UPDATES

മുംബൈയിലെ ട്രംപ് ടവറിനെ ‘പ്രസിഡണ്ട് ട്രംപ്’ രക്ഷിക്കുമോ?

2014 മുതല്‍ വില്‍പ്പന തുടങ്ങിയെങ്കിലും കെട്ടിടത്തിലെ 400 യൂണിറ്റുകളില്‍ കഷ്ടി പകുതിയില്‍ കൂടുതല്‍ മാത്രമേ വിറ്റുപോയിട്ടുള്ളൂ

മാക്സ് ബിയറക്

മുംബൈയിലെ അംബരചുംബികള്‍ നിരന്നുനില്‍ക്കുന്ന പ്രദേശങ്ങളില്‍… പണിതീരാത്ത കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ കടല്‍തീരത്തുള്ള നഗരത്തിന്റെ പുകയിലേക്ക് നീളുന്നു. അതിലൊന്ന് അസാധാരണമായ താത്പര്യം ജനിപ്പിച്ചിരുന്നു. സ്വര്‍ണ്ണ നിറമുള്ള ചില്ലുകളും അതില്‍ യു.എസ് പ്രസിഡന്റിന്റെ പേരുമായി തിളങ്ങാന്‍ പോകുന്ന ഒന്ന്.

യു.എസിലെ ട്രംപ് ടവറില്‍ നിന്നും അധികം അകലെയല്ലാതെയാണ് ന്യൂയോര്‍ക്കിലെ രത്നനഗരത്തില്‍ റിതേഷ് ഷാ ജോലി ചെയ്തിരുന്നത്. അപ്പോഴാണ്, 2014-ല്‍ തന്റെ ജന്മനഗരത്തിലെ ഓര്‍ 75 നില കെട്ടിടത്തിന് തന്റെ പേരിടാന്‍ അനുമതി നല്‍കുന്നതായി ട്രംപ് പ്രഖ്യാപിച്ചത്. ഷായടക്കം 50-ലേറെ രത്ന വ്യാപാരികള്‍ വീടുകള്‍ വാങ്ങി- അവര്‍ക്ക് അതില്‍ വലിയ ഇളവുകളും ലഭിച്ചു.

ഇന്ത്യയിലെ അതിധനിക വിഭാഗത്തിനാണെങ്കില്‍ പോലും ഇളവുകള്‍ പ്രധാനമാണ്. കാരണം സമാനമായ മറ്റ് കെട്ടിടങ്ങളിലേതിനേക്കാള്‍ 30 ശതമാനം കൂടിയ വിലയ്ക്കാണ് ഇവിടെ വില്‍പ്പന നടത്തുന്നത്. കെട്ടിട നിര്‍മ്മാതാക്കളായ ലോധ ഗ്രൂപ്പുമായി-ട്രംപിനെ പോലെത്തന്നെ ഒരു കുടുംബ കച്ചവട സംരഭം- Trump Organisation ഒരു ബ്രാന്‍ഡ് ഉപയോഗ അനുമതിയില്‍ ഏര്‍പ്പെടുകയായിരുന്നു.

ട്രംപിന്റെ ബ്രാന്‍ഡ് മൂല്യത്തിലായിരുന്നു ലോധ ആ സംരഭത്തിന്റെ വിജയം കണക്കാക്കിയത്. തന്റെ രാഷ്ട്രീയയാത്ര മുന്നിലെത്തിയതോടെ തന്റേത് കൂടുതല്‍ ‘ചൂടന്‍’ ബ്രാന്‍ഡ് ആയി എന്നു ട്രംപ് വീമ്പിളക്കിയിരുന്നു. ലോകത്തിന്റെ മറ്റ് പല ഭാഗങ്ങളിലും അങ്ങനെയാകാം. എന്നാല്‍ മുംബൈയില്‍ ട്രംപും പങ്കാളികളും അയാളുടെ മാന്ത്രിക സ്പര്‍ശത്തില്‍ അമിതപ്രതീക്ഷ വെച്ചു.

2014 മുതല്‍ വില്‍പ്പന തുടങ്ങിയെങ്കിലും കെട്ടിടത്തിലെ 400 യൂണിറ്റുകളില്‍ കഷ്ടി പകുതിയില്‍ കൂടുതല്‍ മാത്രമേ വിറ്റുപോയിട്ടുള്ളൂ. അതിനര്‍ത്ഥം വിറ്റതില്‍ നാലിലൊന്ന് ഷായും മറ്റ് രത്ന വ്യാപാരികളുമാണ് വാങ്ങിയത് എന്നാണ്.

ജൂണ്‍ 2015-ല്‍ ട്രംപ് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയായതിന് ശേഷം ഒരു യൂണിറ്റ് മാത്രമാണു വിറ്റതെന്ന് വാങ്ങുന്നവരുമായി ഇടപെടാറുള്ള ലോധ ഗ്രൂപ്പിലെ മുന്‍ ജീവനക്കാരി ശുപാരണ സലാസ്കര്‍ പറയുന്നു.

മുംബൈയിലെ ട്രംപ് ടവര്‍ കൂടാതെ ഇന്ത്യയിലെ മറ്റ് മൂന്നു നഗരങ്ങളില്‍ Trump Organisation-നു കെട്ടിടങ്ങള്‍ക്കുള്ള ബ്രാന്‍ഡ് അനുമതി ധാരണകളുണ്ട്.

ട്രംപ് നിലവാരത്തില്‍ മുംബൈ വീടുകള്‍ അത്ര വിലകൂടിയതല്ല. മൂന്നു കിടപ്പുമുറികളുള്ള യൂണിറ്റിന് 1.3 ദശലക്ഷം ഡോളറിനാണ് വില തുടങ്ങുന്നത്. പക്ഷേ ചുറ്റും മത്സരിക്കുന്ന കെട്ടിടങ്ങളാണ്, വിപണിയില്‍ മാന്ദ്യവും; നിയുക്ത പ്രസിഡന്റിന്റെ പേരുകൊണ്ടുമാത്രം കാര്യം നടക്കണമെന്നില്ല.

“എന്നത്തേയും ചോദ്യം അതാണ്; വിപണി അദ്ദേഹഹത്തിന്റെ ബ്രാന്‍ഡിന് അത്ര മൂല്യം കാണുന്നുണ്ടോ?,” മുംബൈയിലെ ജോണ്‍സ് ലാങ് ലാസല്ലെയിലെ ഗവേഷണ മേധാവി അശുതോഷ് ലിമായേ ചോദിക്കുന്നു.

മുംബൈയിലെ ലോവര്‍ പരേല്‍, വര്‍ലി പ്രദേശത്തെ കെട്ടിട നിര്‍മ്മാണം ആഡംബര കെട്ടിടങ്ങളില്‍ വലിയ കുതിപ്പാണ് കാണിച്ചത്. മിക്കവയും ഇനിയും പൂര്‍ത്തിയാക്കാന്‍ കിടക്കുന്നു. താമസിക്കാനുള്ള ദിവസം ഉറപ്പാകുന്നതുവരെ വാങ്ങുന്നവര്‍ അത് നീട്ടിവെക്കും എന്നതിനാല്‍ പണി പൂര്‍ത്തിയാക്കാനുള്ള പാച്ചിലിലാണ് നിര്‍മ്മാതാക്കള്‍. ട്രംപ് ടവര്‍ ഈ ഓട്ടത്തില്‍ മുന്നിലല്ല.

പറഞ്ഞ ദിവസത്തിനുള്ളില്‍ പണിതീര്‍ത്തു നല്കാന്‍ ട്രംപ് ഓര്‍ഗനൈസേഷന്‍ ലോധ ഗ്രൂപ്പിനുമേല്‍ സമ്മര്‍ദം ചെലുത്തുമെന്ന ധാരണകൂടിയാണ് ഇവിടെ വാങ്ങാന്‍ പ്രേരിപ്പിച്ചതെന്ന് രത്നവ്യാപാരിയായ ഷാ പറഞ്ഞു. അവരുടെ തീരുമാനം ഇന്ത്യന്‍ ഘടകങ്ങളെ ആശ്രയിച്ചുകൂടിയായിരുന്നു.

ഷായ്ക്ക് അടുത്തുള്ള മറ്റൊരു കൂറ്റന്‍ സമുച്ചയത്തില്‍ വീടുണ്ട്. “പക്ഷേ ആ കെട്ടിടത്തിലെ ‘വാസ്തു’ തീര്‍ത്തും മോശമാണെന്ന്” അയാള്‍ പറയുന്നു. തങ്ങളുടെ ഭാഗ്യം തന്നെ നശിപ്പിച്ചേക്കാം മോശം വാസ്തു എന്നുവരെ ചില വ്യാപാര പ്രമുഖര്‍ കരുതുന്നു. ഷായ്ക്ക് തന്റെ വാങ്ങലുകള്‍ വാസ്തു വെച്ചളക്കാന്‍ ഒരു പുരോഹിതനുമുണ്ട്.

ഷായും വീട് വാങ്ങിയ് മറ്റ് രത്ന വ്യാപാരികളും സാമ്പത്തികമായി ശക്തരായ ജൈന സമുദായത്തില്‍ ഉള്‍പ്പെട്ടവരാണ്. ലോധയും അതില്‍പ്പെട്ട കക്ഷി തന്നെ. ഒരു ജൈന ക്ഷേത്രത്തിന് അടുത്താണ് ട്രംപ് ടവര്‍ എന്നത് അവര്‍ക്കൊരു അധിക ആകര്‍ഷണമായിരുന്നു.

ഇതിന് മുമ്പും ലോധ ഗ്രൂപ്പുമായി ജൈന രത്ന വ്യാപാരികള്‍ കെട്ടിട ഇടപാടുകള്‍ നടത്തീട്ടുണ്ടെങ്കിലും നിര്‍മ്മാണത്തിലെ വൈകലുകള്‍ നിരാശപ്പെടുത്തിയെന്ന് ഷാ പറഞ്ഞു. സലാസ്കര്‍ പറഞ്ഞത് ഒരു ശരാശരി ലോധ കെട്ടിടം പൂര്‍ത്തിയാക്കാന്‍ 2-3 വര്‍ഷം വൈകാറുണ്ടെന്നാണ്. ട്രംപ് ടവറും 2019 വരെ കാക്കേണ്ടിവരുമെന്നാണ് പറയുന്നത്.

താന്‍ ഇടപെട്ട നിരവധി ഇടപാടുകാരില്‍ ഒന്നോ രണ്ടോ പേര്‍ മാത്രമാണു ഡൊണാള്‍ഡ് ട്രംപിന്റെ രാഷ്ട്രീയം കൊണ്ട് അകന്നുപോയതെന്ന് സലാസ്കര്‍ പറഞ്ഞു. മിക്കവരും അയാളുടെ ഔദ്ധത്യം നിറഞ്ഞ രീതി ആകര്‍ഷകമായാണ് കണ്ടത്. വ്യാപാരത്തിലും രാഷ്ട്രീയത്തിലും ‘എന്തു തട്ടിപ്പ് കാണിച്ചായാലും’ കാര്യങ്ങള്‍ നടത്തുന്ന ഒരാളായാണ് ട്രംപിനെ കാണുന്നതെന്നും അവര്‍ പറഞ്ഞു.

പരോക്ഷമായെങ്കിലും ട്രംപ് ഇതിന്റെ മേല്‍നോട്ടം വഹിക്കുന്നു എന്നാണെങ്കില്‍ അത് കൂടുതല്‍ ഉറപ്പുനല്കും എന്നു ഷാ പറയുന്നു . താന്‍ ഒരു അമേരിക്കന്‍ പൌരനായിരുന്നെങ്കില്‍ ട്രംപിന് വോട്ട് ചെയ്തേനെ എന്നും. “ഇന്ത്യയില്‍ കണ്ട പോലെ ജനാധിപത്യം ആകെ കുഴഞ്ഞുമറിഞ്ഞാണ്. മോദിയും ട്രംപും പാതി ഏകാധിപതികളാണ്. അതാണ് വാസ്തവത്തില്‍ ഇന്ത്യക്കും അമേരിക്കയ്ക്കും വേണ്ടത്.”

രാഷ്ട്രീയവും ഭൂമി കച്ചവടവും ഇന്ത്യയില്‍ കൂടിപ്പിണഞ്ഞു കിടക്കുന്നു. ലോധ കുടുംബം ഇതില്‍ രണ്ടിലും മിടുക്കരാണ്. ബിജെപിയുടെ സംസ്ഥാന ഉപാധ്യക്ഷനായ മംഗള്‍ പ്രഭാത് പാണ്ഡെയാണ് ലോധ ഗ്രൂപ്പ് സ്ഥാപിച്ചത്.

അതിധനികരായ ഇന്ത്യക്കാര്‍, രാഷ്ട്രീയക്കാര്‍ ഉള്‍പ്പെടെ നികുതി നല്‍കാത്ത, ‘കള്ളപ്പണം’ നിക്ഷേപിക്കുന്നത് ഭൂമിയിലും കെട്ടിടങ്ങളിലുമാണ്. കോഴ വാങ്ങി കെട്ടിട നിര്‍മ്മാതാക്കള്‍ക്ക് അനുമതിയും എന്തിന് ഭൂമി വരെ രാഷ്ട്രീയക്കാര്‍ തരപ്പെടുത്തി നല്കുന്നു.

2011-ല്‍ ആദായ നികുതി വിഭാഗം കണ്ടെത്തിയത് ലോധ ഗ്രൂപ്പിന് 30 ദശലക്ഷം ഡോളര്‍ വെളിപ്പെടുത്താത്ത സമ്പാദ്യം ഉണ്ടെന്നാണ്. ഒരു ദശലക്ഷം ഡോളര്‍ പിഴയടക്കാന്‍ കമ്പനിയോട് ആവശ്യപ്പെട്ടു. വെളിപ്പെടുത്താത്ത ഒരു തുകയ്ക്കാണ് നികുതി പ്രശ്നം തീര്‍പ്പാക്കിയത്.

ട്രംപ് ചെയ്തത് പോലെ തന്റെ രാഷ്ട്രീയ വലിപ്പം കൂടിയപ്പോള്‍ (ഫോര്‍ബ്സ് പട്ടിക പ്രകാരം 1.55 ബില്ല്യണ്‍ ഡോളര്‍ ആസ്തി) മംഗള്‍ ലോധയും കച്ചവടം തന്റെ മക്കളെ ഏല്‍പ്പിച്ചു. ട്രംപ് പ്രസിഡണ്ടായതില്‍ തങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ടെന്നും ഭാവുകങ്ങള്‍ നേരുന്നുവെന്നും ലോധയുടെ മൂത്ത മകന്‍ അഭിഷേക് പറഞ്ഞു.

ട്രംപിന്റെ വിജയം ലോധയ്ക്കു ഗുണം ചെയ്യുമോയെന്ന് നിശ്ചയമില്ലെന്നാണ് ലിമായേ പറയുന്നത്. “കെട്ടിടം പതിവുപോലെ വൈകാനാണ് പോകുന്നതെങ്കില്‍ അത് ട്രംപിന്റെ ആദ്യ കലാവധിക്ക് ശേഷമേ തീരുകയുള്ളൂ. അയാളുടെ പേര് അന്ന് എന്തുതരത്തിലായിരിക്കും എന്ന് ആര്‍ക്ക് പറയാനാകും?”

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍