UPDATES

സിനിമ

അയാളുടെ മകന്‍ പ്രായമായ സംവിധായകര്‍ക്കൊപ്പം വര്‍ക് ചെയ്യില്ലത്രേ; വിവാദ എഫ് ബി പോസ്റ്റിന് വിശദീകരണവുമായി പ്രതാപ് പോത്തന്‍

അഴിമുഖം പ്രതിനിധി

ചലച്ചിത്രതാരം ജയറാമിനെതിരെ നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ നടത്തിയ പരാമര്‍ശം വലിയ ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചിരുന്നു. ജയറാമിനെ വ്യക്തിപരമായി വിമര്‍ശിക്കുന്ന പോസ്റ്റ് പക്ഷെ ഏറെ വൈകാതെ തന്നെ പിന്‍വലിക്കപ്പെട്ടു. ജയറാമിന്റെ മകന്‍ കാളിദാസ്, താന്‍ സംവിധാനം ചെയ്യുന്ന മലയാള ചിത്രത്തില്‍ അഭിനയിക്കാന്‍ തയ്യാറാകാത്തതാണ് പ്രതാപ് പോത്തന് അത്തരമൊരു കുറിപ്പ് എഴുതിയിടാന്‍ കാരണമായതെന്നായിരുന്നു പിന്നീട് വന്ന വാര്‍ത്തകള്‍. എന്നാല്‍ ഫെയയ്‌സ്ബുക്ക് പോസ്റ്റ് എന്തിനാണ് പൊടുന്നനെ പിന്‍വലിച്ചത് എന്ന കാര്യത്തില്‍ പലതരത്തിലുള്ള ചര്‍ച്ചകളാണ് നടന്നത്. ഇക്കാര്യത്തില്‍ വാസ്തം എന്താണെന്ന് ഒടുവില്‍ പ്രതാപ് പോത്തന്‍ തന്നെ മറ്റൊരു ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിരിക്കുകയാണ്.

പ്രതാപ് പോത്തന്റെ  ഫെയ്‌സ്ബുക്കിലെ കുറിപ്പ്

പലതരം മാനങ്ങള്‍ കൈവന്ന ആ പോസ്റ്റിനെക്കുറിച്ചുള്ള എന്റെ അവസാനത്തെ വിശദീകരണമാണിത്. ജയറാമിന്റെ ഫാന്‍സിനെ പേടിച്ചിട്ടാണ് ഞാന്‍ ആ പോസ്റ്റ് പിന്‍വലിച്ചതെന്ന് ചിലര്‍ പറയുന്നു, എനിക്ക് ചിരിവരുന്നു. ഫെയ്‌സുബുക്കിലെ വ്യാജ അകൗണ്ടുകള്‍ എന്നെ ഭയപ്പെടുത്തില്ല. സത്യത്തില്‍ എനിക്ക് അറിയില്ലായിരുന്നു, ജയറാമിന് അഭിനയിക്കുന്നൊരു മകനുണ്ടെന്ന്. ഞാനിപ്പോള്‍ രണ്ടു സിനിമകളുടെ പണിപ്പുരയിലാണ്. എന്റെ നിര്‍മാതാക്കളാണ് ജയറാമിന്റെ മകനെ കുറിച്ച് സൂചിപ്പിക്കുന്നതും അയാളുടെ ചില മിമിക്രി ക്ലിപ്പുങ്ങള്‍ കാണിക്കുന്നതും. എന്റെ സഹോദരനാണ് ജയറാമിനെ സിനിമയില്‍ അവതരിപ്പിക്കുന്നത്. മികച്ചൊരു വേഷത്തിലൂടെ ജയറാമിന്റെ മകനെ ഒരു മലയാള സിനിമയില്‍ അവതരിപ്പിക്കാമെന്ന് എനിക്കും തോന്നി. ഈ വിവരം അറിഞ്ഞ ജയാറാം ആവശ്യപ്പെട്ടത് ഞാന്‍ നേരിട്ട് ജയറാമിനെ വിളിക്കാനാണ്. അതിന്‍ പ്രകാരം ഞാന്‍ അയാളെ വിളിച്ചു. നിര്‍മാതാക്കളുടെ ആവശ്യം ഞാന്‍ സമ്മതിക്കുന്നു, പക്ഷെ എനിക്ക് കാളിദാസിനോട് ചോദിക്കണം- ജയറാമിന്റെ മറുപടി ഇങ്ങനെയായിരുന്നു. സിനിമയുടെ കഥയെന്താണെന്നുപോലും ചോദിക്കാതെയായിരുന്നു ഈ മറുപടി. ഞാന്‍ പക്ഷെ രണ്ടു ദിവസം ഒരു മറുപടിക്കായി കാത്തുനില്‍ക്കാന്‍ തയ്യാറായി. മലയാളത്തില്‍ ഞാന്‍ ചെയ്യുന്ന രണ്ടാമത്തെ സിനിമയാണ്, അതുകൊണ്ട് തന്നെ ക്ഷമയോടെ കാത്തിരിക്കാന്‍ ഞാന്‍ തയ്യാറായി.

മൂന്നു ദിവസത്തിനു ശേഷം ഞാന്‍ വീണ്ടും വിളിച്ചു. നിങ്ങള്‍ക്കറിയാമോ എന്റെ മകന്‍ അടുത്തവര്‍ഷം ഒക്ടോബര്‍വരെ വളരെ തിരക്കിലാണ് എന്നായിരുന്നു ജയറാമിന്റെ മറുപടി. എന്റെ സിനിമയുടെ കഥ കേള്‍ക്കാന്‍ കാളിദാസ് ആഗ്രഹം പ്രകടിപ്പിച്ചോ?, ഞാന്‍ ചോദിച്ചു. ഇല്ല, അവന്‍ പ്രായമായ സംവിധായകര്‍ക്കൊപ്പം വര്‍ക് ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല-ജയറാം പറഞ്ഞു. ഈ മറുപടി എന്നെ വല്ലാതെ അസ്വസ്ഥനാക്കി. അത്തരമൊരു ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇടാന്‍ ഞാന്‍ പ്രേരിതനായതിനു കാരണവും അതാണ്. ഒരു അഭിനേതാവ് എന്ന നിലയില്‍ എന്റെ ആവശ്യം നിരാകരിക്കാന്‍ ജയറാമിന് േേവറെ മാന്യമായ വഴികളുണ്ടായിരുന്നു. എന്നാല്‍ അയാള്‍ തെരഞ്ഞെടുത്തത് ഏറ്റവും മോശമായ വഴിയാണ്. പിന്നീടാണ് ഞാനറിഞ്ഞത് ജയറാമിന്റെ മകന്‍ ഒരു തമിഴ് സിനിമയില്‍ അഭിനയിക്കുന്നുണ്ടെന്ന്. ഞാന്‍ ജയറാമിനെ പരാമര്‍ശിച്ചെഴുതിയ വര്‍ണവിവേചനം ആ പയ്യനെ ബാധിക്കരുതെന്ന് കരുതിയാണ് ഫെയ്‌സ്ബുക്ക് പോസ്റ്റ് പിന്‍വലിക്കാന്‍ ഞാന്‍ തയ്യാറായത്. അല്ലാതെ ചില മാധ്യമങ്ങള്‍ എഴുതിയതുപോലെ, ജയറാമിന്റെ ആരാധകരെ ഭയപ്പെട്ടിട്ടൊന്നുമല്ല. വ്യാജ അകൗൗണ്ടുകളിലൂടെ എന്നെ അപമാനിച്ചാല്‍, ഞാനത് കാര്യമാക്കുകപോലുമില്ല. 1968 മുതല്‍ സിനിമയിലുള്ളതാണ് എന്റെ കുടുംബം. അങ്ങനെയുള്ള എന്നെ ഭയപ്പെടുത്താന്‍ മാത്രം ഒരു മാഫിയ ഡോണ്‍ ആണ് ജയറാമെന്നു ഞാന്‍ കരുതുന്നില്ല. എനിക്കെന്താണോ അയാളെ കുറിച്ച് തോന്നിയത് അതാണ് ഞാന്‍ എഴുതിയത്.

ഞാനിതുവരെ കണ്ടിട്ടുപോലുമില്ലാത്ത ജയറാമിന്റെ മകനെതിരായിട്ട് ഞാനൊന്നും എഴുതിയിട്ടില്ല. ചില തമിഴ് നടന്മാരെ അനുകരിക്കുന്നതിന്റെ യു ട്യൂബ് വിഡിയൊസ് മാത്രമാണ് കാളിദാസിന്റെതായി ഞാന്‍ കണ്ടിട്ടുള്ളൂ. ജയറാമിന്റെ മകന് ഞാന്‍ എല്ലാവിധ ആശംസകളും നേരുന്നു. അയാളൊരു മികച്ച നടനായി വരട്ടെ.

ഇനി എനിക്ക് പറയാനുള്ളത് മാധ്യമങ്ങളോടാണ്. സത്യാവസ്ഥകള്‍ മനസ്സിലാക്കിയ ശേഷം റിപ്പോര്‍ട്ട് ചെയ്യൂ. എന്നോട് കാര്യങ്ങളെന്താണെന്നു ചോദിക്കാതെയാണ് പലരും ആരാധകരെ പേടിച്ച് ഞാനെന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചതായി എഴുതിയത്. എന്തായാലും ഈ അധ്യായം ഇവിടെ അവസാനിച്ചിരിക്കുകയാണ്. ഇനിയാരെങ്കിലും ഈ കാര്യത്തിനായി അര്‍ദ്ധരാത്രിയില്‍ എന്നെ വിളിക്കുകയാണെങ്കില്‍, ഒന്നോര്‍ക്കുക- നിങ്ങളുടെ ഫോണ്‍ കോള്‍ ടേപ്പ് ചെയ്യപ്പെടും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍