UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സുപ്രീം കോടതിയും പറയുന്നു വിവേചനമെന്ന്; എന്നിട്ടും സംഘപരിവാരത്തിന്റെ നുണപ്രചാരണത്തിന് കുറവില്ല

Avatar

ഇന്ദു

കള്ളപ്പണവും അഴിമതിയും ഇല്ലാതാവുന്നു എന്നതാണ് നോട്ട് നിരോധനകാലത്ത് സംഘപരിവാര്‍-ബിജെപിയുടെ പ്രധാന മുദ്രാവാക്യങ്ങളില്‍ ഒന്ന്. പിന്‍വലിച്ച നോട്ടുകള്‍ മാറിയെടുക്കാനുള്ള സൗകര്യം സ്വകാര്യ ബാങ്കുകളില്‍ വരെ നല്‍കിയിട്ടും സഹകരണബാങ്കുകള്‍ക്കും സംഘങ്ങള്‍ക്കും ഇത്തരമൊരു സൗകര്യം ഒരുക്കി കൊടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായില്ല. ഇതോടെ കേരളത്തിലെ ബിജെപി നേതാക്കന്മാരും പ്രവര്‍ത്തകരും കള്ളപ്പണങ്ങളുടെ കേന്ദ്രങ്ങളാണ് സഹകരണബാങ്കുകളും സംഘങ്ങളുന്ന പ്രചാരണവുമായി രംഗത്തിറങ്ങി. ഭ്രാന്തിലാത്തവന്റെ മുഖത്തുനോക്കി പത്തുപേര്‍ നീ ഭ്രാന്തനാണെന്നു വിളിച്ചു പറയുമ്പോള്‍ കേള്‍ക്കുന്നവനില്‍ ഉണ്ടാകുന്ന സ്വാഭാവികമായ സംശയം പോലെ, സംഘപരിവാറുകാരുടെ പ്രചണ്ഡ പ്രചാരണത്തിലൂടെ സഹകരണബാങ്കുകള്‍ക്കുമേല്‍ സംശയങ്ങള്‍ സാധാരണജനങ്ങളിലും ഉണ്ടാക്കാന്‍ സാധ്യമായി. ആര്‍ബിഐയുടെ നിയന്ത്രണവും മൂല്യം കൂടിയ നോട്ടുകളുടെ നിരോധനത്തോടെയുണ്ടായ സാമ്പത്തികപ്രതിസന്ധിയും ചേര്‍ന്നതോടെ കേരളത്തിന്റെ പരിച്ഛേദങ്ങളായ സഹകരണ സാമ്പത്തിക കേന്ദ്രങ്ങള്‍ ഭീമമായ തിരിച്ചടി നേരിട്ടു.

തീര്‍ച്ചയായും ഒട്ടും ആശാവഹമല്ലാത്ത സാഹചര്യത്തിലേക്ക് സഹകരണബാങ്കുകള്‍, കേരളത്തിലേതു മാത്രമല്ല- വീണുപോകാന്‍ തുടങ്ങിയതോടെയാണു സുപ്രീം കോടതിയെ സമീപിക്കുന്നത്. ഇപ്പോഴിതാ സുപ്രീം കോടതി തന്നെ ബിജെപി-സംഘപരിവാറുകാരുടെ ആരോപണങ്ങളെ എതിര്‍ത്തിരിക്കുകയാണ്.

എന്തിനാണ് സഹകരണ ബാങ്കുകളോടു വിവേചനം എന്നാണു കോടതി ചോദിച്ചത്. കേന്ദ്രസര്‍ക്കാരിന് ഉത്തരമില്ല. ഇതൊരു മോശം നടപടിയെന്നു തന്നെയാണ് എന്നു സൂചിപ്പിച്ചുകൊണ്ടാണ് കോടതി, തങ്ങളുടെ വിമര്‍ശനം സര്‍ക്കാരിനു നേരെ ഉയര്‍ത്തിയിരിക്കുന്നത്. അപ്പോഴും സര്‍ക്കാരിനു വേണ്ടി കോടതിയില്‍ ഉണ്ടായിരുന്നവര്‍ക്ക് മറുപടി ഇല്ല. കര്‍ശന വിലക്കിനു പകരം സാമാന്യബുദ്ധിയനുസരിച്ചുള്ള നിയന്ത്രണമായിരുന്നു വേണ്ടിയിരുന്നതെന്നും സഹകരണബാങ്കുകള്‍ക്ക് ഉപാധികളോടെ നിക്ഷേപം സ്വീകരിക്കാന്‍ അനുമതി നല്‍കുന്ന വിഷയത്തിലും ആഴ്ചയില്‍ പിന്‍വലിക്കാവുന്ന പരമാവധി തുകയുടെ കാര്യത്തിലും വ്യക്തമായ നിലപാട് അറിയിക്കണമെന്നും ഹര്‍ജി പരിഗണിച്ച ബഞ്ച് കേന്ദ്രസര്‍ക്കാരിനോട് ഉപദേശിച്ചെന്നാണ് ഇതു സംബന്ധിച്ച വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങള്‍ പറയുന്നത്.

സഹകരണസംഘങ്ങളോടു കാണിച്ചത് വിവേചനമാണെന്ന്‍ രാജ്യത്തെ പരമോന്നത നീതിപീഠം തന്നെ മനസിലായിരിക്കുന്നു. അല്ലായെന്നു പറയാന്‍ അങ്ങനെയൊരു നീക്കത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കൊട്ട് കഴിഞ്ഞുമില്ല. അങ്ങനെയെങ്കില്‍ കേരള സര്‍ക്കാര്‍ ഉള്‍പ്പെടെ പറഞ്ഞതുപോലെ സാഹചര്യം മുതലെടുത്തുകൊണ്ടു തികച്ചും രാഷ്ട്രീയലക്ഷ്യംവച്ചു ബിജെപി നടത്തിയ ഉപജാപമായിരുന്നു സഹകരണബാങ്കുകള്‍ക്കു നേരെ നടന്നത്.

കഴിഞ്ഞ ഒരുമാസത്തോളമായി നിരന്തരമായി സഹകരണബാങ്കുകളെ ഭള്ള് പറഞ്ഞുകൊണ്ടിരിക്കുന്ന ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള സംഘപരിവാര്‍ നേതാക്കള്‍ക്ക് തീര്‍ച്ചയായും മറുപടി പറയാനുള്ള ബാധ്യതയുണ്ട്. ശതകോടികള്‍ സഹകരണബാങ്കുകളില്‍ കണ്ടെത്തിയെന്ന് ഓരോദിവസവും ചാനല്‍ ചര്‍ച്ചകളില്‍ വന്നിരുന്ന് പറഞ്ഞും ഫെയ്‌സ്ബുക്കില്‍ എഴുതിയും നടക്കുന്നവരാണ് സുരേന്ദ്രനെപ്പോലുള്ളവര്‍. കെവൈസി പാലിക്കുന്നില്ലെന്നതായിരുന്നു സുരേന്ദ്രാദി സംഘപരിവാറുകാരുടെ പ്രധാന ആക്ഷേപം. കെവൈസി പാലിക്കാത്ത സഹകരണബാങ്കുകള്‍ ശതകോടികളുടെ കള്ളപ്പണം സൂക്ഷിക്കുന്നുവെന്നും ഇടതു-വലത് നേതാക്കന്മാരുടെതാണ് ഈ പണമെന്നും വിളിച്ചു പറഞ്ഞവര്‍ക്ക് ഇന്നീ ദിവസം വരെ ആരോപണം ഉന്നയിക്കാനല്ലാതെ കേരളത്തിലെ ഏതെങ്കിലും സഹകരണബാങ്കില്‍ നിന്നും കള്ളപ്പണനിക്ഷേപം കണ്ടത്തിയതിന്റെ തെളിവ് നല്‍കാന്‍ കഴിഞ്ഞിട്ടില്ല. ഒരു നുണ ഉണ്ടാക്കി അത് അണികളെ ഏല്‍പ്പിച്ച് നാടുമുഴുവന്‍ പ്രചരിപ്പിക്കാന്‍ നാണക്കേട് തോന്നാത്തവരാണ് തങ്ങളെന്ന് ഇനിയെങ്കിലും സുരേന്ദ്രനെ പോലുളളവര്‍ സമ്മതിക്കണം. 

ആരോപണങ്ങള്‍ ഉന്നയിക്കുക, അതിന്‍മേല്‍ വലിയവായില്‍ ചര്‍ച്ചകള്‍ നടത്തുക ഒടുവില്‍ ഇളിഭ്യനായി പിന്‍തിരിഞ്ഞുപോവുക എന്ന കീഴ്‌വഴക്കം ബിജെപിയുടെ നേതൃനിരയില്‍ ഇരിക്കുന്നവര്‍ തുടര്‍ന്നുകൊണ്ടേയിരിക്കുന്നത് ആ പാര്‍ട്ടിക്കു തന്നെ ജനങ്ങള്‍ക്കിടയിലുള്ള വിശ്വാസം തകര്‍ത്തു കളയുന്നതാണ്. അടുത്തകാലത്തായി കേരള രാഷ്ട്രീയത്തില്‍ ഉണ്ടായിട്ടുള്ള ഒരുവിധപ്പെട്ട രാഷ്ടീയ ആരോപണങ്ങളെല്ലാം ഏറ്റെടുക്കുകയും എല്ലാത്തിനും രേഖയുണ്ട് എന്നു പ്രസ്താവിച്ച് കള്ളങ്ങള്‍ പ്രചരിപ്പിക്കുകയും രേഖയെവിടെ എന്നു ചോദിക്കുമ്പോള്‍ കൈമലര്‍ത്തി കാണിക്കുകയും ചെയ്യുന്ന പതിവ് പരിപാടി തന്നെയാണ് ഇവിടെയും സംഭവിച്ചുകൊണ്ടിരിക്കുന്നത്. പക്ഷേ, സഹകരണ സംഘങ്ങള്‍ പോലെ ലക്ഷക്കണക്കിനു സാധാരണ മനുഷ്യരുടെ ജീവിതം നിലനിര്‍ത്തുന്ന സ്ഥാപനങ്ങളെ തകര്‍ക്കാനുള്ള മനോഭാവത്തിന് പിന്നിലുള്ളത് മറ്റ് ചില താത്പര്യങ്ങളാണെന്ന് ന്യായമായും സംശയിക്കേണ്ടി വരും. 

 

കടകംപള്ളി സഹകരണബാങ്കില്‍ ശതകോടികളുടെ കള്ളപ്പണം ഒരു മന്ത്രിയുടേതായി ഉണ്ടെന്ന് ഏതൊക്കെയോ ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ റിപ്പോര്‍ട്ട് ചെയ്തതു കണ്ട മാത്രയില്‍ കെ സുരേന്ദ്രന്‍ അതേറ്റുപിടിച്ചു. ഫേസ്ബുക്കില്‍ പോസ്റ്റുമിട്ടു. ഇതായിരുന്നു കെ സുരേന്ദ്രന്റെ പോസ്റ്റ്: കടകംപള്ളി സര്‍വീസ് സഹകരണബാങ്കില്‍ നിന്ന് ആദായനികുതി വകുപ്പ് കണ്ടെത്തിയ ശതകോടിക്കണക്കിന് രൂപയുടെ കള്ളപ്പണം സംസ്ഥാനമന്ത്രിസഭയിലെ ഒരംഗത്തിന്റെയും അദ്ദേഹത്തിന്റെ ബന്ധുക്കളുടേതുമാണെന്ന് ഉറപ്പായി. ഇതു സംബന്ധിച്ച കേസ്സ് ഒതുക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ ഊര്‍ജ്ജിതശ്രമം ആരംഭിച്ചിട്ടുണ്ട്. ഈയടുത്തു നടന്ന മന്ത്രിസഭാപുനസംഘടനേയയും സംബന്ധിച്ച് ഉയര്‍ന്നു വന്ന സംശയം ബലപ്പെടുകയാണ്. ഏതായാലും ഒരു മന്ത്രി കൂടി ഉടന്‍ സ്ഥാനം ഒഴിയേണ്ടിവരുമെന്നുറപ്പ്. 

സുരേന്ദ്രന്‍ ഒരു ദേശീയപാര്‍ട്ടിയുടെ സംസ്ഥാനഘടകത്തിലെ മുതിര്‍ന്ന നേതാക്കളില്‍ ഒരാളാണ്. എന്നാല്‍ പലപ്പോഴും രാഷ്ട്രീയപക്വതയര്‍ജ്ജിച്ചൊരാളുടെ മനോഭാവം അദ്ദേഹത്തിന്റെ വാക്കുകളിലോ പ്രവര്‍ത്തികളിലോ കാണാറില്ല. കേരളത്തില്‍ ഒട്ടൊന്ന് അറിയപ്പെടാന്‍ തനിക്കു സാഹചര്യം ഉണ്ടായതില്‍ ന്യൂസ് റൂമുകളോടു മാത്രമാണ് സുരേന്ദ്രനു നന്ദി പറയാനുണ്ടാവുക. മറ്റേതുവഴിയിലാണ് അദ്ദേഹം ജനങ്ങള്‍ക്കു പരിചിതനാവുക? മലയാളത്തിലെ ആക്ഷന്‍ മാസ് സിനിമകളിലെ സ്ഥിരം ചേരുവകളായ ചില നടന്മാരുണ്ട്; ഏതാണ്ട് അവരെയാണ് ചാനല്‍ ചര്‍ച്ചകളിലെ സുരേന്ദ്രന്റെ സാന്നിധ്യം ഓര്‍മിപ്പിക്കുന്നത്.

കടകംപള്ളി സഹകരണബാങ്ക് പ്രസിഡന്റ് എസ് പി പ്രദീപ്, സുരേന്ദ്രന്റെ ആരോപണങ്ങളെ എതിര്‍ത്തു രംഗത്തുവരികയും ഒരു കമ്യൂണിസ്റ്റുകാരനില്‍ നിന്ന്‍ പ്രതീക്ഷിക്കുന്ന മര്യാദയില്ലാതെ തന്നെയുള്ള ഫേസ്ബുക്ക് പോസ്റ്റില്‍ ഭീഷണി മുഴക്കുകയും ചെയ്തു. നിയമപരമായി സുരേന്ദ്രനെ നേരിടുമെന്നു പറഞ്ഞ പ്രദീപ് വക്കീല്‍ നോട്ടീസ് അയച്ചു കഴിഞ്ഞെന്നുമാണ് അറിഞ്ഞത്. സുരേന്ദ്രരന്റെ ഭാഗത്തു നിന്നും തുടര്‍പ്രതികരണങ്ങളൊന്നും തന്നെ വന്നിട്ടില്ല. ആരോപണം ഉയര്‍ത്തുക മാത്രമാണു തനിക്കു ചെയ്യാനുള്ളതെന്ന പതിവു നിലപാടുമായി അദ്ദേഹം പിന്‍വലിഞ്ഞുപോകാനാണ് സാധ്യത കൂടുതല്‍.

കെവൈസി പാലിക്കാത്ത സഹകരണസ്ഥാപനങ്ങളിലാണു കള്ളപ്പണം കുമിഞ്ഞുകൂടി കിടക്കുന്നതെന്നു പറഞ്ഞവരുടെ മുന്നിലാണ് കൈവൈസി എല്ലാം പാലിച്ചു നടക്കുന്ന ആക്‌സിസ് പോലുള്ള ബാങ്കുകളിലെ കള്ളപ്പണം വെള്ളുപ്പിക്കല്‍ പദ്ധതിയെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നുകൊണ്ടേയിരിക്കുന്നത്. കളളപ്പണം പിടിക്കുമെന്നു പറഞ്ഞവരുടെ കണ്‍മുന്നില്‍ കൂടി എല്ലാ കള്ളപ്പണവും വെളുത്തിറങ്ങി പോയിട്ടും മകന്‍ ചത്താലും മരുമോളുടെ കണ്ണീരു കണ്ടാല്‍ മതിയെന്നു ശാഠ്യം പിടിക്കുന്ന അമ്മായിയമ്മയെപോലെ സുരേന്ദ്രനെപ്പോലുള്ളവര്‍ നില്‍ക്കുന്നതു കാണുമ്പോള്‍ കോടതി പറഞ്ഞതു തന്നെ ആവര്‍ത്തിക്കാന്നു; മോശം!

(മാധ്യമപ്രവര്‍ത്തകയാണ് ലേഖിക)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍