UPDATES

ട്രെന്‍ഡിങ്ങ്

ആദ്യം കുടുങ്ങുക മനഃസാക്ഷി സൂക്ഷിപ്പുകാരനോ? നടി ആക്രമിക്കപ്പെട്ട കേസില്‍ കൂടുതല്‍ അറസ്റ്റിനു പൊലീസ്

സ്ത്രീകള്‍ ഉള്‍പ്പെടെ ആറുപേര്‍ കൂടി കേസില്‍ പ്രതികളാകുമെന്നും സൂചന

നടി ആക്രമിക്കപ്പെട്ട കേസില്‍ ഇന്ന് നിര്‍ണായകമായ എന്തെങ്കിലും വിവരങ്ങള്‍ കൂടി പുറത്തുവരുമോ എന്ന കാത്തിരിപ്പിലാണ് എല്ലാവരും. റിമാന്‍ഡ് കാലാവധി പൂര്‍ത്തിയാകുന്നതിനാല്‍ ഒന്നാംപ്രതി സുനില്‍കുമാര്‍ എന്ന പള്‍സര്‍ സുനിയെ കോടതിയില്‍ ഹാജരാക്കാന്‍ പൊലീസ് കൊണ്ടുവരുന്നുണ്ട്. കോടതി പരിസരത്തുവച്ച് സുനി എന്തെങ്കിലും വെളിപ്പെടുത്തല്‍ നടത്തുമെന്ന പ്രതീക്ഷയിലാണ് മാധ്യമങ്ങള്‍. സുനിയുടെ വക്കാലത്ത് ഏറ്റെടുക്കാനായി അഡ്വക്കേറ്റ് ബി എ ആളൂരും ഇന്നു കോടതിയിലെത്താന്‍ സാധ്യതയുണ്ട്. ആളൂരും കേസിന്റെ ഗൂഢാലോചനയെ സംബന്ധിച്ച് സൂചനകള്‍ നല്‍കിയേക്കുമെന്ന പ്രതീക്ഷയും മാധ്യമങ്ങള്‍ക്കുണ്ട്.

അതേസമയം കേസില്‍ അടുത്ത നടക്കുന്ന അറസ്റ്റ് ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി എന്ന എ എസ് സുനില്‍രാജിന്റെത് ആയിരിക്കുമെന്ന സൂചനകളും വരുന്നുണ്ട്. തിങ്കളാഴ്ച അപ്പുണിയെ അറസ്റ്റ് ചെയ്യുമെന്നുള്ള സൂചനകള്‍ വന്നിരുന്നെങ്കിലും ചില സംശയങ്ങള്‍ നീക്കിയശേഷമായിരിക്കും അറസ്റ്റ് ഉണ്ടാവുകയെന്ന് പൊലീസ് വൃത്തങ്ങള്‍ പറയുന്നു. പള്‍സര്‍ സുനിയുടെ ഫോണ്‍കോള്‍ വിളികള്‍ സംബന്ധിച്ചുള്ള സംശയങ്ങളാണ് ദുരീകരിക്കേണ്ടത്.

അപ്പുണിയെ അറസ്റ്റ് ചെയ്താല്‍ ദിലീപിന് കിട്ടുന്ന ഏറ്റവും വലിയ തിരിച്ചടിയായിരിക്കും. നടന്റെ മനസാക്ഷി സൂക്ഷിപ്പുകാരന്‍ എന്നാണ് മനേജര്‍ അപ്പുണ്ണി അറിയുന്നത്. ഡ്രൈവര്‍ എന്ന നിലയില്‍ നിന്നാണ് ദിലീപിന്റെ ഏറ്റവും വിശ്വസ്തരില്‍ ഒരാളിയ അപ്പുണ്ണി മാറുന്നത്. അതിനാല്‍ തന്നെ നടിയെ ആക്രമിച്ച കേസില്‍ അപ്പുണ്ണിക്ക് പങ്കുണ്ടെങ്കില്‍ അത് ദിലീപ് അറിയാതെ ആവില്ലെന്നാണ് പൊലീസ് വിശ്വസിക്കുന്നത്.

അതേസമയം ഗൂഢാലോചനയില്‍ പങ്കുള്ള രണ്ടുപേരെ പൊലീസ് വ്യക്തമായി തിരിച്ചറിഞ്ഞതായാണ് വിവരം. ഇവരെക്കൂടാതെ മറ്റു രണ്ടുപേര്‍ കൂടിയുണ്ട്. അവരിലേക്കെത്തുന്ന ശക്തമായ തെളിവുകള്‍ക്കാണ് പൊലീസ് ഇപ്പോള്‍ ശ്രമിക്കുന്നതെന്നും വാര്‍ത്തകളില്‍ പറയുന്നു. ഈ രണ്ടുപേരാണ് നടി ആക്രമിക്കപ്പെട്ടതിനു പിന്നിലെ പ്രധാന സൂത്രധാരന്മാര്‍ എന്നാണു സംശയിക്കുന്നത്. ഇപ്പോള്‍ പൊലീസിന്റെ പിടിയിലായവര്‍ക്കു പുറമെ ഈ കേസില്‍ ഗൂഢാലോചന കുറ്റത്തിന് അറസ്റ്റിലാകേണ്ടത് ഈ നാലുപേരാണ്. ഇവര്‍ക്കൊപ്പം നിന്നതിന്റെ പേരില്‍ വേറെ രണ്ടുപേര്‍ കൂടി കേസില്‍പ്പെടും. ഇങ്ങനെ മൊത്തം ആറുപേര്‍ കൂടി അറസ്റ്റിലാവുന്നതോടെ മാത്രമാണ് നടി ആക്രമിക്കപ്പെട്ടതിനു പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരും നിയമത്തിന്റെ പിടിയിലാവുകയുള്ളൂ. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ഈ സംഘത്തെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ കഴിയുമെന്നാണ് പൊലീസും പ്രതീക്ഷിക്കുന്നത്.
കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ ആണ് ഇപ്പോള്‍ അന്വേഷണം മറ്റുള്ളവരിലേക്ക് നീങ്ങുന്നത്. എന്നാല്‍ പ്രതിയുടെ മൊഴിമാത്രം അടിസ്ഥാനമാക്കി പൊലീസിന് മുന്നോട്ടുപോകാനും ഒക്കില്ല. തെളിവുകള്‍ ആവശ്യമാണ്. അറസ്റ്റ് വൈകുന്നതിനു കാരണവും ഇതാണെന്നു ഉദ്യോഗസ്ഥര്‍ പറയുന്നു.

നടി ആക്രമിക്കപ്പെട്ടത് നാലുവര്‍ഷം മുമ്പു തുടങ്ങിയ ഗൂഢാലോചനയുടെ ഭാഗമാണെന്ന സുനിയുടെ മൊഴിയില്‍ നടത്തിയ അന്വേഷണത്തില്‍ ഇതുശരിവയ്ക്കുന്ന തെളിവുകള്‍ പൊലീസിന് കിട്ടിയിട്ടുണ്ട്. അതോടൊപ്പം സുനിയുടെ സഹതടവുകാരനായിരുന്നു ജിന്‍സന്റെ മൊഴികളും പൊലീസിന് സഹായകമായി. കാക്കനാട് ജയിലില്‍വച്ച് സുനി തന്നെയാണു കേസുമായി ബന്ധപ്പെട്ട രഹസ്യങ്ങള്‍ ജിന്‍സനുമായി പങ്കുവച്ചത്. സുനി ജയിലില്‍വച്ച് ഫോണില്‍ പുറത്തേക്ക് വിളിച്ച കാര്യങ്ങളും ജിന്‍സന്റെ മൊഴിയിലുണ്ട്.

പണം ആവശ്യപ്പെട്ടാണ് സുനി ഫോണ്‍ വിളിച്ചതെന്നും ഫോണ്‍ സംഭാഷണത്തിനിടയില്‍ എന്തോ ഒന്നു കാക്കനാട്ടെ കടയില്‍ എത്തിച്ചതായി സുനി പറയുന്നത് കേട്ടതായും ജിന്‍സന്‍ മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണെന്നു കരുതുന്നു ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവന്റെ ഉടമസ്ഥതയില്‍ കാക്കനാട്ട് പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ വസ്ത്രവ്യാപാര കേന്ദ്രമായ ലക്ഷ്യയില്‍ പൊലീസ് പരിശോധന നടത്തിയത്. നടി ആക്രമിക്കപ്പെട്ടത് ചിത്രീകരിച്ച ഫോണിന്റെ മെമ്മറി കാര്‍ഡാണ് ഇവിടെ ഏല്‍പ്പിച്ചതെന്ന വാര്‍ത്തയും വരുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ പൊലീസ് സ്ഥിരീകരണമില്ല.

സുനി ജയിലില്‍ നിന്നും വിളിച്ചത് നാദിര്‍ഷായുടേയും അപ്പുണ്ണിയുടേയും ഫോണിലേക്കായിരുന്നുവെന്നും ഇവര്‍ വഴി ദിലീപുമായി സംസാരിച്ചതായും പ്രതിയുടെ മൊഴിയില്‍ തന്നെ പറയുന്നുണ്ട്. പക്ഷേ ഇതില്‍ ശാസ്ത്രീയമായ സ്ഥിരീകരണം വേണം. തന്നെ ബ്ലാക് മെയില്‍ ചെയ്യാന്‍ സുനി ഫോണ്‍ ചെയ്തിരുന്നതായി ദിലീപും നാദിര്‍ഷയും പൊലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്. ആരു പറയുന്നതാണ് ശരിയെന്നത് കണ്ടെത്തേണ്ട ചുമതല പൊലീസിനാണ്.

ആലുവ പൊലീസ് ക്ലബ്ബില്‍ ദിലീപിനേയും നാദിര്‍ഷായേയും 13 മണിക്കൂറോളം ചെയ്‌തെങ്കിലും ഇവര്‍ക്കെതിരേ എന്നു പറയാനുള്ള തെളിവുകളൊന്നും കിട്ടിയില്ലെന്നാണ് അറിയുന്നത്. പൊലീസിന്റെ ഭാഗത്ത് നിന്നു ചില വീഴ്ച്ചകള്‍ ഇക്കാര്യത്തില്‍ സംഭവിച്ചതായി ഉന്നതകേന്ദ്രങ്ങളില്‍ നിന്നു വിമര്‍ശനവും വന്നിരുന്നു. എന്നാല്‍ മാറിയ സാഹചര്യത്തില്‍ ദിലീപിനേയും നാദിര്‍ഷായേയും വീണ്ടും ചോദ്യം ചെയ്‌തേക്കുമെന്ന വാര്‍ത്തയും വരുന്നുണ്ട്. ഇതിനു പുറമെയാണ് കാവ്യ മാധവന്റെ സ്ഥാപനത്തില്‍ പൊലീസ് റെയ്ഡ് നടത്തിയതും. കാവ്യയുടെ വീട്ടില്‍ പൊലീസ് പരിശോധനയ്ക്ക് ചെന്നിരുന്നതായി വര്‍ത്തയുണ്ടെങ്കിലും കുടുംബം ഇതു നിഷേധിക്കുകയാണ്. എന്തായാലും കേസ് കൂടുതല്‍ സങ്കീര്‍ണതയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍