UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഖനന ഭീമന്‍ അനില്‍ അഗര്‍വാള്‍ കൈ നനയാതെ മീന്‍പിടിക്കുമോ?

‘മീനിനെ അതിന്റെതന്നെ എണ്ണയില്‍ വറുക്കുക’ എന്നത് ഒരു ബംഗാളി പാചകരീതിയാണ്.  ഇത് സങ്കീര്‍ണമായ കോര്‍പ്പറേറ്റ് ഇടപാടുകളെ വിശേഷിപ്പിക്കാന്‍ ഉപയോഗിക്കാനാകുമോ?

ലോകത്തെ ഏറ്റവും വലിയ സ്വകാര്യ ഖനന, ലോഹ കുത്തക കമ്പനികളിലൊന്നിനെ നയിക്കുന്ന, ഇന്ത്യന്‍ വംശജരിലെ അതിധനികരിലൊരാള്‍, ആഗോള ചരക്കുകളുടെ വിലയിടിവിന്‍റെ ഫലമായി വായ്പപ്രതിസന്ധിയില്‍ കുഴങ്ങുന്ന തന്റെ വ്യാപാരത്തെ രക്ഷിച്ചെടുക്കാന്‍ നടത്തുന്ന ശ്രമങ്ങളുടെ കഥയാണിത്.

ഇത് തന്റെ കമ്പനികളെ കടബാധ്യതകളില്‍ നിന്നും ഊരിയെടുക്കാന്‍ Vedanta resources Plc സ്ഥാപകനും അധ്യക്ഷനുമായ അനില്‍ അഗര്‍വാള്‍ അറിയാവുന്ന എല്ലാ തന്ത്രങ്ങളും പയറ്റുന്നതിന്റെ കഥയാണ്.

ഇങ്ങനെയാണ് കാര്യങ്ങളുടെ പോക്ക്
ലണ്ടന്‍ ഓഹരി വിപണിയില്‍ പട്ടികയിലുള്ള വേദാന്ത റിസോഴ്സസ്  അഗര്‍വാളിന്റെ ഏറ്റവും പ്രധാനപ്പെട്ട സ്ഥാപനമാണ്. അയാളുടെ ആഗോള വ്യാപാരസ്ഥാപനങ്ങളെ ഒന്നിപ്പിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന സ്ഥാപനം.

ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്ത തന്റെ രണ്ടു കമ്പനികളായ വേദാന്ത ഇന്ത്യയേയും, 2011-ല്‍ അയാള്‍ Cairn Energy Plc-യില്‍ നിന്നും വാങ്ങിയ ലാഭത്തിലോടുന്ന എണ്ണയുത്പാദന കമ്പനി കെയിന്‍ ഇന്ത്യയും ലയിപ്പിക്കാനാണ് 62 തികയാന്‍ പോകുന്ന അനില്‍ അഗര്‍വാള്‍ കൊണ്ടുപിടിച്ചു ശ്രമിക്കുന്നത്.

കെയിന്‍ ഇന്ത്യയില്‍ നിന്നുള്ള പണം ഉപയോഗിച്ച് വേദാന്ത ഇന്ത്യയെയും മാതൃകമ്പനി വേദാന്ത റിസോഴ്സസിനേയും  കടാഭാരത്തില്‍ നിന്നു കരകയറ്റുകയാണ് ലക്ഷ്യം.

കുരുക്ക്
പക്ഷേ ഒരു ന്യൂനപക്ഷ ഓഹരിഉടമ അഗര്‍വാളിന്റെ നീക്കത്തിന് തടയിട്ടു. കെയിന്‍ ഇന്ത്യയില്‍ 10,000 ഓഹരികളുള്ള ആര്‍. ദാസ്ഗുപ്ത ഈ ലയനനീക്കത്തെ എതിര്‍ത്തു ബോംബെ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നു.

ദാസ്ഗുപ്ത വാദിക്കുന്നത് നിര്‍ദ്ദിഷ്ട ലയനം സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനമായ ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ അടക്കമുള്ള ഓഹരി ഉടമകളെ ദോഷകരമായി ബാധിക്കുമെന്നാണ്.  എന്നാല്‍ ഒരു വേദാന്ത വക്താവ് ഈ ആരോപണം നിഷേധിച്ചു.

രീതി
എന്നിരുന്നാലും അഗര്‍വാളിന്റെ വിവാദനീക്കത്തിന്‍മേലുള്ള ശ്രദ്ധ കുറയാന്‍ പോകുന്നില്ല. അയാള്‍ക്ക് ഭൂഖണ്ഡങ്ങളിലായി പരന്നുകിടക്കുന്ന വ്യവസായ സാമ്രാജ്യമുണ്ട്. വായ്പകളുടെ ബലത്തിലാണ് അവ പടുത്തുയര്‍ത്തിയത്. വേദാന്തയുടെ കണക്കുപുസ്തകങ്ങളെ നിറച്ച ആ ഇടപാടുകള്‍ ഇപ്പോള്‍ കൈകാര്യം ചെയ്യാനാകാത്ത വിധം പെരുകിയിരിക്കുന്നു.

ഇതുകൂടി പരിഗണിക്കുക
സ്വന്തം നിലയ്ക്ക് നില്‍ക്കുന്ന ഒരു കമ്പനിയായ (stand-alone company) വേദാന്ത ഇന്ത്യക്ക് 37,579 കോടി രൂപയുടെ കൂറ്റന്‍ കടബാധ്യതയുണ്ട്. ഇക്കൊല്ലത്തെ കേന്ദ്രവരുമാനമാകട്ടെ 5,350 കോടി രൂപയും.

കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി വന്ന ആഗോള ചരക്കുവിലയിലെ ഇടിവാണ് ഒടുവിലായി ഈ വ്യാപാരഭീമന്റെ നടുവൊടിച്ചത്.

ഇന്ത്യയില്‍ കടംകൊണ്ടു വലയുന്ന വേദാന്ത ഇന്ത്യയെ കൂടാതെ അഗര്‍വാളിന്റെ വ്യാപാര സാമ്രാജ്യത്തില്‍, ലാഭമുണ്ടാക്കുന്ന എണ്ണ കമ്പനി Cairn India Pvt Ltd-ഉം 2002-ല്‍ അഗര്‍വാള്‍ വിവാദനീക്കത്തിലൂടെ സ്വന്തമാക്കിയ മുന്‍ പൊതുമേഖല സ്ഥാപനം Hindustan Zinc Ltd (HZL)മുണ്ട്.

ഈ പണം ചുരത്തുന്ന പശുക്കളെ കറക്കാനുള്ള ആഗ്രഹം തടയാനായില്ല.

ഇരുകമ്പനികളും മാതൃ കമ്പനിക്കു പ്രത്യേക ലാഭവിഹിതം നല്കി. കമ്പനികള്‍ തമ്മിലുള്ള വായ്പകളുമുണ്ടായി. പക്ഷേ അതൊന്നും വേദാന്തയെ രക്ഷിക്കാന്‍ പ്രാപ്തമായില്ല. അപ്പോളാണ് ഇന്ത്യന്‍ ഓഹരി വിപണിയില്‍ പട്ടികയില്‍പ്പെടുത്തിയ  സബ്സിഡിയറി കമ്പനികളെ ലയിപ്പിക്കാന്‍ നീക്കം തുടങ്ങിയത്.

ഈ ലയനനീക്കത്തിനെതിരെ ആദ്യം വന്ന വിമര്‍ശനങ്ങളെ “അതെല്ലാം ഓഹരി ഉടമകളെ ആശ്രയിച്ചിരിക്കുന്നു, എങ്ങനെയാണ് മൂല്യം ഉണ്ടാക്കാന്‍ കഴിയുക,” എന്നു പറഞ്ഞാണ് അനില്‍ അഗര്‍വാള്‍ നേരിട്ടത്.

പക്ഷേ Barclay-യുടെ റിപോര്‍ട്ട് ദാസ്ഗുപ്ത കോടതിയില്‍ പറഞ്ഞ ആശങ്കകളെ ശരിവെച്ചു. നേട്ടങ്ങളും കോട്ടങ്ങളും വെച്ചുനോക്കിയാല്‍ വേദാന്ത ഇന്ത്യയില്‍  ലയിക്കുന്നതിനേക്കാള്‍ സ്വതന്ത്രമായി നില്‍ക്കുന്നതാണ് Cairn-നു നല്ലതെന്ന് റിപ്പോര്‍ട്ട് പറയുന്നു.

സ്വാഭാവികമായും, ഇപ്പോള്‍ വ്യാപാരം നടക്കുന്നതിനെക്കാള്‍ കുറച്ചു വില മാത്രം ലഭിക്കുന്ന ഒരു ഇടപാടില്‍ LIC അടക്കമുള്ള ന്യൂനപക്ഷ ഓഹരി ഉടമകള്‍ക്ക് അത്ര ആവേശമുണ്ടാകാന്‍ വഴിയില്ല.



നടപടികളും പ്രശ്നങ്ങളും
ഒന്നും കാണാതെയല്ല അഗര്‍വാള്‍ ഈ കളിക്കിറങ്ങിയത്. കെയിന്‍ ഇന്ത്യയുടെ പണം കെയിന്‍ വാങ്ങാനുപയോഗിച്ച കടം തിരിച്ചടക്കാന്‍ ഉപയോഗിക്കും. ഇതിനെയാണ് ദാസ്ഗുപ്ത എതിര്‍ക്കുന്നത്.

ന്യൂനപക്ഷ ഓഹരി ഉടമകളുടെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് മാത്രമല്ല, ഏതെങ്കിലും തരത്തിലുള്ള ഏറ്റെടുക്കലിന് സ്വയം പണം നല്‍കുന്ന ഏര്‍പ്പാടിനെ നിരോധിക്കുന്ന കമ്പനി നിയമം 2013-ലെ വകുപ്പ് 67, ഉപവകുപ്പ് 2 എന്നിവയുടെയും ലംഘനമാണ് വേദാന്ത ഇന്ത്യയുമായുള്ള ലയനം.

ഫലത്തില്‍ ലയനത്തോടെ അഗര്‍വാളിന് കെയിന്‍ ഇന്ത്യയുടെ 2.8 ബില്ല്യണ്‍ ഡോളര്‍ വരുന്ന ധനശേഖരത്തില്‍ കൈവെക്കാനാകും. ഇത് അയാള്‍ ഭൂരിപക്ഷ ഓഹരി ഉടമയായ വേദാന്ത റിസോഴ്സസ് പബ്ലിക് ലിമിറ്റഡ് കമ്പനിയുടെ കടാഭാരം കുറയ്ക്കാന്‍ ഉപയോഗിക്കാം.

Vedanta India, ഇതിനായി പ്രത്യേകം ഉണ്ടാക്കിയ, വേദാന്ത റിസോഴ്സസ് ഉടമസ്ഥതയിലുള്ള Twinstar Mauritius Holdings Ltd (TMHL) എന്നിവ വഴിയാണ് വേദാന്ത ഗ്രൂപ് കെയിന്‍ ഇന്ത്യയില്‍ 58.5% ഓഹരികള്‍ സ്വന്തമാക്കിയത്.

TMHL വഴിക്കുള്ള ഏറ്റെടുക്കലിന് ബാങ്കുകളില്‍ നിന്നുള്ള 4.43 ബില്ല്യണ്‍ ഡോളര്‍ വായ്പയും- കെയിന്‍ ഇന്ത്യ ഓഹരികളുടെ ബലത്തില്‍- വേദാന്ത റിസോഴ്സസില്‍ നിന്നുള്ള വായ്പയുമാണ് ഉപയോഗിച്ചത്.

ആഗസ്റ്റ് 2013-നു വേദാന്ത റിസോഴ്സസില്‍ നിന്നും വേദാന്ത ഇന്ത്യ TMHL-നേ ഏറ്റെടുത്തു. അതോടെ കെയിന്‍ സ്വന്തമാക്കുന്നതിനുള്ള 3.8 ബില്ല്യണ്‍ ഡോളര്‍ കടവും ഏറ്റെടുത്തു.

ഫലത്തിലിപ്പോള്‍, വേദാന്ത ഇന്ത്യയുടെയും കെയിന്‍ ഇന്ത്യയുടെയും ലയനത്തോടെ കെയിന്‍ ഇന്ത്യ വാങ്ങാന്‍ താന്‍ വാങ്ങിയ കടം തിരിച്ചടക്കാന്‍ കെയിന്‍ ഇന്ത്യയുടെ തന്നെ പണം ഉപയോഗിക്കാനാണ് അഗര്‍വാളിന്റെ പരിപാടി.

ഇതിനുമുമ്പ് 2014-ല്‍ വേദാന്ത ഇന്ത്യ, വേദാന്ത യു.കെ-ക്കു നല്‍കാനുള്ള 3.89 ബില്ല്യണ്‍ പൌണ്ട് അഗര്‍വാളിന് തിരിച്ചടക്കേണ്ടിവന്നു. ഇതിനായാല്‍ വളരെ കുറുക്കുകള്‍ നിറഞ്ഞ ഒരു ധാരണയുണ്ടാക്കി: തിരിച്ചടക്കുന്ന 1.25 ബില്ല്യണ്‍ പൌണ്ട്, കെയിന്‍ ഇന്ത്യ സബ്സിഡിയറിയായ CIHL വഴി വേദാന്ത യു.കെയിലേക്ക് തിരിച്ചുവിട്ടു.   വേദാന്ത യു.കെയുടെ നിയന്ത്രണത്തിലുള്ള THL Zinc വഴിയായിരുന്നു ഈ ഇടപാട്.

2014-ല്‍ ബോംബെ ഓഹരി വിപണി ഈ ഇടപാടിനെ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് വാദപ്രതിവാദങ്ങളായി. തങ്ങളുടെ സബ്സിഡിയറികളാണ് തിരിച്ചടവിന് സഹായിച്ചതെന്ന് കെയിന്‍ ഇന്ത്യ പറഞ്ഞു. ‘ബന്ധപ്പെട്ട കക്ഷി കൈമാറ്റമായ’ അതിനു ആവശ്യമായ കണക്ക് പരിശോധന സമിതിയുടെ മുന്‍കൂര്‍ അനുമതി വാങ്ങിയിട്ടുണ്ടെന്നും.

എന്നാല്‍, ദാസ്ഗുപ്ത ആരോപിക്കുന്നത് കെയിന്‍ ഇന്ത്യയുടെ പ്രൊമോട്ടര്‍മാരായ വേദാന്ത ഇന്ത്യ, കെയിന്‍ ഇന്ത്യ ഓഹരികള്‍ വാങ്ങാന്‍ വേദാന്ത യു കെ ഉപയോഗിച്ച കടം തിരിച്ചടക്കാന്‍ കെയിന്‍ ഇന്ത്യയില്‍ നിന്നും 1.25 ബില്ല്യണ്‍ ഡോളര്‍  നിയമവിരുദ്ധമായി വഴിമാറ്റി ചെലവാക്കി എന്നാണ്.

കെയിന്‍ ഇന്ത്യ നല്കിയ ഈ തിരിച്ചടവ് സൌകര്യം നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നും നിര്‍ദിഷ്ട ലയനം നിര്‍ത്തിവെപ്പിക്കണമെന്നുമാണ് ദാസ്ഗുപ്ത ആവശ്യപ്പെടുന്നത്.

ലയണത്തിന് നല്കിയ അനുമതി പിന്‍വലിക്കാനായി ബോര്‍ഡ് ഓഫ് ഡയറക്ടര്‍മാരുടെ ഒരു യോഗം വിളിക്കാന്‍ നിര്‍ദേശം നല്‍കണമെന്നും ദാസ്ഗുപ്ത ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

ദാസ്ഗുപ്തയുടെ ഹര്‍ജിയില്‍ 2016 ജനുവരി 5-നകം മറുപടി നല്കാന്‍ കോടതി കെയിന്‍ ഇന്ത്യക്കും വേദാന്ത ഇന്ത്യക്കും നിര്‍ദേശം നല്കി.



വേദാന്തയുടെ മറുപടി
ഹര്‍ജിയിലെ ആരോപണങ്ങള്‍ കാണിച്ചുകൊണ്ടു അഗര്‍വാളിന് ഞങ്ങള്‍ വിശദമായ ഒരു ചോദ്യാവലി അയച്ചുകൊടുത്തു.

1. നിര്‍ദിഷ്ട കെയിന്‍ ഇന്ത്യ-വേദാന്ത ഇന്ത്യ ലയനം കമ്പനി നിയമങ്ങളുടെ ലംഘനമാണ്.

2. ലയനം കെയിന്‍ ഇന്ത്യയുടെയും പൊതു ഓഹരി ഉടമകളുടെയും താത്പര്യങ്ങള്‍ക്കെതിരാണ്.

3. കെയിന്‍ ഇന്ത്യ ഡയറക്ടര്‍മാര്‍ അവരുടെ ഉത്തരവാദിത്തങ്ങളും ചുമതല്‍യും നടപ്പാക്കുന്നതില്‍ അലംഭാവം കാണിച്ചു.

അവരുടെ മറുപടി
“ആരോപണങ്ങള്‍ ഞങ്ങള്‍ നിഷേധിക്കുന്നു. വേദാന്ത ലിമിറ്റഡും കെയിന്‍ ഇന്ത്യ അടക്കമുള്ള സബ്സിഡിയറികളും രാജ്യത്തെ നിയമങ്ങള്‍ അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. നിര്‍ദിഷ്ട കെയിന്‍ ഇന്ത്യ-വേദാന്ത ലയനവും നിങ്ങള്‍ സൂചിപ്പിച്ച വായ്പ കൈമാറ്റവുമൊക്കെ കമ്പനി നിയമങ്ങളും ഓഹരി വിപണി ചട്ടങ്ങളും അനുസരിച്ചാണ് ,” വേദാന്ത ലിമിറ്റഡ്,  ഗ്രൂപ് കമ്മ്യൂണിക്കേഷന്‍സ് പ്രസിഡണ്ട് റോമ ബല്‍വാനി അറിയിച്ചു.

(ഡിസംബര്‍ 20നു കാച്ച് ന്യൂസ് പ്രസിദ്ധീകരിച്ചതാണ് പരഞ്ചോയ് ഗുഹ തക്കുര്‍ത്തയും അദിതി റോയിയും ചേര്‍ന്നെഴുതിയ ഈ ലേഖനം) 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യു ട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യാം

 

 

പരഞ്ചോയ് ഗുഹ തക്കുര്‍ത്ത

പരഞ്ചോയ് ഗുഹ തക്കുര്‍ത്ത

ഇപ്പോള്‍ സ്വതന്ത്ര പത്രപ്രവര്‍ത്തകനായി പ്രവര്‍ത്തിക്കുന്ന പരഞ്ചോയ് ഗുഹ തകുര്‍ത്ത 35 വര്‍ഷക്കാലത്തെ പത്രപ്രവര്‍ത്തക ജീവിതത്തിനിടയില്‍ ബിസിനസ് ഇന്ത്യ, ബിസിനസ് വേള്‍ഡ്, ദി ടെലിഗ്രാഫ്, ഇന്‍ഡ്യ ടുഡേ തുടങ്ങി നിരവധി മാധ്യമ സ്ഥാപനങ്ങളില്‍ ജോലിചെയ്തിട്ടുണ്ട്. കൂടാതെ അദ്ധ്യാപകന്‍, അഭിമുഖകാരന്‍, എഴുത്തുകാരന്‍, പ്രഭാഷകന്‍, കമന്‍റേറ്റര്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ പ്രതിഭ തെളിയിച്ച പരഞ്ചോയ് 2 ജി അഴിമതിയുമായി ബന്ധപ്പെട്ട് സുപ്രിം കോടതിയില്‍ പരാതി നല്‍കുകയും റിലയന്‍സിന്റെ കൃഷ്ണ-ഗോദാവരി ഖനനപര്യവേഷണത്തിന്റെ യാഥാര്‍ത്ഥ്യങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്ന 'ഗ്യാസ് വാര്‍' എന്ന പുസ്തകം എഴുതുകയും ചെയ്തിട്ടുണ്ട്. പരഞ്ചോയ് ഗുഹ തകുര്‍ത്ത സംവിധാനം ചെയ്ത ഡോക്യുമെന്ററിയാണ്കോള്‍ കേഴ്സ്. രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ്, ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാല, ജാമിയ മിലിയ ഇസ്ലാമിയ എന്നിവിടങ്ങളില്‍ ഗസ്റ്റ് ലെക്ചറായി പ്രവര്‍ത്തിച്ചു വരുന്നു

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍