UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കോണ്‍ഗ്രസില്‍ തലമുറ മാറ്റം നടന്നു. ഇനി ?

Avatar

കെ എ ആന്റണി

കോണ്‍ഗ്രസ് തറവാട്ടില്‍ ഏറെക്കാലമായി ഉയര്‍ന്നു കേട്ട മുറവിളി ആയിരുന്നു തലമുറ മാറ്റം. ഒടുവില്‍ അത് സാധ്യമായിരിക്കുന്നു. കേരളത്തിലെ പതിനാലു ഡിസിസി കള്‍ക്കും പുതിയ സാരഥികള്‍ വന്നിരിക്കുന്നു. ഏതാണ്ട് എല്ലാവരും തന്നെ കഴിവ് തെളിയിച്ചവര്‍ എന്ന കാര്യത്തില്‍ തര്‍ക്കമില്ല. എല്ലാവര്‍ക്കും പ്രായം അമ്പതു വയസ്സില്‍ താഴെ എന്ന പ്രത്യേകതയും ഉണ്ട്. കൂട്ടത്തില്‍ ഒരു വനിതയും ഉണ്ട് എന്നത് ഡിസിസി പുനഃസംഘടനയുടെ മാറ്റ് കൂട്ടുന്നു.

ഇങ്ങനെ ഒരു തലമുറ മാറ്റം (അതും ഇത്ര സുഗമമായി) സാധ്യമാക്കിയതിന് ആരോട് നന്ദി പറയണമെന്ന് അറിയാതെ കുഴങ്ങുകയാണ് പുതിയ ഡിസിസി സാരഥികള്‍. ആരെയും പിണക്കേണ്ടെന്നു കരുതി കെപിസിസി പ്രസിഡന്റ് മുതല്‍ രാഹുല്‍ ഗാന്ധി വരെയുള്ള സകല നേതാക്കള്‍ക്കും അവര്‍ ഇതിനകം നന്ദി പ്രകാശിപ്പിച്ചു കഴിഞ്ഞു. 

ഗ്രൂപ്പ് വഴക്കിലൂടെ ഏറെ ശോഷിച്ചു പോയ കോണ്‍ഗ്രസിന് ഒരു പുതിയ ഉണര്‍വാകും ഈ തലമുറ മാറ്റം എന്ന് പലരും ആശിക്കുന്നതിനിടയിലായാണ് ഗ്രൂപ്പ് എന്ന ചെകുത്താന്‍ വീണ്ടും തലപൊക്കിയത്. പുനഃസംഘടന കൊണ്ട് നഷ്ട്ടം സംഭവിച്ചത് ഉമ്മന്‍ ചാണ്ടി നയിക്കുന്ന ‘എ’ വിഭാഗത്തിനാണ് എന്ന കണ്ടെത്തല്‍ പുതിയ ഡിസിസി അധ്യക്ഷന്മാരെയും അധ്യക്ഷയെയും പ്രഖ്യാപിച്ചതിനു തൊട്ടു പിന്നാലെ തന്നെ വന്നു. സുധീരനും ചെന്നിത്തലയും ചേര്‍ന്ന് ഉമ്മന്‍ ചാണ്ടിയെ വെട്ടിനിരത്തി എന്നാണ് ആക്ഷേപം. ഇക്കാര്യത്തില്‍ ഉമ്മന്‍ സാറ് ഇനിയും മനസ്സ് തുറന്നിട്ടില്ല. ആക്ഷേപം അദ്ദേഹം തള്ളിക്കളയാത്തിടത്തോളം കാലം അത് അങ്ങിനെ തന്നെ നിലനില്‍ക്കും എന്ന കാര്യത്തില്‍ തര്‍ക്കം വേണ്ട. 

ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തരായ പി സി വിഷ്ണുനാഥ്, ഡീന്‍ കുര്യാക്കോസ്, ടോണി ചമ്മണി എന്നിവരെ വെട്ടിനിരത്തി എന്നാണു ചാണ്ടി ഭക്തരുടെ ആക്ഷേപം. കൊല്ലത്തു വിഷ്ണുനാഥ്, ഇടുക്കിയില്‍ ഡീന്‍, എറണാകുളത്തു ടോണി എന്നൊക്കെ ആദ്യം പറഞ്ഞു കേട്ടിരുന്നു. എന്നാല്‍ ഇതില്‍ എത്രപേര്‍ ഷോര്‍ട് ലിസ്റ്റില്‍ കടന്നുകൂടിയെന്ന കാര്യം ഇപ്പോഴും പരമ രഹസ്യമാണ്. അത് രഹസ്യമായി തന്നെ നില്‍ക്കുന്നതാണ് തല്ക്കാലം കേരളത്തിലെ നടുവൊടിഞ്ഞ കോണ്‍ഗ്രസിന് നല്ലത്.

സത്യത്തില്‍ ഉമ്മന്‍ ഗ്രൂപ്പിന് നഷ്ട്ടം സംഭവിച്ചു എന്ന് പറയുന്നതില്‍ വലിയ അര്‍ഥം ഉണ്ടെന്നു തോന്നുന്നില്ല. കെ കരുണാകരന്‍ കോണ്‍ഗ്രസില്‍ ഉണ്ടായിരുന്ന കാലത്തും എ കെ ആന്റണിയുടെ ‘എ’ ഗ്രൂപ്പ് കരുണാകരന്റെ ‘ഐ’ ഗ്രൂപ്പിന് പിന്നില്‍ തന്നെയായിരുന്നു. ഡിഐസി ഉണ്ടാവുകയും കരുണാകരന്‍ അതിനൊപ്പം പോവുകയും ചെയ്ത ഇടക്കാലത്തു മാത്രമാണ് ‘എ’ക്കാര്‍ ശക്തമായത്. എന്നാല്‍ ചെന്നിത്തലയുടെ നേതൃത്വത്തില്‍ പഴയ ‘ഐ ‘ ഗ്രൂപ്പ് പുനഃസംഘടിപ്പിക്കപ്പെട്ടതോടെ അവര്‍ തന്നെയായി പ്രധാന ഗ്രൂപ്പ്. അപ്പോള്‍ പിന്നെ ഡിസിസി പുനഃസംഘടന പ്രശ്‌നത്തില്‍ പരാതി പറഞ്ഞിട്ട് എന്ത് കാര്യം. 

കാണൂരില്‍ പുതിയ ഡിസിസി അധ്യക്ഷനായ സതീശന്‍ പാച്ചേനിയും മലപ്പുറത്തെ പുതിയ സാരഥി വി വി പ്രകാശും കടുത്ത ‘എ’ കോണ്‍ഗ്രസ്സുകാര്‍ ആയിരുന്നു. ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് കാലത്താണ് ഇരുവരും ഗ്രൂപ്പ് വിട്ടത്. സ്ഥാനാര്‍ഥി നിര്‍ണയ വേളയില്‍ പാച്ചേനിയും പ്രകാശും തഴയപ്പെട്ടത് ഉമ്മന്‍ ചാണ്ടിയുടെ വലം കൈകളായി പ്രവര്‍ത്തിച്ചു വന്നിരുന്ന ആര്യാടന്‍ മുഹമ്മദിനും കെ സി ജോസഫിനും വേണ്ടിയായിരുന്നു. ആര്യാടന്‍ നിലമ്പൂരില്‍ നിന്നും മാറിയെങ്കിലും ആ സീറ്റ് മകന്‍ ഷൗക്കത്തിന് നല്‍കാന്‍ ഉമ്മന്‍ സാര്‍ തയ്യാറായി. ഇരിക്കൂറില്‍ കെ സി യെ വീണ്ടും മത്സരിപ്പിക്കാന്‍വേണ്ടി പാച്ചേനിയെയും നിഷ്‌കരുണം തഴഞ്ഞു. നിലമ്പൂര്‍ നിഷേധിക്കപ്പെട്ട പ്രകാശിന് പകരം സീറ്റൊന്നും കിട്ടിയില്ല. എന്നാല്‍ കെ സുധാകരന്‍ പാച്ചേനിക്കു കോണ്‍ഗ്രസിന്റെ ഷുവര്‍ സീറ്റായ കണ്ണൂര്‍ തന്നെ വാങ്ങിക്കൊടുത്തു. തനിക്കു കിട്ടാത്ത സീറ്റു അബ്ദുള്ളക്കുട്ടിക്കും വേണ്ടെന്ന ഒരു കുശുമ്പ് ചിന്ത ഈ നീക്കത്തിന് പിന്നിലുണ്ടായിരുന്നു എന്നത് മറ്റൊരു കാര്യം. അത് എന്ത് തന്നെയായിരുന്നാലും കണ്ണൂര്‍ സീറ്റു വാങ്ങികൊടുമ്പോള്‍ സുധാകരന്‍ ഒരു കണ്ടീഷന്‍ വെച്ചു. അത് പാച്ചേനി ‘എ’ ഗ്രൂപ്പ് വിട്ടു തന്റെകൂടി ഗ്രൂപ്പായ ‘ഐ’യില്‍ ചേരണമെന്നതായിരുന്നു. നിയമസഭാ സീറ്റില്‍ തോറ്റെങ്കിലും ഡിസിസി അധ്യക്ഷ സ്ഥാനം കിട്ടിയെന്നു പാച്ചേനിക്കു ആശ്വസിക്കാം.

തലമുറ മാറ്റത്തിലൂടെ കാര്യങ്ങള്‍ എല്ലാം ശുഭമായി എന്ന് കരുതിയിരിക്കുമ്പോഴാണ് കൊടിക്കുന്നില്‍ സുരേഷ് വലിയ വിമര്‍ശനവുമായി രംഗത്ത് വന്നത്. എസ് ടി വിഭാഗത്തിന് പോലും ഡിസിസി അധ്യക്ഷ പദവി നല്‍കിയപ്പോള്‍ താന്‍ ഉള്‍പ്പെടുന്ന എസ് സി വിഭാഗത്തെ തഴഞ്ഞു എന്നതാണ് പരാതി. കൊല്ലത്തു പാര്‍ട്ടിയെ നയിക്കാന്‍ കഴിവും പ്രഗല്‍ഭ്യവും തെളിയിച്ച താന്‍ ഉണ്ടായിട്ടു കൂടി എന്തിന് ഇങ്ങനെ ചെയ്തു എന്നതാണ് ചോദ്യം.

തൃശ്ശൂരില്‍ സി എന്‍ ബാലകൃഷ്ണന്‍ അത്ര തൃപ്തിയിലല്ല. തേറമ്പിലും ഹാപ്പിയല്ലന്നാണ് കേള്‍ക്കുന്നത്. കോഴിക്കോടും സ്ഥിതി അത്ര നല്ലതല്ല. താന്‍ ഇപ്പഴും പൂര്‍ണ ആരോഗ്യവാനാണെന്ന കെ സി അബുവിന്റെ വാക്കുകള്‍ നല്‍കുന്ന സൂചന അതുതന്നെയാണ്.

പാരവെയ്പ്പ് ഉപേക്ഷിച്ചു സഹകരണ മനോഭാവത്തോടെ പ്രവര്‍ത്തിച്ചാല്‍ കോണ്‍ഗ്രസിന് നല്ലതെന്നേ ഇപ്പോള്‍ പറയാനുള്ളു. നടുവ് ഒടിഞ്ഞ അവസ്ഥയില്‍ നിന്നും രക്ഷപെടാന്‍ അത് മാത്രമേ വഴിയുള്ളൂ.

(മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍