UPDATES

സഹകരണ മേഖലയിലേക്ക് മാത്രമൊതുക്കുന്ന കള്ളപ്പണ പ്രതിസന്ധികള്‍; പിന്നിലെന്ത്?

സംസ്ഥാനത്തെ 70 സഹകരണ ബാങ്കുകള്‍ കേന്ദ്ര ധനമന്ത്രാലയത്തിന് കീഴിലുള്ള ഫിനാന്‍ഷ്യന്‍ ഇന്‌റലിജന്‍സ് യൂണിറ്റിന്‌റെ (എഫ്.ഐ.യു) നിരീക്ഷണത്തിലാണെന്നാണ് റിപ്പോര്‍ട്ട്

സഹകരണ ബാങ്കുകള്‍ക്ക് മറ്റ് ബാങ്കുകള്‍ക്കെന്ന പോലെ നോട്ട് വിനിമയത്തിന് അനുമതി നല്‍കണമെന്ന് നിര്‍ദ്ദേശം നല്‍കിയ സുപ്രീം കോടതി, ഇത് സര്‍ക്കാരിന്‌റെ നയപരമായ കാര്യമായതിനാല്‍ ഉത്തരവിടുന്നില്ലെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ ജില്ലാ സഹകരണ ബാങ്കുകള്‍, പ്രാഥമിക സഹകരണ ബാങ്കുകള്‍ തുടങ്ങിയവയെ സംബന്ധിച്ച് ഒട്ടും സുഖകരമല്ല കാര്യങ്ങളെന്നാണ് ഇപ്പോള്‍ നടക്കുന്ന സംഭവങ്ങള്‍ വ്യക്തമാക്കുന്നത്. സംസ്ഥാനത്തെ 70 സഹകരണ ബാങ്കുകള്‍ കേന്ദ്ര ധനമന്ത്രാലയത്തിന് കീഴിലുള്ള ഫിനാന്‍ഷ്യന്‍ ഇന്‌റലിജന്‍സ് യൂണിറ്റിന്‌റെ (എഫ്.ഐ.യു) നിരീക്ഷണത്തിലാണെന്നാണ് റിപ്പോര്‍ട്ട്.

കൊല്ലം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് റെയ്ഡ് നടന്നത്. കൊല്ലം, മലപ്പുറം ജില്ലാ സഹകരണ ബാങ്കുകളിലെ റെയ്ഡില്‍ എഫ് ഐ യുവിന്‌റെ നിഗമനം ശരിവയ്ക്കുന്ന തരത്തിലുള്ള കണ്ടെത്തലുകളാണ് നടത്തിയിരിക്കുന്നത് എന്നാണ് സിബിഐ സംഘം പറയുന്നത്. ഈ ബാങ്കുകളില്‍ നോട്ട് പിന്‍വലിക്കല്‍ പ്രഖ്യാപനത്തെ തുടര്‍ന്നുള്ള ദിവസങ്ങളില്‍ വന്‍ തോതില്‍ അനധികൃത നിക്ഷേപം വന്നതായാണ് ആരോപണം. നവംബര്‍ 10 മുതല്‍ 14 വരെയുള്ള തീയതികളിലാണിത്. ആദായ നികുതി വകുപ്പും എന്‍ഫോഴ്‌സ്‌മെന്‌റ് ഡയറക്ടറേറ്റും സിബിഐയും ചേര്‍ന്നുള്ള സംഘം കൂടുതല്‍ പരിശോധനകള്‍ക്ക് ഒരുങ്ങുകയാണ്. മലപ്പുറം ജില്ലാ സഹകരണ ബാങ്കില്‍ ഈ ദിവസങ്ങളില്‍ 266 കോടി രൂപ രേഖകളില്ലാതെ നിക്ഷേപിക്കപ്പെട്ടിരിക്കുന്നതായാണ് സിബിഐയുടെ ആദ്യ കണ്ടെത്തല്‍. മലപ്പുറം ജില്ലാ സഹകരണ ബാങ്കിന് കീഴിലുള്ള ആറ് പ്രാഥമിക ബാങ്കുകളിലെ ഉദ്യോഗസ്ഥര്‍ക്ക് ചോദ്യം ചെയ്യലിന് ഹാജരാവാന്‍ സിബിഐ നോട്ടീസ് നല്‍കിയിട്ടുണ്ട്. 1000-ത്തോളം അക്കൗണ്ടുകളെ പറ്റിയാണ് പ്രധാനമായും അന്വേഷിക്കുന്നത്.

പണം നിക്ഷേപിച്ച ദിവസം തന്നെയാണ് അക്കൗണ്ട് തുടങ്ങിയിരിക്കുന്നത് എന്ന വിവരം കള്ളപ്പണ നിക്ഷേപത്തിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നതെന്നാണ് സിബിഐയുടെ നിഗമനം. പല അക്കൗണ്ടുകള്‍ക്കും കെവൈസി അടക്കം അക്കൗണ്ട് തുറക്കുന്നതിന് ആവശ്യമായ ഫോമുകളില്ല. പലതിനും തിരിച്ചറിയല്‍ രേഖകളും ഫോട്ടോയുമില്ല. നിക്ഷേപങ്ങള്‍ക്ക് ക്രെഡിറ്റ് വൗച്ചറുകള്‍ സൂക്ഷിക്കാറില്ലെന്നാണ് പ്രാഥമിക ബാങ്കുകള്‍ പറയുന്നത്. ഇത് ബാങ്കിംഗ് ചട്ടങ്ങളുടെ ലംഘനമാണെന്നും സിബിഐ ആരോപിക്കുന്നു. എന്നാല്‍ നോട്ട് പിന്‍വലിക്കല്‍ പ്രഖ്യാപനത്തിന് മുമ്പ് തന്നെ 97 കോടി രൂപയുടെ നിക്ഷേപമുണ്ടായിരുന്നതായി മലപ്പുറം ജില്ലാ സഹകരണ ബാങ്ക് അറിയിച്ചതോടെ ബാക്കി 169 കോടി രൂപയെപ്പറ്റിയാണ് ഇപ്പോള്‍ സിബിഐ അന്വേഷിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

mlp

അതേസമയം നിക്ഷേപകര്‍ക്ക് എത്ര തുക വേണമെങ്കിലും നിക്ഷേപിക്കാമെന്നും കള്ളപ്പണമുണ്ടെങ്കില്‍ അതിന് മറുപടി പറയാനുള്ള ബാദ്ധ്യത പണം നിക്ഷേപിക്കുന്നവര്‍ക്കാണെന്നും ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്‌റ് എ അഹമ്മദ് കുട്ടി അഴിമുഖത്തോട് വ്യക്തമാക്കി. “97 കോടി രൂപയ്ക്ക് പുറമെ 54 ശാഖകളില്‍ നിന്നായി പിന്നീട് 85 കോടി രൂപ എത്തിയിരുന്നു. പ്രാഥമിക ബാങ്കുകളില്‍ നിന്നും സൊസൈറ്റികളില്‍ നിന്നുമായി 84 കോടി രൂപയും എത്തി. കെവൈസി ഫോമുകള്‍ അടക്കം ചട്ടങ്ങള്‍ കൃത്യമായി പാലിച്ച് തന്നെയാണ് അക്കൗണ്ടുകള്‍ തുടങ്ങുന്നത്. സിബിഐ ഉദ്യോഗസ്ഥര്‍ക്ക് ഇക്കാര്യങ്ങള്‍ ബോദ്ധ്യപ്പെട്ടിട്ടുണ്ട്. സഹകരണ ബാങ്കുകളില്‍ ഇതിന് മുമ്പും നബാഡ് അടക്കം കൃത്യമായ ഇടവേളകളില്‍ പരിശോധന നടത്തുന്നുണ്ട്. ഈ പരിശോധനകളിലോ സിബിഐയുടെ പരിശോധനയിലോ യാതൊരു ക്രമക്കേടും കണ്ടെത്തിയിട്ടില്ല. ബിജെപി അടക്കമുള്ള പാര്‍ട്ടികളാണ് വ്യാജ പ്രചാരണങ്ങള്‍ക്ക് പിന്നിലെ”ന്നും അദ്ദേഹം ആരോപിച്ചു.

ബിജെപിയുടെ സങ്കുചിത രാഷ്ട്രീയ താല്‍പര്യങ്ങളാണ് സഹകരണ ബാങ്കുകളിലെ റെയ്ഡിന് പിന്നിലെന്ന് കടകമ്പള്ളി ആരോപിച്ചു. തന്‌റെ രക്തത്തിന് വേണ്ടി ദാഹിക്കുകയാണ് ബിജെപി നേതാക്കളെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഗുജറാത്തില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ ബാങ്കുകളിലടക്കം റെയ്ഡ് നടന്നത് ചൂണ്ടിക്കാട്ടിയാണ് ഈ ആരോപണത്തെ ബിജെപി നേതാക്കള്‍ നേരിടുന്നത്.

സഹകരണ മേഖലയെ സ്തംഭിപ്പിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടികളുടെ പിന്നിലെ രാഷ്ട്രീയ താല്‍പര്യം വ്യക്തമാണെങ്കിലും സഹകരണ മേഖലയുമായി ബന്ധപ്പെട്ട് തുടരുന്ന പ്രതിസന്ധിയും പ്രശ്‌നങ്ങളും സങ്കീര്‍ണമാണെന്ന കാര്യത്തില്‍ സംശയമില്ല. അതേസമയം സഹകരണ ബാങ്കുകളിലെ നിക്ഷേപം സംബന്ധിച്ചും ഇടപാടുകള്‍ സംബന്ധിച്ചും ധാരാളം പരാതികള്‍ നോട്ട് പിന്‍വലിക്കല്‍ നടപടിക്ക് മുമ്പ് തന്നെ ഉണ്ട് എന്ന കാര്യത്തില്‍ സംശയമില്ല. മറ്റെല്ലാ മേഖലകളിലേയും പോലെ സഹകരണ മേഖലയിലും അഴിമതിയുണ്ട് എന്ന കാര്യത്തിലും തര്‍ക്കമില്ല. ഇത് പരിശോധിക്കപ്പെടുകയും ക്രമക്കേടുകള്‍ക്ക് എതിരെ ആവശ്യമായ നടപടി സ്വീകരിക്കുകയും വേണം. പക്ഷെ മറ്റ് പല ഘടകങ്ങളും നിലവിലെ സഹകരണ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ട് എന്നത് വ്യക്തമാണ്.

katakam-1

നോട്ട് നിരോധന നടപടി വലിയ പരാജയത്തിലേയ്ക്ക് നീങ്ങുന്ന സാഹചര്യത്തില്‍ അതിനെ മറയ്ക്കാനായി നടത്തുന്ന പ്രതിച്ഛായാ നിര്‍മ്മിതിയുടെ ഭാഗമായാണ് സഹകരണ മേഖല കേന്ദ്രീകരിച്ചുള്ള നീക്കങ്ങളെന്ന് മഹാരാജാസ് കോളേജിലെ സാമ്പത്തികവിഭാഗം മുന്‍ തലവന്‍ മാര്‍ട്ടിന്‍ പാട്രിക് അഭിപ്രായപ്പെട്ടു. “സഹകരണ മേഖലയിലെ ക്രമക്കേടുകള്‍ പിടിക്കപ്പെടുന്നെങ്കില്‍ അതിനെ എതിര്‍ക്കേണ്ട കാര്യമില്ല. ആദ്യഘട്ടത്തില്‍ ആദായ നികുതി വകുപ്പിന്‌റെ പരിശോധന തടയാനുള്ള ശ്രമങ്ങള്‍ പല ഭാഗത്തും ഉണ്ടായതും പരിശോധന കൂടുതല്‍ ശക്തമാക്കാന്‍ പ്രകോപനമായിട്ടുണ്ട്. മറ്റൊന്ന് രാഷ്ട്രീയ താല്‍പര്യങ്ങളാണ്. കേരളത്തില്‍ മുഖ്യധാരാ രാഷ്ട്രീയവുമായി ഇഴചേര്‍ന്നു നില്‍ക്കുന്ന സഹകരണ മേഖലയില്‍ ഒന്നുകില്‍ അധീശത്വം നേടുകയോ ഇല്ലെങ്കില്‍ തകര്‍ക്കുകയോ ബിജെപിയെ സംബന്ധിച്ച് പ്രധാനമാണ്. സഹകരണ മേഖലയിലേയ്ക്ക് കടന്നുകയറാന്‍ കഴിയാത്തതിനാല്‍ അതിനെ തകര്‍ക്കാന്‍ ശ്രമിക്കുന്ന തരത്തിലാണ് ബിജെപിയുടെ പ്രവര്‍ത്തനങ്ങള്‍. കേരളത്തില്‍ ഒരു ഇടം ഉണ്ടാക്കി വരുന്ന ബിജെപിക്ക് ഈ നീക്കം വലിയ തിരിച്ചടിയാവാനാണ് സാദ്ധ്യത.

ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഗണിക്കാതെയും സഹകരണ മേഖലയെ പൂര്‍ണമായും അവിശ്വാസത്തിന്‌റെ നിഴലില്‍ നിര്‍ത്തിക്കൊണ്ടുമുള്ള കേന്ദ്ര സര്‍ക്കാര്‍ ഇടപെടലാണ് പ്രശ്‌നം. കേരളത്തിന്‌റെ സമ്പദ് വ്യവസ്ഥ വലിയ തോതില്‍ സഹകരണ മേഖലയെ ആശ്രയിച്ചിരിക്കുന്നു. ബഹുഭൂരിപക്ഷം പേര്‍ക്കും അക്കൗണ്ടുള്ളത് സഹകരണ മേഖലയിലാണ്. ഇത്രയും ജനങ്ങള്‍ ആശ്രയിക്കുന്ന സഹകരണ മേഖലയുടെ പ്രവര്‍ത്തനം സ്തംഭിപ്പിച്ചതാണ് ഗുരുതരമായ പ്രശ്‌നങ്ങളുണ്ടാക്കുന്നത്. എന്നാല്‍ ഇത് പരിഹരിക്കപ്പെടും എന്ന് തന്നെയാണ് കരുതുന്ന”തെന്നും മാര്‍ട്ടിന്‍ അഴിമുഖത്തോട് പറഞ്ഞു.

ഗ്രാമീണ മേഖലയിലേയ്ക്ക് കടന്ന് ചെല്ലാന്‍ കഴിയാത്ത ന്യൂജനറേഷന്‍ ബാങ്കുകള്‍ക്ക് ഇടമുണ്ടാക്കി കൊടുക്കുക എന്ന അജണ്ടയും ബാങ്കിംഗ് രംഗത്തെ സ്വകാര്യവത്കരണ ശ്രമങ്ങളും സഹകരണ പ്രതിസന്ധിക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന ആരോപണം തുടക്കം മുതലേ ശക്തമാണ്. ആക്‌സിസ് ബാങ്കില്‍ നിന്ന് വലിയ തോതില്‍ കള്ളപ്പണ നിക്ഷേപം പിടിച്ച വാര്‍ത്ത വന്നിരിക്കുന്നു. എന്‍ഫോഴ്‌സ്‌മെന്‌റ് നടത്തിയ റെയ്ഡില്‍ 89 കോടി രൂപയുടെ അനധികൃത ഇടപാടാണ് അഹമ്മദാബാദിലെ ആക്‌സിസ് ബാങ്ക് ശാഖയുമായി ബന്ധപ്പെട്ട് കണ്ടെത്തിയത്. 19 വ്യാജ അക്കൗണ്ടുകള്‍ കണ്ടെത്തി. കെവൈസി ഫോമുകള്‍ അടക്കമുള്ള ചട്ടങ്ങളൊന്നും തന്നെ പാലിക്കപ്പെട്ടിട്ടില്ലെന്നാണ് എന്‍ഫോഴ്‌സ്‌മെന്‌റ് പറയുന്നത്. നോയ്ഡയിലെ ആക്‌സിസ് ബാങ്ക് ശാഖയുമായി ബന്ധപ്പെട്ട് 60 കോടി രൂപയുടെ തട്ടിപ്പ് നടന്നതായി എന്‍ഫോഴ്‌സ്‌മെന്‌റ് പറയുന്നു. നോയ്ഡയിലും ഡല്‍ഹിയിലുമായി 63 അക്കൗണ്ടുകളും 165 കോടി രൂപയുടെ ഇടപാടുമാണ് സംശയകരമായി കണ്ടെത്തിയത്.

ആക്‌സിസ് ബാങ്കിന് പുറമെ കൊടക് മഹീന്ദ്ര ബാങ്ക് ശാഖകളിലും വ്യാജ അക്കൗണ്ടുകള്‍ കണ്ടെത്തി. ഇതിന് ആക്‌സിസ് ബാങ്ക് അക്കൗണ്ടുകളുമായി ബന്ധമുണ്ടെന്നാണ് കണ്ടെത്തല്‍. ഡല്‍ഹിയിലെ കസ്തൂര്‍ബാ ഗാന്ധി മാര്‍ഗ് ബ്രാഞ്ചിലടക്കം നിരവധി ശാഖകളില്‍ ക്രമക്കേട് കണ്ടെത്തി. മുപ്പത് കോടിയലധികം രൂപയുടെ കള്ളപ്പണ നിക്ഷേപം കൊടാക് മഹീന്ദ്ര അക്കൗണ്ടില്‍ നിന്ന് ആക്‌സിസ് ബാങ്കിലേയ്ക്ക് മാറ്റിയതായാണ് എന്‍ഫോഴ്‌സ്‌മെന്‌റ് പറയുന്നത്. വ്യാജ കമ്പനിയുടെ പേരില്‍ എട്ട് അക്കൗണ്ടുകളുണ്ട്. എന്നാല്‍ ഇത്രയൊക്കെ പ്രശ്‌നങ്ങള്‍ക്കിടയിലും കള്ളപ്പണ നിക്ഷേപവുമായി ബന്ധപ്പെട്ട ചര്‍ച്ചകളെല്ലാം സഹകരണ ബാങ്കുകളില്‍ കേന്ദ്രീകരിക്കുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍