UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തത്തയെ റാഞ്ചാന്‍ പരുന്തുകളും വില്ലുകുലച്ച് വേടന്‍മാരും

Avatar

അഴിമുഖം പ്രതിനിധി

വിജിലൻസ് ഡിപ്പാര്‍ട്മെന്‍റ്  നവീകരിക്കുന്നതിന്‍റെ ഭാഗമായി അഴിമതി കേസുകൾ പ്രൊഫഷണലായി തെളിയിക്കുന്നതിന് മുഴുവൻ ഉദ്യോഗസ്ഥർക്കും പരിശീലനം നൽകുന്നതിനായി ഏകദിന ശില്പശാലയാണ് ചുമതലയേറ്റ ഉടൻ ജേക്കബ് തോമസ് പദ്ധതിയിട്ടത്.  ഉദ്യോഗസ്ഥർക്കുള്ള ഉച്ചഭക്ഷണം, ചായ ഉൾപ്പെടെയുള്ള ചെലവിനായി 40,000 രൂപയുടെ ബജറ്റ് ആണ് സമർപ്പിച്ചത്. ഈ തുക പോലും ജേക്കബ് തോമസിന് അനുവദിച്ചിട്ടില്ല. ഇഷ്ടമില്ലാത്ത ഉദ്യോസ്ഥർക്കു ഫണ്ട് നൽകാതെ കൂച്ചു വിലങ്ങിടാനും ഉദ്യോഗസ്ഥപ്രമാണികൾക്കു കഴിയും എന്നതിന് ഉദാഹരണമാണ് ഈ സംഭവം.

ഐ.എ.എസ് -ഐ പി എസ് ഉദ്യോഗസ്ഥർ ഉൾപ്പെട്ട കേസുകൾ കൂടി ജേക്കബ് തോമസ് അന്വേഷിച്ചു തുടങ്ങിയതോടെ യോഗം ചേർന്ന് അദ്ദേഹത്തെ ഒതുക്കുന്നതിനെ കുറിച്ചാണ് ഈ ഉന്നത ഉദ്യോഗസ്ഥർ ആലോചിച്ചത്. അധികാരമേറ്റു നൂറു ദിവസത്തിനുള്ളിൽ തന്നെ ക്ഷേമ പെൻഷൻ ആയിരം രൂപയായി വർദ്ധിപ്പിക്കുന്നതടക്കം സുപ്രധാന തീരുമാനങ്ങൾ കൈക്കൊണ്ട പിണറായി സർക്കാരിന്റെ ശോഭ കെടുത്തിയത് വ്യവസായ മന്ത്രിയായിരുന്ന ഇ പി ജയരാജനായിരുന്നു. പാർട്ടിയിലെ തന്റെ ഏറ്റവും വിശ്വസ്തനായ ഇ പിയെ പോലും മന്ത്രി സഭയിൽ നിന്നും ഒഴിവാക്കിയ മുഖ്യമന്ത്രി മേൽപ്പറഞ്ഞ ഉന്നത ഉദ്യോഗസ്ഥരെ ഇനിയും കയറൂരി വിട്ടാൽ സർക്കാർ നേരിടാൻ പോകുന്ന അടുത്ത പൊല്ലാപ്പ് ഈ കൂട്ടം സൃഷ്ടിക്കുന്നത് തന്നെയാകും.

യുഡിഎഫ് സർക്കാർ ഏറെ ഭയന്നിരുന്നത് ജേക്കബ് തോമസിനെ ആയിരുന്നു. അദ്ദേഹത്തെ തന്നെ വിജിലൻസിന്റെ അമരത്തു നിർത്തിയതിലൂടെ അഴിമതിയോടുള്ള വിട്ടുവീഴ്ച ഇല്ല എന്ന സന്ദേശം കൂടിയാണ് പിണറായി വിജയൻ പൊതു സമൂഹത്തിനു നൽകിയത്. 

അഴിമതിക്കെതിരെ നടപടിയെടുക്കാൻ ഏറ്റവും ശക്തമായ ആയുധം കൂടിയാണ് വിജിലൻസ് ഡിപ്പാർട്മെന്റ്. ഇപ്പോഴത്തെ വിജിലൻസ് ഡിപ്പാർട്ടമെന്റ് അങ്ങേയറ്റം ശോചനീയ നിലയിലാണ് പ്രവർത്തിക്കുന്നത്. ഐ ജി, ഡി ഐ ജി നിലയിലെ ഉദ്യോഗസ്ഥരുടെ അഭാവം മാത്രമല്ല പലയൂണിറ്റുകളിലും നിന്ന് തിരിയാൻ പോലും ഇടമില്ലാത്ത സ്ഥിതിയാണ്.

ഏറ്റവും കൂടുതൽ കേസ് അന്വഷിക്കുന്ന പാലക്കാട് വിജിലൻസ് ഡി വൈ എസ് പി ഓഫീസ് നിലനിൽക്കുന്നത് വളരെ ചെറിയ കെട്ടിടത്തിലാണ്. ആറ്‌ സർക്കിൾ ഇൻസ്‌പെക്‌ടർ മാർക്കു ക്യാബിൻ പോയിട്ട് കസേര ഇട്ടു ഇരിക്കാൻ സ്വസ്ഥമായ സ്ഥലം പോലുമില്ല. ഫയലുകൾ സൂക്ഷിക്കാൻ അലമാരകളും ഇല്ല.

തൃശൂർ വിജിലൻസ് കോടതിയുടെ ഉത്തരവ് അനുസരിച്ചു നിരവധി കേസുകളാണ് പാലക്കാടു യൂണിറ്റിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. മലബാർ സിമന്റ്‌സിലെ അഴിമതിയിൽ ഒക്ടോബറിൽ മാത്രം 5 കുറ്റപത്രങ്ങൾ സമർപ്പിച്ചിരുന്നു. 2014 കാലത്തു അന്വഷണം പൂർത്തിയായി സമർപ്പിച്ച കുറ്റപത്രങ്ങളിൽ വിചാരണ ആരംഭിച്ചിട്ടുപോലുമില്ല. മുൻചീഫ് സെക്രട്ടറി കൂടി ആയ ജോൺ മത്തായി ഐ എ എസ് ഉൾപ്പെടെയുള്ളവർ പ്രതിയായ  കേസുകളിലാണ് അന്വഷണം വൈകുന്നത്. ഉന്നതർ പ്രതികളായ കേസുകളിലെ അന്വഷണം വൈകുന്നത് തെറ്റായ സന്ദേശമായിരിക്കും നൽകുക.

മെച്ചപ്പെട്ട സൗകര്യവും കാലത്തിനു യോജിക്കുന്ന ഉപകരണങ്ങളും ലഭിച്ചാൽ മാത്രമേ വിജിലന്‍സിന് കാര്യക്ഷമമായി പ്രവർത്തിക്കാൻ കഴിയുകയുള്ളൂ. അതിലേക്ക് കൂടി സര്‍ക്കാരിന്റെ ശ്രദ്ധ തിരിക്കാന്‍ ശ്രമിച്ച ജേക്കബ് തോമസിന്റെ നടപടികളാണ് ചിലര്‍ മുളയിലേ നുള്ളാന്‍ ശ്രമിക്കുന്നത്. 

പിന്നിൽ കുത്ത്:  തത്തയെ കൂട്ടിൽ നിന്ന് തുറന്നു വിട്ടാൽ മാത്രം പോരാ പറന്നു ചിറകു തളരുമ്പോൾ ഇരിക്കാൻ ഒരു മരം കൂടി വേണം. മുകളിൽ വൻ പരുന്തുകൾ റാഞ്ചാനും വില്ലുകുലച്ചു വേടന്മാർ താഴെയുമുണ്ട്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍