UPDATES

മോദിക്കും സംഘപരിവാറിനുമെതിരെ പുതിയ ശബ്ദം ഉയര്‍ന്നുതുടങ്ങിയിരിക്കുന്നു

Avatar

ടീം അഴിമുഖം/എഡിറ്റോറിയല്‍

ഇന്ത്യയില്‍ സംഭവിക്കാനിരിക്കുന്ന പുതിയ രാഷ്ട്രീയ പോരിന്റെ യഥാര്‍ത്ഥ രൂപം വെളിപ്പെട്ടു തുടങ്ങിയിരിക്കുന്നു. അത് ബിജെപിക്കെതിരേ കോണ്‍ഗ്രസുള്‍പ്പെടേയുള്ള മറ്റു രാഷ്ട്രീയ പാര്‍ട്ടികളുടെ പോരാട്ടമല്ല. സംഘപരിവാറിനെതിരെ പുരോഗമനവാദികളും വിദ്യാര്‍ത്ഥികളും നടത്തുന്ന പോരാട്ടമാണ്. വ്യക്തമായ രൂപം പ്രാപിച്ചു വരുന്ന ഈ പോരിന്റെ ഏറ്റവും അവിശ്വസീനയമായ വശം ഈ ചര്‍ച്ചകളില്‍ കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റുകളും ആം ആദ്മി പാര്‍ട്ടിയൊന്നും കാര്യമായി കടന്നു വരുന്നില്ല എന്നതാണ്. അതോടൊപ്പം നമ്മുടെ സര്‍വകലാശാലകളില്‍ ഇടത് വിദ്യാര്‍ഥി സംഘടനകള്‍ വീണ്ടും വേര് പിടിച്ചു തുടങ്ങിയിരിക്കുന്നു എന്നതും ശ്രദ്ധേയമാണ്. ഇന്ത്യ എന്ന ആശയം വലിയ ഭീഷണി നേരിടുന്നുണ്ടെന്ന പുരോഗമനവാദികളുടെ വാദത്തോട് നരേന്ദ്ര മോദിക്കും അദ്ദേത്തിന്റെ അനുയായികള്‍ക്കും യോജിപ്പില്ല. മാത്രവുമല്ല ഇന്ത്യന്‍ സംസ്‌കാരത്തിന് നയന്‍താര സെഗാളിനെ പോലുള്ളവര്‍ നല്‍കുന്ന നിര്‍വചനങ്ങളും ഇവര്‍ അംഗീകരിക്കുകയേയില്ല.

വാസ്തവത്തില്‍ കഴിഞ്ഞ ഏതാനും മാസങ്ങളിലായി പ്രധാനമന്ത്രിയില്‍ നിന്ന് ഇതെല്ലാം വളരെ വ്യക്തമായതാണ്. ദാദ്രിയില്‍ ജനക്കൂട്ടം മുഹമ്മദ് അഖ്‌ലാഖിനെ തല്ലിക്കൊന്ന സംഭവത്തെയോ നിരവധി പുരോഗമനവാദികള്‍ കൊല്ലപ്പെട്ട സംഭവത്തെയോ അദ്ദേഹം അപലപിച്ചിട്ടില്ല. ഹിന്ദുക്കളും മുസ്ലിംകളും തമ്മിലടിക്കരുതെന്ന് മാത്രമായിരുന്നു ദിവസങ്ങള്‍ക്കു ശേഷമുള്ള അദ്ദഹത്തിന്റെ ആദ്യ പ്രതികരണം. ഇപ്പോള്‍ വീണ്ടും അദ്ദേഹം പ്രതികരിച്ചിരിക്കുന്നു. ദാദ്രി, ഗുലാം അലി പോലുള്ള സംഭവങ്ങള്‍ ദുഃഖകരമാണ്, എന്നാല്‍ ഇതിലെല്ലാം കേന്ദ്രത്തിന്റെ പങ്ക് എന്താണെന്ന് ഇപ്പോള്‍ മോദി ചോദിക്കുന്നു. ദാദ്രി സംഭവത്തിലെ മൗനം ചോദ്യം ചെയ്ത തന്റെ എതിരാളികള്‍ ധ്രുവീകരണത്തിന്റെ രാഷ്ട്രീയമാണ് കളിക്കുന്നതെന്നും മോദി ആരോപിച്ചു. എന്നാല്‍ പുതിയൊരു ഊര്‍ജ്ജം ലഭിച്ച സംഘപരിവാറും ബിജെപിയും രാജ്യത്തുടനീളം അഴിച്ചുവിടുന്ന ഹീനമായ കാവി അജണ്ടയുടെ ഇരയാണ് അഖ്‌ലാഖ് എന്ന കാര്യം അദ്ദേഹം മനപ്പൂര്‍വ്വമോ അല്ലാതെയോ വിസ്മരിക്കുന്നു. പ്രധാനമന്ത്രി ഗൂഡമായ മൗനം പാലിക്കാന്‍ ശ്രമിച്ചുവരികയാണെങ്കിലും ഈ സംഭവവികാസങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വ്യക്തിപരമായ നിലപാടും പാര്‍ട്ടിയുടെ നയവും മോദിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരനായ അമിത് ഷായുടെ ചൊവ്വാഴ്ച ഇന്ത്യാ ടുഡേ ചാനലില്‍ വന്ന അഭിമുഖത്തില്‍ വ്യക്തമായിരുന്നു.

ഒരു ചാര്‍ട്ടേഡ് വിമാനത്തിലിരുന്ന് അമിത് ഷാ എല്ലാ വിഷയങ്ങളെ കുറിച്ചും സംസാരിച്ചു. ചുരുക്കത്തില്‍, ദാദ്രി കൊലപാതകം ഒരു ക്രമസമാധാന പ്രശ്‌നമായിരുന്നുവെന്നും അതിന്റെ ഉത്തരവാദിത്തം ഉത്തര്‍ പ്രദേശ് സര്‍ക്കാരിനാണെന്നുമാണ് അദ്ദേഹം പറഞ്ഞത്. മാധ്യമങ്ങള്‍ ഹിന്ദുക്കള്‍ക്കെതിരെ മുന്‍വിധി വച്ചു പുലര്‍ത്തുന്നുവെന്നും ഹിന്ദു യുവാക്കളെ കൊലപ്പെടുത്തിയവര്‍ക്കെതിരെ (ഏതൊക്കെ കൊലപാതകങ്ങളാണ് എന്ന് അദ്ദേഹം വ്യക്തമാക്കിയില്ല) ഒരു നടപടിയും ഉണ്ടാകുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. ‘ഹിന്ദുക്കള്‍ക്കെതിരെ മാത്രം നടപടി എടുക്കുന്നത് എന്തു കൊണ്ട്? നിങ്ങള്‍ ഈ ചോദ്യം ഉന്നയിക്കേണ്ടതുണ്ട്. എന്തു കൊണ്ട് ദാദ്രി സംഭവിച്ചുവെന്നും ചോദിക്കേണ്ടതുണ്ട്,’ റിപ്പോര്‍ട്ടറോട് അമിത് ഷാ പറയുന്നു. ‘താങ്കള്‍ ശരിയായ ചോദ്യങ്ങള്‍ ചോദിക്കുന്നില്ല’ എന്നും അഭിമുഖത്തില്‍ അമിത് ഷാ ആവര്‍ത്തിക്കുന്നുണ്ട്.

ഭിന്നിപ്പിന്റെ മറുവശം
ബിജെപിക്കെതിരെ അണിനിരന്നരിക്കുന്നത് പുരോഗമന ചിന്തകരും ഒരളവു വരെ ഉന്നത കലാലയങ്ങളിലെ വിദ്യാര്‍ത്ഥികളുമാണ്. വിവിധ കാമ്പസുകളിലെ വിദ്യാര്‍ത്ഥികള്‍ നേരത്തെ തന്നെ നിരവധി പ്രശ്‌നങ്ങള്‍ നേരിട്ടു വരികയാണ്. ഒരു ബഹുജന പ്രതിഷേധം തന്നെ ഉയര്‍ന്നുവരികയാണെങ്കില്‍ അതില്‍ കാര്യമായി യുവാക്കളുടെ പങ്കും ഉണ്ടായിരിക്കും. സംഘ്പരിവാര്‍ വിരുദ്ധ ചേരിക്ക് ഒരു നേതൃത്വം ഉയര്‍ന്നു വരുന്നതായാണ് ഇപ്പോള്‍ വ്യക്തമായിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ ഇത് രാഷ്ട്രീക്കാരോ മറ്റു പാര്‍ട്ടികളോ അല്ല. വിവിധ ഭാഷകളിലെ എഴുത്തുകാരും പുരോഗമന ചിന്തകരുമാണ്.

ഒറ്റപ്പെട്ട ചില എഴുത്തുകാരുടെ പ്രതിഷേധമായി തുടങ്ങി ഇപ്പോള്‍ രാജ്യത്തുടനീളം അലയൊലികളുണ്ടാക്കി നിരവധി എഴുത്തുകാരുടെ പ്രതിഷേധ പ്രളയമായി അത് മാറിയിരിക്കുന്നു. ഇതുവരെ ഇന്ത്യയിലുടനീളമുള്ള ഇരുപതിലേറെ എഴുത്തുകാര്‍ തങ്ങളുടെ സാഹിത്യ പുരസ്‌കാരങ്ങള്‍ തിരികെ ഏല്‍പ്പിച്ച് പ്രതിഷേധിച്ചു. മുന്‍നിര സാഹിത്യ അക്കാദമി പുരസ്‌കാര ജേതാക്കള്‍ തുടക്കമിട്ട ഈ പ്രതിഷേധത്തില്‍ കൂടുതല്‍ അക്കാദമിക് വിദഗ്ധരും ചരിത്രകാരന്മാരും പണ്ഡിതന്‍മാരും അണി നിരക്കണമെന്ന് കഴിഞ്ഞ ദിവസം നയന്‍താര സെഗാള്‍ ആവശ്യപ്പെടുകയുണ്ടായി. വ്യാപകമായിക്കൊണ്ടിരിക്കുന്ന അസഹിഷ്ണുത കണ്ടില്ലെന്നു നടിക്കുന്ന ഭരണകൂടത്തിനെതിരെ പ്രതിഷേധിക്കാന്‍ കൂടുതല്‍ പേര്‍ രംഗത്തുവരുമെന്നും അവര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.

ജനക്കൂട്ടത്തിന്റെ ആക്രമണങ്ങളോ കൊലപാതകങ്ങളോ മാത്രമല്ല ഭീഷണി. ഹിന്ദുത്വ പ്രത്യയശാസ്ത്രത്തില്‍ അധിഷ്ഠിതമായിരിക്കണമെന്ന ലക്ഷ്യത്തോടെ നമ്മുടെ വിദ്യാഭ്യാസനയം തിരുത്തി എഴുതാനുള്ള ബിജെപി സര്‍ക്കാരിന്റെ തീരുമാനവും വലിയ ഭീഷണിയാണ്. ഇത് രാജ്യത്തിന്റെ ബഹുസ്വര സംസ്‌കാരത്തിനും ഭീഷണിയാണെന്നും സേഗാള്‍ കൂട്ടിച്ചേര്‍ത്തു. ‘പുരസ്‌കാരം തിരിച്ച് നല്‍കുന്നതിലൂടെ ജനങ്ങളെ കൂടുതല്‍ ബോധവത്കരിക്കാമെന്നാണ് ഞാന്‍ ഉദ്ദേശിച്ചത്. മറ്റു പല എഴുത്തുകാരും തന്റെ മനോവേദന പങ്കുവയ്ക്കുന്നുവെന്നത് സന്തോഷം പകരുന്നു,’ അവര്‍ പറഞ്ഞു.

പ്രതിഷേധ സ്വരങ്ങള്‍ കൂടുതല്‍ ഉച്ചത്തിലായിക്കൊണ്ടിരിക്കുകയാണ്. എഴുത്തുകാര്‍ തൊട്ട് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ത്ഥികള്‍ വരെ, വക്രീകരിക്കപ്പെട്ട വലതുപക്ഷ പ്രത്യയശാസ്ത്രം അടിച്ചേല്‍പ്പിക്കാന്‍ തുനിഞ്ഞിറങ്ങിയ ഇടുങ്ങിയ ചിന്താഗതിക്കാരായ ഒരു ഭരണകൂടത്തോടുള്ള നിരാശ എല്ലായിടത്തും പ്രകടമാണ്. പ്രതിഷേധങ്ങള്‍ നയിക്കുന്നത് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ ലേബലില്‍ മാത്രമല്ല. ഇവിടെയാണ് ഇന്ത്യ ഏവരേയും വിസ്മയിപ്പിക്കുന്നത്. ഏതെങ്കിലും ഒരു പാര്‍ട്ടി നയിക്കുന്ന പ്രതിഷേധമല്ല എന്ന വസ്തുതയില്‍ തന്നെ വരും മാസങ്ങളില്‍ കൂടുതല്‍ ആശ്ചര്യപ്പെടാനുള്ള രഹസ്യ ചേരുവകള്‍ അടങ്ങിയിട്ടുണ്ട്. ഒരു മുന്‍ ആര്‍മി ട്രക്ക് ഡ്രൈവറും ദല്‍ഹിയിലെ ഒരു വിവരാവകാശ പ്രവര്‍ത്തകനും ചേര്‍ന്ന് രണ്ടാം യുപിഎ സര്‍ക്കാരിനെ മുട്ടുകുത്തിച്ച പോലെ മോദിയും ചില ആകസ്മിക എതിരാളികളുടെ ആഗമനം കാണേണ്ടിവരും.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍