ആര്‍എസ്എസ് വലിയ ബഹുജനപ്രസ്ഥാനമെന്ന് ജര്‍മ്മന്‍ അംബാസിഡര്‍
വലതുപക്ഷ തീവ്രവാദത്തെ സര്‍വശക്തിയുമെടുത്ത് പോരാടണമെന്ന് പറയുന്ന ജര്‍മ്മന്‍ ചാന്‍സിലര്‍ എയ്ഞ്ചല മെര്‍ക്കലിന് ആര്‍എസ്എസിന്റെ ആരാധകനായ നയതന്ത്ര പ്രതിനിധി. ജര്‍മ്മനിയില്‍ ഹിറ്റ്ലര്‍ക്ക് നേര വധം ശ്രമം നടന്നതിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുമ്പോഴാണ് ജര്‍മ്മനിയുടെ ഇന്ത്യന്‍ പ്രതിനിധി ആര്‍എസ്എസ് ആസ്ഥാനം സന്ദര്‍ശിച്ച് സര്‍സംഘ് ചാലക് മോഹന്‍ ഭാഗവതുമായി ചര്‍ച്ച നടത്തിയത്. ആര്‍എസ്എസ് ഇന്ത്യയിലെ പ്രധാനപ്പെട്ട ബഹുജന പ്രസ്ഥാനമാണെന്നാണ് ജര്‍മ്മന്‍ അംബാസിഡര്‍ വാല്‍ട്ടര്‍ ജെ. ലിന്റ്‌നര്‍ പറഞ്ഞത്.
നാസികളില്‍നിന്നും പ്രത്യയശാസ്ത്ര പ്രചോദനം കിട്ടിയെന്ന് ആരോപിക്കപ്പെടുന്ന ആര്‍എസ്എസിന്റെ ആസ്ഥാനം സന്ദര്‍ശിച്ച അംബാസിഡറെ ജര്‍മ്മനി തിരിച്ചുവിളിക്കണമെന്ന ആവശ്യവും ശക്തമായി കഴിഞ്ഞു. ഇതുമായി ബന്ധപ്പെട്ട ഓണ്‍ലൈന്‍ പ്രചാരണത്തില്‍ ആയിരത്തി അഞ്ഞൂറിലധികം ആളുകള്‍ ഒപ്പുവെച്ചു കഴിഞ്ഞു. അമേരിക്കന്‍ ഗവേഷകനായ പീറ്റര്‍ ഫെഡറിക്കാണ് ഓണ്‍ലൈന്‍ പ്രചാരണത്തിന് തുടക്കം കുറിച്ചത്.
ജര്‍മ്മനിയില്‍ ശക്തിപ്പെട്ടുവരുന്ന തീവ്രവലതുപക്ഷത്തെ ചെറുക്കേണ്ടത് ജനാധിപത്യത്തിന്റെ നിലനില്‍പ്പിന് അനിവാര്യമാണെന്ന് ചാന്‍സിലര്‍ എയ്ഞ്ചല മെര്‍ക്കല്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 1944 ല്‍ ഹിറ്റ്‌ലര്‍ക്ക് നേരെ നടന്ന വധശ്രമത്തിന്റെ 75-ാം വാര്‍ഷിക വേളയിലാണ് എയ്ഞ്ചല മെര്‍ക്കല്‍ തീവ്രവലതുപക്ഷത്തെ ചെറുക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കിയത്. അതേ ദിവസമാണ് ജര്‍മ്മനിയുടെ ഇന്ത്യന്‍ പ്രതിനിധി വാള്‍ട്ടര്‍ ലിന്റ്‌നര്‍ ആര്‍എസ്എസിന്റെ ആസ്ഥാനം സന്ദര്‍ശിച്ച് നേതാക്കളുമായി ചര്‍ച്ച നടത്തിയത്. അതിനുശേഷം ദി ഹിന്ദു വിന് നല്‍കിയ അഭിമുഖത്തില്‍ ആര്‍എസ്എസ് ഇന്ത്യയിലെ ബഹുജനസംഘടനയാണെന്നും ഇന്ത്യയെ സമഗ്രമായി അറിയുന്നതിന് വേണ്ടിയാണെന്നുമായിരുന്നു സന്ദര്‍ശനം എന്നാണ് പറഞ്ഞത്.
‘സംഘടനയെക്കുറിച്ച് മനസ്സിലാക്കുന്നതിന് വേണ്ടിയാണ് നേതാക്കളുമായി ചര്‍ച്ച നടത്തിയത് ആര്‍എസ്എസ്സിനെക്കുറിച്ച് അനുകൂലവും പ്രതികൂലവുമായ നിരവധി കാര്യങ്ങള്‍ കേട്ടിട്ടുണ്ട്’ അദ്ദേഹം പറഞ്ഞു. നാസി ആശയങ്ങളില്‍നിന്ന് പ്രചോദനം ഉള്‍കൊണ്ടുകൂടിയാണ് ആര്‍എസ്എസ്സിന്റെ പ്രവര്‍ത്തനങ്ങളെന്ന കാര്യം അറിയാമെന്നും അദ്ദേഹം പറഞ്ഞു. നിരവധി കാര്യങ്ങള്‍ മോഹന്‍ ഭാഗവതിനോട് ചോദിച്ചുവെന്നും എന്നാല്‍ എല്ലാ ചോദ്യങ്ങള്‍ക്കും ലളിതമായ ഉത്തരങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു.
Visit of Headquarters of RSS (Rashtriya Swayamsevak Sangh) in Nagpur and long meeting with its Sarsanghchalak (Chief) Dr Mohan Bhagwat. Founded 1925, it is world’s largest voluntary organization – though not uncontroversialy perceived throughout its history… pic.twitter.com/B5cFUpw1ml
— Walter J. Lindner (@AmbLindnerIndia) July 17, 2019
German envoy meets RSS chief, rides bicycle in Nagpur https://t.co/e8rjl1wSmP
— Walter J. Lindner (@AmbLindnerIndia) July 17, 2019
നയതന്ത്രപ്രതിനിധികള്‍ ആര്‍എസ്എസ് ആസ്ഥാനം സന്ദര്‍ശിച്ച് ചര്‍ച്ച നടത്തുന്ന സംഭവങ്ങള്‍ കുറവാണ്. നേരത്തെ ഒരു കൂട്ടം നയതന്ത്ര പ്രതിനിധികള്‍ ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവതിനെ കണ്ടുവെന്നതാണ് ഇതിനൊരപവാദം. അന്ന് ഡല്‍ഹിയിലായിരുന്നു കൂടിക്കാഴ്ച. ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനും രാജ്യത്തെ കൂടുതല്‍ അറിയുന്നതിന്റെ ഭാഗമായുള്ള സന്ദര്‍ശനത്തിന്റെ ഭാഗമായുമാണ് ആര്‍എസ്എസ് ആസ്ഥാനത്ത് എത്തിയതെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത നവംബറില്‍ ഏയ്ഞ്ചല മര്‍ക്കല്‍ ഇന്ത്യ സന്ദര്‍ശിക്കും. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപര ബന്ധം മെച്ചപ്പെടുത്തുകയാണ് സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യം. യൂറോപ്യന്‍ യൂണിയനുമായി ഏറ്റവും കൂടുതല്‍ വ്യാപാരം ചെയ്യുന്ന ആറാമത്തെ രാജ്യമാണ് ഇന്ത്യ.
അതിനിടെ ആര്‍എസ്എസ് ആസ്ഥാനം സന്ദര്‍ശിച്ച നയതന്ത്ര പ്രതിനിധിയെ തിരിച്ചുവിളിക്കണമെന്ന ആവശ്യം ശക്തമായി. ഓണ്‍ലൈനില്‍ ഇതുമായി ബന്ധപ്പെട്ടു നടക്കുന്ന പ്രചരാണത്തി്ല്‍ ഇതിനകം ആയിരത്തിലധികം ആളുകളാണ് പിന്തുണച്ചത്. ജര്‍മ്മന്‍ പ്രതിനിധി സ്വയം രാജിവെച്ചൊഴിയണം അല്ലെങ്കില്‍ തിരിച്ചുവിളിക്കണമെന്നതാണ് ഓണ്‍ലൈന്‍ പ്രചാരണത്തിന്റെ ആവശ്യം.
ഹിറ്റ്‌ലറുടെ നാസി പാര്‍ട്ടിയില്‍നിന്നും പ്രത്യയശാസ്ത്രത്തില്‍നിന്നും പ്രചോദനം ഉള്‍ക്കൊള്ളുന്ന പ്രസ്ഥാനത്തിന്റെ ആസ്ഥാനം സന്ദര്‍ശിച്ചതുവഴി, നയതന്ത്ര പ്രതിനിധി തന്റെ ഉത്തരവാദിത്തങ്ങള്‍ മറന്നുകൊണ്ടുള്ള പെരുമാറ്റമാണ് നടത്തിയതെന്നാണ് ലിന്റ്‌നറുടെ നാഗ്പൂര്‍ സന്ദര്‍ശനത്തെ എതിര്‍ക്കുന്നവര്‍ പറയുന്നത്.
ജര്‍മ്മനിയില്‍ തീവ്ര വലതുപക്ഷത്തിനെതിരായ പോരാട്ടം വളരെ പ്രധാനമാണെന്ന് നിലപാടാണ് എയ്ഞ്ചല മെര്‍ക്കലിന്. കഴിഞ്ഞ തെരഞ്ഞെടുപ്പോടെ ഓള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മ്മനി എന്ന തീവ്ര വലതുപാര്‍ട്ടി ഏറ്റവും പ്രധാനപ്പെട്ട പ്രതിപക്ഷമായി മാറിയിരുന്നു.