UPDATES

സയന്‍സ്/ടെക്നോളജി

സാന്‍ ബെര്‍ണാഡിനൊയില്‍ നടന്ന തീവ്രവാദി ആക്രമണവും ആപ്പിളും തമ്മിലെന്ത്?

Avatar

അഴിമുഖം പ്രതിനിധി

2015 ഡിസംബര്‍ രണ്ടിന് കാലിഫോര്‍ണിയയിലെ സാന്‍ ബെര്‍ണാഡിനൊയില്‍ നടന്ന തീവ്രവാദി ആക്രമണം പോല്ലാപ്പായത് ആപ്പിളിനാണ്. കാരണം വേറൊന്നുമല്ല തീവ്രവാദികള്‍ ഉപയോഗിച്ചിരുന്നത് ഐഫോണ്‍ ആയിരുന്നു. അവര്‍ ഫോണിലിട്ട പാസ്കോഡ് ആണ് ഇപ്പോള്‍ ഒരേസമയം ആപ്പിളിനെയും എഫ്ബിഐയെയും വട്ടംചുറ്റിക്കുന്നത്. കുറ്റാന്വേഷണ ഏജന്‍സിയായ എഫ്ബിഐ അവരുടെ ഐഫോണ്‍ തുറക്കാന്‍ പഠിച്ചപണി പതിനെട്ടും പ്രയോഗിച്ചു. ഫലം തഥൈവ. അറ്റകൈക്ക് കോടതിയെ സമീപിക്കുകയാണ് അവര്‍ ചെയ്തത്. ഫോണ്‍ അണ്‍ലോക്ക് ചെയ്തു നല്കണം എന്ന് കോടതി ഉത്തരവിടുകയും ചെയ്തു. എന്നാലോ ആപ്പിള്‍ അതിനെയൊട്ടു വകവയ്ക്കുന്നുമില്ല.

ഉടമയ്ക്കും പിന്നെ ഫോണിനും മാത്രമേ ആ പാസ്‌കോഡ് അറിയാവൂ എന്നുള്ളതുകൊണ്ടു തങ്ങളെക്കൊണ്ട് ഫോണ്‍ അണ്‍ലോക്ക് ചെയ്യുന്ന കാര്യം പ്രയാസകരമാണ് എന്നാണ് കമ്പനി കോടതിയെ അറിയിച്ചത്. മറ്റൊരു കാരണം തങ്ങളുടെ സെക്യൂരിറ്റി സിസ്റ്റത്തിലേക്ക് ഒരു ബാക്ക്ഡോര്‍ എന്‍ട്രി ക്രിയേറ്റ് ചെയ്യുക വഴി സൈബര്‍ക്രിമിനലുകള്‍ക്കും ഹാക്കര്മാര്ക്കും ഒരു എളുപ്പവഴിയുണ്ടാക്കികൊടുക്കുകയാവും അത് എന്ന് ആപ്പിള്‍ സിഇഒ ടിം കുക്കിന്റെ പബ്ലിക് ലെറ്ററില്‍ പറയുന്നു.

എന്താണ് സൈബര്‍ നുഴഞ്ഞു കയറ്റങ്ങളില്‍ വിദഗ്ദ്ധരായ എഫ്ബിഐയെപ്പോലും കുഴപ്പിക്കുന്ന ഈ സെക്യൂരിറ്റി ഫീച്ചര്‍. സംഗതി സിമ്പിള്‍. ആറക്കമുള്ള ഒരു ആല്‍ഫാന്യൂമെറിക് കോഡ് ആണ് ഇവിടത്തെ വില്ലന്‍. നേരെ ചൊവ്വേ എന്റര്‍ ചെയ്യുകയാണെങ്കില്‍ ടപ്പേന്ന് കാര്യം കഴിയും. എന്നാല്‍ ഹാക്ക് ചെയ്യാന്‍ ശ്രമിക്കുകയാണെങ്കില്‍ ആകെ കുഴയും. ആദ്യത്തെ അഞ്ചു തവണ പാസ്കോഡ് തെറ്റിച് എന്റര്‍ ചെയ്‌താല്‍ ഒരു മിനിറ്റ് കഴിഞ്ഞേ വീണ്ടും ശ്രമം നടക്കൂ. 9 തവണ തെറ്റിച്ചാല്‍ ഒരു മണിക്കൂര്‍ കാത്തിരിക്കണം. അവസാനത്തെതും കടുപ്പമേറിയ പ്രശ്നവും എന്താണെന്നു വച്ചാല്‍ ഫോണില്‍ സെറ്റ് ചെയ്തിരിക്കുന്നതനുസരിച്ച് 10 തവണ പൂട്ട്‌ കുത്തിത്തുറക്കാന്‍ ശ്രമം നടത്തിയാല്‍ സേവ് ചെയ്ത ഡാറ്റ മുഴുവനായും ഫോണ്‍ തന്നെ നശിപ്പിച്ചു കളയും.

ഇനി ജഡ്ജിന്റെ ഉത്തരവ് ആപ്പിള്‍ അംഗീകരിക്കുകയും ഫോണ്‍ തുറക്കാന്‍ എഫ്ബിഐയെ സഹായിക്കുകയും ചെയ്തെന്നിരിക്കട്ടെ, പ്രശ്നം അവിടെയും തീരില്ല. കോഡ് പൊളിക്കാന്‍ എഫ്ബിഐ മിനിമം അഞ്ചര വര്‍ഷമെങ്കിലും കഷ്ടപ്പെടണം എന്നാണ്  ആപ്പിള്‍ സെക്യൂരിറ്റി വിദഗ്ദ്ധന്മാര്‍ കണക്കു കൂട്ടുന്നത്‌. ആപ്പിള്‍ തങ്ങളുടെ ഉപകരണങ്ങള്‍ കൂടുതല്‍ സുരക്ഷിതമാക്കിയതാണ് ഇവിടത്തെ കുരുക്ക്.

സംഗതി ഇതാണ്. പാസ്കോഡ് എന്റര്‍ ചെയ്യുമ്പോള്‍ ഫോണിന്‍റെ പ്രോസ്സസ്സര്‍ ഒരു കണക്കുകൂട്ടല്‍ നടത്തും, കോഡ് കറക്റ്റ് ആണോ എന്നറിയാന്‍. ആപ്പിള്‍ അവിടെ ചെയ്തിരിക്ക്ന്ന (ബുദ്ധി) കുരുട്ടുബുദ്ധി പ്രകാരം വെറും 80 മില്ലിസെക്കന്റ് ഫോണ്‍ അതിനുപയോഗിക്കൂ. അതായത് ഒരു മിനിട്ടിന്റെ 12ല്‍ ഒരു ഭാഗം മാത്രം. അങ്ങനെയാവുമ്പോള്‍ ആറു ക്യാരക്റ്റര്‍ ഉള്ള പാസ്കോഡ് കോമ്പിനേഷനുകള്‍ എല്ലാം പരീക്ഷിക്കാന്‍ എഫ്ബിഐ അഞ്ചര വര്ഷം ചെലവഴിക്കേണ്ടി വരും. തീവ്രവാദികള്‍ ലോവര്‍ കേസ് അക്ഷരങ്ങളോ നമ്പറുകള്‍ മാത്രമുള്ള കോഡ് ആണ് ഉപയോഗിച്ചിരിക്കുന്നത് എങ്കില്‍ പോലും അതിനു 2.1 ബില്ല്യണ്‍ കോമ്പിനേഷനുകള്‍ ഉണ്ട്. ഒരു കോമ്പിനേഷന്‍ പ്രോസസ് ചെയ്യുന്നതിന് ഐഫോണ്‍ സെക്കന്റിന്റെ 12ല്‍ ഒരു ഭാഗം എടുക്കുമ്പോള്‍ സെക്കന്റില്‍ 12 തവണ ട്രൈ ചെയ്ത് ഫോണിന്‍റെ പ്രോസസ്സര്‍ കരിഞ്ഞു പോയില്ലെങ്കില്‍ പോലും മേല്‍പ്പറഞ്ഞ അഞ്ചര വര്ഷം അതിനായി കളയേണ്ടി വരും. ആറു ലോവര്‍ കേസ് ലെറ്ററുകളും ഡിജിറ്റുകളും 2.17 ബില്ല്യണ്‍ കൊമ്പിനെഷനില്‍ ഉപയോഗിക്കാം. പക്ഷേ ആറു ഡിജിറ്റുകള്‍ ഒരു മില്ല്യന്‍ രീതികളില്‍ മാത്രമേ ഉപയോഗിക്കാനാകൂ. മേല്‍പ്പറഞ്ഞ രീതിയില്‍ ഡിജിറ്റുകള്‍ മാത്രം ഉപയോഗിച്ചുള്ള ഒരു കോഡ് ഹാക്ക് ചെയ്യാന്‍ എഫ്ബിഐക്ക് 22 മണിക്കൂര്‍ മാത്രം മതിയാകും, അതും ആപ്പിള്‍ സഹായിക്കുകയാണെങ്കില്‍. കൂടുതല്‍ സുരക്ഷാ സൗകര്യങ്ങളുള്ള ഐഒഎസ് 9 ആണ് തീവ്രവാദികളുടെ ഫോണില്‍ ഉള്ളതു എന്നതും ഒരു വലിയ കടമ്പയാണ്.

മുന്‍പുള്ള ഫോണുകളില്‍ നാല് ക്യാരക്ടര്‍ പാസ്കോഡ് ആയിരുന്നു ഉപയോഗിച്ചിരുന്നത്. അതില്‍ പിഴവുകളും ഉണ്ടായിരുന്നു.കോഡ് തെറ്റിയാല്‍ പവര്‍ ഔട്ട്പുട്ടിലേക്ക് കണക്റ്റ് ചെയ്ത് പെട്ടന്ന് ഡീകണക്റ്റ് ചെയ്യുമ്പോള്‍ ഫോണ്‍ അണ്‍ലോക്ക് ആവുന്ന അവസ്ഥയുണ്ടായിരുന്നു. എന്നാല്‍ അതിനെ പിന്നീട് ആപ്പിള്‍ മാറ്റുകയും ചെയ്തു.

ഇതിലെ ഒരു മിസ്സിംഗ് സംഗതി എന്തെന്നാല്‍ തീവ്രവാദികള്‍ ഉപയോഗിച്ച ഫോണ്‍ മോഡലില്‍ ഏറ്റവും പുതിയ സുരക്ഷാ ഫീച്ചറായ സെക്യുര്‍ എന്‍ക്ലേവ് ഇല്ല എന്നതാണ്. പാസ്കോഡ്, ഫിംഗര്‍ പ്രിന്റ്‌ എന്നിവയ്ക്കായി ഒരു പ്രത്യേക പ്രോസ്സസ്സര്‍ തന്നെ ഐഫോണ്‍ 5എസ് മുതലുള്ള ഫോണുകളില്‍ ഉണ്ട്. എന്നാല്‍ 5സി എന്ന മോഡലില്‍ അ സൗകര്യം ഇല്ല. മാത്രമല്ല ആപ്പിളിനെ സംശയിക്കുന്ന രീതിയിലെ ചില ആരോപണങ്ങളും ഉയരുന്നുണ്ട്. ഫോണ്‍ അണ്‍ലോക്ക് ചെയ്യാനുള്ള മാസ്റ്റര്‍ കീ ആപ്പിള്‍ നല്‍കാത്തതാണ് എന്ന് ചില സുരക്ഷാ വിദഗ്ധര്‍ ആരോപിക്കുന്നുണ്ട്. എന്തായാലും സാന്‍ ബെര്‍ണാഡിനൊയില്‍ നടന്ന തീവ്രവാദി ആക്രമണം ആപ്പിളിനെ കുഴപ്പിക്കുമെന്നുള്ളത് തീര്ച്ച.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍