UPDATES

കേരളം

കടകംപള്ളി സഹകരണ ബാങ്ക് മാനേജര്‍ ജയശങ്കറിന്റെ മരണം രാഷ്ട്രീയ വിവാദത്തിലേക്ക്

കടകംപള്ളി സുരേന്ദ്രന്റെ അടുത്തയാളായിട്ടാണ് ജയശങ്കര്‍ അറിയപ്പെടുന്നതെന്നും കടകംപള്ളി സഹകരണ ബാങ്കിലെ കള്ളപ്പണത്തെക്കുറിച്ചും ബിനാമികളെക്കുറിച്ചും അദ്ദേഹത്തിനു വ്യക്തമായി അറിയാമായിരുന്നെന്നുവെന്നുമാണ് കെ സുരേന്ദ്രന്‍ ആരോപിക്കുന്നത്

കടകംപള്ളി സര്‍വീസ് സഹകരണ ബാങ്ക് മാനേജരും സിപിഎം വഞ്ചിയൂര്‍ ഏരിയാ കമ്മിറ്റി അംഗവുമായി വിഎല്‍ ജയശങ്കറിന്റെ മരണം രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിക്കഴിഞ്ഞു. ജയശങ്കറിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസിലെയും ബിജെപിയിലെയും നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ ഇവരുടെ ആരോപണങ്ങളെ തള്ളി, ഏത് അന്വേഷണത്തിനും തയാറാണെന്ന് വ്യക്തമാക്കി മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തില്‍ സിപിഎമ്മും എത്തി.

kadakampally-bank

ശനിയാഴ്ച വൈകിട്ടാണ് ജയശങ്കറിനെ സ്വന്തം വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സഹകരണ വകുപ്പില്‍ അസിസ്റ്റന്റായ ഭാര്യ കെ സുധാകുമാരി ജോലി കഴിഞ്ഞ് അഞ്ചരയോടെ എത്തിയപ്പോള്‍ അബോധാവസ്ഥയില്‍ കിടക്കുന്ന ജയശങ്കറിനെയാണ് കണ്ടത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുന്നതിനു മുന്‍പ് അദ്ദേഹം മരണമടയുകയായിരുന്നു. ബന്ധുവായ ഫോട്ടോഗ്രാഫര്‍ കുടുംബ ഫോട്ടോ നല്‍കാനായി 4.45-ന് വീട്ടിലെത്തിയിരുന്നു. അഞ്ച് മണിക്ക് ജയശങ്കര്‍ ഗേറ്റിനു സമീപം നില്‍ക്കുന്നതു കണ്ടതായി അടുത്ത വീട്ടില്‍ ട്യൂഷന്‍ പഠിക്കാനെത്തിയ കുട്ടികളും പറയുന്നു. ഇതിനെ തുടര്‍ന്ന് കോണ്‍ഗ്രസും ബിജെപിയും ജയശങ്കറിന്റെ മരണം ഹൃദയാഘാതം മൂലമാണെന്ന വാദത്തെ തള്ളുകയായിരുന്നു.

കടകംപള്ളി സുരേന്ദ്രന്റെ അടുത്തയാളായിട്ടാണ് ജയശങ്കര്‍ അറിയപ്പെടുന്നതെന്നും കടകംപള്ളി സഹകരണ ബാങ്കിലെ കള്ളപ്പണത്തെക്കുറിച്ചും ബിനാമികളെക്കുറിച്ചും അദ്ദേഹത്തിനു വ്യക്തമായി അറിയാമായിരുന്നുവെന്നുമാണ് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ ആരോപിക്കുന്നത്. ഈ സഹകരണ ബാങ്കില്‍ ഒരു സംസ്ഥാന മന്ത്രിയുടെ ബന്ധുക്കള്‍ക്ക് കോടിക്കണക്കിനു രൂപയുടെ കള്ളപ്പണനിക്ഷേപമുണ്ടെന്നും ഇത് സംബന്ധിച്ച് ആദായനികുതിവകുപ്പ് അന്വേഷണം നടത്തിയതായും മുമ്പ് സുരേന്ദ്രന്‍ ആരോപിച്ചിരുന്നു. ഈ ആരോപണത്തിന് പിന്നാലെയാണ് ബാങ്ക് മാനേജര്‍ ജയശങ്കറിന്റെ മരണമെന്നത് കൊണ്ട് ഇതിനെ സിപിഎമ്മിനെതിരെയുള്ള രാഷ്ട്രീയ ആയുധമാക്കാനുള്ള ശ്രമത്തിലാണ് ബിജെപി.

ജയശങ്കറിന്റെ മരണം സംബന്ധിച്ച് സുരേന്ദ്രനെ കൂടാതെ കെപിസിസി സെക്രട്ടറി ജ്യോതികുമാര്‍ ചാമക്കാലയും ഡിജിപിക്കു പരാതി നല്‍കിയിട്ടുണ്ട്. ജയശങ്കറിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും ബാങ്കില്‍ മന്ത്രിയുടെ ബന്ധുക്കളുടെ പേരിലുള്ള കള്ളപ്പണ നിക്ഷേപത്തെക്കുറിച്ച് വിശദമായി അന്വേഷിക്കണമെന്നുമാണ് ജ്യോതികുമാറിന്റെ പരാതി. കൂടാതെ ജയശങ്കറിന്റെ ഫോണ്‍വിളികള്‍ പരിശോധിക്കണമെന്നും ചാമക്കാല പരാതിയില്‍ ആവശ്യപ്പെട്ടു.

അതേസമയം, ജയശങ്കറിന്റെ ആകസ്മിക മരണത്തെ അപകീര്‍ത്തിപ്പെടുത്താനാണ് സുരേന്ദ്രന്റെ ശ്രമമെന്നും ബാങ്കിലെ നിക്ഷേപം സംബന്ധിച്ചു പരാതിയുണ്ടെങ്കില്‍ കേന്ദ്ര ഏജന്‍സിക്ക് പരാതി നല്‍കണമെന്നും കടകംപള്ളി പറഞ്ഞു. ധൈര്യമുണ്ടെങ്കില്‍ സുരേന്ദ്രന്‍ കേന്ദ്ര ഏജന്‍സിയെ കൊണ്ട് ആരോപണം അന്വേഷിപ്പിക്കണം, അതിന് ശ്രമിക്കാതെ നിരന്തരം പുകമറ സൃഷ്ടിക്കാനാണ് സുരേന്ദ്രന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സുരേന്ദ്രന്റെ പ്രസ്താവന മനുഷ്യത്വരഹിതവും അപലപലനീയവുമാണെന്നാണ് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പ്രതികരിച്ചത്. കടകംപള്ളി സര്‍വീസ് സഹകരണബാങ്ക് പ്രസിഡന്റ് എസ്പി ദീപകും ബിജെപി നേതാവിന്റെ പ്രസ്താവനയ്‌ക്കെതിരെ എത്തിയിട്ടുണ്ട്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് മൃതദേഹപരിശോധനാ റിപ്പോര്‍ട്ടില്‍ പറയുന്നതെന്നും അവര്‍ വ്യക്തമാക്കി.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍