UPDATES

കോപ്പയില്‍ ആതിഥേയര്‍ മുന്നോട്ട്, ചാമ്പ്യന്മാര്‍ പുറത്ത്

പന്തു കളിയുടെ ചാരുതയെക്കാള്‍ തിണ്ണമിടുക്കിന്റെ മേല്‍കോയ്മ കണ്ട മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഉറുഗ്വയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പിച്ച് ആതിഥേയരായ ചിലി കോപ്പ അമേരിക്ക കപ്പിന്റെ സെമിഫൈനലില്‍ കടന്നു. കളിയുടെ എണ്‍പതാം മിനിട്ടില്‍ പ്ലേമേക്കര്‍ ആയ ഇസ്ലയാണ് വിധി നിര്‍ണായക ഗോള്‍ നേടിയത്. മത്സരത്തിന്റെ ഭൂരിപക്ഷം സമയവും ആക്രമിച്ചു കളിച്ച ചിലിക്ക് പക്ഷെ മികച്ച ഗോള്‍ അവസരങ്ങള്‍ തുറന്നെടുക്കാന്‍ സാധിച്ചില്ല.

ആതിഥേയരുടെ സമ്മര്‍ദത്തെ പ്രതിരോധം കൊണ്ട് തടുക്കാന്‍ ഉറുഗ്വെ ശ്രമിച്ചപ്പോള്‍ മത്സരം പലപ്പോഴും പരുക്കനായി. ആദ്യ പകുതിയില്‍ നാല് ഉറുഗ്വെ കളിക്കാരാണ് മഞ്ഞക്കാര്‍ഡ് കണ്ടത്. ഇതില്‍ സൈഡ് ലൈന്‍ റഫറിക്കെതിരെ തട്ടിക്കയറിയതിന് അവരുടെ സ്റ്റാര്‍ സ്‌ട്രൈക്കര്‍ എഡിസന്‍ കവാനി കണ്ട മഞ്ഞക്കാര്‍ഡ് മത്സരത്തില്‍ നിര്‍ണായകമായി. രണ്ടാം പകുതിയുടെ 62-ാം മിനിട്ടില്‍ ചിലി കളിക്കാരനെ അനാവശ്യമായി തട്ടിയിട്ടതിന്‍ കവാനി രണ്ടാമതും മഞ്ഞക്കാര്‍ഡ് കണ്ടതോടെ ഉറുഗ്വേ പത്തുപേരായി ചുരുങ്ങി.

തുടര്‍ന്ന് ആക്രമണം ശക്തമാക്കിയ ചിലിയുടെ മുന്നേറ്റത്തിനൊടുവില്‍ വന്ന ക്രോസ് ഉറുഗ്വേ ഗോള്‍ കീപ്പര്‍ തട്ടിയകറ്റിയെങ്കിലും അത് ചിലിയുടെ പത്താം നമ്പര്‍ താരത്തിനാണ് ലഭിച്ചത്. അദ്ദേഹത്തിന്റെ പാസില്‍ നിന്നും ലഭിച്ച പന്ത് ഇസ്ല പോസ്റ്റിന്റെ വലതുമൂലയിലേക്ക് പായിക്കുകയായിരുന്നു. ചിലിയുടെ സ്റ്റാര്‍ സ്‌ട്രൈക്കര്‍ അലക്‌സി സാഞ്ചസ് നിറം മങ്ങിയ മത്സരത്തില്‍ ചിലിയുടെ ആക്രമണത്തിന്റെ കുന്തമുനയായി മാറിയ ഇസ്ലെ തന്നെ മത്സരത്തിലെ ഏക ഗോള്‍ നേടിയത് കാവ്യനീതിയായി. നാളെ അതിരാവിലെ നടക്കുന്ന പെറു-ബൊളീവിയ മത്സരത്തിലെ വിജയികളെ ചിലി സെമിയില്‍ നേരിടും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍