UPDATES

ബൈന ആര്‍ നാഥ്

കാഴ്ചപ്പാട്

ബൈന ആര്‍ നാഥ്

പ്രവാസം

മാളുകളിലേക്ക് കുതിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; തൊട്ടപ്പുറത്തെ സുലൈമാന്‍റെ കൊച്ചുകട കാണാതെ പോകരുത്

വൈരുദ്ധ്യങ്ങളുടെ കൂട്ടായ്മയാണ്  മനുഷ്യമനസ്സ്. അതുകൊണ്ട് തന്നെ അത് പലപ്പോഴും അക്കരപ്പച്ചകള്‍ തേടിപ്പോകുന്നു. പ്രവാസികളില്‍ പലരും പല ജീവിതസാഹചര്യങ്ങളില്‍ നിന്നും ഇവിടെ എത്തിപ്പെട്ടവരാണ്. നാട്ടില്‍ അത്യാവശ്യം  ഭൂമിയും വസ്തുവകകളുമുണ്ടായിട്ടും ജീവിതത്തിനു ഒരു മുഴുപ്പുതോന്നാതെ പ്രവാസിയായി മാറിയവരുണ്ട്. മണ്ണിന്‍റെ നനവിനപ്പുറം മണലാരണ്യത്തില്‍ പൂക്കുകയും കായ്ക്കുകയും ചെയ്യുന്ന പണമരത്തെ സ്വപ്നം കണ്ടവര്‍. എളുപ്പത്തില്‍ പണക്കാരനാവാമെന്ന മോഹം;പിന്നെ അക്കരപ്പച്ചകള്‍ പറുദീസകളാവുമെന്ന വ്യാമോഹങ്ങള്‍. 

ചിലരെ സംബന്ധിച്ചിടത്തോളം അവ വെറും വ്യാമോഹം മാത്രമല്ല, യഥാര്‍ഥ്യങ്ങള്‍ തന്നെയാവുന്നു. ചെയ്യുന്ന ജോലിയിലുള്ള നൈപുണ്യമോ വെല്ലുവിളികള്‍ ഏറ്റെടുക്കാനുള്ള ധൈര്യമോ ഭാഗ്യമോ…എന്തുമാവാം അവരുടെ വിജയത്തിനു പിന്നിലെ കാരണങ്ങള്‍. പക്ഷേ പ്രവാസികളുടെ മൊത്തം കണക്കെടുത്തുനോക്കുമ്പോള്‍ ആ അപൂര്‍വ്വ ഭാഗ്യവാന്മാ൪ ഒന്നോ രണ്ടോ ശതമാനം മാത്രമാണ്. ഒന്ന് ചീഞ്ഞ് മറ്റൊന്നിന് വളമാവുമെന്ന് പറയാറുള്ളതുപോലെ, ആയിരങ്ങളുടെ കണ്ണീ൪ നനവുകള്‍ക്കിടയിലൂടെ ആയിരിക്കും ഒരാളുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ്.

കച്ചവട രംഗങ്ങളിലാണെങ്കില്‍ ഉയര്‍ച്ചയ്ക്കുള്ള സാധ്യതകള്‍ കൂടുതലാണ്. അതേ സമയം തന്നെ തകര്‍ന്നു തരിപ്പണമാവാനുള്ള സാധ്യതയുമുണ്ട്. പുതുക്കിയ പല സ്വദേശിനിയമങ്ങള്‍ പ്രകാരം ചെറുകിട കച്ചവടക്കാ൪  പിടിച്ചു നില്‍ക്കാ൯ ബുദ്ധിമുട്ടുകയാണ്. ഗള്‍ഫ്‌ ജോലിനിയമ പ്രകാരം നാല് വിദേശികള്‍ക്ക് ഒരു സ്വദേശി എന്ന അനുപാതത്തില്‍ ആയിരിക്കണം തൊഴിലാളികളുടെ നിയമനം. അത് കൂടാതെ സ്വദേശികളുടെ ശമ്പളത്തിലുമുണ്ട് ചില വ്യവസ്ഥകള്‍. നൂറ്,നൂറ്റമ്പതു ദിനാറിന് (15000 -2000 രൂപ) സുലഭമായി കിട്ടുന്ന മലയാളി, ബംഗാളി തൊഴിലാളികളുടെ സ്ഥാനത്താണ് ഇരുനൂറ്റിഅമ്പത് ദിനാ൪  ശമ്പളത്തിനു സ്വദേശിയെ നിര്‍ത്തേണ്ടിവരുന്നത്. മറ്റുള്ളവര്‍ പന്ത്രണ്ടു മണിക്കൂര്‍ ജോലി ചെയ്യുമ്പോള്‍ സ്വദേശിയെക്കൊണ്ട് എട്ടുമണിക്കൂറിലധികം ജോലിചെയ്യിക്കാനും  പാടില്ല. സാധാരണ കച്ചവടക്കാര്‍ക്ക് ഈ നിയമം ഒരു വ൯ബാധ്യതയാണ്. പലരും കച്ചവടം മതിയാക്കി നാട്ടിലേക്ക് മടങ്ങുകയാണ്. ചിലര്‍ ക്ലീനിംഗ്,സെക്യൂരിറ്റി കമ്പനികളില്‍ ചെറിയ ശമ്പളത്തിനു ജോലിക്ക് കയറുന്നു. പ്രായം നാല്‍പ്പതിനു മുകളിലാണെങ്കില്‍ അതിനുള്ള സാധ്യതയും കുറവാണ്. 

അതുകൂടാതെ ചെറുകിടക്കാരെ സംബന്ധിച്ച് മറ്റൊരു ഭീഷണിയാണ് ആഗോള ബിസിനസ്‌ ശൃംഖലകളായ മാളുകള്‍. എവിടെയും കൂണുകള്‍ പോലെ മുളച്ചുപൊങ്ങുന്ന വ൯കിട മാളുകള്‍ പരസ്പരം നിലനില്‍പ്പിന്‍റെ സമരതന്ത്രങ്ങള്‍ പയറ്റിക്കൊണ്ടിരിക്കുകയാണ്. ഓരോ ദിവസവും കോടികളുടെ ബിസിനസ്‌ തികയ്ക്കാനുള്ള നെട്ടോട്ടം. അന്നന്നത്തെ ടാര്‍ഗറ്റ് തികഞ്ഞില്ലെങ്കില്‍ മുതലാളിമാര്‍ക്ക് വിശദീകരണം കൊടുക്കേണ്ടിവരുന്ന മാനേജര്‍മാര്‍. അത് അവരുടെ ജോലിയുടെയും നിലനില്‍പ്പിന്‍റെയും കൂടി പ്രശ്നമാണ്. വാരാന്ത്യ ഓഫറുകള്‍, ഓരോ സാധനങ്ങള്‍ക്കും മറ്റുള്ള സ്ഥാപനങ്ങളെക്കാള്‍ എത്ര വില കുറയ്ക്കാം എന്ന  ഒളിഞ്ഞുനോട്ടങ്ങള്‍, ഫ്ലാറ്റുകള്‍ മുഴുവ൯ വിലവിവരങ്ങളുമായെത്തുന്ന മാളുകളുടെ ബുക്ക്‌ലെറ്റുകള്‍ ..ഇങ്ങനെ പോകുന്ന കച്ചവടമത്സരങ്ങള്‍.  

വീട്ടിലിരുന്ന് ഉപഭോക്താവിനു തീരുമാനിക്കാം ഏറ്റവും ലാഭത്തില്‍ എവിടെപ്പോയി സാധനം വാങ്ങിക്കാം എന്നുള്ളത്. കുറച്ചു സാധനങ്ങള്‍ക്ക് വിലക്കുറവു നല്‍കി ഉപഭോക്താവിനെ ആകര്‍ഷിക്കാനും അവരുടെ ടാര്‍ഗെറ്റില്‍ എത്തിപ്പിടിക്കാനുമുള്ള മാനേജ്‌മെന്‍റ് തന്ത്രം കൂടിയാണ് ഈ ഓഫറുകള്‍. എങ്ങനെ,എത്ര വേഗത്തില്‍, കൂടുതല്‍ സാധങ്ങള്‍ വിറ്റഴിക്കാം എന്ന വെല്ലുവിളിയാണ് ഓരോ കച്ചവട സ്ഥാപനങ്ങളും ഷോപ്പിംഗ്‌ മാളുകളും ഇന്ന് ഏറ്റെടുത്തു കൊണ്ടിരിക്കുന്നത്. ഇതിനിടയില്‍ ഞെങ്ങിഞെരുങ്ങി ശ്വാസം മുട്ടുന്ന അവസ്ഥയിലാണ് ചെറുകച്ചവടക്കാര്‍.മറ്റുള്ളവരെപ്പോലെ ഓഫറുകള്‍ വാരിയെറിയാ൯ കഴിയാതെ വെറുതെ ഇരിക്കേണ്ടി വരുന്നു. കടയുടെ വാടക പോലും വന്‍ബാധ്യതയായി മാറിക്കൊണ്ടിരിക്കുമ്പോള്‍ ഇനിയെന്തെന്ന ആശങ്കയിലാണ് പല കച്ചവടക്കാരും.

ഇരുപതു വര്‍ഷങ്ങള്‍ക്കു മുമ്പേ ബഹറിനിലെത്തി കച്ചവടം തുടങ്ങിയ ആളാണ് സുലൈമാന്‍. റിഫയില്‍ സ്വന്തമായി ഒരു കടയുണ്ട് അദ്ദേഹത്തിന്. സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ പോയി മീ൯ മൊത്തത്തില്‍ വാങ്ങി തന്‍റെ കടയില്‍ കൊണ്ടുവന്നു വില്‍ക്കുന്നു.  മീന്‍ കച്ചവടം എവിടെയായാലും നല്ല ലാഭമാണ്. അങ്ങനെ കച്ചവടം നന്നായി മെച്ചപ്പെട്ടപ്പോള്‍ സുലൈമാന്‍ നാട്ടിലുള്ള അളിയന്മാരെയും കടയിലേക്ക് സഹായികളായി കൊണ്ടുവന്നു. പിന്നെ നാട്ടില്‍ വീടുപണി കഴിഞ്ഞപ്പോള്‍ ഭാര്യയെയും മക്കളെയും തന്‍റെയടുത്തെക്ക്  കൊണ്ടുവന്നു. നാലും ആറും ക്ലാസ്സുകളില്‍ പഠിക്കുന്ന രണ്ടുകുട്ടികള്‍. അവരെ ഗള്‍ഫ്‌ സ്കൂളില്‍ ചേര്‍ത്തപ്പോള്‍ ജീവിത ചിലവ് കൂടി. സ്കൂള്‍ ഫീസ്‌, ട്രാന്‍സ്പോര്‍ട്ട്…എല്ലാം കൂടി ഇരുപതിനായിരം രൂപയ്ക്കടുത്ത് കുട്ടികള്‍ക്ക് ചിലവാകും. ഗള്‍ഫിലെ ഫ്ലാറ്റ് വാടക നോക്കുമ്പോള്‍ ഏകദേശം കുടുംബമായി താമസിക്കാന്‍ പറ്റിയൊരു ഫ്ലാറ്റ് കിട്ടണമെങ്കില്‍ മുപ്പതിനായിരം രൂപയെങ്കിലും കുറഞ്ഞത് വേണ്ടി വരും. പിന്നെ കടയിലെ ജോലിക്കാരുടെ ശമ്പളം എല്ലാം കൂടി നല്ലൊരു തുകയാവും.

അപ്പോഴാണ് സുലൈമാന്‍റെ കടയുടെ തൊട്ടടുത്തായി രണ്ടാമതും ഹൈപ്പര്‍മാര്‍ക്കറ്റ് തുറന്നത്. മാളുകള്‍ രണ്ടെണ്ണം അടുത്തടുത്ത് വന്നതോടെ കച്ചവടമത്സരങ്ങളും തുടങ്ങി. അവരുടെ പ്രധാന ആയുധമായ ഓഫറുകള്‍ പ്രയോഗിക്കാ൯ തുടങ്ങിയപ്പോള്‍ വീണുപോയത് സുലൈമാനെപ്പോലുള്ള നിരവധി കച്ചവടക്കാരാണ്. തൊട്ടടുത്ത പച്ചക്കറി, പഴക്കടക്കാരനും ഇറച്ചി വില്‍പ്പനക്കാരനുമെല്ലാം ഓര്‍ക്കാപ്പുറത്ത് അടി കിട്ടിയപോലെയായി. ഉപഭോക്താക്കള്‍ ചെറിയ കടകളെ വിട്ടു വ൯കിട മാളുകളിലേക്ക് ഒഴുകാ൯ തുടങ്ങി. ഒരേ കൂരയ്ക്ക് കീഴില്‍ എല്ലാ സാധനങ്ങളും ഒരുമിച്ചു കിട്ടുമ്പോള്‍ പ്രത്യേകിച്ച് ചിലതൊക്കെ വന്‍വില കുറവാകുമ്പോള്‍ പ൪ചേസ് ചെയ്യാന്‍ എല്ലാവരും ഇഷ്ടപ്പെടുക മാളുകളില്‍ നിന്നുതന്നെ. പിന്നെ മാനുഷിക പരിഗണന വെച്ചോ സഹതാപം കൊണ്ടോ മാളില്‍ കയറാനുള്ള സമയക്കുറവുകൊണ്ടോ ആരെങ്കിലും വന്നാല്‍ മാത്രമേ ചെറുകിടക്കാര്‍ക്ക് രക്ഷയുള്ളൂ എന്ന അവസ്ഥയായി.

ഇന്നിപ്പോള്‍ സുലൈമാന്‍റെ സ്ഥിതി ഇങ്ങനെ-:ഫ്ലാറ്റ് ഷെയറിങ്ങിന് കൊടുത്തു. കുടുംബത്തിന്‍റെ സ്വകാര്യത കുറഞ്ഞെങ്കിലും ഫ്ലാറ്റിന്‍റെ പകുതി വാടകയായി കിട്ടുന്ന പതിനഞ്ചായിരം രൂപ അതിലും നല്ലത് എന്ന ആശ്വാസത്തിലാണ് അദ്ദേഹം. കുട്ടികളുടെ സ്കൂള്‍ യാത്രയ്ക്ക് സൌകര്യമേറിയ സ്വകാര്യവാഹനം ഒഴിവാക്കി,യാത്ര  സ്കൂള്‍ ബസ്സിലാക്കി. കടയിലെ ജോലിക്കാരുടെ എണ്ണം രണ്ടില്‍നിന്നു  ഒന്നായി  മാറി. എന്നിട്ടും അദ്ദേഹം നെട്ടോട്ടമോടിക്കൊണ്ടിരിക്കുകയാണ്. കടയുടെ വാടക കൊടുക്കാനുള്ള ദിവസമാവുമ്പോഴേക്കും ലാഭമില്ലെങ്കിലും എല്ലാ കാര്യങ്ങളും നടത്തിക്കിട്ടാനുള്ള പണമെങ്കിലും കിട്ടണേയെന്നു പ്രാര്‍ത്ഥനയിലാണ്. ഇത് ഒരു സുലൈമാന്‍റെ കഥ മാത്രമല്ല, ഒരു പാട് പേരുടെ കഥയാണ്‌. മത്സരങ്ങളുടെ കൂട്ടപ്പാച്ചിലില്‍ വലിയവ൪ പിന്നെയും പിന്നെയും വലുതായിക്കൊണ്ടിരിക്കുമ്പോള്‍ സാധാരണക്കാരനിലേക്കുള്ള താഴ്ചയും അകലവും കൂടിക്കൊണ്ടെയിരിക്കുന്നു. വെട്ടിപ്പിടിക്കലുകള്‍ക്കിടയില്‍ തട്ടിവീഴുന്ന ഒരു പാവം, ഗ്രഹണി പിടിച്ചു ശോഷിച്ച കുട്ടിയായി കാര്‍ട്ടൂണുകളില്‍ വരച്ചു ചിരിക്കാം. അതിനപ്പുറം എന്ത് പരിഗണനകളാണ് ലോകത്തിനിവര്‍ക്ക് കൊടുക്കാനാവുക?

ആ ചോദ്യത്തിന് ഉത്തരം കൊടുക്കാനാവുക നമ്മള്‍ക്ക്   തന്നെയാണ്. കാരണം  നമ്മളോരോരുത്തരും ഈ ഉപഭോക്തൃസംസ്കാരത്തിന്‍റെ ഭാഗമാണെന്നതുതന്നെ. എവിടുന്നൊക്കെ സാധനങ്ങള്‍ വാങ്ങാം എന്ന സ്വാതന്ത്ര്യം ഓരോ ഉപഭോക്താവിനും ഇപ്പോഴും നഷ്ടപ്പെട്ടിട്ടില്ലാത്ത സ്ഥിതിയ്ക്ക് നമുക്ക് തെരഞ്ഞെടുക്കാനുള്ള അവകാശമുണ്ട്. ഷോപ്പിംഗ്‌ മാളുകള്‍ കയറിയിറങ്ങുന്ന തിരക്കുകള്‍ക്കിടയിലും വല്ലപ്പോഴുമെങ്കിലും എത്തിനോക്കാം ഇത്തരം കൊച്ചുകടകളിലേക്കും അവരുടെ ജീവിതങ്ങളിലേക്കും. 

ബൈന ആര്‍ നാഥ്

ബൈന ആര്‍ നാഥ്

പ്രവാസ എഴുത്തുകാരിയാണ് ബൈന. ഇപ്പോള്‍ ബഹറിനില്‍. കോഴിക്കോട് കൊയിലാണ്ടി സ്വദേശി.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍