UPDATES

സഹകരണ ബാങ്കുകളെ തകര്‍ക്കാന്‍ ശ്രമം?; റിസര്‍വ് ബാങ്കിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും

അഴിമുഖം പ്രതിനിധി

കള്ളപ്പണം തടയാനുള്ള നടപടികള്‍, നോട്ടുകള്‍ അസാധുവാക്കല്‍, ബാങ്കുകള്‍ക്കും എടിഎമ്മുകള്‍ക്കും മുന്നില്‍ നീണ്ട ക്യൂ, ജനങ്ങളുടെ ദൈനംദിന ജീവിതം ദുരിതത്തിലാവുന്നു – ഇതിനിടയില്‍ സംസ്ഥാനത്തെ സഹകരണ ബാങ്കുകള്‍ക്ക് എന്ത് സംഭവിക്കുന്നു എന്ന ചോദ്യം പ്രസക്തമാണ്. റിസര്‍വ് ബാങ്കിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കേരളത്തിലെ സഹകരണ ബാങ്കുകള്‍. പണലഭ്യത ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് സഹകരണ ബാങ്കുകള്‍ ഹൈക്കോടതിയെ സമീപിക്കുന്നത്.

നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ ബാങ്കുകള്‍ അടച്ചിടേണ്ടി വരുമെന്ന് സഹകരണ ബാങ്കുകളുമായി ബന്ധപ്പെട്ടവര്‍ പറയുന്നു. ആവശ്യമായ പണമില്ലാത്തതിനാല്‍ ഇടപാടുകള്‍ നടക്കുന്നില്ലെന്നാണ് സഹകരണ ബാങ്കുകളുടെ പരാതി. ദേശസാല്‍കൃത ബാങ്കുകള്‍ക്ക് നല്‍കുന്ന പരിഗണന നല്‍കണമെന്ന് സഹകരണ ബാങ്കുകള്‍ ആവശ്യപ്പെടുന്നു.

സഹകരണ ബാങ്ക് പ്രതിസന്ധി പരിഹരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തോട് കേന്ദ്രസര്‍ക്കാരും റിസര്‍വ് ബാങ്കും ഇനിയും പ്രതികരിച്ചില്ല. നടപടി ആവശ്യപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി തോമസ് ഐസക്കും പ്രധാനമന്ത്രിക്കും കേന്ദ്ര ധനമന്ത്രിക്കും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ക്കും കത്തയച്ചിരുന്നുവെങ്കിലും ഇതുവരെ മറുപടി ലഭിച്ചില്ല.
സഹകരണ ബാങ്കുകളില്‍ പണം എത്താത്ത സാഹചര്യത്തെത്തുടര്‍ന്ന്‍, വായ്പാ വിതരണം മുടങ്ങി. നോട്ടുകള്‍ ലഭിക്കാത്ത സാഹചര്യത്തില്‍ വായ്പയുടെ തിരിച്ചടവും ഏതാണ്ടു മുടങ്ങിയ അവസ്ഥയാണ്. ഇതാണു പ്രാഥമിക സംഘങ്ങള്‍ അടക്കമുള്ള സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടുള്ളത്.

ഒരു ദിവസം 10,000 രൂപ നോട്ടുകള്‍ പിന്‍വലിക്കാനേ സഹകരണ സ്ഥാപനങ്ങളെ അനുവദിക്കൂ എന്ന നിയന്ത്രണം നീക്കി അവരുടെ യഥാര്‍ഥ ആവശ്യത്തിനനുസരിച്ചു പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യത്തിനും മറുപടി ലഭിച്ചിട്ടില്ല. ജില്ലാ സഹകരണ ബാങ്കുകള്‍ക്കും പ്രാഥമിക സംഘങ്ങള്‍ക്കും നോട്ടു മാറ്റി വാങ്ങാന്‍ അനുമതി നല്‍കണമെന്ന നിര്‍ദേശത്തിന് മാത്രമാണ് കഴിഞ്ഞ ദിവസം റിസര്‍വ് ബാങ്കിന്റെ മറുപടി ലഭിച്ചത്. റിസര്‍വ് ബാങ്കുമായി ബന്ധമുള്ളത് ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് മാത്രമാണ്.

കേരളത്തിലെ ഭൂരിപക്ഷം സഹകരണ ബാങ്കുകളും ഇടതുപക്ഷത്തിന്‍റെ പ്രത്യേകിച്ച് സിപിഎമ്മിന്‌റേയും ബാക്കിയുള്ളവ കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികളുടേയും നിയന്ത്രണത്തിലാണ്. അത്തരത്തിലുള്ള ഭരണസമിതികളാണ് സഹകരണ ബാങ്കുകളുടേത്. ഉത്തര മലബാറില്‍ പ്രത്യേകിച്ച് കണ്ണൂര്‍ പോലുള്ള ജില്ലകളില്‍ സഹകരണ ബാങ്കുകള്‍ക്ക് രാഷ്ട്രീയ സംഘര്‍ഷങ്ങളുമായുള്ള ബന്ധം ശക്തമാണ്. കള്ളപ്പണം തടയാനെന്ന്‍ പറഞ്ഞ് നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്ക് ശേഷം സഹകരണ ബാങ്കുകള്‍ക്കെതിരെ ബിജെപി നേതാക്കള്‍ വിമര്‍ശനം ശക്തമാക്കിയിരുന്നു. സഹകരണ ബാങ്കുകളെ ലക്ഷ്യം വക്കുന്നതിന്‌റെ രാഷ്ട്രീയം, സഹകരണ ബാങ്കുകള്‍ കള്ളപ്പണ ഇടപാട് കേന്ദ്രങ്ങളാണെന്ന പ്രചാരണം ഇതൊക്കെ എന്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത് എന്നത് വ്യക്തം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍