UPDATES

വിദേശം

ഡമോക്രാറ്റുകള്‍ പിന്തുണച്ചു; അമേരിക്കന്‍ ഖജനാവ് തുറന്നു

‘സ്വപ്‌നാടകര്‍’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മതിയായ രേഖകളില്ലാത്ത ചെറുപ്പക്കാരായ കുടിയേറ്റക്കാരുടെ പ്രശ്‌നങ്ങളില്‍ ഫെബ്രുവരി പകുതിയോടെ ഇടപെടാം എന്ന ഉറപ്പാണ് പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്യാന്‍ ഡമോക്രാറ്റുകളെ പ്രേരിപ്പിച്ചത്

സര്‍ക്കാരിന്റെ കുടിയേറ്റ നയത്തില്‍ ഇടപെടുമെന്ന റിപബ്ലിക്കന്‍ സെനറ്റര്‍ മിച്ച് മക്കൊണലിന്റെ ഉറപ്പിനെ തുടര്‍ന്ന് യുഎസ് സര്‍ക്കാരിന് ഇടക്കാല ഫണ്ട് അനുവദിക്കാനുള്ള പ്രമേയത്തിന് അനുകൂലമായി കോണ്‍ഗ്രസിലെ ഡമോക്രാറ്റുകള്‍ തിങ്കളാഴ്ച വൈകി വോട്ട് ചെയ്തു. ഇതോടെ മൂന്ന് ദിവസമായി അടച്ചുപൂട്ടല്‍ ഭീഷണി നേരിട്ടിരുന്ന യുഎസ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ പുനഃരാരംഭിച്ചു. ഫെബ്രുവരി എട്ട് വരെയുള്ള സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇപ്പോള്‍ ഫണ്ട് അനുവദിച്ചിരിക്കുന്നത്. കോണ്‍ഗ്രസില്‍ 81-18നും സെനറ്റില്‍ 266-150നും ആണ് പ്രമേയം പാസായത്.

കുടിയേറ്റ നയങ്ങളിലും സര്‍ക്കാര്‍ ചിലവ് ചുരുക്കലിലും ട്രംപിന് അനുകൂലമായ നിലപാട് സ്വീകരിച്ചുകൊണ്ടാണ് ഡമോക്രാറ്റുകള്‍ പ്രമേയത്തെ അനുകൂലിച്ചത്. എന്നാല്‍ ലിബറലുകളും ഇമിഗ്രേഷനുമായി ബന്ധപ്പെട്ട സന്നദ്ധപ്രവര്‍ത്തകരും ഈ ധാരണ തള്ളിക്കളഞ്ഞിട്ടുണ്ട്. ‘സ്വപ്‌നാടകര്‍’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മതിയായ രേഖകളില്ലാത്ത ചെറുപ്പക്കാരായ കുടിയേറ്റക്കാരുടെ പ്രശ്‌നങ്ങളില്‍ ഫെബ്രുവരി പകുതിയോടെ ഇടപെടാം എന്ന് മക്കോണലിന്റെ ഉറപ്പാണ് പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്യാന്‍ ഡമോക്രാറ്റുകളെ പ്രേരിപ്പിച്ചത്. കുടിയേറ്റക്കാരുടെ മക്കള്‍ എന്ന നിലയില്‍ മതിയായ രേഖകള്‍ ഇല്ലാതെയാണ് സ്വപ്‌നാടകര്‍ അമേരിക്കയില്‍ എത്തിയത്.

ഡെമോക്രാറ്റുകളുടെ തീരുമാനത്തെ സ്വാഗതം ചെയ്ത പ്രസിഡന്റ് ട്രംപ് പക്ഷെ അന്യായമായ അനധികൃത കുടിയേറ്റ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുമെന്നാണ് പ്രഖ്യാപിച്ചത്. എന്നാല്‍ മൂന്ന് ദിവസമായി നീണ്ടുനിന്ന അനിശ്ചിതത്വത്തിന് ഒടുവില്‍ പ്രമേയത്തിന അനുകൂലമായി വോട്ട് ചെയ്യുമ്പോള്‍ ഡമോക്രാറ്റിക് വിഭാഗത്തിലെ ചേരി തിരിവ് വ്യക്തമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ട്രംപ് ജയിച്ച സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ 2020ലെ തിരഞ്ഞെടുപ്പില്‍ കടുത്ത മത്സരങ്ങള്‍ നേരിടേണ്ടി വരുമെന്നതിനാല്‍ ട്രംപിന് അനുകൂലമായി വോട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്നവരാണ്. എന്നാല്‍ ലിബറലുകളുടെ പിന്തുണയോടെ 2020ലെ തിരഞ്ഞെടുപ്പ് ജയിച്ചുകയറാം എന്ന് പ്രതീക്ഷിക്കുന്ന മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള അംഗങ്ങള്‍ കടുത്ത ട്രംപ് വിരുദ്ധ നിലപാടാണ് സ്വീകരിക്കുന്നത്.

കുടിയേറ്റ നയവുമായി ബന്ധപ്പെട്ട് ഫെബ്രുവരി എട്ടിനകം ഒരു പൊതുധാരണ ഉണ്ടാക്കാന്‍ മക്കോണലിന് സാധിച്ചില്ലെങ്കില്‍ ഇരുസഭകളില്‍ വിഷയത്തില്‍ മറ്റൊരു വോട്ടെടുപ്പിനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്. ‘സ്വപ്‌നാടക’രെ രാജ്യത്തില്‍ നിന്നും പുറത്താക്കാനുള്ള ട്രംപിന്റെ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാണ്. സര്‍ക്കാരിന് ഫണ്ട് നല്‍കുന്നതിന് എതിരായി വോട്ട് ചെയ്ത ഡെമോക്രാറ്റിക് പാര്‍ട്ടിയിലെയും റിപബ്ലിക്കന്‍ പാര്‍ട്ടിയിലെയും അംഗങ്ങള്‍ മക്കോണാലിന്റെ വാക്കുകള്‍ക്ക് വലിയ പ്രതീക്ഷ കല്‍പ്പിക്കുന്നില്ല. എന്നാല്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്ന മെയ്‌നില്‍ നിന്നുള്ള റിപബ്ലിക്കന്‍ സെനറ്റര്‍ സുസന്‍ കോളിന്‍സിന്റെയും വാഷിംഗ്ടണില്‍ നിന്നുള്ള ഡമോക്രാറ്റ് അംഗം ജോ മാന്‍ച്ചിന്റെയും ഇടപെടലുകളെ പ്രതീക്ഷയോടെയാണ് അവര്‍ ഉറ്റുനോക്കുന്നത്.

മൂന്ന് ദിവസത്തെ സര്‍ക്കാര്‍ അടച്ചുപൂട്ടല്‍ വിചാരിച്ചത്ര ഗുരുതരാവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിച്ചില്ല. ചില സൈനീക അഭ്യാസങ്ങള്‍ ഉപേക്ഷിക്കുകയും സര്‍ക്കാര്‍ ജീവനക്കാരുടെ സെല്‍ഫോണുകള്‍ സ്വിച്ച് ഓഫ് ആകുകയും ചെയ്തതായിരുന്ന ആദ്യ ദിവസങ്ങളിലെ പ്രത്യാഘാതങ്ങള്‍. എന്നാല്‍ അടച്ചുപൂട്ടല്‍ തിങ്കളാഴ്ചത്തേക്ക് നീണ്ടതോടെ ആയിരക്കണക്കിന് തൊഴിലാളികള്‍ ജോലിക്ക് ഹാജരാവാതിരിക്കുകയും പ്രധാനപ്പെട്ട സര്‍ക്കാര്‍ ഏജന്‍സികളുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കാന്‍ തുടങ്ങുകയും ചെയ്തു. അടച്ചുപൂട്ടല്‍ കൂടുതല്‍ ദിവസങ്ങള്‍ നീണ്ടിരുന്നെങ്കില്‍ സ്ഥിതിഗതികള്‍ അതീവ ഗുരുതരമാകുമായിരുന്നു എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍