UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശക്തരായ പ്രാദേശിക നേതാക്കളുടെ കൊഴിഞ്ഞുപോക്ക്; നിസംഗതയോടെ കോണ്‍ഗ്രസ്സ് ഹൈക്കമാന്‍ഡ്

Avatar

ടീം അഴിമുഖം

സംശയമൊന്നും വേണ്ട. ഛത്തീസ്ഗഢിലെ ആദ്യ മുഖ്യമന്ത്രി അജിത് ജോഗി ഒരു വിവാദ രാഷ്ട്രീയക്കാരനാണ്. ഈ വര്‍ഷമാദ്യം, 2014ലെ അന്താഗഢ് നിയമസഭ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ വിജയം ഉറപ്പിക്കാന്‍ ‘ഒത്തുകളിച്ചു’ എന്ന ആക്ഷേപത്തില്‍ വിശദീകരണം നല്‍കാന്‍ കോണ്‍ഗ്രസ് അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു. അജിത് ജോഗിയുടെ മകന്‍ അമിത് ജോഗിയെ ഈ വിഷയത്തില്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുകയും ചെയ്തു. 

ഇപ്പോള്‍ പ്രതികരണശേഷിയില്ലാത്ത ഹൈക്കമാന്‍ഡിനെക്കുറിച്ച് അജിത് ജോഗി പരാതി പറയുന്നു. കോണ്‍ഗ്രസിന് ശുഭരാത്രി നേര്‍ന്നുകൊണ്ട് സംസ്ഥാനത്ത് പുതിയ രാഷ്ട്രീയകക്ഷി ഉണ്ടാക്കുമെന്ന് ഭീഷണി മുഴക്കുന്നു. കോണ്‍ഗ്രസിന് രണ്ടുവഴിയുണ്ട്; പോകുന്നവര്‍ പോകട്ടെ എന്ന മട്ടിലിരിക്കാം, അല്ലെങ്കില്‍ ഇതൊരു പ്രതിസന്ധിയാണെന്ന് മനസിലാക്കാം. 

ഒരു പുതിയ കക്ഷി വന്നാല്‍ അത് ഛത്തീസ്ഗഢിലെ മത്സരത്തെ മാറ്റിമറിക്കും. നഷ്ടം കോണ്‍ഗ്രസിനായിരിക്കും. ഇതുവരെ കോണ്‍ഗ്രസ്-ബിജെപി പോരാട്ടമുണ്ടായിരുന്ന സംസ്ഥാനത്തു മൂന്നാം ശക്തി ചോര്‍ത്തുക കോണ്‍ഗ്രസ് വോട്ടുകളായിരിക്കും. പക്ഷേ അതിലേറെ അടിയന്തരമായി കാണേണ്ട കാര്യം, കോണ്‍ഗ്രസിന്റെ കേന്ദ്ര നേതൃത്വം തങ്ങളെ പരിഗണിക്കുന്നില്ല എന്ന പരാതിയില്‍ പ്രാദേശിക നേതാക്കള്‍ പാര്‍ട്ടി വിട്ടുപോകുന്ന, സംസ്ഥാനങ്ങള്‍ തോറും വ്യാപകമാകുന്ന അതേ കോണ്‍ഗ്രസ് രീതിയാണ് ഇവിടെയും ആവര്‍ത്തിക്കുന്നത് എന്നാണ്.

ഛത്തീസ്ഗഢില്‍ അജിത് ജോഗി, അസമില്‍ ഹിമാന്ത ബിശ്വ ശര്‍മ, ഉത്തരാഖണ്ടില്‍ വിജയ് ബഹുഗുണ, ഇവരെല്ലാം പാര്‍ട്ടി ഹൈക്കമാന്‍ഡിനെ കുറ്റപ്പെടുത്തിയാണ് പാര്‍ട്ടി വിട്ടുപോകുന്നത്. കോണ്‍ഗ്രസ് രാഷ്ട്രീയമായി ഏറെ ദുര്‍ബലമായ അവസ്ഥയില്‍ നില്‍ക്കവെ അതേറെ സൗകര്യവുമാണ്. പക്ഷേ അതു കോണ്‍ഗ്രസ് നേതൃത്വത്തെ ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്: കോണ്‍ഗ്രസിന്റെ തളര്‍ച്ച തടയാന്‍ പറ്റില്ലെന്ന തോന്നല്‍ എന്തുകൊണ്ടാണ് ഉണ്ടാകുന്നത്? കോണ്‍ഗ്രസിന്റെ ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷാരാഹിത്യം ആ പാര്‍ട്ടിയെ അടിമുടി ഉലയ്ക്കുകയാണ്.

2014നു ശേഷം പാര്‍ലമെന്റിലും സംസ്ഥാന നിയമസഭകളിലും പാര്‍ട്ടി അതിന്റെ ചരിത്രത്തിലെ ഏറ്റവും മോശം അവസ്ഥയിലാണ്. ഉദാഹരണത്തിന്, കോണ്‍ഗ്രസില്‍ നിന്നും ഹിമാന്ത ബിശ്വാസ് ശര്‍മയടക്കം മറ്റ് കക്ഷികളില്‍ നിന്നുള്ള ശക്തരായ നേതാക്കളെ തങ്ങളുടെ മുന്നണിയിലേക്ക് ആകര്‍ഷിക്കാന്‍ കഴിഞ്ഞതാണ് അസമില്‍ ബി ജെ പിയുടെ വിജയത്തിന്റെ കാരണമായി പറയാവുന്നത്. കോണ്‍ഗ്രസാകട്ടെ കാറ്റുപോയ ബലൂണ്‍ പോലെ ചുരുങ്ങിപ്പോവുകയും ചെയ്തു. 

എല്ലാ കക്ഷികള്‍ക്കും വീഴ്ച്ചകളും താഴ്ച്ചകളും ഉയിര്‍ത്തെഴുന്നേല്‍പ്പും ഉണ്ടെന്നതും പലപ്പോഴും അതൊരു ചാക്രിക പ്രക്രിയായാണെന്നതും വാസ്തവമാണ്. എന്നാല്‍ ഒരു രാഷ്ട്രീയ തിരിച്ചുവരവിന്റെ സാധ്യതകളെ അപ്രസക്തമാക്കും വിധത്തിലാണ് സമീപചരിത്രത്തില്‍ കോണ്‍ഗ്രസ് അതിന്റെ സാന്നിധ്യം ഒഴിഞ്ഞുകൊടുക്കുന്നത്. സംസ്ഥാനങ്ങളില്‍ ജീവവായു പോകുമ്പോഴും ഹൈക്കമാന്‍ഡ് ഒരു അന്യഗ്രഹജീവിയെപ്പോലെയാണ് പെരുമാറുന്നത് എന്ന് ആ പാര്‍ട്ടിയെ ഏറെ ആശങ്കപ്പെടുത്തേണ്ടതാണ്. തട്ടും തടവുമില്ലാതെ താഴേക്കുവീഴുന്ന ഒരു കക്ഷിയെ സംബന്ധിച്ച് ഇത്തരത്തിലൊരു നേതൃത്വ വിനിമയരാഹിത്യം അതിന്റെ തിരിച്ചുവരവില്ലാത്ത പതനത്തെ ഉറപ്പാക്കുകയാണ്.  

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍