UPDATES

ചരിത്രത്തില്‍ ഇന്ന്

1984 ഡിസംബര്‍ 29: ലോക് സഭ തിരഞ്ഞെടുപ്പില്‍ രാജിവ് ഗാന്ധിയുടെ കോണ്‍ഗ്രസിന് മൃഗീയ ഭൂരിപക്ഷം

കോണ്‍ഗ്രസോ പ്രതിപക്ഷ കക്ഷികളോ ഭൂരിപക്ഷം നിരീക്ഷകരോ ഇങ്ങനെ ഒരു ഭൂരിപക്ഷം പ്രതീക്ഷിച്ചിരുന്നില്ല.

1984 ഡിസംബര്‍ 29ന്, എട്ടാം ലോക്‌സഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍, പുതിയ നേതാവ് രാജീവ് ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ഞെട്ടിക്കുന്ന ഭൂരിപക്ഷം നേടി. കോണ്‍ഗ്രസോ പ്രതിപക്ഷ കക്ഷികളോ ഭൂരിപക്ഷം നിരീക്ഷകരോ ഇങ്ങനെ ഒരു ഭൂരിപക്ഷം പ്രതീക്ഷിച്ചിരുന്നില്ല. എന്നതുകൊണ്ടാണ് അതിനെ ഞെട്ടിക്കുന്നത് എന്ന് വിശേഷിപ്പിച്ചത്. രാജ്യത്ത് മൊത്തത്തില്‍ കോണ്‍ഗ്രസിന് നേരിയ ഭൂരിപക്ഷം ലഭിച്ചേക്കാം എന്ന് മാത്രമാണ് മിക്ക നിഷ്പക്ഷ നിരീക്ഷകരും കരുതിയിരുന്നത്. അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി തന്റെ അംഗരക്ഷകരാല്‍ കൊല്ലപ്പെടുകയും അതേ തുടര്‍ന്ന് മിക്ക നഗരങ്ങളിലും നടന്ന കലാപങ്ങളില്‍ സിക്കുകാര്‍ കൂട്ടത്തോടെ വേട്ടയാടപ്പെടുകയും ചെയ്ത പശ്ചാത്തലത്തിലായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്.

സിഖ് സായുധകലാപത്തിന്റെയും വിഭാഗീയതയുടെയും കാലമായിരുന്നു അതിന് മുമ്പ്. 1983ല്‍ ആസാമിലെ നെല്ലിയില്‍ ആയിരങ്ങള്‍ കൂട്ടക്കൊല ചെയ്യപ്പെട്ടു. ആസാം, പഞ്ചാബ് വിഷയങ്ങളില്‍ ഇന്ദിര ഗാന്ധി സന്നിഗ്ധമായ നിലപാടാണ് സ്വീകരിച്ചിരുന്നത്. ഒടുവില്‍ സുവര്‍ണ ക്ഷേത്രത്തിലേക്ക് പട്ടാളം കയറുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തി. ഈ നടപടി സിക്കുകാരെ ചൊടിപ്പിക്കുകയും അത് അവരുടെ കൊലപാതകത്തിലേക്ക് കാര്യങ്ങളെ നയിക്കുകയും ചെയ്തു. ഇന്ദിരയുടെ കാബിനറ്റില്‍ പ്രണാബ് കുമാര്‍ മുഖര്‍ജിയെ പോലെയുള്ള മുതിര്‍ന്ന നേതാക്കള്‍ ഉണ്ടായിരുന്നെങ്കിലും, അന്ന് രാജീവ് ഗാന്ധി (സഹോദരന്‍ സഞ്ജയ് ഗാന്ധിയുടെ മരണത്തെ തുടര്‍ന്ന് അമേതിയില്‍ നിന്നുള്ള എംപി) ഉടനടി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയായിരുന്നു.

വെട്ടിപ്പിന്റെയും ധാര്‍ഷ്ട്യത്തിന്റെയും പാരമ്പര്യത്തില്‍ നിന്നും ഭരണകക്ഷിയായ കോണ്‍ഗ്രസ് പാര്‍ട്ടിയെ മോചിപ്പിക്കാമെന്ന വാഗ്ദാനത്തോടെ ഒരു അഴിമതി വിരുദ്ധ മുദ്രാവാക്യത്തിന്മേലാണ് രാജീവ് ഗാന്ധി തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത്. കഴിഞ്ഞ 30വര്‍ഷങ്ങളിലെ അധികകാലവും ഇന്ത്യയില്‍ അധികാരത്തിലിരു്‌ന കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഭൂതകാലത്തെ നിഷേധിക്കുന്ന ആളായാണ് ‘മിസ്റ്റര്‍ ക്ലീന്‍’ എന്ന് വിളിപ്പേരുള്ള രാജീവ് ഗാന്ധി വീക്ഷിക്കപ്പെട്ടത്. തന്റെ അമ്മയെക്കാള്‍ കൂടുതല്‍ പ്രയോഗികവാദിയും വ്യവസായരംഗത്തോട് കൂടുതല്‍ മൃദുസമീപനം പുലര്‍ത്തുന്നയാള്‍ എന്നും അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടു. എന്നാല്‍ ‘സഹതാപ വോട്ടിന്’ ആശ്രയിക്കുകയാണ് അദ്ദേഹം ചെയ്യുന്നതെന്ന് എതിരാളികള്‍ ആരോപിച്ചു. ഇന്ദിര ഗാന്ധി ‘കുഴിമാടത്തില്‍ കിടന്നുകൊണ്ട്’ ഭരിക്കുകയാണെന്ന് വരെ ഒരു പ്രതിപക്ഷ എംപി ആരോപിച്ചു.

ഒരു രാഷ്ട്രീയക്കാരന്‍ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പരിചയക്കുറവാണ് ചിലര്‍ ഉയര്‍ത്തിക്കാട്ടിയത്. 1980 വരെ ഒരു വിമാന പൈലറ്റായിരുന്ന രാജീവ് ഗാന്ധി, ഇളയ സഹോദരന്‍ സഞ്ജയ് ഗാന്ധിയുടെ മരണത്തെ തുടര്‍ന്ന് അമ്മയുടെ ആഗ്രഹപ്രകാരം രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ നിര്‍ബന്ധിക്കപ്പെടുകയായിരുന്നു. അദ്ദേഹത്തിന്റെ അമ്മ, പ്രധാനമന്ത്രി ഇന്ദിര ഗാന്ധി തന്റെ രണ്ട് സിഖ് അംഗരക്ഷകരായ സത്വന്ത് സിംഗ്, ബിയാന്ത് സിംഗ് എന്നിവരാല്‍ 1984 ഒക്ടോബര്‍ 31ന് കൊല്ലപ്പെടുമ്പോള്‍ രാജീവ് ഗാന്ധി പശ്ചിമ ബംഗാളിലായിരുന്നു. ബ്ലൂസ്റ്റാര്‍ ഓപ്പറേഷന്റെ സമയത്ത് സുവര്‍ണക്ഷേത്രത്തില്‍ നടന്ന സൈനിക ആക്രമണത്തില്‍ പ്രതിഷേധിച്ചായിരുന്നു ഇന്ദിര ഗാന്ധിക്ക് നേരെ നടന്ന ആക്രമണം. അമ്മയുടെ മരണം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ അവരുടെ പിന്‍ഗാമിയായി സ്ഥാനമേല്‍ക്കാല്‍ സര്‍ദാര്‍ ബൂട്ടാ സിംഗും അന്നത്തെ പ്രസിഡന്റ് ഗ്യാനി സെയില്‍ സിംഗും രാജീവിനെ നിര്‍ബന്ധിച്ചു. ഡല്‍ഹിയില്‍ നടന്ന സിഖ് കൂട്ടക്കൊലയെക്കുറിച്ച് രാജീവ് നടത്തിയ ‘ഒരു വന്‍മരം വീഴുമ്പോള്‍ അതിന്റെ കീഴിലുള്ള ഭൂമി കുലുങ്ങും,’ എന്ന പരാമര്‍ശത്തിന്റെ പേരില്‍ അദ്ദേഹം വ്യാപകമായി വിമര്‍ശിക്കപ്പെട്ടു. കലാപത്തിന് ചുക്കാന്‍ പിടിച്ചത് കോണ്‍ഗ്രസ് നേതാക്കളാണ് എന്ന ആരോപണം ഉണ്ടായിരുന്നു.

അമ്മയുടെ മരണത്തെ തുടര്‍ന്ന് സ്ഥാനമേറ്റ രാജീവ് ഗാന്ധി, പാര്‍ലമെന്റ് പിരിച്ചുവിടാനും പുതിയ തിരഞ്ഞെടുപ്പുകള്‍ നടത്താനും രാഷ്ട്രപതി സെയില്‍ സിംഗിനോട് ശുപാര്‍ശ ചെയ്തു. കോണ്‍ഗ്രസ് ആദ്യമായായിരുന്നു നാലില്‍ മൂന്നിലേറെ ഭൂരിപക്ഷം നേടുന്നത്. ഹിന്ദുത്വ വലതുപക്ഷ പാര്‍ട്ടിയായ ബിജെപിയുടെ ആദ്യ പൊതുതിരഞ്ഞെടുപ്പായിരുന്നു അത്. ചരിത്ത്രതില്‍ ഏറ്റവും കുറഞ്ഞ രീതിയില്‍ വെറും അഞ്ച് സ്വതന്ത്രര്‍ മാത്രമാണ് തിരഞ്ഞെടുക്കപ്പെട്ടത്. എന്‍ ടി രാമറാവു ഏതാനും നാളുകള്‍ക്ക് മുമ്പ് തെലുങ്ക് ദേശം പാര്‍ട്ടി രൂപീകരിച്ചിരുന്നു: അതിന്റെ ആദ്യ തിരഞ്ഞെടുപ്പില്‍, കോണ്‍ഗ്രസ് തരംഗത്തെ അതിജീവിച്ചുകൊണ്ട് മത്സരിച്ച 34 സീറ്റുകളില്‍ 30 ഇടത്തും വിജയം നേടി. ഏറ്റവും വലിയ പ്രതിപക്ഷ പാര്‍ട്ടിയായി അവര്‍ മാറി. 2014ന് മുമ്പ് ഏതെങ്കിലും ഒറ്റ പാര്‍ട്ടിക്ക് ഭൂരിപക്ഷം കിട്ടിയ അവസാന തിരഞ്ഞെടുപ്പായിരുന്നു അത്. തന്റെ നാല്‍പതാം വയസില്‍ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി 1984 ഡിസംബര്‍ 31ന് രാജീവ് ഗാന്ധി സത്യപ്രതിജ്ഞ ചെയ്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍