UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കോണ്‍ഗ്രസ് വിമതന്‍ പികെ രാഗേഷ് അഴീക്കോട് മത്സരിച്ചേക്കും

അഴിമുഖം പ്രതിനിധി

കണ്ണൂര്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച കോണ്‍ഗ്രസ് വിമതന്‍ പി കെ രാഗേഷ് മേയില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും യുഡിഎഫിന് തലവേദന ആകുന്നു. കഴിഞ്ഞ തവണ മുസ്ലിം ലീഗിലെ കെ എം ഷാജി വിജയിച്ച അഴീക്കോട് മണ്ഡലത്തില്‍ വിമത സ്ഥാനാര്‍ത്ഥിയാകാനുള്ള ഒരുക്കത്തിലാണ് രാഗേഷ്. ഷാജി തന്നെയാണ് ഇത്തവണയും അഴീക്കോട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെന്നതിനാല്‍ പരാതിയുമായി മുസ്ലിംലീഗ് കോണ്‍ഗ്രസ് നേതൃത്വത്തെ സമീപിച്ചിട്ടുണ്ട്.

എന്നാല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പ് കാലഘട്ടത്തില്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട തന്നെയേയും അനുയായികളേയും തിരിച്ചെടുക്കാത്ത സാഹചര്യത്തില്‍ മത്സര രംഗത്തു നിന്നും പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് രാഗേഷ്.

അഴീക്കോട് മണ്ഡലത്തില്‍ നിന്നും മത്സരിക്കാനുള്ള രാഗേഷിന്റെ തീരുമാനം സപിഐഎമ്മിനും തലവേദനയായിട്ടുണ്ട്. അഴീക്കോട് സീറ്റ് ഇത്തവണ എല്‍ഡിഎഫിനൊപ്പം നില്‍ക്കുന്ന അരവിന്ദാക്ഷന്‍ വിഭാഗം സിഎംപിക്ക് നല്‍കി എംവി രാഘവന്റെ പുത്രന്‍ എംവി നികേഷ് കുമാറിലൂടെ മണ്ഡലം തിരിച്ചു പിടിക്കാനുള്ള സിപിഐഎം തന്ത്രത്തിന് ഇടയിലാണ് രാഗേഷിന്റെ രംഗപ്രവേശം. നികേഷ് ഇതുവരെ സ്ഥാനാര്‍ത്ഥിത്തത്വക്കുറിച്ച് ഒന്നും പറഞ്ഞില്ലെങ്കിലും നികേഷിനെ തന്നെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ഉറപ്പിച്ച് അരവിന്ദാക്ഷന്‍ വിഭാഗം സിപിഐഎമ്മിനൊപ്പം ചേര്‍ന്നിട്ട് കാലമേറെയായി. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്തും ഇത്തരത്തില്‍ ചില ചര്‍ച്ചകള്‍ അരവിന്ദാക്ഷന്‍ വിഭാഗം സിപിഐഎമ്മുമായി നടത്തിയിരുന്നു.

കണ്ണൂര്‍ കോര്‍പ്പറേഷനില്‍ 27 സീറ്റുകള്‍ വീതം നേടി എല്‍ഡിഎഫും യുഡിഎഫും തുല്യത പാലിച്ചപ്പോള്‍ കോണ്‍ഗ്രസ് വിമതനായി ജയിച്ചു കയറിയ രാഗേഷിന്റെ ഒറ്റവോട്ടിന്റെ ബലത്തിലാണ് എല്‍ഡിഎഫിന് കോര്‍പ്പറേഷന്‍ ഭരണം സാധ്യമായത്. എന്നാല്‍ അനുനയത്തിന്റെ മാര്‍ഗവുമായി കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ തന്നെ രംഗത്ത് ഇറങ്ങിയപ്പോള്‍ രാഗേഷ് തെല്ലൊന്ന് മാറി ചിന്തിച്ചു. തുടര്‍ന്ന് നടന്ന സ്റ്റാന്‍ഡിങ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ രാഗേഷ് ആര്‍ക്കും വോട്ടു ചെയ്യാതെ മാറി നിന്നു. അതോടെ നറുക്കെടുപ്പിലൂടെ ആകെയുള്ളയുള്ള എട്ടില്‍ ഏഴ് സ്ഥിരം സമിതികളും യുഡിഎഫ് സ്വന്തമാക്കി. ആറുമാസത്തിനുശേഷം മേയര്‍ക്കെതിരെ അവിശ്വാസ പ്രമേയം വരാനിരിക്കേ എന്തുചെയ്യണമെന്ന് അറിയാതെ കുഴങ്ങുകയാണ് സിപിഐഎമ്മും എല്‍ഡിഎഫും.

രാഗേഷിന്റെ പിന്തുണയ്ക്കുന്നത് അത്യന്തം അപകടകരമാണെന്ന് സിപിഐഎമ്മിന് അറിയാം. കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിന് ശേഷമുണ്ടായ സംഭവ വികാസങ്ങള്‍ സിപിഐഎമ്മിന് നല്‍കിയ പാഠവും അത് തന്നെയായിരുന്നു. സിപിഐഎം വച്ചു നീട്ടിയ ഡെപ്യൂട്ടി മേയര്‍ സ്ഥാനം സ്വീകരിക്കാതിരുന്ന രാഗേഷ് അന്നും പറഞ്ഞത് താന്‍ ഉറച്ച കോണ്‍ഗ്രസുകാരനായി നിലകൊള്ളും എന്നതാണ്. നിലവില്‍ രാഗേഷും കോണ്‍ഗ്രസും തമ്മില്‍ തര്‍ക്കം ഒന്നുമില്ല. തര്‍ക്കം രാഗേഷും കെ സുധാകരനും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന ഡിസിസി നേതൃത്വവും തമ്മിലാണ്. രാഗേഷിനെ പിന്തുണച്ചാല്‍ തെരഞ്ഞെടുപ്പിന് ശേഷം അയാള്‍ എവിടെ നില്‍ക്കും എന്നത് സിപിഐഎമ്മിനെ അലട്ടുന്നുണ്ട്.

ഒരിക്കല്‍ നേതാവും പിന്നീട് ബദ്ധ വൈരിയുമായി മാറിയ കെ സുധാകരന്‍ കണ്ണൂരില്‍ മത്സരിക്കാന്‍ കരുക്കള്‍ നീക്കുന്നത് കണ്ട് അവിടെ വിമതനാകാനാണ് രാഗേഷ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ സുധാകരന്‍ ഉദുമ സീറ്റ് നോട്ടമിട്ടതോടെ അഴീക്കോടേക്ക് പിന്‍വലിയാന്‍ രാഗേഷ് തീരുമാനിക്കുകയായിരുന്നു.

യുഡിഎഫിന് എന്നും ബാലികേറാ മലയായ അഴീക്കോട് സീറ്റില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 500-ല്‍ താഴെ വോട്ടുകള്‍ക്കാണ് കെ എം ഷാജി വിജയിച്ചത്. അതിന് മുമ്പ് അഴീക്കോടില്‍ യുഡിഎഫ് വിജയിച്ചത് കണ്ണൂരിന്റെ ഒരു കാലത്തെ വീരപുത്രനായിരുന്ന എംവിആറിലൂടെയാണ്. സിപിഐഎമ്മില്‍ നിന്നും പുറത്താക്കപ്പെട്ട എംവിആര്‍ വളരെ കഷ്ടിച്ചു തന്നെയാണ് അഴീക്കോട് നിന്നും കടന്നു കൂടിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍