UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സഹകരണബാങ്കുകളെ പൂട്ടിക്കാനുള്ള സംഘപരിവാര്‍ ശ്രമത്തിന് പിന്നില്‍ സവര്‍ണ അജണ്ടയുമുണ്ട്

അഡ്വ. ടി കെ സുജിത്ത്

സഹകരണ സംഘങ്ങള്‍ കള്ളപ്പണത്തിന്റെ കേന്ദ്രങ്ങളെന്ന പ്രചരണത്തിന് എത്രകണ്ട് സാംഗത്യമുണ്ട് ? കള്ളപ്പണക്കാര്‍ക്കുവേണ്ടി സംഘടിപ്പിക്കപ്പെട്ടതാണോ സഹകരണസംഘങ്ങള്‍? സഹകരണ സംഘങ്ങളിലെ ലീഗല്‍ അഡ്വൈസര്‍ എന്ന ജോലിക്കിടയില്‍ ബോധ്യപ്പെട്ട വ്യത്യസ്തമായ ചിലതുകൂടി ഈ ചര്‍ച്ചകളില്‍ ഉന്നയിക്കേണ്ടതുണ്ടെന്ന് കരുതുന്നു.

സഹകരണ സംഘങ്ങളില്‍ പരിശോധനയ്ക്കായി വരുന്ന പ്രമാണങ്ങളില്‍ 90 ശതമാനത്തിലധികവും അഞ്ചും പത്തും സെന്റ് ഭൂമിയായിരിക്കും. അവയില്‍ തന്നെ മിക്കവയും വായ്പക്കാരന് കുടികിടപ്പായി കിട്ടിയതുമായിരിക്കും. പ്രധാനപ്പെട്ട സംഗതി ഈ വസ്തുക്കളുടെ ബാധ്യതാ സര്‍ട്ടിഫിക്കറ്റ് (നോണ്‍ ലയബിലിറ്റി സര്‍ട്ടിഫിക്കറ്റ്) പരിശോധിക്കുമ്പോള്‍ ഈ വസ്തു സ്ഥിരമായി പണയപ്പെടുത്തി വരുന്നതായി കാണാമെന്നതാണ്. ഇപ്രകാരം സ്ഥിരമായി പണയപ്പെടുത്തുന്നത് മറ്റാര്‍ക്കുമായിരിക്കില്ല, അപ്പോള്‍ പണയം വെയ്ക്കാന്‍ പോകുന്ന അതേ ബാങ്കിന് തന്നെയായിരിക്കും. അതായത്, ഓരോ തവണയും കല്യാണത്തിനും ചികിത്സയ്കും മക്കളുടെ വിദ്യാഭ്യാസത്തിനും വിദേശത്ത് ജോലിക്ക് പോകുന്നതിനും ഒക്കെയായി അവര്‍ ഒരേ വസ്തു ഇങ്ങനെ സ്ഥിരമായി സഹകരണ ബാങ്കില്‍ പണയപ്പെടുത്തിക്കൊണ്ടിരിക്കുകയാണ് എന്നാണ് ബാദ്ധ്യതാ സര്‍ട്ടിഫിക്കറ്റ് വിളിച്ച് പറയുന്നത്.

ഇങ്ങനെ ഒരു തവണ സഹകരണ സംഘത്തില്‍ അല്ലെങ്കില്‍ ബാങ്കില്‍ പണയപ്പെടുത്തുന്ന വസ്തു വായ്പ പൂര്‍ണ്ണമായും അടച്ച് തീര്‍ന്നാലും ഒഴികുറി ആധാരം നടത്തി തിരികെ എടുക്കാത്തവരും ധാരാളമുണ്ട്. ബാദ്ധ്യതാസര്‍ട്ടിഫിക്കറ്റ് പരിശോധിക്കുമ്പോള്‍ അതും കാണാനാകും. ഈ വായ്പക്കാര്‍ക്കറിയാം ഇനിയും ഞങ്ങളെ സഹായിക്കേണ്ടത് ഈ ബാങ്കാണെന്നും ഇങ്ങോട്ട് തന്നെയാണ് ഇനിയും വരേണ്ടതെന്നും. അതുകൊണ്ട് തന്നെ വായ്പ അടച്ച് തീര്‍ന്നെന്നു കരുതി പ്രമാണം തിരികെ വാങ്ങുന്നതിനുള്ള ഒഴുകുറി നടത്തി പ്രമാണവും കൊണ്ട് വീട്ടില്‍ പോകണമെന്ന് അവര്‍ പലപ്പോഴും ശ്രമിക്കാറില്ല. ഇത് കാണുമ്പോള്‍, വീട്ടില്‍ അടച്ചുറപ്പുള്ള അലമാരിയൊന്നും ഇല്ലാത്ത പാവങ്ങള്‍ പ്രമാണം സൂക്ഷിക്കാനുള്ള ഒരിടമായി സഹകരണ സ്ഥാപനങ്ങളെ കാണാറുണ്ടോ എന്ന് പോലും ചിലപ്പോള്‍ തോന്നാറുണ്ട്.

പരിശോധനയ്കായി ആളുകള്‍ ഹാജരാക്കുന്ന രേഖകള്‍ മിക്കപ്പോഴും തന്‍വര്‍ഷത്തെ ആയിരിക്കില്ല. അതായത് 2014 ല്‍ പണയം വെച്ചപ്പോള്‍ അവര്‍ എടുത്ത പോസ്സഷന്‍, നോണ്‍ അറ്റാച്ച്‌മെന്റ് തുടങ്ങിയ അതേ സര്‍ട്ടിഫിക്കറ്റുകള്‍ തന്നെയാവും 2016ലും അവര്‍ ഹാജരാക്കുക. ഇതേക്കുറിച്ച് ചോദിച്ചാല്‍ പറയുക, സ്ഥലം ബാങ്കിലിരിക്കുകല്ലേ സാറേ… ഞങ്ങളിത് പിന്നെ ആര്‍ക്ക് വില്‍ക്കാനാ… സാറിനെ 2014 ല്‍ പഴയ സര്‍ട്ടിഫിക്കറ്റ് കാണിച്ചപ്പോള്‍ ഉണ്ടായിരുന്ന അതേ അവസ്ഥയില്‍ തന്നെയാണ് ഞങ്ങളുടെ സ്ഥലം ഇപ്പോഴും… പുതിയ സര്‍ട്ടിഫിക്കറ്റ് എന്നൊക്കെ പറഞ്ഞ് ഇനിയും വില്ലേജ് ഓഫീസില്‍ കയറിയിറങ്ങാന്‍ രക്ഷയില്ല സാറേ… അതിനായി ഒരു ദിവസത്തെ പണി കളയണം ഇങ്ങനെയൊക്കെ ആയിരിക്കും അവരുടെ ന്യായം. എന്നാല്‍ അത് പറ്റില്ല, നിയമപ്രകാരം എനിക്ക് പുതിയ രേഖകള്‍ കിട്ടിയേ മതിയാകൂ എന്ന് വാശിപിടിച്ചാല്‍ അപ്പോള്‍ തന്നെ സെക്രട്ടറിയുടെയോ, പ്രസിഡന്റിന്റെയോ വിളിവരും.. അതെങ്ങനെയെങ്കിലും ശരിയാക്കി കൊടുക്ക് വക്കീലേ, പാവങ്ങളാ…

ഇങ്ങനെ പാവങ്ങളെ അറിഞ്ഞ്, അവരോടൊപ്പം നില്‍ക്കുന്ന ഒരു സംവിധാനത്തെ പൂട്ടിക്കെട്ടണം എന്ന സംഘപരിവാര്‍ ബുദ്ധി അപാരമായ ബുദ്ധി തന്നെയാണ്. കൃത്യമായും ഒരു സവര്‍ണ അജണ്ടയാണ് അതിന് പിന്നിലൊളിഞ്ഞിരിക്കുന്നതെന്ന് ചെറുതായിട്ട് ആലോചിച്ചാല്‍ തന്നെ മനസ്സിലാക്കാം. പാവങ്ങളെ ദളിതരെയും പിന്നോക്കക്കാരെയും ന്യൂനപക്ഷങ്ങളെയും സാമ്പത്തികമായി ഉയരാന്‍ അനുവദിക്കരുത് അതുവഴി അവരുടെ സാമൂഹ്യ സാഹചര്യത്തില്‍ മാറ്റം വരുത്താന്‍ അനുവദിക്കരുത്. ഇതാണവരുടെ യഥാര്‍ത്ഥ അജണ്ട. അവരുടെ അഞ്ചു സെന്റും പത്തു സെന്റും പണയപ്പെടുത്തിയാല്‍ മാത്രമാണ് പാവങ്ങള്‍ക്ക് ആദ്യമേ സൂചിപ്പിച്ച വിശേഷ കാര്യങ്ങള്‍ സാധിച്ചെടുക്കാനാകുക- വിദ്യാഭ്യാസത്തിനും തൊഴിലിനുമായി പുതിയ ചക്രവാളങ്ങള്‍ തേടാനുക. അവര്‍ക്ക് എടുത്ത് ചിലവാക്കാന്‍ കുടുംബസ്വത്തും നിക്ഷേപവുമില്ല. അവരുടെ നട്ടല്ല് നിവര്‍ത്തിയുള്ള നിലനില്‍പ്പിന്റെ സാമ്പത്തിക സ്രോതസ്സുകളിലൊന്ന്. അതിനെ ഇല്ലാതാക്കണം. തങ്ങളുടെ ജാതീയമായ മേധാവിത്വം അഭംഗുരം തുടരാനുള്ള സാഹചര്യം ഒരുങ്ങണം. അതാണ് യഥാര്‍ത്ഥ ലക്ഷ്യം.

ഇന്‍കംടാക്‌സിന് വിവരം കൊടുക്കുന്നതും കൊടുക്കാത്തതും ഒന്നും അവരുടെ പ്രശ്‌നമല്ല. ഇന്ത്യയില്‍ ടാക്‌സ് സംബന്ധമായ വിവരങ്ങള്‍ ഒളിപ്പിച്ച് വെയ്കാനും നിഷേധിക്കാനും ഒരു സ്ഥാപനത്തിനും കഴിയില്ല എന്നത് മറ്റാരേക്കാളും നന്നായി സംഘ പരിവാര്‍ നേതാക്കള്‍ക്കറിയാം. പക്ഷേ, പ്രത്യക്ഷത്തില്‍ സത്യമെന്ന് തോന്നിക്കുന്ന- നോട്ട് പിന്‍വലിച്ചാല്‍ കള്ളപ്പണക്കാര്‍ ആത്മഹത്യ ചെയ്യേണ്ടിവരും എന്നതിന് സമാനമായ പ്രചരണങ്ങളിലൂടെ, പ്രചരണങ്ങളില്‍ മാത്രം വിശ്വസിക്കുന്ന, യുക്തിയെ വെടിഞ്ഞ ഒരു ജനതയെ കബളിപ്പിക്കാം എന്ന് ഗീബല്‍സിന്റെ മക്കള്‍ക്ക് നന്നായിട്ടറിയാം. അത് വിജയിക്കുകയും സഹകരണ പ്രസ്ഥാനം തകരുകയും ചെയ്താല്‍ അത് കേരളത്തിന്റെ സാമൂഹ്യസുരക്ഷയുടെ തന്നെ അസ്ഥിവാരമിളക്കും എന്നതില്‍ സംശയമില്ല.

(എറണാകുളം ‘The Lex-Loci Associates’ എന്ന അഭിഭാഷക സ്ഥാപനത്തിലെ സീനിയര്‍ അസോസിയേറ്റാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍