UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘റോക് സ്റ്റാര്‍’ രഘുറാം രാജനെ യാഥാസ്ഥിതികര്‍ ആക്രമിക്കുമ്പോള്‍

Avatar

ആനി ഗോവന്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവര്‍ണറും  ചിക്കാഗോ സര്‍വകലാശാലയിലെ മുന്‍ സാമ്പത്തിക പ്രൊഫസറുമായ രഘുറാം രാജനേക്കാള്‍ താരപരിവേഷമുള്ള മറ്റൊരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഇന്ത്യയില്‍ ഇല്ല എന്നുതന്നെ പറയാം.

2008-ലെ ആഗോള സാമ്പത്തിക മാന്ദ്യം പ്രവചിച്ച് ശ്രദ്ധ നേടിയ രാജന്‍ 2013 മുതല്‍ ഇന്ത്യയുടെ കേന്ദ്ര ബാങ്കിന്റെ തലവനാണ്. സാമ്പത്തിക രംഗം അച്ചടക്കത്തോടെ കൈകാര്യം ചെയ്യുന്നതിലെ മിടുക്കിന് വ്യാപകമായ പ്രശംസയും അദ്ദേഹത്തിന് കിട്ടുന്നുണ്ട്. അന്താരാഷ്ട്ര നാണയ നിധിയുടെ മേധാവി ക്രിസ്റ്റീന ലഗാഡിന്റെ പിന്‍ഗാമിയായി രാജന്റെ പേര് പറഞ്ഞുകേള്‍ക്കുന്നു.

കഴിഞ്ഞ 3 വര്‍ഷത്തിനുള്ളില്‍ ആര്‍ ബി ഐ ഗവര്‍ണര്‍ക്ക് മോശമല്ലാത്ത ആരാധകവൃന്ദവും ഉണ്ടായിട്ടുണ്ട് എന്നുതന്നെ പറയാം.

അദ്ദേഹത്തിന്റെ വാര്‍ത്താസമ്മേളനങ്ങള്‍ മിക്ക ടെലിവിഷന്‍ വാര്‍ത്താ ചാനലുകളും തത്സമയം കാണിക്കുന്നു. ‘റോക് സ്റ്റാര്‍’, ഇന്ത്യയുടെ ‘ജെയിംസ് ബോണ്ട്’ എന്നൊക്കെയാണ് അദ്ദേഹത്തിന് കിട്ടുന്ന വിശേഷണങ്ങള്‍. ഒരു പത്രം ഏജന്റ് 007 ആയി അദ്ദേഹത്തെ ചിത്രീകരിക്കുകയും ചെയ്തു. (ആ ചിത്രത്തില്‍ രൂപ നോട്ടുകള്‍ കൊണ്ടുണ്ടാക്കിയ ഒരു കൈത്തോക്കുമായി നില്‍ക്കുന്ന രാജന്‍ ഇന്ത്യന്‍ രൂപയുടെ രക്ഷകനാണ്)

കഴിഞ്ഞ വര്‍ഷം ബാങ്ക് നിരക്കുകള്‍ പ്രഖ്യാപിക്കുന്ന വാര്‍ത്താ സമ്മേളനത്തില്‍  മാധ്യമപ്രവര്‍ത്തകര്‍ ഒരു പോരാളിയും  സാന്ത ക്ലോസുമായി അദ്ദേഹത്തെ ഒരേസമയം വിശേഷിച്ചപ്പോള്‍ പതിയെ ചിരിച്ചുകൊണ്ടു രാജന്‍ മറുപടി പറഞ്ഞു,”എന്റെ പേര് രഘുറാം രാജന്‍ എന്നാണ്. ഞാന്‍ ചെയ്യുന്നതാണ് ഞാന്‍ ചെയ്തുകൊണ്ടിരിക്കുന്നത്.” 

അടുത്ത കാലങ്ങളായി രാജന് നേരെയുള്ള എതിര്‍പ്പ് രൂക്ഷമായിരിക്കുന്നു. സെപ്റ്റംബര്‍ 4-നു അവസാനിക്കുന്ന അദ്ദേഹത്തിന്റെ ഇപ്പോഴത്തെ കാലാവധി നീട്ടിക്കൊടുക്കാതിരിക്കുന്നതിനുള്ള ഒരു സംഘടിതശ്രമമായാണ് പലരും ഇതിനെ കാണുന്നത്.

ഇപ്പോള്‍ പാര്‍ലമെന്റ് അംഗമായ മുന്‍ ഹാര്‍വാര്‍ഡ് പ്രൊഫസര്‍ സുബ്രഹ്മണ്യം സ്വാമിയാണ് രാജന്‍ വിരുദ്ധരുടെ നേതാവ്.

രാജന്റെ യു.എസ് ബന്ധങ്ങളെ സൂചിപ്പിച്ചുകൊണ്ട്,‘അയാള്‍ പൂര്‍ണമായും ഇന്ത്യക്കാരനല്ല’ എന്നാക്ഷേപിച്ച്, അദ്ദേഹത്തെ പദവിയില്‍ നിന്നും നീക്കം ചെയ്യണം എന്നാവശ്യപ്പെട്ട് സ്വാമി കഴിഞ്ഞ മാസം ആദ്യം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്ത് ഏറെ വാര്‍ത്തയായിരുന്നു. ഇതിന്റെ തുടര്‍ച്ചയായി, രാജന്‍ സാമ്പത്തിക വളര്‍ച്ചയെ തകര്‍ക്കുന്ന ധനനയം നടപ്പാക്കുന്നു എന്നും ബി ജെ പിയുടെ നയങ്ങളെ പരസ്യമായി എതിര്‍ക്കുന്നു എന്നും സ്വാമി ആരോപിച്ചു.

ഗോമാംസം കഴിച്ചു എന്നാരോപിച്ചു ആള്‍ക്കൂട്ടം ഒരു മുസ്ലീമിനെ കൊന്ന സംഭവത്തെ തുടര്‍ന്ന് അസഹിഷ്ണുതയെക്കുറിച്ച് ദേശീയ സംവാദം ഉയര്‍ന്നുവന്നിരുന്നു. അന്ന്,‘സഹിഷ്ണുതയിലൂടെയും പരസ്പര ബഹുമാനത്തിലൂടെയും’ ആശയങ്ങളുടെ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനായി രാജന്‍ ആവശ്യപ്പെട്ടത് വലിയ ശ്രദ്ധ പിടിച്ചുപറ്റുകയുണ്ടായി.

തെക്കേ ഇന്ത്യയില്‍ നിന്നുള്ള രാജന്‍ ഐ ഐ ടി-യില്‍ നിന്നും ബിരുദം നേടിയതിന് ശേഷം MIT-യില്‍ നിന്നും പിഎച്ച്ഡിയും നേടി. ഐ എം എഫിന്റെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യ സാമ്പത്തിക വിദഗ്ദ്ധനായിരുന്നു അദ്ദേഹം.

അതുകൊണ്ടുതന്നെ രാജനെ പ്രതിരോധിക്കാനും പ്രമുഖരുടെ ഒരു പടതന്നെയുണ്ട്. ഇന്ത്യയിലെ കടക്കെണിയില്‍ പെട്ട ബാങ്കുകളെ നേരെയാക്കാനും പണപ്പെരുപ്പം കുറയ്ക്കാനും അദ്ദേഹം കൈക്കൊണ്ട നടപടികളെ വലിയ കമ്പനികളുടെ തലവന്‍മാര്‍ പലരും പ്രകീര്‍ത്തിക്കുന്നു. രാജനെ മാറ്റരുത് എന്നാവശ്യപ്പെട്ട് Change.org-ല്‍ വന്ന ഒരു അപേക്ഷയില്‍ ഇപ്പോള്‍ 56,000 പേര്‍ ഒപ്പുവെച്ചുകഴിഞ്ഞു.

ആര്‍ ബി ഐ ഗവര്‍ണറെ പിന്തുണയ്ക്കുന്ന മോദി പക്ഷേ അദ്ദേഹം തുടരുന്ന കാര്യത്തില്‍ ഉറപ്പൊന്നും നല്‍കുന്നില്ല. “ഭരണനിര്‍വഹണ കാര്യങ്ങള്‍ ഒരു മാധ്യമവിഷയമാണെന്ന് ഞാന്‍ കരുതുന്നില്ല. ഇക്കാര്യവും വരുന്നത്  സെപ്റ്റംബറിലാണ്, ഇപ്പോഴല്ല,” ഈയിടെ വാള്‍ സ്ട്രീറ്റ് ജേണലിന് നല്കിയ അഭിമുഖത്തില്‍ മോദി പറഞ്ഞു.

രാജന്‍ ഈ വിവാദങ്ങളില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കുന്നു. സമ്പദ് രംഗം തിരിച്ചുവരവിന്റെ പാതയിലാണെങ്കിലും “ഇനിയും കാര്യങ്ങള്‍ ചെയ്യാനുണ്ടെന്ന്” കഴിഞ്ഞ മാസം നടത്തിയ ഒരു പ്രസംഗത്തില്‍  അദ്ദേഹം പറഞ്ഞിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍