UPDATES

ഇന്ത്യന്‍ മാധ്യമങ്ങള്‍; അത് എത്ര സ്വതന്ത്രമാണ്?

വഞ്ചനാപരവും ആഴത്തിലുള്ള രാഷ്ട്രീയ, കോര്‍പ്പറേറ്റ് ഉടമസ്ഥത രീതികളുമുള്ള ഇന്ത്യയിലെ മുഖ്യധാര മാധ്യമങ്ങള്‍ അതീവ പ്രതിസന്ധിയാണ് നേരിടുന്നത്

2015 നവംബര്‍ എട്ടിന് രാവിലെ രാജ്യത്തെ ഭൂരിപക്ഷം പേരും ടിവിയില്‍ കണ്ണുംനട്ടിരിക്കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏതാനും മാസത്തെ ഭരണത്തിന്റെ ഏറ്റവും വലിയ വിലയിരുത്തലിന്റെ ഫലങ്ങള്‍ ബിഹാറില്‍ നിന്നും വരാനുണ്ടായിരുന്നു. സംസ്ഥാന നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ രാവിലെ ആരംഭിച്ചിരുന്നു. രാവിലെ ഒമ്പത് മണി കഴിഞ്ഞ ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ തിരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ചതായി എന്‍ഡിടിവി ചാനലിന്റെ ആരാധ്യനായ പ്രണോയ് റോയ് പ്രഖ്യാപിച്ചു.

രാവിലെ 9.25ന് ബര്‍ക്ക ദത്ത് ഇങ്ങനെ ട്വീറ്റ് ചെയ്തു: ‘തിരഞ്ഞെടുപ്പ് ഫലം എന്‍ഡിടിവി പ്രഖ്യാപിക്കുന്നു. ബിഹാറില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് ബിജെപിയും സഖ്യ കക്ഷികളും.’

പ്രണോയ് റോയ് തെറ്റാണെന്ന് ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ തെളിയിക്കപ്പെട്ടു. ബിജെപിയെ ബഹുദൂരം പിന്നിലാക്കിക്കൊണ്ട് നിതീഷ് കുമാറും സഖ്യവും ബിഹാര്‍ തൂത്തുവാരിയപ്പോള്‍, വലിയ അളവിലുള്ള മണ്ടത്തരത്തിന്റെ മുഖംമൂടി അഴിഞ്ഞ് വീണു.

ഇന്ത്യയിലെ തിരഞ്ഞെടുപ്പ് സര്‍വെകളുടെയും എക്‌സിറ്റ് പോളുകളുടെയും പൂര്‍വസൂരി എന്ന് വിശേഷിപ്പിക്കാവുന്ന പ്രണോയ് റോയ്, അന്നത്തെ പ്രഭാതത്തില്‍ എണ്ണിയ ഏതാനും പോസ്റ്റല്‍ വോട്ടുകളുടെ ഫലത്തിന്റെ അടിസ്ഥാനത്തില്‍ ബിജെപിക്ക് അനുകൂലമായി ഫലങ്ങളെ വ്യാഖ്യാനിച്ചപ്പോള്‍, അത് റോയിയുടെ യഥാര്‍ത്ഥ രൂപം അല്ലായിരുന്നു എന്നാണ് മിക്ക നിരീക്ഷകരും വിലയിരുത്തിയത്. നിരവധി കാരണങ്ങളാല്‍ അദ്ദേഹത്തിന്റെ സ്വന്തം വ്യക്തിത്വമല്ല അവിടെ പ്രതിഫലിച്ചതെന്ന് പലരും ചൂണ്ടിക്കാട്ടി. എന്‍ഡിടിവിക്കെതിരെ ആദായ നികുതി വകുപ്പും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം നടത്തുന്നുണ്ടായിരുന്നു, മോദി സര്‍ക്കാര്‍ ചാനലിനോട് ശത്രുതാ മനോഭാവം പ്രകടിപ്പിച്ചിരുന്നു. നരേന്ദ്ര മോദിയുടെ അടുത്ത സുഹൃത്തായ മുകേഷ് അംബാനി, എന്‍ഡിടിവി നടത്തുന്നതിനും മറ്റുമായി റോയിക്ക് 300 കോടി രൂപ നല്‍കിയിരുന്നു. അല്ലാത്ത സമയത്തൊക്കെ നിഷ്പക്ഷനാണെന്ന് സ്വയം സ്ഥാപിക്കാന്‍ അമിതാവേശം കാണിക്കാറുള്ള റോയിയെ ഒരു മാധ്യമ മാടമ്പിയുടെ വ്യാകുലതകളാകാം ഒരു നിമിഷം ആശയക്കുഴപ്പത്തിലാക്കിയത്.

എന്നാല്‍ ഇന്ത്യയുടെ മാധ്യമ ഭൂമികയില്‍, മുഖ്യധാര വാര്‍ത്ത മുറികളുടെ നിയന്ത്രണം അധികാരപ്രമത്തരായ സ്വാര്‍ത്ഥതാല്‍പര്യക്കാരുടെ സംഘം ഏറ്റെടുത്തതോടെ രാജ്യത്തെ മാധ്യമ സ്ഥാപനങ്ങളിലെമ്പാടും കൂടുതല്‍ ബോധപൂര്‍വവും വഞ്ചനാപരവുമായ തന്ത്രങ്ങളാണ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.

ഉത്തര്‍പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ബോധപൂര്‍വം പ്രസിദ്ധീകരിച്ച ദൈനിക് ജാഗരണിന്റെതാണ് ഇക്കാര്യത്തില്‍ ഏറ്റവും ഒടുവിലത്തെ ഉദാഹരണം. ദൈനിക് ജാഗരണ്‍ ഉടമകളുടെ ബിജെപി ചായിവ് പ്രകടമാണ് എന്ന് മാത്രമല്ല, പാര്‍ട്ടിയെ രാജ്യസഭയില്‍ അവര്‍ പ്രതിനിധീകരിക്കുകയും ചെയ്യുന്നു.

ദൈനിക് ജാഗരണ്‍; ജനാധിപത്യത്തിനിടയില്‍ രാഷ്ട്രീയ കച്ചവടം നടത്തുന്ന മാധ്യമങ്ങള്‍

രാഷ്ട്രീയവുമായും വ്യവസായ സ്ഥാപനങ്ങളുമായും ഇന്ത്യയിലെ മുഖ്യധാര മാധ്യമ വ്യവസായം അത്രമേല്‍ ഇഴുകിച്ചേര്‍ന്നിരിക്കുന്നതിനാല്‍ തന്നെ, അന്ധമായ നിഷ്പക്ഷ റഫറിമാരും സംവിധാനത്തെ സ്ഥിരമായി വിമര്‍ശിക്കുന്നവരും ഉണ്ടാവാനുള്ള സാധ്യത വളരെ വിരളമാണ്.

ഇന്ത്യയിലെ പ്രധാന മാധ്യമ മാടമ്പിമാരായി അംബാനി കുടുംബം മാറിയിരിക്കുന്നു. സിഎന്‍എന്‍, ഐബിഎന്‍, സിഎന്‍ബിസി തുടങ്ങിയ ചാനലുകളും നിരവധി വെബ്‌സൈറ്റുകളും മാസികകളും മറ്റും നടത്തുന്ന നെറ്റ്വര്‍ക്ക് 18ന്റെ പൂര്‍ണ ഉടമസ്ഥത അവര്‍ക്കാണ്. ഈനാട് ഗ്രൂപ്പിന്റെ മാധ്യമ താല്‍പര്യങ്ങളും പ്രത്യേകിച്ച് ഇടിവി ശൃംഗല നിയന്ത്രിക്കുന്നതും മുകേഷ് അംബാനിയാണ്. ഇത് രണ്ടും കൂടി ചേരുമ്പോള്‍, റൂപ്പര്‍ഡ് മര്‍ഡോക്കിന്റെ ഉടമസ്ഥതയിലുള്ള സ്റ്റാര്‍ ഗ്രൂപ്പിനെക്കാളും ടൈംസ് ഓഫ് ഇന്ത്യയുടെ ബിസിസിഎല്ലിനെക്കാളും വലിയ മാധ്യമ ഭീമനായി അംബാനി ഗ്രൂപ്പ് മാറുന്നു.

നിതീഷ് കുമാറിന് വലിയ വിജയം പ്രവചിച്ച ഒരേ ഒരു തിരഞ്ഞെടുപ്പ് സര്‍വെ ഫലം സിഎന്‍എന്‍-ഐബിഎന്‍ സംപ്രേക്ഷണം ചെയ്തില്ല എന്നതില്‍ വലിയ അത്ഭുതത്തിന് അവകാശമില്ല.

പരന്നുകിടക്കുന്ന ചാനല്‍ ശൃംഖലയും ഇംഗ്ലീഷ് ദിനപത്രമായ ഡിഎന്‍എയും അടങ്ങുന്നതാണ് ബിജെപി എംപി സുഭാഷ് ചന്ദ്ര നിയന്ത്രിക്കുന്ന സീ ഗ്രൂപ്പ്. മോദി എത്ര മഹാനാണെന്നും പ്രതിപക്ഷം എത്ര മോശമാണെന്നും പ്രേക്ഷകരെ അറിയിക്കുന്നതിനുള്ള വാക്കുകളൊന്നും അവര്‍ ലഘൂകരിച്ച് പ്രയോഗിക്കാറില്ല. ന്യൂനപക്ഷ വിരുദ്ധ ചവറുകള്‍ തുടര്‍ച്ചായി സംപ്രേക്ഷണം ചെയ്യുന്ന ഇവര്‍, വ്യാജവാര്‍ത്തകളും സ്ഥിരമായി പ്രചരിപ്പിക്കുന്നു. വ്യവസായിയും കോണ്‍ഗ്രസ് നേതാവുമായ നവീന്‍ ജിന്‍ഡാലിന്റെ കൈയില്‍ നിന്നും 100 കോടി രൂപ അടിച്ചുമാറ്റാന്‍ ശ്രമിച്ചു എന്ന ആരോപണം നേരിടുകയാണ് ചന്ദ്രയും അദ്ദേഹത്തിന്റെ എഡിറ്റര്‍മാരും. ജിന്‍ഡാലിനും ചില മാധ്യമ താല്‍പര്യങ്ങളുണ്ട്. അദ്ദേഹത്തിന്റെ ഭാര്യ പിതാവ് എന്‍ഡിടിവിയുടെ ഓഹരികളുടെ വലിയ ഒരു പങ്കിന്റെ ഉടമസ്ഥനാണ്. വാര്‍ത്ത ചാനലുകളുടെ ഒരു ചെറിയ ശൃംഖലയുടെ ഉടമസ്ഥനാണ് ജിന്‍ഡാലും.

ബിര്‍ല കുടുംബത്തില്‍ നിന്നുള്ള ശോഭന ഭാരതിയയുടെ ഉമസ്ഥതയിലാണ് ഹിന്ദുസ്ഥാന്‍ ടൈംസ്. ഇന്ത്യയിലെമ്പാടും പ്രത്യേകിച്ചും ഗുജറാത്തില്‍ വൈവിദ്ധ്യമാര്‍ന്ന വ്യാപാര താല്‍പര്യങ്ങളുള്ള ജൂബിലിയന്റ് ഗ്രൂപ്പ് അവരുടെ ഭര്‍ത്താവിന്റെ ഉടമസ്ഥതയിലാണ്. ഇന്ത്യയില്‍ ഡോമിനോസ് പിസാസും ഡണ്‍കിന്‍ ഡോനട്ട്‌സും നടത്തുന്നത് ജൂബിലിയന്റ് ഗ്രൂപ്പാണ്. കോണ്‍ഗ്രസുമായുള്ള അവരുടെ അടുപ്പത്തോട് നന്ദി പറയുക, ഭാരതിയ ഒരിക്കല്‍ രാജ്യസഭ അംഗമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ മോദി ഭരണകൂടത്തോടുള്ള അവരുടെ മൃദുസമീപനത്തിന്റെ പേരിലാണ് ഹിന്ദുസ്ഥാന്‍ ടൈംസ് അറിയപ്പെടുന്നത്.

ഇന്ത്യ ടുഡെ ഗ്രൂപ്പില്‍ ആദിത്യ ബിര്‍ല ഗ്രൂപ്പിന് നിര്‍ണായക ഓഹരികളുണ്ട്. ഏഷ്യനെറ്റിന്റെ ഉടമസ്ഥതയും എന്‍ഡിടിവിയിലെ കുറച്ച് ഓഹരികളുമുള്ള എന്‍ഡിഎ സംഖ്യത്തിന്റെ രാജ്യസഭ അംഗമായ രാജീവ് ചന്ദ്രശേഖര്‍, അര്‍ണാബ് ഗോസ്വാമിയുടെ പുതിയ ചാനലിന് ധനസഹായം നല്‍കിക്കൊണ്ട് മറ്റൊരു മാധ്യമ മാടമ്പിയായി വളര്‍ന്നുവരികയാണ്.

ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പിന്റെ പ്രമോട്ടര്‍മാരായ സമീര്‍ ജെയ്‌നും ഇളയ സഹാദരന്‍ വീനീതും രാഷ്ട്രീയ നിഷ്പക്ഷതയുടെ പേരില്‍ അറിയപ്പെടുന്നവരാണെങ്കിലും അവരുടെ പ്രസിദ്ധീകരണങ്ങളും ചാനലുകളും മറ്റൊരു രസകരമായ കഥയാണ് പറയുന്നത്. അവരുടെ ദിപത്രം നിഷ്പക്ഷമാണെന്ന ഒരു ധാരണ സൃഷ്ടിക്കുന്നുണ്ടെങ്കിലും ടൈംസ് നൗ ചാനല്‍ തീവ്ര മോദി അനുകൂലികളും സ്വാതന്ത്ര മൂല്യങ്ങള്‍ക്ക് എതിരുമാണ്. ഇത്തരം പരസ്പര വിരുദ്ധമായ മൂല്യങ്ങള്‍ സൂക്ഷിക്കുക വഴി അധികാരത്തിലെത്തുന്ന ആരെയും കൈകാര്യം ചെയ്യാന്‍ ടൈംസ് ഗ്രൂപ്പിന് സാധിക്കുന്നു.

ഇത്രയും വഞ്ചനാപരവും ആഴത്തിലുള്ള രാഷ്ട്രീയ, കോര്‍പ്പറേറ്റ് ഉടമസ്ഥത രീതികളുമുള്ള ഇന്ത്യയിലെ മുഖ്യധാര മാധ്യമങ്ങള്‍ അതീവ പ്രതിസന്ധിയാണ് നേരിടുന്നത്. മാധ്യമ പ്രവര്‍ത്തകരുടെ അവകാശങ്ങള്‍ക്കായി നിലകൊള്ളുന്ന ശക്തമായ സ്ഥാപനങ്ങള്‍ ഒന്നും തന്നെയില്ല. ദ ടെലിഗ്രാഫും ഹിന്ദുസ്ഥാന്‍ ടൈംസും വലിയ അളവില്‍ ജീവനക്കാരെ പിരിച്ചുവിട്ടപ്പോഴും വലിയ പ്രതിഷേധമൊന്നും എവിടെയും കേട്ടില്ല.

മാധ്യമ ഉടമസ്ഥതയെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് രാജ്യത്തിന്റെ അത്രതന്നെ പഴക്കമുണ്ട്. ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവും അദ്ദേഹത്തിന്റെ പ്രതിരോധ മന്ത്രി വി കെ കൃഷ്ണമേനോനും ‘ചണ പത്രം’ എന്ന് കളിയാക്കാറുണ്ടായിരുന്നു. ന്യൂ സെന്‍ട്രല്‍ ജൂട്ട് മില്ലിന്റെ ഉടമകളായിരുന്ന സാഹു-ജെയ്ന്‍ ഗ്രൂപ്പ് നയിച്ചിരുന്ന ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പിനെ കുറിച്ചുള്ള പ്രത്യക്ഷ പരാമര്‍ശമായിരുന്നു അത്. പിന്നീട് ‘സ്റ്റീല്‍ പ്രസ്’ എന്ന പരാമര്‍ശം വന്നു. രാജ്യത്തെ ഉരുക്ക് വ്യവസായത്തില്‍ നിര്‍ണായക പങ്കുണ്ടായിരുന്ന ടാറ്റാ ഗ്രൂപ്പ്, അക്കാലത്ത് വലിയ സ്വാധീനമുണ്ടായിരുന്ന സ്റ്റേറ്റ്‌സ്മാന്‍ പത്രത്തിന്റെ ഭാഗിക ഉടമസ്ഥരായതുമായി ബന്ധപ്പെട്ടായിരുന്നു ആ പരാമര്‍ശം. ഇന്ത്യന്‍ എക്‌സ്പ്രസ് ഗ്രൂപ്പിന്റെ അധിപനായിരുന്ന രാമനാഥ് ഗോയങ്കെ, 1960കളില്‍ ഇന്ത്യന്‍ അയണ്‍ ആന്റ് സ്റ്റീല്‍ കമ്പനിയെ നിയന്ത്രിക്കാനുള്ള ഒരു വിഫലശ്രമം നടത്തിയിരുന്നു. ചില കുടുംബ ഉടമസ്ഥയിലുള്ള ഗ്രൂപ്പുകള്‍, തങ്ങളുടെ വാര്‍ത്ത കമ്പനികളെ ഉപയോഗിച്ചുകൊണ്ട് തങ്ങളുടെ മറ്റ് വാണിജ്യ താല്‍പര്യങ്ങള്‍ക്കായി സ്വാധീനം ചെലുത്തുമെന്ന വ്യക്തമായ സന്ദേശമാണ് അന്നത്തെ നേതാക്കന്മാര്‍ നല്‍കിയത്.

അന്ന് നെഹ്രു വിശേഷിപ്പിച്ച സാഹചര്യം ഇന്ന് പതിന്മടങ്ങായി വര്‍ദ്ധിച്ചിരിക്കുന്നു. സത്യസന്ധരും സ്വതന്ത്രരുമായ മാധ്യമ സ്ഥാപനങ്ങളെ കാത്തിരിക്കുകയാണ് രാജ്യം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍