UPDATES

ബാങ്കുകളെ തകര്‍ക്കാനുള്ള ശ്രമത്തിനെതിരെ പ്രതിഷേധം ശക്തം: നാളെ സഹകരണ ഹര്‍ത്താല്‍

സഹകരണബാങ്കുകളെ തകര്‍ക്കാനുള്ള ശ്രമമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതെന്ന് ആരോപിച്ച് നാളെ സംസ്ഥാനത്തെ സഹകരണ മേഖല ഒന്നടങ്കം സ്തംഭിക്കും. സഹകരണ ഹര്‍ത്താലിനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. അസാധുവാക്കിയ 500, 1000 രൂപ നോട്ടുകള്‍ മാറ്റി നല്‍കാനോ നിക്ഷേപമായി സ്വീകരിക്കാനോ ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് അനുമതിയില്ലെന്നാണ് റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിരിക്കുന്നത്. ആവശ്യമായ പണം ലഭിക്കാത്തത് മൂലം നിലവില്‍ സംസ്ഥാനത്തെ സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനം അവതാളത്തിലായിരിക്കുകയാണ്.

പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ക്ക് (പ്രാഥമിക ബാങ്കുകള്‍) ആഴ്ചയില്‍ ജില്ലാ സഹകരണ ബാങ്കില്‍നിന്ന് പിന്‍വലിക്കാവുന്ന തുക 24,000 രൂപയായി റിസര്‍വ് ബാങ്ക് പരിമിതപ്പെടുത്തിയിരിക്കുകയാണ്. കേരളത്തിലെ 1551 പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍ 100 കോടി രൂപ മുതല്‍ നിക്ഷേപവും വായ്പയുമുള്ള സ്ഥാപനങ്ങളാണ്. 10,000 മുതല്‍ 15,000 വരെ അക്കൌണ്ടുകളാണ് ഈ ബാങ്കുകളിലുള്ളത്. പ്രാഥമിക ബാങ്കുകളുടെ പ്രതിവാര ഇടപാടുകള്‍ക്ക് 24,000 രൂപ പിന്‍വലിക്കാമെന്നാണ് റിസര്‍വ് ബാങ്ക് പറയുന്നത്. ധനകാര്യ ഇടപാടുകള്‍ നടത്തുന്ന സഹകരണ സംഘങ്ങളുടെയെല്ലാം പ്രവര്‍ത്തനം സ്തംഭിക്കുന്ന സ്ഥിതിയാണ്.

നോട്ട് മാറ്റത്തില്‍ നിന്ന് സഹകരണ ബാങ്കുകളെ പൂര്‍ണമായും ഒഴിവാക്കിയത് കേരളത്തില്‍ വലിയ പ്രതിസന്ധി ഉണ്ടാക്കിയിരിക്കുന്ന സാഹചര്യത്തിലാണ് നയം തിരുത്തണമെന്ന് കേന്ദ്ര ധനമന്ത്രാലയത്തോട് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. ജില്ലാ സഹകരണ ബാങ്കുകള്‍ക്കും പ്രാദേശിക സഹകരണ ബാങ്കുകള്‍ക്കും നോട്ട് വിനിമയത്തിന് അനുമതി നല്‍കണമെന്നാണ് സംസ്ഥാനത്തിന്‌റെ ആവശ്യം. മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി തോമസ് ഐസകും കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്ലിയുമായി ചര്‍ച്ച നടത്തിയെങ്കിലും സംസ്ഥാനത്തിന്‌റെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചില്ല. സഹകരണ മന്ത്രി എസി മൊയ്തീനും കേന്ദ്ര സര്‍ക്കുലര്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ധനമന്ത്രിക്കും ആര്‍ബിഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിനും കത്തയച്ചിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍