UPDATES

സര്‍ക്കാരിന്റെ പ്രതിപക്ഷം വിഎസ് മാത്രം; കോണ്‍ഗ്രസുകാര്‍ പതിവ് ചക്കളത്തില്‍പ്പോരിലാണ്

എം എം മണിയുടെ കാര്യത്തില്‍ പ്രതിപക്ഷം കാണിക്കാത്ത ആവേശമാണ് വി എസ് കാണിച്ചിരിക്കുന്നത്. അതിനുവേറെ ലക്ഷ്യം ഉണ്ടെന്ന വാദവും ചിലര്‍ക്കുണ്ട്‌

കെ എ ആന്റണി

കെ എ ആന്റണി

നമ്മുടെ കോണ്‍ഗ്രസ്സുകാര്‍ക്ക് ഒരു കുഴപ്പം ഉണ്ട്. സിപിഎമ്മില്‍ ഒരു തര്‍ക്കം ഉടലെടുത്താല്‍ അത് എങ്ങനെ രാഷ്ട്രീയ നേട്ടമാക്കി മാറ്റാന്‍ എന്നു ചിന്തിക്കുന്നതിനു പകരം സ്വന്തം പാര്‍ട്ടിക്കുള്ളില്‍ ഒരു തര്‍ക്കം തുടങ്ങിവെക്കുക എന്ന കുഴപ്പം. കരുണാകര യുഗത്തിനുശേഷം ഈ കുഴപ്പം കൂടുതല്‍ വളര്‍ന്നു വലുതായിക്കൊണ്ടിരിക്കുകയാണ്. അല്ലെങ്കില്‍ പിന്നെ അഞ്ചേരി ബേബി വധക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട എംഎം മണി എന്ന മണിയാശാന്‍  മന്ത്രിസ്ഥാനം രാജി വെക്കണമോ വേണ്ടയോ എന്നതിനെ ചൊല്ലി സിപിഎമ്മില്‍ അഭിപ്രായവ്യത്യാസം ശക്തമായ വേളയില്‍ തന്നെ കോണ്‍ഗ്രസില്‍ ഒരു ചക്കളത്തില്‍ പോരാട്ടം പൊട്ടിപ്പുറപ്പെടേണ്ട വല്ല കാര്യവും ഉണ്ടായിരുന്നോ?

അഞ്ചേരി ബേബി വധക്കേസില്‍ മണിയാശാന്‍ വെറുതെ ചെന്നു തലവെച്ചു കൊടുത്തതാണ്. ടിപി ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ പ്രതിരോധത്തിലായ സിപിഎമ്മിനെ പ്രതിരോധിക്കാന്‍ നടത്തിയ മണക്കാട് പ്രസംഗം ആശാനെ മാത്രമല്ല പാര്‍ട്ടിയെ തന്നെ കൂടുതല്‍ കുഴപ്പത്തിലേക്കാണ് വലിച്ചിട്ടത്. കൊലപാതക്കേസില്‍ വിടുതല്‍ ഹര്‍ജി അംഗീകരിക്കപ്പെടില്ലെന്ന് അറിഞ്ഞിട്ടും അതിനു തുനിഞ്ഞത് അതിലേറെ കുഴപ്പത്തിന് കാരണവുമായി.

വിടുതല്‍ ഹര്‍ജി കോടതി തള്ളിയ സാഹചര്യത്തില്‍ ആശാന്‍ രാജിവെക്കണമെന്ന ആവശ്യം പ്രതിപക്ഷ പാര്‍ട്ടികള്‍ തുടക്കത്തില്‍ തന്നെ ഉന്നയിച്ചെങ്കിലും ആ ആവശ്യത്തിന് വേണ്ടത്ര ശക്തി പോരെന്നു കണ്ടതുകൊണ്ടു കൂടിയാവണം ഇതേ ആവശ്യം ഉന്നയിച്ച് വിഎസ് കേന്ദ്ര നേതൃത്വത്തിന് കത്തയച്ചത്. വിഎസ്സിന്റെ കത്തിന് പിന്നില്‍ മണിയാശാനോടുള്ള പകയ്ക്കുമപ്പുറം മറ്റൊരു ഗൂഢലക്ഷ്യം കൂടി വായിച്ചെടുക്കുന്നവരും ഉണ്ട്. വിഎസ്സിന്റെ ഉന്നം പിണറായി വിജയന്‍ തന്നെയാണ് എന്നാണ് അവരുടെ വാദം. പിണറായി അടക്കമുള്ളവരെ കുറ്റവിമുക്തമാക്കിയ കോടതി വിധിക്കെതിരേ സിബിഐ സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജിയില്‍ കോടതി അടുത്ത മാസം വാദം കേള്‍ക്കാന്‍ പോവുകയാണ്. ഇങ്ങനെ ഒരു സാഹചര്യത്തില്‍ കോടതി വിധി പ്രതികൂലമായാല്‍ പിണറായി രാജി വെക്കണമെന്ന ആവശ്യം കൂടിയാണ് വിഎസ് പരോക്ഷമായി സൂചിപ്പിക്കുന്നത് എന്ന ഇക്കൂട്ടരുടെ വാദം തള്ളിക്കളയാന്‍ ആവില്ല.

ഭരണകക്ഷിയായ സിപിഎമ്മില്‍ കാര്യങ്ങള്‍ ഇങ്ങനെ പുരോഗമിക്കുന്നതിനിടയിലാണ് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ കേരളത്തില്‍ പ്രതിപക്ഷം ഇല്ല എന്ന വിമര്‍ശനവുമായി രംഗത്ത് വന്നത്. അവസരങ്ങള്‍ ധാരാളം വീണു കിട്ടിയിട്ടും കേരളത്തിലെ സര്‍ക്കാരിനെതിരേ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ പാര്‍ട്ടി നേതൃത്വത്തിന് കഴിയുന്നില്ലെന്ന ആക്ഷേപമാണ് മുരളി ഉന്നയിച്ചത്. മുരളി വായ തുറന്നാല്‍ ഉടന്‍ ചാടി വീഴുന്ന സ്വഭാവം രാജ്‌മോഹന്‍ ഉണ്ണിത്താന് പണ്ടു മുതല്‍ക്കു തന്നെയുണ്ട്. മുരളിയുടെ ലക്ഷ്യം കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും ആണെന്നു പറഞ്ഞ് ഇത്തവണയും ഉണ്ണിത്താന്‍ രംഗത്തെത്തി. സഭ്യതയുടെ സകല സീമയും കടന്നുള്ള ആക്ഷേപങ്ങള്‍ മുരളിക്കെതിരേ ചൊരിയാനും ഉണ്ണിത്താന്‍ മറന്നില്ല. മുരളി പെണ്ണായി ജനിച്ചിരുന്നു എങ്കില്‍ വേശ്യ ആകുമായിരുന്നെന്നും അങ്ങനെ കോണ്‍ഗ്രസിനെ കൂടുതല്‍ നാറ്റിക്കുമായിരുന്നു എന്നുവരെ ഉണ്ണിത്താന്‍ പറഞ്ഞു കളഞ്ഞു.

എന്നാല്‍ ഉണ്ണിത്താനെതിരേ ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തന്‍ കെസി ജോസഫ് രംഗത്ത് വന്നതോടെ കാര്യങ്ങളുടെ ഗതി മാറി. മുരളി പറഞ്ഞതില്‍ കാര്യമുണ്ടെന്ന്‍ ഘടകകക്ഷികളായ മുസ്ലിം ലീഗും കേരളാ കോണ്‍ഗ്രസ് (ബി)-യും ആര്‍എസ്പിയും ഒക്കെ പറഞ്ഞതോടെ ഉണ്ണിത്താന്‍ ഒറ്റപ്പെട്ടു. നില്‍ക്കക്കള്ളിയില്ലാതെ ഒടുവില്‍ ഉണ്ണിത്താന്‍ കോണ്‍ഗ്രസ് വക്താവ് പദവി ഒഴിയുന്നിടം വരെയെത്തി കോണ്‍ഗ്രസിലെ ഈ ചക്കളത്തില്‍ പോരാട്ടം.
ഇതിനിടയില്‍ ഉണ്ണിത്താന്‍ ഒരു കാര്യം കൂടി തുറന്നു പറഞ്ഞു. സോളാര്‍ – സരിത കേസുകളില്‍ പ്രതിസ്ഥാനത്തു വന്ന ഉമ്മന്‍ ചാണ്ടി അടക്കമുള്ളവരുടെ വിഴുപ്പു പേറിയതു താന്‍ മാത്രം ആയിരുന്നു എന്ന ആ പ്രസ്താവന കോണ്‍ഗ്രസിലെ പോരിന്റെ തീവ്രത കൂടുതല്‍ വര്‍ധിപ്പിക്കാന്‍ മാത്രമേ ഉതകൂ. സരിത ഉന്നയിച്ച ആരോപണങ്ങളുടെ നിജസ്ഥിതി കണ്ടെത്താന്‍ പാര്‍ട്ടി ശ്രമിച്ചില്ലെന്നും ആരോപണ വിധേയര്‍ക്കെതിരേ അന്വേഷണം നടത്തിയില്ലെന്നും ഉണ്ണിത്താന്‍ പറയുമ്പോള്‍ സരിതയുടെ ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന് ഉണ്ണിത്താന്‍ പറയാതെ പറഞ്ഞു വെക്കുക കൂടിയാണ്. അതുകൊണ്ടു തന്നെ കാര്യങ്ങള്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ വഷളാവുക തന്നെ ചെയ്യും എന്നുറപ്പ്.

(മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

 

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍