UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സഹകരണ മേഖല; ഇന്ത്യന്‍ ഗ്രാമങ്ങളുടെ കണ്ണീരിന് മോദി കണക്ക് പറയേണ്ടിവരും

Avatar

സുജയ് രാധാകൃഷ്ണന്‍

മഹാരാഷ്ട്രയിലെ പന്‍വേല്‍ കാര്‍ഷിക സമിതി തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് സമ്പൂര്‍ണ തോല്‍വിയെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം വന്നു.  നോട്ട് അസാധുവാക്കല്‍ നടപ്പാക്കിയ രീതിയോടുള്ള ശക്തമായ ജനരോഷമാണ് ബിജെപി തുടച്ചുനീക്കപ്പെടാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. ഇത് വ്യക്തമായ സൂചനയായി കാണാം. പന്‍വേലിലെ അഗ്രികള്‍ച്ചറല്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റിംഗ് കമ്മിറ്റി (എപിഎംസി) തിരഞ്ഞെടുപ്പില്‍ ആകെയുള്ള 17 സീറ്റിലും ബിജെപി തോറ്റിരുന്നു.

ഒരു പ്രാദേശിക തിരഞ്ഞെടുപ്പിലെ ജയപരാജയങ്ങള്‍ എങ്ങനെ രാജ്യത്തിന്‌റെ രാഷ്ട്രീയഭാവിയിലേയ്ക്ക് വിരല്‍ ചൂണ്ടും എന്നൊക്കെ ചോദിക്കാം. പക്ഷെ ഇന്ത്യയിലെ ഇപ്പോഴത്തെ സാമൂഹ്യ – രാഷ്ട്രീയ സാഹചര്യത്തില്‍ ബിജെപിയുടെ ഈ സമ്പൂര്‍ണ തോല്‍വിയ്ക്ക് ചെറുതല്ലാത്ത രാഷ്ട്രീയ മാനങ്ങളുണ്ട്. അത് വളരെ പ്രസക്തമാണെന്ന് തോന്നുന്നു. പിഡബ്ല്യുപി (പെസന്‌റ്‌സ് ആന്‍ഡ് വര്‍ക്കേഴ്‌സ് പാര്‍ട്ടി ഓഫ് ഇന്ത്യ), കോണ്‍ഗ്രസ്, എന്‍സിപി, ശിവസേന എന്നീ പാര്‍ട്ടികള്‍ മുന്നണിയായാണ് തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്. ഇതില്‍ പിഡബ്ല്യുപി 15 സീറ്റും നേടിയപ്പോള്‍ കോണ്‍ഗ്രസും ശിവസേനയും ഓരോ സീറ്റ് വീതം നേടി. കോണ്‍ഗ്രസിന് 25 വര്‍ഷത്തിന് ശേഷമാണ് എപിഎംസിയില്‍ ഒരു സീറ്റ് ലഭിച്ചത്. മഹാരാഷ്ട്രയില്‍ ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലെന്ന പോലെ കേന്ദ്രസര്‍ക്കാരിന്‌റെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് വരുത്തി വച്ച ആഘാതം വലുതാണ്. തൊഴിലാളികള്‍, കൃഷിക്കാര്‍, ചെറുകിട കച്ചവടക്കാര്‍, മൊത്തവ്യാപാരികള്‍, പെന്‍ഷന്‍ വാങ്ങുന്നവര്‍ തുടങ്ങിയവരുടെയെല്ലാം നെഞ്ചത്താണ് ഈ സര്‍ജിക്കല്‍ ആക്രമണം കൊള്ളുന്നത്.

കള്ളപ്പണവേട്ടയുടെ പേരിലും ബിജെപിയുടെ രാഷ്ട്രീയ ലക്ഷ്യങ്ങളുടെ ഭാഗമായും കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന നയം കേരളത്തിലെ സഹകരണ ബാങ്കുകളെ മാത്രമല്ല ബാധിക്കുന്നത്. രാജ്യത്താകെയുള്ള പ്രാഥമിക സഹകരണ സംഘങ്ങള്‍ അടക്കമുള്ളവയെ ആണ്. സഹകരണ മേഖലയെ മൊത്തത്തില്‍ തകര്‍ക്കുന്ന ജനവിരുദ്ധ നടപടിയാണ് മോദി സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. കേരളത്തില്‍ മാത്രമല്ല, പശ്ചിമബംഗാള്‍, തമിഴ്‌നാട്, ബിജെപി ഭരിക്കുന്ന മഹാരാഷ്ട്ര, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം സഹകരണ മേഖലയുടെ പ്രവര്‍ത്തനം ശക്തവും വ്യാപകവുമാണ്. വലിയ ജനപങ്കാളിത്തത്തോടെ നിലനില്‍ക്കുന്നതും ഇന്ത്യന്‍ ഗ്രാമങ്ങളുടെ ജീവനാഡിയുമായ സഹകരണ മേഖലയ്‌ക്കെതിരായ നീക്കം ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

500ന്‌റേയും 1000ന്‌റേയും നോട്ടുകള്‍ മാറ്റാന്‍ ഡിസ്ട്രിക്ട് സെന്‍ട്രല്‍ കോ-ഓപ്പറേറ്റീവ് ബാങ്കുകള്‍ക്ക് അനുമതി വേണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്ര സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് ബാങ്ക്‌സ് അസോസിയേഷന്‍ റിസര്‍വ് ബാങ്കിനെ സമീപിച്ചിരുന്നു. ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് പണം ലഭ്യമാവാത്തതിനാല്‍ പ്രൈമറി അഗ്രികള്‍ച്ചറല്‍ ക്രെഡിറ്റ് സൊസൈറ്റീസ്, പ്രൊഡ്യൂസേഴ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ്, ഹാന്‍ഡ്‌ലൂം ആന്‍ഡ് ഹാന്‍ഡിക്രാഫ്റ്റ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ്, സാലറി ഏണേഴ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ്, കണ്‍സ്യൂമര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് തുടങ്ങി മഹാരാഷ്ട്രയിലെ സഹകരണ മേഖലയെ മുഴുവന്‍ പ്രതിസന്ധിയിലേയ്ക്ക് തള്ളിവിട്ടിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.

സഹകരണ ബാങ്കുകളെ ആശ്രയിക്കുന്ന മഹാരാഷ്ട്രയിലെ കരിമ്പ് കര്‍ഷകര്‍ വലിയ പ്രതിസന്ധിയിലേയ്ക്കാണ് നീങ്ങുന്നത്. കര്‍ഷകത്തൊഴിലാളികള്‍ക്ക് കൂലി കിട്ടാത്തതിനാല്‍ പലയിടങ്ങളിലും കൃഷി നിലച്ചിരിക്കുകയാണ്. ഏഴ് ലക്ഷത്തോളം തൊഴിലാളികളാണ് മഹാരാഷ്ട്രയില്‍ കരിമ്പ് കൃഷിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നത്. പണമിടപാടുകള്‍ ഭൂരിഭാഗവും സഹകരണ ബാങ്കുകള്‍ വഴിയായതിനാല്‍ തൊഴിലാളികളുടെ വേതനത്തേയും അത് അത് ബാധിക്കുന്നതായി മഹാരാഷ്ട്ര സ്‌റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഷുഗര്‍ ഫാക്ടറീസ് ഫെഡറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ സഞ്ജീവ് ബാബര്‍ പറയുന്നു. രാജ്യത്ത് ഏറ്റവുമധികം പഞ്ചസാര ഉല്‍പ്പാദിപ്പിക്കുന്ന സംസ്ഥാനം മഹാരാഷ്ട്രയാണ്.

വിത്തുകള്‍, കീടനാശിനി, ട്രാക്ടര്‍ വാടക, തൊഴിലാളികളുടെ കൂലി എല്ലാം കൂടി 25,000 രൂപ വേണം. പക്ഷെ സഹകരണ ബാങ്കില്‍ കാശില്ല. ഞങ്ങള്‍ എന്ത് ചെയ്യും സര്‍ണോബത് വാഡിയിലെ രവീന്ദ്ര പാട്ടീല്‍ എന്ന കരിമ്പ് കര്‍ഷകന്‍ ചോദിക്കുന്നു. ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് നീക്കണമെന്ന് രവീന്ദ്ര പാട്ടീല്‍ ആവശ്യപ്പെട്ടു. മഹാരാഷ്ട്രയിലെ കാര്‍ഷിക മേഖലയെ താങ്ങി നിര്‍ത്തുന്നത് ജില്ലാ സഹകരണ ബാങ്കുകളാണ്. മില്‍ക്ക് സൊസൈറ്റികള്‍, പഞ്ചസാര, കൈത്തറി ഫാക്ടറികള്‍ തുടങ്ങിയവയ്‌ക്കെല്ലാം ധനസഹായം നല്‍കുന്നത് സഹകരണ ബാങ്കുകളാണ്. കോലാപൂരില്‍ മാത്രം ഏഴ് ലക്ഷത്തോളം കര്‍ഷകരാണ് ജില്ലാ സഹകരണ ബാങ്കുകളെ ആശ്രയിക്കുന്നത്.

സഹകരണ ബാങ്കുകളില്‍ 500, 1000 നോട്ടുകള്‍ മാറ്റുന്നതിനോ നിക്ഷേപം സ്വീകരിക്കുന്നതിനോ വിലക്കേര്‍പ്പെടുത്തിയ നടപടി, കര്‍ഷകരെ സംബന്ധിച്ച് വലിയ ദ്രോഹമായിരിക്കുകയാണ്. റാബി സീസണിലെ കൃഷി അവതാളത്തിലാവുമെന്ന ആശങ്കയിലാണ് അവര്‍. ലക്ഷക്കണക്കിന് കര്‍ഷകരുടേയും തൊഴിലാളികളുടേയും അക്കൗണ്ടുകള്‍ സഹകരണ ബാങ്കുകളിലാണ്. ഇത്തവണത്തെ കൃഷി സംബന്ധിച്ചുള്ള തങ്ങളുടെ എല്ലാ പ്രതീക്ഷകളേയും തകര്‍ക്കുന്നതാണ് കേന്ദ്രസര്‍ക്കാര്‍ നടപടിയെന്ന് സദോലി ഗ്രാമത്തില്‍ നിന്നുള്ള കര്‍ഷകന്‍ രാജേന്ദ്ര പാട്ടീല്‍ പറയുന്നു. കയ്യിലുള്ള പണം എങ്ങനെ ഉപയോഗിക്കണമെന്ന് മനസിലാവുന്നില്ല. ഇത് വീട്ടു ചെലവുകള്‍ക്ക് ഉപയോഗിക്കണോ അതോ കൃഷി ആവശ്യത്തിന് ഉപയോഗിക്കണോ എന്ന കാര്യമാണ് ആലോചിക്കുന്നത്. ഞങ്ങള്‍ക്ക് അക്കൗണ്ടുള്ള സഹകരണ ബാങ്കുകള്‍ പണം സ്വീകരിക്കുകയോ നോട്ട് മാറ്റിത്തരുകയോ ചെയ്യുന്നില്ല. ബാങ്കില്‍ മതിയായ പണമില്ലാത്തതു കൊണ്ട് ഞങ്ങള്‍ക്ക് ഞങ്ങളുടെ കാശ് പിന്‍വലിക്കാന്‍ കഴിയുന്നില്ല – രാജേന്ദ്ര പാട്ടീല്‍ പറയുന്നു.

31 ഡിസിസി ബാങ്കുകളിലായി 3000 കോടി രൂപയാണ് നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തിന് ശേഷമുള്ള ആദ്യ മൂന്ന് ദിവസങ്ങളില്‍ നിക്ഷേപമായി വന്നത്. പിന്നീടാണ് സഹകരണ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് വിലക്കേര്‍പ്പെടുത്തിയത്. ആദ്യ മൂന്ന് ദിവസം 650 കോടി രൂപ വന്നതായും എന്നാല്‍ ഇത് സ്വീകരിക്കാന്‍ വാണിജ്യ ബാങ്കുകള്‍ വിസമ്മതിക്കുകയാണ് ചെയ്തതെന്നും പൂനെ ഡിസിസി ഡയറക്ടര്‍ ദിലീപ് മൊഹിതെ പറയുന്നു. 270 ഡിസിസി ശാഖകള്‍ പ്രവര്‍ത്തനം നിര്‍ത്തി വച്ചിരിക്കുകയാണ്. ഒസ്മാനാബാദ് ജില്ലാ സഹകരണ ബാങ്കിന്‌റെ 98 ബ്രാഞ്ചുകളില്‍ നിന്നായി ഒരു കോടി രൂപ സമാഹരിച്ചിരുന്നു.

          
ഗുജറാത്തില്‍ അഗ്രികള്‍ച്ചറല്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റിംഗ് കമ്മിറ്റികളില്‍  (എപിഎംസി) ഭൂരിഭാഗത്തിന്‌റേയും പ്രവര്‍ത്തനം നിലച്ചിരിക്കുന്നു. 207 എപിഎംസികളാണ് സംസ്ഥാനത്തുള്ളത്. ഭക്ഷ്യധാന്യങ്ങളവും പച്ചക്കറികളും മറ്റും വാങ്ങുന്നവരുടെ എണ്ണം കുറഞ്ഞത് തന്നെ കാരണം. പ്രവര്‍ത്തനം എന്ന് പുനരാരംഭിക്കാന്‍ കഴിയുമെന്ന് അറിയില്ലെന്നാണ് ജുനഗഡിലെ എപിഎംസി ഭാരവാഹി പറയുന്നത്. വിത്തുകള്‍ക്കും കീടനാശിനികള്‍ക്കും വേണ്ടിയോ തൊഴിലാളികള്‍ക്ക് കൂലി കൊടുക്കാനോ കര്‍ഷകരുടെ കയ്യില്‍ പണമില്ല. 18 സഹകരണ ബാങ്കുകളുടെ ഉഭോക്താക്കളായ ലക്ഷക്കണക്കിന് കര്‍ഷകരാണ്. സ്ഥിതിഗതികള്‍ അടുത്ത ആഴ്ചയെങ്കിലും മാറിയില്ലെങ്കില്‍ സംഗതി കൈവിട്ടു പോകുമെന്ന തിരിച്ചറിവ് സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ക്കുമുണ്ട്. ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് നിക്ഷേപം സ്വീകരിക്കാനും നോട്ട് മാറ്റി നല്‍കാനും അനുമതി നല്‍കണമെന്ന് കേന്ദ്രസര്‍ക്കാരിനോടും ആര്‍ബിഐയോടും ഗുജറാത്ത് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ബംഗാളില്‍ സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനം സ്തംഭിച്ചിരിക്കുകയാണ്. പൊതുമേഖലാ ബാങ്കുകളില്‍ നിന്ന് ആവശ്യമായ പണം ലഭിക്കാത്തതിനാല്‍ വായ്പ നല്‍കാനാവാത്ത അവസ്ഥയിലാണ് ബംഗാളിലെ മൂവായിരത്തോളം വരുന്ന സഹകരണ ബാങ്ക് ശാഖകള്‍. ബാങ്കുകള്‍ കാര്‍ഷിക വായ്പ നല്‍കാത്തതിനാല്‍ കിസാന്‍ ക്രെഡിറ്റ് കാഡുള്ളവര്‍ക്ക് ലോണ്‍ നല്‍കുന്ന പദ്ധതി നിര്‍ത്തി വച്ചിരിക്കുകയാണെന്ന് കൃഷി വകുപ്പ് അറിയിച്ചു. നവംബര്‍ ഏഴ് മുതല്‍ ഡിസംബര്‍ ഏഴ് വരെയാണ് പദ്ധതി ഉദ്ദേശിച്ചിരുന്നത്.

ബംഗാളിലെ 3,345 ഗ്രാമ പഞ്ചായത്തുകളില്‍ രണ്ടായിരത്തോളം പഞ്ചായത്തുകള്‍ പണ നിക്ഷേപത്തിനും ഇടപാടുകള്‍ക്കും സഹകരണ ബാങ്കുകളെ മാത്രമാണ് ആശ്രയിക്കുന്നത് . അക്കൗണ്ടുള്ളവരില്‍ കൂടുതലും കര്‍ഷകരാണ്. സംസ്ഥാനത്ത് രണ്ട് കോടിയോളം പേര്‍ക്കാണ് സഹകരണ ബാങ്കുകളില്‍ അക്കൗണ്ടുള്ളത്. അസാധുവാക്കിയ നോട്ട് മാറ്റി നല്‍കാന്‍ സഹകരണ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്കിന്‌റെ അനുമതിയില്ലാത്തതിനാല്‍ 500, 1000 നോട്ടുകള്‍ സ്വീകരിക്കാന്‍ കഴിയുന്നില്ല. സാധാരണയായി ഒരു ദിവസം 10ലക്ഷം രൂപ വരെ പൊതുമേഖലാ ബാങ്കുകളില്‍ നിന്ന് എടുക്കാറുണ്ടെന്ന് ബിര്‍ഭൂമിലെ രാംപുര്‍ഹട്ടിലുള്ള സഹകരണ ബാങ്കിന്‌റെ മാനേജര്‍ പറയുന്നു. എന്നാല്‍ ഒരാഴ്ചയായി ആകെ ലഭിച്ചത് എട്ട് ലക്ഷം രൂപയാണ്. വായ്പയ്ക്കായുള്ള കര്‍ഷകരുടെ ആവശ്യത്തിന് ഇത് മതിയാവില്ല.

സഹകരണ ബാങ്കുകള്‍ നോട്ടുകള്‍ സ്വീകരിക്കാത്തതിനാല്‍ ഏറെ ദൂരെയുള്ള മറ്റ് ബാങ്കുകളിലേയ്ക്ക് ഗ്രാമീണര്‍ക്ക് പോവേണ്ടി വരുന്നു. ഇത് അവരുടെ ജോലിയേയും ദൈനംദിന ജീവിതത്തെയും ബാധിച്ചിട്ടുണ്ട്. ഇത് ഗ്രാമീണ സമ്പദ് വ്യവസ്ഥയെ ആകെ തകര്‍ക്കുകയാണെന്ന് സഹകരണ വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. വായ്പ ലഭിക്കാത്തത് റാബി സീസണിലെ കൃഷിയെ പ്രതികൂലമായി ബാധിക്കും. സാധാരണ ഈ സീസണില്‍ 10 ഹെക്ടറില്‍ നടത്തുന്ന കൃഷി പുതിയ സാഹചര്യത്തില്‍ ഏഴ് ഹെക്ടറിലേയ്ക്കും താഴെ പോവുമെന്നാണ് കരുതുന്നത്.

ഷെയ്ഖ് നിജാമുദീന്‍ എന്ന കര്‍ഷകന്‍ ഖാരിഫ് (മണ്‍സൂണ്‍) സീസണായി 25,000 രൂപ സഹകരണ ബാങ്കില്‍ നിന്ന് കടമെടുത്തിരുന്നു. 1000, 500 രൂപ രൂപ നോട്ടുകളായി 27,000 രൂപ നിജാമുദീന്‍ സംഘടിപ്പിച്ചിരുന്നു. കടുക്, ഉരുളക്കിഴങ്ങ് കൃഷികള്‍ക്കായി 48,000 രൂപ വായ്‌പെ എടുക്കാനിരിക്കുകയായിരുന്നു നിജാമുദീന്‍. 20 കിലോമീറ്റര്‍ ദൂരെയുള്ള പൊതുമേഖലാ ബ്ാങ്കുകളില്‍ പോയിട്ടും പണം കിട്ടിയില്ലെന്ന് നിജാമുദീന്‍ പറഞ്ഞു. ഒരാഴ്ചയ്ക്കുള്ളില്‍ വായ്പ കിട്ടിയില്ലെങ്കില്‍ ഇക്കൊല്ലത്തെ കൃഷി അവതാളത്തിലാകുമെന്നും നിജാമുദീന്‍ കൂട്ടിച്ചേര്‍ത്തു.

തമിഴ്‌നാട്ടിലെ പ്രൈമറി അഗ്രികള്‍ച്ചറല്‍ കോ ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റികളേയും (പിഎസിസിഎസ്) ജില്ലാ സഹകരണ ബാങ്കുകളേയും കേന്ദ്രസര്‍ക്കാരിന്‌റേയും റിസര്‍വ് ബാങ്കിന്‌റേയും തീരുമാനം കാര്യമായി ബാധിച്ചിട്ടുണ്ട്. സംസ്ഥാനത്തെ 23 ജില്ലാ സഹകരണ ബാങ്കുകളിലെ 813 ശാഖകളിലായി ലക്ഷക്കണക്കിനാളുകള്‍ക്ക് അക്കൗണ്ടുണ്ട്. ഇവരെയെല്ലാം തീരുമാനം പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. കാര്‍ഷിക വിളകള്‍ക്ക് നല്‍കുന്ന ലോണാണ് കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റികള്‍ നല്‍കുന്നതില്‍ പ്രധാനപ്പെട്ടത്. പുതിയ തീരുമാനത്തെ തുടര്‍ന്ന് കര്‍ഷകര്‍ക്ക് വായ്പ തിരിച്ചടക്കാന്‍ സാധിക്കുന്നില്ല. സാമ്പ വിളയുടെ സീസണ്‍ തുടങ്ങിയിരിക്കുന്നു. നിക്ഷേപം സ്വീകരിക്കാന്‍ കഴിയാത്തതും വായ്പ നല്‍കാനാവാത്തതും സഹകരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം സ്തംഭിപ്പിച്ചിരിക്കുകയാണ്.

കേരളത്തിലെ സഹകരണ മേഖല ഭൂരിഭാഗവും ഇടതുപക്ഷത്തിന്റെയും  പ്രത്യേകിച്ച് സിപിഎമ്മിന്‌റേയും ബാക്കിയുള്ളവ കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികളുടേയും നിയന്ത്രണത്തിലാണ് എന്നതിനാല്‍ കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തിന് ചില രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഉണ്ട് എന്ന ആരോപണംഉയര്‍ന്നു കഴിഞ്ഞു.  പുതിയ നീക്കം തകര്‍ക്കാന്‍ പോവുന്നത് ഈ നാട്ടിലെ കള്ളപ്പണക്കാരെയല്ല. മറിച്ച് രാജ്യത്തെ മുഴുവന്‍ സഹകരണ മേഖലയേയും അതിനെ വലിയ തോതില്‍ ആശ്രയിച്ച് ജീവിക്കുന്ന സാധാരണ കര്‍ഷകരേയും തൊഴിലാളികളേയുമാണ്. ഇത്തരത്തില്‍ ഇന്ത്യന്‍ ഗ്രാമങ്ങളുടെ സമ്പദ് വ്യവസ്ഥയെ തകര്‍ക്കുന്ന തുഗ്ലക് നയമാണ് സഹകരണ മേഖലയോട് മോദിയും ബിജെപിയും സ്വീകരിച്ചിരിക്കുന്നത്.

തങ്ങളുടെ അദ്ധ്വാനം കൊണ്ട് ഉണ്ടാക്കിയ സമ്പാദ്യവും അതിജീവനം സംബന്ധിച്ച പ്രതീക്ഷകളും തകര്‍ക്കുന്നവര്‍ തങ്ങളുടെ പിന്തുണ അവകാശപ്പെടുമ്പോള്‍ അതിനെ ഈ നാട്ടിലെ ജനങ്ങള്‍ എങ്ങനെ നേരിടാന്‍ പോകുന്നു എന്നത് പ്രസക്തമായ ചോദ്യമാണ്. ഇത്രയൊക്കെ പ്രശ്‌നങ്ങളുണ്ടെങ്കില്‍ ജനം എന്തുകൊണ്ട് തെരുവിലിറങ്ങുന്നില്ല എന്നാണ് പ്ലാസ്റ്റിക് മണിയുടെ ധൈര്യത്തില്‍ ജീവിക്കുന്ന ചിലരുടെ സംശയം. കണ്ണ് തുറന്ന് നോക്കൂ അവര്‍ എല്ലായ്‌പോഴും തെരുവില്‍ തന്നെയുണ്ട്. അവരുടെ ക്ഷമ പരീക്ഷിക്കരുത്.

(അഴിമുഖം സബ് എഡിറ്ററാണ് ലേഖകന്‍)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍