UPDATES

രത്‌ലം ഉപതെരഞ്ഞെടുപ്പ്: ബിജെപിയില്‍ നിന്ന് മണ്ഡലം കോണ്‍ഗ്രസ് തിരിച്ചു പിടിച്ചു

അഴിമുഖം പ്രതിനിധി

മദ്ധ്യപ്രദേശിലെ ആദിവാസി ഭൂരിപക്ഷ മണ്ഡലമായ രത്‌ലം ബിജെപിയുടെ കൈയില്‍ നിന്ന് കോണ്‍ഗ്രസ് തിരിച്ചു പിടിച്ചു. ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ കാന്തിലാല്‍ ഫൂരിയ ബിജെപിയുടെ എംഎല്‍എയായ നിര്‍മ്മലി ഫൂരിയയെ 88,000 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തി. ഇതോടെ കോണ്‍ഗ്രസിന്റെ ലോക്‌സഭയിലെ അംഗങ്ങളുടെ എണ്ണം 44-ല്‍ നിന്ന് 45 ആയി ഉയര്‍ന്നു. കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രമായിരുന്ന രത്‌ലം 2014-ലെ മോദി തരംഗത്തില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടിരുന്നു. ബിജെപിയുടെ ദിലീപ് സിംഗ് ഫൂരിയ മുന്‍ കേന്ദ്ര മന്ത്രിയായ കാന്തിലാല്‍ ഫൂരിയയെ തോല്‍പ്പിക്കുകയായിരുന്നു. ആദ്യമായിട്ടായിരുന്നു രത്‌ലം മണ്ഡലം ബിജെപി പിടിക്കുന്നത്. ഈ വര്‍ഷം ആദ്യം ദിലീപ് സിംഗ് മരിച്ചതിനെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. സഹതാപ തരംഗം ലക്ഷ്യമിട്ട്‌ ബിജെപി ദിലീപ് സിംഗിന്റെ മകള്‍ നിര്‍മ്മലയെ സ്ഥാനാര്‍ത്ഥിയാക്കിയപ്പോള്‍ കോണ്‍ഗ്രസ് കാന്തിലാല്‍ ഫൂരിയയെ വീണ്ടും മണ്ഡലം തിരിച്ചു പിടിക്കാന്‍ നിയോഗിക്കുകയായിരുന്നു. ഇവിടെ രണ്ട് ഡസന്‍ തെരഞ്ഞെടുപ്പ് യോഗങ്ങളിലാണ് ബിജെപി നേതാവും മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ ശിവരാജ് സിംഗ് ചൗഹാന്‍ പ്രസംഗിച്ചത്. നിരവധി ബിജെപി മന്ത്രിമാരും ഇവിടെ തമ്പടിച്ച് പ്രചാരണം നടത്തിയിരുന്നു. നവംബര്‍ 21-ന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ 59 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്. എട്ടു സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍