രണ്ടു മാസത്തിനകം കുടിശികയിനത്തില്‍ മൂന്നു കോടിക്കു മുകളില്‍ പണം ബാങ്കില്‍ തിരിച്ചടയ്ക്കണം
കെപിസിസി പ്രസിഡന്റ് വി എം സുധീരനും കോണ്‍ഗ്രസ് നേതാവ് എം എം ഹസനും മാധ്യമപ്രവര്‍ത്തകന്‍ കെ പി മോഹനനുമെതിരേ ചലച്ചിത്ര സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി ഈയടുത്ത് ഒരു തുറന്നു പറച്ചില്‍ നടത്തിയിരുന്നു. സമകാലിക മലയാളം വാരികയില്‍ കെ ആര്‍ മീര എഴുതിയ ലേഖനത്തിലാണു ശ്രീകുമാരന്‍ തമ്പി താന്‍ അനുഭവിക്കുന്ന മാനസിക വിഷമം പുറത്തു പറയുന്നത്.
കെപിസിസി പ്രസിഡന്റിനെഴുതുന്ന കത്തിന്റെ രൂപത്തില്‍ ശ്രീകുമാരന്‍ തമ്പി പറയുന്നത്, ജയ്ഹിന്ദ് ചാനലില്‍ തന്റെ പരമ്പര സംപ്രേക്ഷണം ചെയ്ത വകയില്‍ കരാര്‍ പ്രകാരം കിട്ടാനുള്ള 26,96,640 രൂപ ഇതുവരെ തന്നു തീര്‍ത്തിട്ടില്ലെന്നാണ്. ഈ കാര്യം ചൂണ്ടിക്കാട്ടി പലതവണ കത്തയച്ചു. വര്‍ഷങ്ങളായി കെപിസിസി പ്രസിഡന്റിനും എം എം ഹസന്‍, കെ പി മോഹനന്‍ എന്നിവര്‍ക്ക് പരാതി നല്‍കുന്നു. ഒരു നടപടിയും ഉണ്ടായില്ല. ധനലക്ഷ്മി ബാങ്കിന്റെ വഴുതക്കാട് ശാഖയില്‍ നിന്നും സ്വകാര്യ പണമിടപാടുകാരില്‍ നിന്നും കടം വാങ്ങിയാണ് താന്‍ ഈ പരമ്പര നിര്‍മ്മിച്ചത്. ഇന്നുവരെയുളള തന്റെ ജീവിതത്തില്‍ ആര്‍ക്കെങ്കിലും ഒരു രൂപയെങ്കിലും നഷ്ടം വരുത്തുകയോ കടക്കാരനാകുകയോ ചെയ്തിട്ടില്ല. പക്ഷേ ഇന്ന് തനിക്ക് പണം തന്നവര്‍ കോടതിയെ സമീപിക്കുമെന്ന് അറിയിച്ചിരിക്കുന്നു. കോടതി നടപടികളിലേയ്ക്ക് വലിച്ചിഴക്കപ്പെട്ടാല്‍ ആ നിമിഷം താന്‍ ആത്മഹത്യ ചെയ്യും. അങ്ങനെ സംഭവിച്ചാല്‍ വി.എം സുധീരന്‍, എം.എം ഹസന്‍, കെ.പി മോഹനന്‍ എന്നിവരായിരിക്കും ഉത്തരവാദികള്‍ എന്നുമായിരുന്നു തമ്പിയുടെ കത്തില്‍ പറയുന്നത്.
കഴിഞ്ഞ മാസം പുറത്തുവന്ന ഈ വിവരം കുറച്ചു ചര്‍ച്ചയായെങ്കിലും പിന്നീട് എല്ലാവരും വിട്ടു. എന്നാല്‍ പ്രതിസന്ധികള്‍ ജയ്ഹിന്ദ് ചാനലിനെ വിട്ടുപോകുന്നില്ലെന്നാണ് പുതിയ വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്. ഇത്തവണ ചാനലിനോട് പണം ചോദിച്ചു രംഗത്തു വന്നിരിക്കുന്നത് ഏതെങ്കിലും വ്യക്തിയല്ല, ബാങ്ക് തന്നെയാണ്. കോര്‍പ്പറേഷന്‍ ബാങ്കിന്റെ തിരുവനന്തപുരം ശാഖ, ചാനലിന് ജപ്തി നോട്ടീസ് അയച്ചിരിക്കുകയാണ്. ഭാരത് ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡിന്റെ കീഴിലുള്ള ജയ്ഹിന്ദ് ചാനലിന്റെ എംഡി എംഎം ഹസന്‍, ഡയറക്ടര്‍മാരായ കെ. അനിയന്‍കുഞ്ഞ്, പെഴുവിള സജീവ്, തോമസ് മാത്യു, അഡീഷണല്‍ ഡയറക്ടര്‍മാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, തലേക്കുന്നേല്‍ ബഷീര്‍, ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, കെ സുധാകരന്‍, ആര്യാടന്‍ മുഹമ്മദ്, പന്തളം സുധാകരന്‍, വി എം സുധീരന്‍, പി പി തങ്കച്ചന്‍ എന്നിവരെ വായ്പക്കാരാക്കിയാണ് ബാങ്കിന്റെ ജപ്തി നോട്ടീസ്.
ഭാരത് ബ്രോഡ്കാസ്റ്റിംഗിന്റെ പേരില്‍ കമ്പനിയുടെ സ്ഥാവര ജംഗമ വസ്തുക്കള്‍ ഈടുവച്ചാണ് കോര്‍പ്പറേഷന്‍ ബാങ്കിന്റെ ബാങ്കിന്റെ തിരുവനന്തപുരം ശാഖയില്‍ നിന്നും വായ്പയെടുത്തത്. തിരിച്ചടവില്‍ വീഴ്ച വരുത്തിയതിനാല്‍ വായ്പ 2016 മാര്‍ച്ചില്‍ നിഷ്‌ക്രിയ ആസ്തിയായി ബാങ്ക് തരം തിരിക്കുകയുണ്ടായി. ഇപ്പോള്‍ കുടിശ്ശികയുള്ള 3,19, 38,452. 50 രൂപയും ഇതിന്റെ എല്ലാ പലിശകളും സഹിതം രണ്ടു മാസത്തിനകം തിരിച്ചടച്ചില്ലെങ്കില്‍ ജപ്തി നടപടികളുമായി ബാങ്ക് മുന്നോട്ടു പോകുമെന്നാണു പറഞ്ഞിരിക്കുന്നത്. ബാങ്കിനു കിട്ടേണ്ട പണം വസ്തുവകകള്‍ വില്‍പ്പനയ്ക്കു വച്ച് ഈടാക്കുമെന്നും ബാങ്കിന്റെ അറിയിപ്പില്‍ പറയുന്നു. അതിനിടയില്‍ ചാനലിന്റെതായിട്ടുള്ള വസ്തുക്കള്‍ വില്‍ക്കുകയോ കൈമാറ്റം ചെയ്യാനോ പാടുള്ളതല്ലെന്നും ബാങ്ക് നല്‍കിയിരിക്കുന്ന പത്രപരസ്യത്തില്‍ പറയുന്നു.
പ്രതിസന്ധികളില്‍ നിന്നും പ്രതിസന്ധികളിലേക്ക് കൂപ്പുകുത്തുന്ന ചാനലിന് ഇപ്പോഴത്തെ ഭീഷണി നേരിടാന്‍ കഴിഞ്ഞില്ലെങ്കില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മുഖമായി അവതരിപ്പിക്കപ്പെട്ട ജയ്ഹിന്ദ് എന്നന്നേക്കുമായി അടച്ചുപൂട്ടേണ്ടി വരും. വളരെ ആവേശത്തോടെ കൊണ്ടുവന്ന ഒരു ചാനല്‍ നിലംതൊടാനാകാതെ പൊട്ടിപ്പോയി എന്ന അപഖ്യാതിയും പാര്‍ട്ടി ചുമക്കേണ്ടി വരും. കേന്ദ്രത്തിലും സംസ്ഥാനത്തും ഭരണത്തില്‍ മാറിമാറി വന്നിരുന്ന ഒരു പാര്‍ട്ടിക്കാണ് ഇങ്ങനെയൊരു ഗതികേടെന്നതും ഓര്‍ക്കണം.
കോണ്‍ഗ്രസ് നേതാക്കന്മാര്‍ക്കിടയിലെ പോര് പാര്‍ട്ടിയെ ബാധിക്കുന്നതെങ്ങനയോ അതു തന്നെയാണു പാര്‍ട്ടി ചാനലിനെയും തകര്‍ത്തതെന്നു പറയാം. മാനേജിംഗ് ഡയറക്ടറായ എംഎം ഹസന്റെ ഏകാധിപത്യ ഭരണമാണ് ചാനലില്‍ നടക്കുന്നതെന്നാണു മറ്റു നേതാക്കളും ഗ്രൂപ്പുകാരും പറയുന്നത്. അതുകൊണ്ട് തന്നെ ഇപ്പോഴത്തെ പ്രതിസന്ധി പാര്‍ട്ടി ചെലവില്‍ തീര്‍ക്കേണ്ടെന്നും ഉത്തരവാദികളായവര്‍ തന്നെ അതിനായി തലപുകച്ചോട്ടെയെന്നുമാണ് കെപിസിസി പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ പറയുന്നത്.
ചാനലിന്റെ കഴിഞ്ഞ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ അഡീഷണല്‍ ഡയറക്ടര്‍ സ്ഥാനത്തു നിന്നും സുധീരന്‍ ഒഴിഞ്ഞിരുന്നു. ചാനല്‍ തുടങ്ങിയ സമയത്ത് കെപിസിസി അധ്യക്ഷനായിരുന്നു ചാനലിന്റെ മുഖ്യചുമതലക്കാരന്‍. രമേശ് ചെന്നിത്തലയായിരുന്നു ആ സ്ഥാനത്ത്. ഹസന്‍ മാനേജിംഗ് ഡയറക്ടറും. ചാനല്‍ നടത്തിപ്പ് ഹസന്‍ ആയിരുന്നു. എന്നാല്‍ സുധീരന്‍ മുഖ്യചുമതലക്കാരന്റെ വേഷത്തിലേക്ക് വരാതിരുന്നതിനു കാരണം ഹസ്സനുമായി ചേര്‍ന്നു പോകില്ലെന്നതിനാല്‍ തന്നെയാണ്. ഈ അകല്‍ച്ച ദിവസം പ്രതി കൂടി വരുന്നതിനാല്‍ ഇപ്പോള്‍ ചാനല്‍ വന്നുപ്പെട്ടിരിക്കുന്ന കുഴപ്പത്തില്‍ പാര്‍ട്ടിയായിട്ട് ഒന്നും ചെയ്യാന്‍ പോകുന്നില്ലെന്ന് തന്റെ നിസ്സംഗതയിലൂടെ വ്യക്തമാക്കിയിട്ടുണ്ട് സുധീരന്‍. ശ്രീകുമാരന്‍ തമ്പിയുടെ ഉള്‍പ്പെടെയുള്ള വിഷയത്തില്‍ സമൂഹമധ്യത്തില്‍ ഏറെ മാനക്കേട് ഏല്‍ക്കേണ്ടി വന്നതും കെപിസിസി പ്രസിഡന്റാണ്.
ജപ്തി നടപടിയുമായി ബാങ്ക് മുന്നോട്ടുവന്നാലും ചാനലിന് സ്വന്തമായിട്ടുള്ളതെന്നു പറയാവുന്നവ വിറ്റാല്‍ പോലും കിട്ടേണ്ട കുടിശ്ശിക തുക അവര്‍ക്കു കിട്ടണമെന്നില്ല. സാങ്കേതിക ഉപകരണങ്ങള്‍ സ്വന്തമായിട്ടുണ്ടെങ്കിലും ഭൂമിയോ കെട്ടിടമോ ഒന്നും ചാനലിന്റെതായിട്ടില്ല. സ്റ്റുഡിയോ ഉള്‍പ്പെടെ പ്രവര്‍ത്തിക്കുന്നത് വാടക കെട്ടിടങ്ങളിലാണത്രേ. അയതുകൊണ്ട് വസ്തുവകകള്‍ വിറ്റ് ബാങ്കിനു തുക ഈടാക്കാന്‍ പ്രയാസമായിരിക്കും. അങ്ങനെ വന്നാല്‍ ലോണ്‍ കിട്ടാന്‍ വേണ്ടി ഒപ്പിട്ടു നല്‍കിയ എല്ലാ നേതാക്കന്മാരില്‍ നിന്നും തങ്ങള്‍ക്കു വന്നുചേരേണ്ട പണം ബാങ്ക് വസൂലാക്കാന്‍ നടപടിയെടുക്കും. ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും എന്തിന് സുധീരനു വരെ ആ വഴി പണം നഷ്ടപ്പെടാം. അതു വലിയ നാണക്കേട് ഉണ്ടാക്കും. പക്ഷേ വന്നുപെടുന്ന നാണക്കേടുകളൊക്കെ മാറ്റാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കു വലിയ താതപര്യമൊന്നും ഇല്ലാത്തതിനാല്‍ ചാനലിന്റെ ഗതി എന്താകുമെന്നു പറയാന്‍ പറ്റില്ല. ഭരണം തിരിച്ചു കിട്ടുകയാണെങ്കില്‍ തന്നെ അതിനിനിയും നാലു വര്‍ഷം കാത്തിരിക്കുകയും വേണം. അതുവരെ ബാങ്ക് ക്ഷമിക്കില്ലല്ലോ. പക്ഷേ, അവിടെയുള്ള മാധ്യമപ്രവര്‍ത്തകരുടെയും മറ്റു ജീവനക്കാരുടെയും ജീവിതമാണ് ഇതുകൊണ്ട് പ്രതിസന്ധിയിലാകുന്നത്.