UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കേരളരാഷ്ട്രീയത്തിലെ കുത്തുന്ന കത്തുകള്‍

Avatar

കെ എ ആന്റണി

കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയേയും കെപിസിസി പ്രസിഡന്റ് വിഎം സുധീരനേയും കുത്തിനോവിപ്പിക്കുന്ന വിവാദ കത്ത് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ ഇ-മെയിലില്‍ നിന്നാണെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നിട്ടും അങ്ങനെയൊരു കത്ത് താന്‍ അയച്ചിട്ടില്ലെന്ന ഉറച്ച നിലപാടില്‍ തന്നെയാണ് ചെന്നിത്തല. കത്തിന്റെ പിതൃത്വം സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചുവെന്നും ചെന്നിത്തല പറയുന്നു. പൊലീസ് മന്ത്രി കത്ത് അയച്ചോ ഇല്ലയോ എന്ന് അദ്ദേഹത്തിന്റെ കീഴിലുള്ള പൊലീസ് അന്വേഷിച്ചിട്ട് എന്തു കാര്യമെന്ന് ആലോചിച്ചിട്ട് മനസിലാകുന്നില്ല. പാര്‍ട്ടിതല അന്വേഷണം വേണമോയെന്ന് നിലവില്‍ തീരുമാനിച്ചിട്ടുമില്ല. ആ സ്ഥിതിക്ക് അന്വേഷണത്തിന്റെ കാര്യം അധോഗതി തന്നെയായിരിക്കും.

ഒട്ടും മനസിലാകാത്ത ഒരു കാര്യം കത്തിന്റെ പിതൃത്വം എന്തിനാണ് അന്വേഷിക്കുന്നത് എന്നതാണ്. കത്തിന്റെ ഉള്ളടക്കത്തില്‍ കഴമ്പുണ്ടോയെന്ന് നോക്കിയാല്‍ പോരെ. ഉള്ളടക്കത്തില്‍ കഴമ്പുണ്ടെന്നാണ് കെ മുരളീധരനെ പോലുള്ള നേതാക്കന്‍മാര്‍ പറയുന്നത്.

കത്ത് ആര് അയച്ചാലും അത് അയച്ചിരിക്കുന്നത് കണ്ട ആപ്പ ഊപ്പകള്‍ക്ക് ഒന്നുമല്ല. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കാണ്. കത്ത് അയച്ചുവെന്ന് പറയപ്പെടുന്ന ആളും ചില്ലറക്കാരനല്ല. പത്ത് വര്‍ഷം കേരളത്തില്‍ കോണ്‍ഗ്രസിനെ നയിച്ച ആളാണ്. നേരത്തേ കുറച്ചു കാലം എഐസിസിയിലും ഉണ്ടായിരുന്നു. ഉത്തരവാദിത്വപ്പെട്ട ഒരാള്‍ പാര്‍ട്ടിയുടെ താക്കോല്‍ സ്ഥാനത്ത് ഇരിക്കുന്ന ആള്‍ക്ക് അയച്ച കത്തിനെ ചൊല്ലി ഇത്ര വിവാദം ഒന്നും ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. അതേസമയം കത്തിന്റെ ഉള്ളടക്കം സംബന്ധിച്ച ചര്‍ച്ച ഭാവിയില്‍ കോണ്‍ഗ്രസിനും യുഡിഎഫിനും ഏറെ ഗുണം ചെയ്യുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

കത്ത് അയക്കുകയെന്നത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പറഞ്ഞിട്ടുള്ള കാര്യമാണ്. ജവഹര്‍ലാല്‍ നെഹ്‌റു ജയിലില്‍ കഴിഞ്ഞ കാലത്ത് എത്ര കത്തുകളാണ് എഴുതിയിട്ടുള്ളത്. മകള്‍ ഇന്ദിരയ്ക്ക് അക്കാലത്ത് നെഹ്‌റു അയച്ച കത്തുകള്‍ പിന്നീട് ‘ഒരു അച്ഛന്‍ മകള്‍ക്ക് അയച്ച കത്തുകള്‍’ എന്ന പേരില്‍ ഒരു ഗമണ്ടന്‍ പുസ്തകം തന്നെയായി തീര്‍ന്നു. നമ്മുടെ കുട്ടിമാളു അമ്മയും ജയില്‍ വാസത്തിനിടയില്‍ ചില കത്തുകള്‍ അയച്ചതായി വായിച്ച ഓര്‍മ്മയുണ്ട്.

ചെന്നിത്തലയുടേതെന്ന് പറപ്പെടുന്ന കുത്താകുന്ന കത്ത് വിവാദമാകുമ്പോള്‍ മറ്റൊരാള്‍ ഗൂഢമായി ചിരിക്കുന്നുണ്ടാകണം. നമ്മുടെ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. അദ്ദേഹം കേരളത്തിലെ സിപിഐഎം നേതൃത്വത്തിന് എതിരെ എത്രയെത്ര കത്തുകളാണ് പൊളിറ്റ് ബ്യൂറോയ്ക്കും കേന്ദ്ര കമ്മിറ്റിക്കും ഒക്കെ അയച്ചിരിക്കുന്നത്. ആ കത്തുകളും കുത്തുന്ന കത്തുകള്‍ ആയിരുന്നതിനാല്‍ മാധ്യമങ്ങള്‍ അവയെ ആഘോഷമാക്കി. കമ്മ്യൂണിസ്റ്റ് നേതാക്കള്‍ പണ്ടൊക്കെ ഒളിവിലിരുന്ന് കത്തുകള്‍ അയച്ചിരുന്നുവെങ്കില്‍ വിഎസ് തന്റെ ഔദ്യോഗിക വസതിയില്‍ ഇരുന്നാണ് പിണറായി വിജയനും കണ്ണൂര്‍ ലോബിക്കും എതിരെ കത്തുകള്‍ എഴുതിയത്. ചെന്നിത്തലയുടെ കാര്യത്തില്‍ എന്നപോലെ തന്നെ വിഎസും ഒരു ഉത്തരവാദിത്വപ്പെട്ട പാര്‍ട്ടി നേതാവാണ്. അദ്ദേഹം കത്തുകള്‍ അയച്ചിരുന്നത് ഉത്തരവാദിത്വപ്പെട്ട കേന്ദ്ര നേതാക്കള്‍ക്കുമാണ്.

ചെന്നിത്തലയുടേതെന്ന് പറയുന്ന കത്ത് വിവാദമായതോടെ 13 വര്‍ഷം മുമ്പ് കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച ഒരു വ്യാജരേഖ കേസ് വീണ്ടും ചര്‍ച്ചയാകുന്നുണ്ട്. കോണ്‍ഗ്രസിലെ തീപ്പൊരി എംഎല്‍എയായിരുന്ന ശോഭനാ ജോര്‍ജ്ജ് ആയിരുന്നു ആ കേസിലെ നായിക. വര്‍ഷം 2002 കേരളത്തില്‍ എ കെ ആന്റണി ഭരണം നടത്തുന്നു. ഏറെക്കാലം കരുണാകര ഭക്തനായി നടന്നിരുന്ന പ്രൊഫസര്‍ കെവി തോമസ് എ വിഭാഗത്തോട് കൂറ് പ്രഖ്യാപിക്കുക വഴി കേരളത്തില്‍ മന്ത്രിയാകുന്നു. പിന്നീട് ചാരമായി പോയ ഐഎസ്ആര്‍ഒ കേസിലൂടെ ലീഡറെ പുകച്ച് നാട് കടത്തിയതിന്റെ കലിപ്പ് ഐക്കാര്‍ക്ക് അന്ന് അടങ്ങിയിട്ടില്ല.

അങ്ങനെയിരിക്കേ ഒരു ദിവസം സൂര്യാ ടിവയില്‍ ഒരു വാര്‍ത്ത വരുന്നു. കേരളത്തിലേക്ക് 336 കോടി രൂപയുടെ ഹവാല പണം ഒഴുകിയെത്തിയിട്ടുണ്ട്. ഈ ഇടപാടില്‍ കെ വി തോമസിന് പങ്കുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്തതായി ഒരു വാര്‍ത്ത. അല്ലെങ്കില്‍ തന്നെ കുമ്പളങ്ങിക്കാരന്‍ പ്രൊഫസര്‍ പുലിവാല് പിടിച്ചു നില്‍ക്കുന്ന കാലമാണ്. 1996-ല്‍ കൊച്ചി കേന്ദ്രീകരിച്ച് നടന്ന ഒരു സമുദ്ര പര്യവേഷണവുമായി ബന്ധപ്പെട്ട് രാജ്യ സുരക്ഷാ നിയമ ലംഘനത്തിന്റെ പേരില്‍ തോമസിനും ഫ്രഞ്ച് പൗരന്‍മാരായ ഫ്രാങ്കോ പ്ലാവല്‍, എല്ലി ഫിലിപ്പ് എന്നിവര്‍ക്കും ഗോവക്കാരന്‍ കപ്പിത്താന്‍ ഫട്രാഡോയ്ക്കും എതിരെ സിബിഐ കേസ് നിലനില്‍ക്കുന്ന കാലം. സമുദ്ര പര്യവേഷണം എന്ന വ്യാജേന കൊച്ചി നാവിക കേന്ദ്രം അടക്കമുള്ള തന്ത്രപ്രധാനമായ കേന്ദ്രങ്ങളുടെ വിശദമായ ഭൂപടം തയ്യാറാക്കുകയായിരുന്നു എന്നതാണ് ആരോപണം. ഹവാല പണം ഈ വഴിക്ക് വന്നതാണെന്ന വ്യാഖ്യാനം കൂടി ആയതോടെ രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് എന്ന പേരില്‍ ശോഭനാ ജോര്‍ജ്ജും സംഘവും ചേര്‍ന്ന് ചമച്ച വ്യാജരേഖ സൂര്യാ ടിവി പ്രേക്ഷപണം ചെയ്യുകയായിരുന്നു. ചില പത്രമാധ്യമങ്ങളും ഇത് ഏറ്റ് പിടിച്ചു.

വ്യാജരേഖ ചമയ്ക്കലുമായി ബന്ധപ്പെട്ട് കെ വി തോമസിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ശോഭന അടക്കം ഏഴ് പേര്‍ക്ക് എതിരെ സംസ്ഥാന ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തു. ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് ശോഭനയെ ചെങ്ങന്നൂരിലെ വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്തു. ശോഭനയും ചാനല്‍, പത്ര മാധ്യമങ്ങളും ചേര്‍ന്ന് ആ അറസ്റ്റ് ഒരു ആഘോഷമാക്കി മാറ്റി. പാതിരാത്രിയില്‍ അറസ്റ്റിനായി എത്തിയ പൊലീസിനെ കാത്തിരുന്നത് വന്‍മാധ്യമ പട. അന്ന് ഉച്ചമുതല്‍ മാധ്യമ പട ശോഭനയുടെ വീട്ടില്‍ തമ്പടിക്കുകയായിരുന്നുവെന്നും വൈകിട്ട് ശോഭനയുടെ വക സ്‌പെഷ്യല്‍ കപ്പ ബിരിയാണി ഉണ്ടായിരുന്നുവെന്നുമാണ് അറസ്റ്റ് റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ ചില സുഹൃത്തുക്കള്‍ പിന്നീട് പറഞ്ഞത്.

ഒളിവില്‍ പോയ സൂര്യ ടിവി റിപ്പോര്‍ട്ടര്‍ അനില്‍ നമ്പ്യാര്‍ ഒടുവില്‍ കീഴടങ്ങി. തനിനിറം ലേഖകന്‍ പി ജയചന്ദ്രനും ശോഭനയുടെ പ്രൈവറ്റ് സെക്രട്ടറി അനില്‍ പി ശ്രീരംഗവും ഒക്കെ ഇതിനകം അറസ്റ്റിലായിരുന്നു. പിന്നീട് 2006-ല്‍ വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ ഈ കേസ് വളരെ കൂളായി എഴുതിത്തള്ളുകയാണ് ഉണ്ടായത്.

രമേശ് ചെന്നിത്തലയുടെ പേരില്‍ പ്രചരിക്കുന്ന കത്തിന് എതിരെ അന്വേഷണം ഏര്‍പ്പാടാക്കിയിരിക്കുന്നത് അദ്ദേഹം തന്നെയാണ്. ശോഭനയുടെ കാര്യത്തില്‍ നടന്നത് പോലെ അറസ്റ്റോ വാര്‍ത്താ കോലാഹലങ്ങളോ പ്രതീക്ഷിക്കേണ്ടതില്ല. എന്നിരുന്നാലും കത്തില്‍ ഉന്നയിക്കപ്പെട്ട കാര്യങ്ങള്‍ തുടര്‍ ചര്‍ച്ചയ്ക്ക് വിധേയമായി കൊണ്ടേയിരിക്കും. ഒരു അര്‍ത്ഥത്തില്‍ കോണ്‍ഗ്രസിന് അത് നല്ലതുമാണ്.

(മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍