനത്തെ 140 നിയോജക മണ്ഡലത്തില്‍ ഏതില്‍ ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടന്നാലും എന്തു സംഭവിക്കുമെന്ന് മനസ്സിലാക്കാനുള്ള രാഷ്ട്രീയ ബോധമൊക്കെ ഉമ്മന് ഇപ്പോഴുമുണ്ട്. എന്തുപറയും ജനങ്ങളോട്? സോളാറുമായി ബന്ധമില്ലെന്നോ? സരിതയെ അറിയില്ലെന്നോ? അതോ താനറിയാതെയാണ് ബാബു പണം വാങ്ങിയതെന്നോ? അതുമല്ലെങ്കില്‍ മാണിയെന്ന അഭിനവരാജ യുഡിഎഫിന്റെ ശക്തിയും രാഷ്ട്രീയകേരളത്തിന്റെ അനിവാര്യതയുമാണെന്നോ? എങ്ങനെയാണ് കൈപ്പത്തിക്ക് വോട്ടു കുത്തി മുഖ്യനായ തനിക്ക് കൈപൊക്കാന്‍ ഒരാളെക്കൂടി നിയമസഭയില്‍ അയയ്ക്കാന്‍ കുഞ്ഞൂഞ്ഞ് പറയാന്‍ പോകുന്നത്. പറ്റില്ലെന്ന് അറിയാം. ഏകമാര്‍ഗം മരണപ്പെട്ട ഒരാളോട് ആ നാട്ടുകാര്‍ക്ക് ഉണ്ടാകുന്ന വൈകാരികതയും അദ്ദേഹത്തിന്റെ കുടുംബത്തോട് ഉണ്ടാകാന്‍ സാധ്യതയുള്ള സഹതാപവും മുതലെടുക്കുക എന്നതാണ്. അതിന് ഏറ്റവും പറ്റിയ ആള്‍ ജി.കെ യുടെ ഭാര്യ സുലേഖ ടീച്ചര്‍ ആയിരുന്നു. ഏറ്റവും ചുരുങ്ങിയത് കോണ്‍ഗ്രസിന്റെ അധ്യാപകസംഘടനയിലെങ്കിലും നട്ടെല്ലോടെ പ്രവര്‍ത്തിച്ചവരായിരുന്നു അവര്‍. അതുപോലും ജി കാര്‍ത്തികേയന്റെ ആത്മാവ് പൊറുക്കില്ലെങ്കിലും. ഒരു മനുഷ്യനെ അയാളുടെ മരണത്തിലും എത്രമാത്രം അപമാനിക്കാമെന്നാണ് സുധീരനും ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും കഴിഞ്ഞ കുറേ ദിവസങ്ങളായി വട്ടമിട്ടിരുന്ന് ആലോചിച്ചത്.

തിരുവനന്തപുരം ശ്രീകാര്യത്തുള്ള എഞ്ചിനീയറിംഗ് കോളേജിലെ യൂണിയന്‍ നേതാവ് ആയിരുന്നു ശബരിനാഥ് എന്നാണ് വാര്‍ത്ത. ശബരിനാഥിനൊപ്പം പഠിച്ച കെഎസ്‌യുക്കാരനായ എബി ജോര്‍ജ് പോലും ഈ വാര്‍ത്ത കേള്‍ക്കുമ്പോള്‍ ഊറിച്ചിരിക്കുന്നുണ്ടാവും. കോളേജില്‍ നല്ലകുട്ടിയായി പഠിച്ച് ടാറ്റാ കണ്‍സള്‍ട്ടന്‍സിയില്‍ ജോലി തേടിപ്പോയ ശബരിനാഥിനെ സ്ഥാനാര്‍ത്ഥി ആക്കിയതിന് പിന്നിലെ യുക്തിയെന്താണ്? അല്ലെങ്കില്‍ ഏറ്റവും ചുരുങ്ങിയ നീതീകരണം എന്താണ്?

മരണക്കിടക്കയില്‍ കിടന്ന് വേദനയോടെ തന്റെ മകന്റെ രാഷ്ട്രീയ ഭാവിക്ക് കെ എം മാണിയില്‍ നിന്ന് ഉറപ്പ് വാങ്ങിയ ടി എം ജേക്കബ് അല്ലല്ലോ ജി കാര്‍ത്തികേയന്‍. പ്രണയിച്ച സുലേഖ ടീച്ചറെ എല്ലാ എതിര്‍പ്പുകളേയും മറികടന്ന് കൂടെക്കൂട്ടുമ്പോള്‍ കൈയില്‍ അമ്പത് രൂപ വച്ചുകൊടുത്ത എം പി ഗംഗാധരന്‍ അഴിമതിയാരോപണത്തില്‍പ്പെട്ടപ്പോള്‍ അദ്ദഹം രാജിവയ്ക്കണമെന്ന് മുന്‍പിന്‍ നോക്കാതെ ആവശ്യപ്പെട്ട കലാപകാരിയായ നേതാവായിരുന്നില്ലേ ജി കെ? 

എളുപ്പവഴിയില്‍ ക്രിയ ചെയ്യാന്‍ ആര്‍ക്കും പറ്റും. അതിന് സുധീരന്‍ വേണമെന്നില്ല. ഒരു നിയോജക മണ്ഡലത്തിലെ നേതാക്കളും പ്രവര്‍ത്തകരും ആയവരില്‍ നിന്ന് ഏറ്റവും സാധ്യതയുള്ള ഒരാളെ കണ്ടെത്താനുള്ള നടപടിക്ക് വി എം സുധീരന്‍, താങ്കള്‍ ഒരുശ്രമമെങ്കിലും നടത്തണമായിരുന്നു. ജി കാര്‍ത്തികേയന്റെ നിര്യാണത്തോടെ വന്ന ഒഴിവിലേക്ക് ഒരു സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കേണ്ടിവരുമെന്നു മാസങ്ങള്‍ക്ക് മുമ്പേ അറിയാമായിരുന്നിട്ടും പരീക്ഷയുടെ ടൈംടേബില്‍ കൈയില്‍ കിട്ടുമ്പോള്‍ മാത്രം ഞെട്ടിവിറച്ചിരുന്നു പഠിക്കുന്ന കുട്ടികളെപോലെ ഒറ്റ രാത്രികൊണ്ട് സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ നിങ്ങള്‍ വട്ടമിട്ടിരുന്നത് ഈ സൂത്രപ്പണിക്ക് വേണ്ടിയായിരുന്നു. 

യൂത്ത് പ്രസിഡന്റ് ഡീന്‍ കുര്യാക്കോസിന് അഭിപ്രായമില്ല. പക്ഷെ വി എസ് ജോയി എന്ന കെഎസ്‌യു പയ്യന്‍ അഭിപ്രായം പറയുന്നത്, വി എം താങ്കളെപ്പോലെയുള്ള നേതാക്കള്‍ കാണിച്ചുകൊടുത്ത വഴിയില്‍ നിന്നുകൊണ്ടാണ്. അത് കെഎസ്‌യു ക്യാമ്പുകളില്‍ കൈയടി കിട്ടാന്‍ മാത്രമാണ് താങ്കള്‍ പറയുന്നതെങ്കില്‍ ആ കുട്ടികളോട് സദയം ക്ഷമിക്കുകയെങ്കിലും വേണം. 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ശബരിനാഥ് എന്നു കേട്ടപ്പോള്‍ ‘ടോട്ടല്‍ ഫോര്‍ യു’ ആണോ എന്ന് സംശയിച്ചുപോയ കോണ്‍ഗ്രസുകാരെയെങ്കിലും കാര്യങ്ങള്‍ ശരിയാവണ്ണം ബോധ്യപ്പെടുത്തണം. അത്താഴപട്ടിണി കിടന്നും കഞ്ഞിപിഴിഞ്ഞ ഖദറും ധരിച്ച് ഒട്ടിച്ച പോസ്റ്ററുകള്‍ക്ക് ഒരുരാത്രിയെങ്കിലും കാവലിരുന്നും പാര്‍ട്ടി പ്രവര്‍ത്തനം നടത്തുന്ന ചുരുക്കം ചിലരെങ്കിലുമുണ്ടാകില്ലേ നിങ്ങളുടെ പാര്‍ട്ടിയില്‍ ഇപ്പോഴും. നാല്‍ക്കവലയിലും ചായക്കടകളിലും സരിതയ്ക്കും ബാറിനും സോളാറിനും പ്രതിരോധം സൃഷ്ടിക്കുന്ന പ്രവര്‍ത്തകര്‍.

അല്ലെങ്കില്‍ നിങ്ങള്‍ ഈ പാര്‍ട്ടിയെ ഒരു ട്രസ്റ്റായി രജിസ്റ്റര്‍ ചെയ്യുക. നേതാക്കന്മാരുടെ കുടുംബട്രസ്റ്റ്. അടുത്ത തലമുറ നേതാക്കളായ ചാണ്ടി ഉമ്മന്‍, ചെന്നിത്തലയുടെ ഡോക്ടറായ മകന്‍, തിരുവഞ്ചൂരിന്റെ മകന്‍ അര്‍ജുന്‍ രാധാകൃഷ്ണന്‍ തുടങ്ങിയവരെയൊക്കെ ഇപ്പോള്‍ തന്നെ അനന്തരാവകാശികളായി പ്രഖ്യാപിക്കുക. യൂത്ത് കോണ്‍ഗ്രസിലും കെഎസ്‌യുവിലും മാസശമ്പളത്തിന് ആളെയെടുക്കുക. താഴെത്തട്ടിലുള്ള പ്രവര്‍ത്തനങ്ങള്‍ ഇവന്റ് മാനേജ്‌മെന്റ് കമ്പനികളെ ഏല്‍പ്പിക്കുക. കാരണം കോണ്‍ഗ്രസിന്റെ തലപ്പത്തിരുന്ന ഫ്യൂഡല്‍ ജന്മിമാര്‍പോലും കാണിക്കാന്‍ ധൈര്യപ്പെടാത്ത പിന്തുടര്‍ച്ചാവകാശ നിയമം ആണല്ലോ 57-ലെ യുവാക്കള്‍ ഇപ്പോള്‍ നടപ്പിലാക്കി കൊണ്ടിരിക്കുന്നത്. നിങ്ങളോട് ഇതില്‍ കൂടുതല്‍ എന്തുപറയാന്‍.

(രാഷ്ട്രീയ നിരീക്ഷകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍