UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കേരളത്തിലെ കോണ്‍ഗ്രസും ചില ലോകാവസാന ചിന്തകളും

Avatar

കെ എ ആന്റണി 

ലോകാവസാനത്തിനെക്കുറിച്ച് പണ്ടു കേട്ട കഥകളിലൊന്ന് ഒരു തട്ടാത്തി കഥയാണ്. ഭൂലോകത്തിലെ മുഴുവന്‍ മനുഷ്യരും ചത്തൊടുങ്ങുമ്പോള്‍ താനും തന്റെ തട്ടാനും മാത്രമായിരിക്കും ബാക്കിയെന്നു സ്വപനം കണ്ട ഒരു തട്ടാത്തിയുടെ കഥ. ലോകത്തിലെ മുഴുവന്‍ സ്വര്‍ണവും ഉരുക്കി തന്നെ അണിയിച്ചൊരുക്കുന്ന തട്ടാന്‍. തട്ടാത്തിയെ കുറ്റം പറയാന്‍ പറ്റില്ല. സ്വര്‍ണം അണിയാന്‍ ആരാണ് കൊതിക്കാത്തത്. 

മറ്റൊരു നസ്രാണി കഥകൂടിയുണ്ട് ലോകാവസാനവുമായി ബന്ധപ്പെട്ട്. അതിന് ഒരിറ്റു കുടിയേറ്റ ചുവ കൂടിയുണ്ട്. മലബാറിലേക്ക് കെട്ടും കിടക്കയും എടുത്തുവന്ന നസ്രാണി കുടുംബങ്ങള്‍ ഒരു പ്രളയ കാലത്തു വല്ലാതൊന്നു കിടുങ്ങിപോയത്രെ. ലോകം അവസാനിക്കാന്‍ പോകുന്നുവെന്ന് അന്ന് ആരോ പറഞ്ഞു പ്രചരിപ്പിച്ചു. മൂക്കൊപ്പം മുങ്ങിയാല്‍ മൊത്തം പ്രളയം! തങ്ങളുടെ ആടുമാടുകളെ മുഴുവന്‍ പലരും കൊന്നു തിന്നത്രെ! പറഞ്ഞു കേട്ട ഒരു കഥയാണ്. ഇതിന്റെ പേരില്‍ നസ്രാണികളോ സംഘികളോ പൊക്കാണത്തിനു വരല്ലേ.

ഇത്രയേറെ പറയേണ്ടി വന്നത് നമ്മുടെ രമേശ് ചെന്നിത്തലജിയുടെ പുതിയ പ്രസ്താവനയുടെ അടിസ്ഥാനത്തിലാണ്. ആരു പോയാലും യുഡിഫ് ശക്തമായി നിലനില്‍ക്കും. തകര്‍ക്കാമെന്ന് ആരും കരുതേണ്ട.

ഇങ്ങിനെയൊക്കെ പോകുന്നു നെടുനീളന്‍ പ്രസ്താവന. ഇത് കേട്ട് ഏതെങ്കിലും കോണ്‍ഗ്രസുകാര്‍ നടുങ്ങിയോ എന്നറിയില്ല. പക്ഷെ ഗാന്ധി പ്രതിമകളും ചിത്രങ്ങളിലെ ഗാന്ധിയും ഊറി ചിരിച്ചിട്ടുണ്ടാകും. കറന്‍സി നോട്ടുകളിലെ ഗാന്ധിജി കേട്ടിരിക്കാന്‍ ഇടയില്ല. പോക്കറ്റിലും മടിശീലയിലും ലോക്കറിലും ഒക്കെ ഇരുന്നു ബോധം നഷ്ടമായാല്‍ എങ്ങിനെ ചിരിക്കാന്‍!

രമേശ്ജിയുടെ പ്രശ്‌നം സംഘടന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ്. അതിനിടിയില്‍ മുസ്ലിം ലീഗ് ഉണ്ടാക്കുന്ന പൊല്ലാപ്പ് ചില്ലറയൊന്നുമല്ല. ഹൈക്കമാന്‍ഡ് ഇടപെട്ടു കേരളത്തിലെ കോണ്‍ഗ്രസിനെ നന്നാക്കിയില്ലെങ്കില്‍ തങ്ങള്‍ മറ്റു വഴി തേടേണ്ടിവരുമെന്ന നിലപാടിലാണ് ലീഗ്. അവരെ പറഞ്ഞിട്ട് കാര്യമില്ലല്ലോ. അളമുട്ടിയാല്‍ ചേരയും കടിക്കും എന്നാണല്ലോ ചൊല്ല്. കാര്യങ്ങള്‍ നേരെ ചൊവ്വേ പറഞ്ഞെന്നേയുള്ളൂ. ഇറങ്ങിപ്പോകാന്‍ തത്ക്കാലം പോക്കെടമില്ലേന്നു ചോദിച്ചാല്‍ ഇല്ലെന്നു തന്നെ പറയണം. എന്നാല്‍ കേരളത്തില്‍ വരുന്ന മാറ്റങ്ങള്‍ ലീഗിനും പ്രതീക്ഷ നല്‍കുന്നുണ്ട്. ഒരു ഭാഗത്ത് അനുദിനം ക്ഷയിക്കുന്ന കോണ്‍ഗ്രസ്. സംഘികള്‍ ശക്തിപ്രാപിക്കുന്നു. കമ്മ്യൂണിസ്റ്റുകള്‍ക്ക് മാത്രം പിടിച്ചുനിര്‍ത്താന്‍ പോന്ന രീതിയിലല്ല കാര്യങ്ങളുടെ പോക്ക്. എല്ലാം അറിയുന്ന ആന്റണി പറയുന്ന കാര്യങ്ങള്‍ പോലും കേട്ടില്ല എന്ന് ചെന്നിത്തലയും സംഘവും നടിക്കുക്കുമ്പോള്‍ ലീഗിന് ഇതിനും അപ്പുറം പറയേണ്ടിവരും.

ആന്റണിയും ഇന്നലെ ചില കാര്യങ്ങള്‍ തുറന്നു പറഞ്ഞു. കോണ്‍ഗ്രസില്‍ തലമുറ മാറ്റം വേണമെന്നും ജനകീയ അടിത്തറ തകര്‍ന്നുവെന്നും മാത്രമല്ല യോജിപ്പ് എന്നാല്‍ ഒരുമിച്ചിരുന്നു ഫോട്ടോ എടുക്കല്‍ മാത്രമല്ലെന്ന് പോലും പറഞ്ഞു. സംഘികളുടെ വളര്‍ച്ചയെക്കുറിച്ചും പറഞ്ഞു. എന്ത് കാര്യം? വെട്ടാന്‍ നില്‍ക്കുന്ന പോത്തിനോട് വേദാന്തം പറഞ്ഞിട്ട് എന്തുകാര്യം? സംഘികളുടെ വളര്‍ച്ചക്ക് കോണ്‍ഗ്രസ് ഇക്കാലമത്രയും ചെയ്ത സഹായം ആന്റണിക്ക് അറിയായ്കയല്ലല്ലോ. ഇക്കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പിലും നേമത്തു നടന്നതു കണ്ടതു തന്നെയല്ലേ. യുഡിഫ് സ്ഥാനാര്‍ഥിക്കു വെറും 12,000 വോട്ട്. ജയം ബിജെപിയുടെ രാജേട്ടന്. ജയിക്കാന്‍ രാജേട്ടനും അര്‍ഹതയുണ്ട്. എന്നുകരുതി ഈ കൊടും ചതി ജെഡിയുവിനോട് വേണ്ടിയിരുന്നുവോ എന്നാണ് അവരും ചോദിക്കുന്നത്.

ആന്റണി എന്ത് പറഞ്ഞാലും കേരളത്തിലെ കോണ്‍ഗ്രസുകാര്‍ നന്നാവുന്ന മട്ടില്ല. കേരളത്തിലെ എന്നല്ല ഇന്ത്യയിലെ കോണ്‍ഗ്രസുകാരും നന്നാവില്ലെന്ന വാശിയിലാണ്. നെഹ്‌റുവിന്റെ മകള്‍ ഇന്ദിര എങ്ങനെ ഗാന്ധിയായെന്ന കഥപോലും തെറ്റായി വായിക്കുക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന അവര്‍ മനഃപൂര്‍വം മറച്ചുവെക്കുന്ന ഒരു യാഥാര്‍ഥ്യമുണ്ട്. അതാവട്ടെ ഇന്ദിരയുടെ ഭര്‍ത്താവ് ഫിറോസിന്റെ യഥാര്‍ത്ഥ പൈതൃകമാണ്. ഫിറോസിന്റെ പിതാവും ഒരു ഗാംഢിയായിയായിരുന്നു. ജഹാംഗീര്‍ ഗാന്ധി (Gandy)എന്ന ഒരു പാഴ്‌സി മുസ്ലിം. അന്തസ്സുറ്റ കുടുംബത്തില്‍ തന്നെയായിരുന്നു ഫിറോസിന്റെയും ജനനം. പിതാവ് എഞ്ചിനീയര്‍. മാതാവ് ഒരു തറവാടി പാഴ്‌സി. ഫിറോസ് മികച്ച ഒരു പാര്‍ലമെന്റേറിയനും പത്രപ്രവര്‍ത്തകനുമായിരുന്നു. നവജീവന്‍, നാഷണല്‍ ഹെറാള്‍ഡ് എന്നീ പത്രങ്ങളുടെ പബ്ലിഷര്‍. അകാലത്തില്‍ പൊലിഞ്ഞുപോയ ആ നല്ല മനുഷ്യന്റെ പൈതൃകം ഇപ്പോഴും ചരിതത്തിന്റെ വെളിമ്പുറത്തു കിടക്കുകയാണ്.

ആ ഗാംഢിയെ(Gandy) കോണ്‍ഗ്രസ്സുകാര്‍ ഗാന്ധിയാക്കി (Gandi) മാറ്റിയെഴുതി. അങ്ങിനെ ഇന്ദിരാജിയുടെയും ഫിറോസിന്റെയും പിന്മുറക്കാര്‍ ഇന്നും സാക്ഷാല്‍ ഗാന്ധിജിയുടെ പേരില്‍ അറിയപ്പെടുന്നു.

ഈ കഥയെങ്കിലും എ കെ ആന്റണിയെപ്പോലുള്ളവര്‍ പുതു തലമുറയ്ക്ക് പറഞ്ഞു കൊടുത്താല്‍ നന്നായിരുന്നു. പാവം മഹാത്മാ ഗാന്ധിയെക്കിലും രക്ഷപ്പെടുമായിരുന്നു. ഒപ്പം ചരിത്രത്തിന്റെ വെളിമ്പുറത്തേക്കു തള്ളിവിടപ്പെട്ട ഫിറോസും.

(മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍