UPDATES

വിദേശം

ഫ്രാന്‍സിസ് മാര്‍പ്പാപ്പ: വത്തിക്കാനില്‍ യാഥാസ്ഥിതിക വിമതര്‍ കോപ്പുകൂട്ടുന്നു

Avatar

ആന്തണി ഫെയോള
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ഈ വര്‍ഷം ആദ്യം വത്തിക്കാന്‍ നഗരത്തിന്റെ 9-ആം നൂറ്റാണ്ടിലെ കവാടത്തിലൂടെ ഒരു പാര്‍പ്പിട സമുച്ചയത്തിലേക്ക് ഒരു ക്യാമറാ സംഘം കടന്നുചെന്നു. റോമന്‍ കാത്തലിക് സഭയിലെ കര്‍ദിനാള്‍ റെയ്മണ്ട് ബര്‍ക് തന്റെ മിനുക്കിപ്പണിത കൂറ്റന്‍ ചാരുകസേരയിലിരുന്ന് പോപ് ഫ്രാന്‍സിസിന് മുന്നറിയിപ്പ് നല്കി.

കടുത്ത യാഥാസ്ഥിതികനും വത്തിക്കാന്‍ അധികാരിയുമായ ബര്‍കിനെ ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് പോപ് തരം താഴ്ത്തിയത്. പുരോഗമന ശബ്ദങ്ങള്‍ക്കും, വിവാഹമോചിതര്‍ക്കും, സ്വവര്‍ഗാനുരാഗികള്‍ക്കും ഇടം നല്‍കുന്ന ഒന്നാണ് ഫ്രാന്‍സിസിന്റെ ലോകം. ഉദാര മാറ്റങ്ങളെ ‘ചെറുക്കു”മെന്ന് ബര്‍ക് ക്യാമറക്ക് മുന്നില്‍ പറഞ്ഞു. അധികാരങ്ങളുടെ പരിതിയെക്കുറിച്ചും അദ്ദേഹം ഫ്രാന്‍സിസിനെ ഓര്‍മ്മിപ്പിച്ചു, “പോപ്പിന്റെ അധികാരങ്ങളെ കുറിച്ചു കൃത്യമായ ധാരണയുണ്ടായിരിക്കണം.” “അത് ഉപാധിയില്ലാത്തതല്ല,” ബര്‍ക് മുന്നറിയിപ്പ് നല്കി. “പ്രമാണങ്ങള്‍ മാറ്റാന്‍ പോപ്പിന് അധികാരമില്ല.”

കടുത്ത യാഥാസ്ഥിതികര്‍ക്കിടയില്‍ ഫ്രാന്‍സിസിന്റെ പാപ്പ ഭരണത്തെക്കുറിച്ചും റോമന്‍ കാത്തലിക് സഭയെ ഭരിക്കുന്ന അതിശക്തമായ ശ്രേണീബന്ധങ്ങളെക്കുറിച്ചുമൊക്കെ മുറുമുറുപ്പുകളും അസ്വസ്ഥതകളും ഉടലെടുത്തത്തിന്റെ പ്രകടനമായിരുന്നു ബര്‍കിന്റെ വാക്കുകള്‍.

പുതിയ പോപ് തന്റെ ഒരു വര്‍ഷക്കാലയളവില്‍ വത്തിക്കാന്റെ ചട്ടങ്ങള്‍ മാറ്റുകയാണ്. ഫ്രാന്‍സിസിന്റെ ചില പ്രതീകാത്മകമായ ചില നടപടികളും പ്രസ്താവനകളും ഇവിടെ നല്കുന്നു.

ഈ മാസം ഫ്രാന്‍സിസ് തന്‍റെ ആദ്യത്തെ യു.എസ് സന്ദര്‍ശനം നടത്തുകയാണ്. കാത്തലിക് പ്രമാണങ്ങള്‍ ധാര്‍മികമായ പാപം എന്നു വിശേഷിപ്പിക്കുന്ന ഗര്‍ഭച്ഛിദ്രത്തിന് ഈ ഡിസംബറില്‍ ആരംഭിക്കുന്ന ദയാവര്‍ഷത്തില്‍ മാപ്പ് നല്കാന്‍ പാതിരിമാര്‍ക്ക് അധികാരം അനുവദിച്ചു നല്കിയ വിപ്ലവകാരിയായി പുരോഗമനകക്ഷികള്‍ അദ്ദേഹത്തെ കൊണ്ടാടുന്ന സമയം. കഴിഞ്ഞ ഞായറാഴ്ച്ച, യൂറോപ്പിലെ ഓരോ കാത്തലിക് ഇടവകയും സിറിയയില്‍ നിന്നും മറ്റ് സംഘര്‍ഷപ്രദേശങ്ങളില്‍ നിന്നും വരുന്ന  ആയിരക്കണക്കായ  അഭയാര്‍ത്ഥികളില്‍ ഒരു കുടുംബത്തിനെങ്കിലും അഭയം നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

സഭാ പാരമ്പര്യങ്ങളെ ഞെട്ടിക്കുമ്പോള്‍, സഭക്കുള്ളിലെ പുരോഗമന ധാരക്കെതിരായ യാഥാസ്ഥിതിക എതിര്‍പ്പും മുറുകുകയാണ്. 1960-ലെ വലിയ പരിഷ്കാരങ്ങള്‍ക്ക് ശേഷം ഇതാദ്യമായി സഭാ നേതൃത്വം ഏറെ ധ്രുവീകരിക്കപ്പെട്ടിരിക്കുകയാണെന്ന് സഭാനേതൃത്വത്തില്‍ നിന്നുമുള്ളവര്‍ പറയുന്നു.

വിമതസ്വരം പല രീതിയിലാണ്. പരസ്യ പ്രസ്താവനകള്‍ക്ക് പുറമെ ഫ്രാന്‍സിസ് വിരുദ്ധരുടെ യാഥാസ്ഥിതിക കാത്തലിക് വെബ്സൈറ്റുകളും പ്രചാരത്തിലുണ്ട്. പുസ്തകങ്ങള്‍, ലഘുലേഖകള്‍, പരിഷ്കരണവാദികളെ ലക്ഷ്യമിട്ട്  ചോരുന്ന വിമത വാര്‍ത്തകള്‍.

ബര്‍ക് വസ്തുതകള്‍ പറയുക മാത്രമാണ് ചെയ്തത്. പോപ്പിന്റെ വിപുലമായ അധികാരങ്ങള്‍ ഉണ്ടെങ്കിലും സഭാ പ്രമാണങ്ങള്‍ ഭരണഘടന പോലെ വര്‍ത്തിക്കുന്നു. പരിഷ്കരണ വാദികള്‍ക്ക് ഈ പുതിയ ആക്രമണം മാറ്റങ്ങളിലേക്കുള്ള നീക്കം സങ്കീര്‍ണമാക്കി.

“തത്ക്കാലത്തേക്കെങ്കിലും ഞങ്ങള്‍ പരസ്പരം പാനപാത്രങ്ങളില്‍ വിഷം കലര്‍ത്തുന്നില്ല,” മെയ് മാസത്തില്‍ വത്തിക്കാനില്‍ ഒരു നിര്‍ണായക സ്ഥാനത്ത് നിയമിതനായ ബ്രിട്ടീഷ് ഉദാരവാദി പുരോഹിതന്‍ തിമോത്തി റാഡ്ക്ലിഫ്  പറഞ്ഞു. തുറന്ന സംവാദവും വിമര്‍ശന വിയോജിപ്പും സ്വാഗതം ചെയ്യുന്നു . പക്ഷേ ഇക്കാണുന്നതില്‍ ചെറിയ ഭയം തോന്നുന്നതായും റാഡ്ക്ലിഫ് പറഞ്ഞു.

പുതുസ്വാതന്ത്ര്യത്തിന്റെ പരീക്ഷണം
വ്യക്തമായ നിലപാടുകള്‍ എടുക്കുന്നതിന് പകരം പരിഷ്കരണ വാദികളായ സഭാ നേതാക്കള്‍ക്ക് സൌമ്യമായ പിന്തുണ നല്‍കുകയാണ് പോപ് ചെയ്യുന്നത്. പരിഷ്കരണങ്ങള്‍ ഏതുവരെ ആകാമെന്നതിന്റെ സംവാദ സാധ്യതകള്‍ നാടകീയമായ തരത്തില്‍ വിപുലമാക്കുകയും ചെയ്യുന്നു. ഉദാഹരണത്തിന് ഒരു പ്രധാന സഭായോഗത്തില്‍ ഫ്രാന്‍സിസ്  പറഞ്ഞു,“ഇത് നിങ്ങള്‍ പറയരുതെന്ന്’ ആരും പറയരുത്.”

അതു മുതല്‍ ഉദാരവാദികള്‍ ഈ സ്വാതന്ത്ര്യത്തിന്റെ അതിരുകള്‍ പരീക്ഷിക്കുകയാണ്. ഒരു ബല്‍ജിയന്‍ ബിഷപ്പ് സ്വവര്‍ഗ ദമ്പതികളെ സഭ ഔദ്യോഗികമായി അംഗീകരിക്കണം എന്നുവരെ ആവശ്യപ്പെട്ടു.

എന്നാല്‍ “സഭയുടെ യഥാര്‍ത്ഥ പ്രമാണങ്ങള്‍ പഠിപ്പിച്ചാല്‍ നിങ്ങള്‍ പോപ്പിന്റെ ശത്രുവായി ചിത്രീകരിക്കപ്പെടും എന്നാണവസ്ഥ,” എന്നാണ് പേര് വെളിപ്പെടുത്താത്ത ഒരു മുതിര്‍ന്ന വത്തിക്കാന്‍ യാഥാസ്ഥിതിക വാദി പറയുന്നത്.

“കാത്തലിക് പുരോഹിതന്മാരും ബിഷപ്പുമാരും സഭാ പ്രമാണങ്ങള്‍ക്കെതിരായുള്ള കാര്യങ്ങള്‍, സ്വവര്‍ഗ വിവാഹത്തെക്കുറിച്ച് , വിവാഹേതര ബന്ധത്തില്‍ കഴിയുന്നവര്‍ക്ക് കൂദാശ നല്‍കുന്നതിനെക്കുറിച്ചുമൊക്കെ സംസാരിക്കുന്ന വളരെ ആശങ്കാജനകമായ സാഹചര്യമാണ് ഇപ്പോഴുള്ളത്,” അദ്ദേഹം പറഞ്ഞു. “എന്നിട്ടും അവരെ നിശബ്ദരാക്കാന്‍ പോപ് ഒന്നും ചെയ്യുന്നില്ല. അപ്പോള്‍ അതാണ് പോപ് ആഗ്രഹിക്കുന്നത് എന്നുവരുന്നു.”

ആഭ്യന്തര തര്‍ക്കങ്ങള്‍
വത്തിക്കാന്റെ ദീര്‍ഘമായ ചരിത്രത്തിലെ പല ഉള്‍ക്കുത്തുകളും ഫ്രാന്‍സിസിന്റെ കാലത്തിലേക്ക് എത്തിനില്‍ക്കുന്നുമുണ്ട്. വത്തിക്കാന്‍ ധനവിനിയോഗത്തിന്റെ സംശയങ്ങള്‍ മുഴുവന്‍ നീക്കാന്‍ പോപ് നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്ന് പ്രത്യേകിച്ചും. വത്തിക്കാന്‍ ബാങ്കിന്റെ ഉന്നത നേതൃത്വത്തെ മുഴുവന്‍ പുറത്താക്കി. അതുപോലെ അവരുടെ സാമ്പത്തിക മേല്‍നോട്ട ഏജന്‍സിയുടെ ഇറ്റലിക്കാര്‍ മാത്രമുള്ള സമിതിയേയും.

പ്രതികൂല പ്രവര്‍ത്തനങ്ങളുടെ ഒരു രീതി മാധ്യമങ്ങള്‍ക്ക് വാര്‍ത്ത ചോര്‍ത്തുക എന്നതാണ്. ഇന്നുവരെ നടന്നതിലെ ഏറ്റവും വലിയ ചോര്‍ത്തല്‍-ജൂണിലെ, പരിസ്ഥിതിയെ കുറിച്ചുള്ള പോപ്പിന്റെ ചാക്രിക ലേഖനം- പ്രതികാരത്തെക്കാളേറെ, പണത്തിന് വേണ്ടിയായിരുന്നു എന്നു ഇപ്പോള്‍ വത്തിക്കാന്‍ അധികൃതര്‍ക്ക് ബോധ്യമായിട്ടുണ്ട്. പക്ഷേ മറ്റ് ചോര്‍ത്തലുകള്‍ പോപ്പിന്റെ ശുദ്ധീകരണ പരിപാടിയില്‍ ഉള്‍പ്പെട്ട ആളുകള്‍ക്കെതിരെയായിരുന്നു. സാമ്പത്തിക പരിഷ്കരണങ്ങള്‍ക്ക് നേതൃത്വം നല്കിയ യാഥാസ്ഥിതികന്‍ കൂടിയായ ആസ്ട്രേലിയന്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ജോര്‍ജ് പെല്ലിനെയും അദ്ദേഹത്തിന്റെ ആര്‍ഭാടം നിറഞ്ഞ വ്യക്തി താത്പര്യങ്ങളുടെ പേരില്‍ ലക്ഷ്യമിട്ടു.

മിക്കപ്പോഴും സൈദ്ധാന്തിക കാര്യങ്ങളിലാണ് തര്‍ക്കം ഉടലെടുക്കുന്നത്. നിലവിലുള്ള പോപ്പിനെതിരെ വിമര്‍ശനം അസാധാരണമാണ്- ഉദാരവാദികളായ ബിഷപ്പുമാര്‍ ബെനഡിക്ട് പോപ്പായിരുന്നപ്പോള്‍  വിമര്‍ശിച്ചിട്ടുണ്ട്. പക്ഷേ പോപ്പിനോടുള്ള വിധേയത്വത്തില്‍ പൊതിഞ്ഞ ഒരു സ്ഥാപനത്തില്‍ ഫ്രാന്‍സീസിനെതിരെ നടക്കുന്ന പരസ്യമായ വിമര്‍ശനങ്ങളാണ് പലരെയും അമ്പരപ്പിക്കുന്നത്.

തന്റെ രൂപതക്കയച്ച ഒരു പരസ്യമാക്കിയ കത്തില്‍ ബിഷപ്പ് തോമസ് ടോബിന്‍ ആരോപിക്കുന്നു,“പോപ് ഫ്രാന്‍സിസ് നിര്‍ദേശിക്കുന്നതുപോലെ കാലത്തിന്റെ ആവശ്യങ്ങളെ ഉള്‍ക്കൊള്ളാനുള്ള ശ്രമത്തില്‍ സഭ നഷ്ടപ്പെടുത്താന്‍ പോകുന്നത് ലോകം കേള്‍ക്കാനാഗ്രഹിക്കുന്ന ധീരവും പ്രവാചനാത്മകവുമായ വാക്കുകളാണ്.” ബര്‍ക് പറയുന്നത് ഫ്രാന്‍സിസിന് കീഴിലുള്ള സഭ അമരക്കാരനില്ലാത്ത കപ്പല്‍ പോലെയാണെന്നാണ്.

ദൈവശാസ്ത്ര അടിത്തറ വെച്ചും പോപ് ചോദ്യം ചെയ്യപ്പെടുന്നുണ്ട് . കാലാവസ്ഥ മാറ്റത്തില്‍ നാടകീയമായ ഇടപെടല്‍ വേണമെന്ന പോപ്പിന്റെ ആഹ്വാനത്തെക്കുറിച്ച് പറഞ്ഞത് “ശാസ്ത്രീയവിഷയങ്ങളില്‍ അഭിപ്രായം പ്രഖ്യാപിക്കാനുള്ള അനുമതി ദൈവം സഭക്ക് നല്‍കിയിട്ടില്ല എന്നാണ്.”

യാഥാസ്ഥിതിക വൃത്തങ്ങളില്‍ പോപ്പിനെ വിമര്‍ശിക്കാതെ പോപ്പിന്റെ തീരുമാനങ്ങളെ വിമര്‍ശിക്കാനുള്ള ഒരു പര്യായമായിരിക്കുന്നു ആശയക്കുഴപ്പം എന്ന വാക്ക്. കുടുംബത്തെ കുറിച്ചുള്ള ബിഷപ്പ് സമ്മേളനത്തില്‍ വിവാഹ മോചിതര്‍ക്കും, സ്വവര്‍ഗാനുരാഗികളായ കാതോലിക്കാര്‍ക്കും വേണ്ടി ഒരു പുതിയ നിലപാട് വേണമെന്ന ഫ്രാന്‍സിസിന്റെ നിര്‍ദേശം തുറന്നുകൊടുത്ത ചര്‍ച്ചകളുടെ വെള്ളപ്പൊക്കത്തെ തുടര്‍ന്ന്  കാത്തലിക് സദാചാര പഠനത്തില്‍ കടുത്ത ആശയകുഴപ്പമാണെന്ന് കാണിച്ച് ബ്രിട്ടനിലെ 500 പാതിരിമാര്‍ ഒരു തുറന്ന കത്ത് തയ്യാറാക്കി.

യാഥാസ്ഥിതികരുടെ ശക്തി വെളിവാക്കും വണ്ണം ആ സമ്മേളനത്തില്‍ പരിഷ്കാര നിര്‍ദേശങ്ങളുടെ  ഭാഷ മയപ്പെടുത്തി. മറ്റൊരു ഏറ്റുമുട്ടലിന് കളമൊരുക്കുന്ന തുടര്‍ സമ്മേളനം അടുത്ത മാസം നടക്കും. മാറ്റങ്ങളെക്കുറിച്ചുള്ള അന്തിമ തീരുമാനം അടുത്ത വര്‍ഷം പോപ്പിന്‍റേത് തന്നെയായിരിക്കും.

വിവാഹമോചിതര്‍ക്കും പുനര്‍ വിവാഹിതര്‍ക്കും കൂദാശയും പ്രാര്‍ത്ഥനയും സ്വീകരിക്കാന്‍ അനുമതി നല്‍കുന്നതിനെതിരെയും യാഥാസ്ഥിതികര്‍ പ്രചാരണം നടത്തുന്നുണ്ട്. ഇത് ഉള്‍ക്കൊള്ളുന്ന ഒരു ഡി വി ഡി യൂറോപ്പിലെയും ആസ്ട്രേലിയയിലെയും നൂറുകണക്കിനു രൂപതകളില്‍ പ്രചരിപ്പിച്ചു. പരമ്പരാഗത പ്രമാണങ്ങളെ ധിക്കാരിച്ചാല്‍ കനത്ത പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നാണ് ബര്‍ക് നല്‍കുന്ന താക്കീത്.

പക്ഷേ ശ്രേണീബദ്ധമായ ബഹുമാനം മറ്റേതിനെയും പോലെ പരമ്പരാഗതമായ കാത്തലിക്  സഭയാണ് ഇത്. പോപ്പിനെ ഉന്നമിടുന്നതിന് പകരം അദ്ദേഹത്തിന്റെ ഉദാരവാദികളായ സഹായികളെയാണ് യാഥാസ്ഥിതികര്‍ ആക്രമിക്കാറ്. പോപ്പിനെ വിമര്‍ശിക്കാന്‍ ധൈര്യമില്ലാത്ത പുരോഹിതരുടെ ഇരയാണ് താനെന്ന് പറഞ്ഞ ജര്‍മന്‍ കര്‍ദിനാള്‍ വാല്‍റ്റര്‍ കാസ്പര്‍ ഇതില്‍പ്പെടും.

കാസ്പെറും കൂട്ടരും കരുതുന്നതിനെക്കാള്‍ അതിമോഹിയായ ഒരു പോപ്പിന്റെ പ്രഖ്യാപനങ്ങളില്‍ പിടിച്ച് ഉദാരവാദികള്‍ തങ്ങളുടെ അതിര് വിട്ടു കളിക്കുകയാണെന്ന് യാഥാസ്ഥിതികര്‍ ആരോപിക്കുന്നു.

ഈ സംവാദമാണ് ഫ്രാന്‍സിസ് ആഗ്രഹിക്കുന്നതെന്നാണ് പോപ്പിന്റെ അനുഭാവികള്‍ പറയുന്നത്.

“ആളുകള്‍ തങ്ങളുടെ നിലപാടുകളോട് തീവ്രമായ ആഭിമുഖ്യം പുലര്‍ത്തുന്നതുകൊണ്ടാണ് അവര്‍ മനസില്‍ തോന്നുന്നത് പറയുന്നത്. വിശുദ്ധ പിതാവ് അതിനെ വ്യക്തിപരമായ ഒരാക്രമണമായി കാണുന്നു എന്നെനിക്ക് തോന്നുന്നില്ല,” എന്നാണ് പോപ്പിനോട് അടുപ്പം പുലര്‍ത്തുന്ന ചിക്കാഗോ ആര്‍ച്ച്ബിഷപ് ബ്ലെയ്സ് ജെ കുപിച്ച് പറയുന്നത്. “അത്തരം വിഷയങ്ങള്‍ പരസ്യമായി ചര്‍ച്ച ചെയ്യാനുള്ള അവസരമാണ് വിശുദ്ധ പിതാവ് ഒരുക്കിയിരിക്കുന്നത്; ഇതെങ്ങോട്ട് പോകണം എന്നതിനെക്കുറിച്ച് അദ്ദേഹം മുന്‍നിശ്ചയം എടുത്തിട്ടില്ല.”

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍