UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എന്തുകൊണ്ട് അഴിമതിയെ പടിക്കു പുറത്താക്കണം?

ദിവസങ്ങള്‍ നീണ്ട പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കൊടുവില്‍ കേരള നിയമസഭ തെരഞ്ഞെടുപ്പ് പാടിവാതില്‍ക്കല്‍ എത്തിയിരിക്കുന്നു. നിരവധി വിഷയങ്ങള്‍ സംവാദമായും വിവാദമായും കടന്നു പോയി. വാഗ്വാദങ്ങള്‍ നടന്നു. പ്രകടന പത്രികകള്‍ വന്നു. വികസനവും അഴിമതിയും ക്രമസമാധാനവും ക്ഷേമ ഭരണവും എല്ലാം ചര്‍ച്ച ചെയ്യപ്പെട്ടു. ഈ തെരഞ്ഞെടുപ്പില്‍ പ്രധാനമായും ചര്‍ച്ച ചെയ്തതും തെരഞ്ഞെടുപ്പിന് ശേഷവും ചര്‍ച്ച ചെയ്യേണ്ടതുമായ 7 ചോദ്യങ്ങള്‍ ഉന്നയിക്കുകയാണ് അഴിമുഖം 7 ബിഗ് ക്വസ്റ്റ്യന്‍സ് @പോള്‍ 2016. തെരഞ്ഞെടുപ്പ് തലേ ദിവസം വരെ ഈ ചര്‍ച്ച തുടരും.. വായനക്കാര്‍ക്കും പ്രതികരിക്കാം. ഇമെയിലായും കമന്റായും വരുന്ന മികച്ച പ്രതികരണങ്ങള്‍ ഞങ്ങള്‍ ഈ സീരീസില്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിക്കുന്നതായിരിക്കും. മൂന്നാമത്തെ ചോദ്യം; എന്തുകൊണ്ട് അഴിമതിയെ പടിക്കു പുറത്താക്കണം? (ഐടി, വികസനത്തിന്റെ ലാസ്റ്റ് ബസ്സോ?, കേരളം സ്ത്രീകള്‍ക്ക് സുരക്ഷിതമായ ഇടമോ? എന്നിവയായിരുന്നു മുന്‍ ചോദ്യങ്ങള്‍)

സി ആര്‍ നീലകണ്ഠന്‍
കണ്‍വീനര്‍, ആം ആദ്മി പാര്‍ട്ടി

അഴിമതിയെന്നത് കേവലം കൈക്കൂലി എന്നതിലേക്ക് ഒതുക്കാനാവില്ല. അര്‍ഹതയില്ലാത്തവ കൈകാര്യം ചെയ്യാന്‍ അവകാശം കിട്ടുന്നതു തന്നെ അഴിമതിയാണ്. നമ്മുടെ നാട്ടില്‍ ഇന്നും അഴിമതിയെന്നു പറയുന്നത് വില്ലേജ് ഓഫിസില്‍ കൊടുക്കുന്ന പത്തുരൂപയുടെ കൈക്കൂലിയാണ്. അതുമാത്രമല്ല അഴിമതി. ഒരു പദ്ധതി രൂപീകരിക്കുന്നതിടത്തു തന്നെ അതിന്റെ അഴിമതി തുടങ്ങുകയാണ്. പ്രകൃതിവിഭവങ്ങള്‍ കൊള്ളയടിക്കുന്ന, വരുംതലമുറയുടെ സമ്പത്തുപോലും ഇല്ലാതാക്കുന്ന ഒരു പദ്ധതിയെ നാം വികസനം എന്നാണു വിളിക്കുന്നത്. ഒരു പദ്ധതി നന്നായി നടപ്പാക്കിയെന്നതുകൊണ്ട് അത് അഴിമതി അല്ലാതാവുന്നില്ല. 5,500 കോടിയുടെ കൊച്ചിന്‍ മെട്രോ പദ്ധതിയില്‍, ഇ. ശ്രീധരന്‍ മേല്‍നോട്ടം വഹിക്കുന്നതുകൊണ്ട് അഴിമതിയില്ല എന്നു പറയാന്‍ പറ്റില്ല. കൊച്ചിന്‍ മെട്രോ പദ്ധതി തന്നെ വലിയ അഴിമതിയാണ്. പൊതുസമ്പത്ത് ഏതു കാര്യത്തിന് ഉപയോഗിക്കണം, ഏതിനു മുന്‍ഗണന എന്നു തീരുമാനിക്കുന്നതില്‍ തന്നെ അഴിമതി തുടങ്ങും. ഭൂമി കൈമാറ്റം ചെയ്യുമ്പോള്‍ അത് നിയമപ്രകാരമാണെങ്കില്‍ പോലും പോബ്‌സണ്‍ എസ്‌റ്റേറ്റിനു നല്‍കുമ്പോള്‍ അവിടെ അഴിമതിയുണ്ട്. ഭൂമിക്കവകാശപ്പെട്ട ലക്ഷണക്കണക്കിന് ആളുകള്‍ മണ്ണും വീടും ഇല്ലാതെ കിടക്കുമ്പോള്‍ ആ ഭൂമി വേറൊരാള്‍ക്ക് കൊടുത്താല്‍ അത് അഴിമതി തന്നെയാണ്.

അഴിമതിയിലൂടെ നഷ്ടമാകുന്നത് ആരുടെയെങ്കിലും പണമല്ല, നാം നികുതി കൊടുക്കുന്ന നമ്മുടെ പണമാണ്. സര്‍ക്കാരിന്റെ പണത്തില്‍ ജനങ്ങള്‍ക്കു മുഴുവന്‍ അവകാശമുണ്ട്. അതിനാല്‍ എല്ലാവര്‍ക്കും ഉപകാരപ്പെടുന്ന രീതിയിലാണ് ആ പണം വിനിയോഗിക്കേണ്ടത്. അങ്ങനെയല്ലാത്തത് അഴിമതിയാണ്.

പതിനഞ്ചു രൂപയ്ക്ക് പച്ചവെള്ളം വില്‍ക്കുന്നത് അഴിമതിയാണ്. എല്ലാ ജനങ്ങള്‍ക്കും അവകാശപ്പെട്ട ശുദ്ധജലം കുറച്ചാളുകള്‍ കുപ്പിയിലാക്കി വില്‍ക്കുന്നത് അഴിമതിയാണ്. അതിനു കൂട്ടുനില്‍ക്കുന്നതും അഴിമതിയാണ്. ശുദ്ധവായു കിട്ടാതെ ഒരാള്‍ രോഗിയാകുന്നു. അയാളുടെ പണം ഇവിടുത്തെ കുത്തക മരുന്നു കമ്പനികള്‍ക്കോ ഡോക്ടര്‍മാര്‍ക്കൊ കൊള്ളയടിക്കാന്‍ അവസരം കിട്ടുന്നത് ഇവിടുത്തെ ശുദ്ധവായുവും ശുദ്ധജലവും സംരക്ഷിക്കാത്തതുകൊണ്ടാണ്, അത് അഴിമതിയാണ്.

അഴിമതി എന്ന വാക്കിന്റെ അര്‍ത്ഥം വളരെ ചുരുക്കിയിരിക്കുകയാണ് ഇന്ന്. അതല്ല വേണ്ടത്, അഴിമതിയെ അതിന്റെ വിശാലമായ അര്‍ത്ഥത്തില്‍, ദീര്‍ഘകാലാടിസ്ഥാനത്തില്‍ പാരസ്ഥിതികാവബോധത്താല്‍ കാണേണ്ടതാണ്. വിഴിഞ്ഞം പദ്ധതി വലിയ അഴിമതിയാണ്. അദാനി നടത്തുന്നതുകൊണ്ടു മാത്രമല്ല, കേന്ദ്രസര്‍ക്കാര്‍ നടത്തിയാലും അത് അഴിമതിയാണ്. ഏക്കറുകണക്കിനു കടല്‍ നികത്തുകയും കുന്നിടിക്കുകയും പാറമടകള്‍ ഉണ്ടാക്കുകയും കോണ്‍ക്രീറ്റ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്താല്‍ കേരളത്തിന്റെ അവസ്ഥ എന്തായിരിക്കും? നാടിനുണ്ടാകുന്ന നഷ്ടം ആരാണ് വഹിക്കേണ്ടത്? പൊതുവിഭവങ്ങളുടെ കൊള്ളയും അഴിമതിയാണ്. അതുകൊണ്ട് തന്നെ അഴിമതി എതിര്‍ത്തേ പറ്റൂ. അഴിമതി അഴിമതിയാണെന്നുപോലും അറിയാത്തൊരുവസ്ഥയാണ് ഇപ്പോള്‍. അതുകൊണ്ട് അഴിമതിയെ അതിന്റെ വിശാല അര്‍ത്ഥത്തില്‍ കണ്ട് അതിനെ എതിര്‍ക്കാന്‍ കഴിഞ്ഞെങ്കില്‍ മാത്രമെ നമ്മള്‍ നടത്തുന്നത് അഴിമതി വിരുദ്ധസമരമാകുന്നുള്ളൂ.

അഡ്വ. ഡി ബി ബിനു
വിവരാവകാശ പ്രവര്‍ത്തകന്‍

ഇന്നു നടക്കുന്ന മനുഷ്യാവകാശ ലംഘനത്തിന്റെ പ്രധാന കാരണം അഴിമതിയാണ്. അഴിമതി പല രൂപത്തിലാണു പൗരനെ ബാധിക്കുന്നത്. കേരളത്തില്‍ ഈയടുത്ത കാലത്ത് നടന്ന മൂന്നു സംഭവങ്ങള്‍ പരിശോധിക്കാം. തിരുവനന്തപുരം വെള്ളറട വില്ലേജ് ഓഫിസില്‍ തീയിട്ട സംഭവം, കൊല്ലം പരവൂരില്‍ നടന്ന വെടിക്കെട്ടപകടം, പെരുമ്പാവൂരില്‍ ഒരു പെണ്‍കുട്ടി ക്രൂരമായി കൊല ചെയ്യപ്പെട്ടത്.

സാംകുട്ടി എന്ന വ്യക്തിയോട് ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുണ്ടായ മനുഷ്യാവകാശ ലംഘനത്തിന്റെ ഫലമാണ് അയാളെക്കൊണ്ട് അത്തരമൊരു നീക്കം നടത്താന്‍ പ്രേരിപ്പിച്ചത്. സര്‍ക്കാര്‍ ഓഫിസുകളില്‍ നിന്നു കിട്ടേണ്ട സേവനങ്ങള്‍ വൈകുന്നതിന്റെ കാരണം അഴിമതിയാണ്. ജിഷയുടെ വിഷയം, സ്ത്രീകളുടെ സുരക്ഷയെ സംബന്ധിക്കുന്നതായാണ് ചര്‍ച്ചകള്‍ പോകുന്നതെങ്കിലും ഇവിടെ ശ്രദ്ധിക്കേണ്ടത് നടപടിയെടുക്കേണ്ടവര്‍ അതിനു തയ്യാറായില്ല എന്നതാണ്. കെടുകാര്യസ്ഥതയും ചുവപ്പുനാടയുമാണ് അവിടെ വില്ലന്‍. അതെന്തുകൊണ്ട് എന്നന്വേഷിക്കുമ്പോള്‍ എത്തുന്നതും അഴിമതിയിലാണ്. ഇനി പരവൂരിലെ വെടിക്കെട്ടപകടം, എല്ലാ മാര്‍ഗനിര്‍ദേശങ്ങളും നിയമങ്ങളും തെറ്റിച്ചാണ് അവിടെ വെടിക്കെട്ട് നടന്നത്. അത് ബന്ധപ്പെട്ടവര്‍ അറിയാതെയല്ല. അപ്പോള്‍ അവിടെയും അഴിമതി തെളിഞ്ഞു വരുന്നു. ഇത്തരത്തില്‍ നോക്കുകയാണെങ്കില്‍ പൗരന്റെ അവകാശങ്ങള്‍ പലതും ഇല്ലാതാക്കുന്നതും തടയപ്പെടുന്നതും ഇന്നാട്ടില്‍ നിലനില്‍ക്കുന്ന അഴിമതി മൂലമാണെന്നു കാണാം.

ഇതിനെല്ലാം തുടക്കമിടുന്നത് നമ്മുടെ ഭരണസംവിധാനത്തിലെ ജീര്‍ണതകളാണ്. എന്നാല്‍ ഈ ജീര്‍ണത ഒരു രാഷ്ട്രീയപ്പാര്‍ട്ടിയാലും ഇവിടെ ചര്‍ച്ച ചെയ്യപ്പെടുന്നില്ല. നിയമം ഇല്ലാത്തതല്ല, നിയമം നടപ്പാക്കാത്തതാണ് പ്രശ്‌നം. സാംകുട്ടിയുടെ കാര്യമെടുത്താല്‍, സേവനാവകാശ നിയമം 2012 ല്‍ സംസ്ഥാനത്ത് നിലവില്‍ വന്നതാണ്. ഈ നിയമപ്രകാരം 40 ദിവസത്തിനകം പോക്കുവരവ് നടത്തിക്കൊടുക്കണമെന്നാണ്. സാംകുട്ടി അതിനായി നാലര വര്‍ഷമായി നടന്നു. ഇതിനിടയില്‍ പലപ്പോഴായി രണ്ടുലക്ഷത്തോളം രൂപ കൈക്കൂലി കൊടുത്തതായും പറയുന്നു. നിയമം നിലവിലുണ്ടായിട്ടും അതു പാലിക്കപ്പെടാതെ പോകുമ്പോള്‍, തന്റെ അവകാശം അന്യമായി പോകുന്ന ഒരു മനുഷ്യനു തോന്നിയ വികാരമാണ് സാംകുട്ടിയുടെ പ്രവൃത്തി. വില്ലേജ് ഓഫിസ്, തഹസില്‍ദാര്‍ ഓഫിസ്, കളക്ട്രേറ്റ് തുടങ്ങി മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ വരെ തന്റെ കാര്യം സാധിച്ചുകിട്ടാന്‍ അയാള്‍ കയറിയറങ്ങി. ജസനസമ്പര്‍ക്ക പരിപാടിയില്‍ നല്‍കിയ അപേക്ഷപ്രകാരം സാംകുട്ടിയെ സീറോ ലാന്‍ഡ്‌ സ്‌കീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് അറിയിപ്പ് കിട്ടി. ഭൂമിയില്ലാത്തവര്‍ക്ക് ഭൂമി കൊടുക്കുന്ന പദ്ധതിയില്‍ സാംകുട്ടിയെ ഉള്‍പ്പെടുത്തിയെന്ന്! യഥാര്‍ത്ഥത്തില്‍ അയാള്‍ ഭൂരഹിതനല്ല, അപേക്ഷയില്‍ എന്താണ് എഴുതിയതെന്നു വായിച്ചുനോക്കാത്തതിന്റെ കുഴപ്പം. 18 സെന്റ് ഭൂമിയ്ക്ക് പട്ടയമുണ്ട്, അയാളുടെ പേരില്‍ കരമടയ്ക്കുന്നുണ്ട്. ഒരിക്കല്‍ റീസര്‍വേ നടക്കുന്നതിനിടയില്‍ ഏതോ ഉദ്യോഗസ്ഥന്‍ സര്‍ക്കാര്‍ ഭൂമി എന്നു തെറ്റായി എഴുതിവച്ചതാണ് പ്രശ്‌നമായത്. ഇതൊന്നു തിരുത്തിക്കിട്ടാന്‍ വേണ്ടിയാണ് കഴിഞ്ഞ നാലര വര്‍ഷമായി അയാള്‍ നടന്നത്.

പല സംസ്ഥാനങ്ങളിലും ഭരണകൂടത്തിനെതിരെ വിധ്വംസക സംഘങ്ങളുടെ ആക്രമണം നടക്കുന്നുണ്ട്. പ്രത്യേകിച്ച് മാവോയിസ്റ്റുകള്‍. പൊലീസുകാരെ ആക്രമിക്കുന്നു, കളക്ടറെ ബന്ധിയാക്കുന്നു, ജവാന്മാരെ കൊല്ലുന്നു… എന്തുകൊണ്ട് ഇതൊക്കെ സംഭവിക്കുന്നു എന്നു നോക്കുമ്പോള്‍, നമ്മുടെ ഭരണസംവിധാനമോ, നിയമങ്ങളോ, സാമൂഹ്യസുരക്ഷപദ്ധതികളോ ഇത്തരം ആളുകള്‍ക്കിടയിലേക്ക് എത്തിക്കാന്‍ കഴിയാതെ പോകുന്നത് കാണാം. എന്തുകൊണ്ടത് നടക്കുന്നില്ല എന്നു നോക്കുമ്പോള്‍ അവിടെയും അഴിമതി തന്നെ വില്ലന്‍.

കര്‍ഷകര്‍ക്കുള്ള ദുരിതാശ്വാസം കര്‍ഷകനല്ല കിട്ടുന്നത്, അതുവേറെയാരൊക്കെയോ ചേര്‍ന്ന് വീതിച്ചെടുക്കുന്നു. അതേസമയം നോക്കൂ, ആയിരം കോടികള്‍ വായ്പ്പയെടുത്തയൊരാള്‍ അതു തിരിച്ചടയ്ക്കാതെ രാജ്യം വിടുന്നു. ഇതൊക്കെ കാണിക്കുന്നത് ഇവിടെ നടക്കുന്ന ഉദ്യോഗസ്ഥ-രാഷ്ട്രീയ അഴിമതിയാണ്.

നമ്മുടെ നാടിന്റെ വികസന ഞരമ്പുകള്‍ക്ക് തടസമാകുന്നത് ഇത്തരം അഴിമതിയാണ്. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച തടസപ്പെടുന്നു, ജനങ്ങളുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നു.

അഴിമതി, നമ്മുടെ സംവിധാനങ്ങളുടെ താഴെ തട്ടില്‍ നിന്നു വളരുന്നതാണ്. എന്നാല്‍ ഇതേക്കുറിച്ച് സംസാരിക്കാനോ ഇല്ലായ്മ ചെയ്യാനോ രാഷ്ട്രീയ പാര്‍ട്ടികള്‍ തയ്യാറാകുന്നില്ല. യഥാര്‍ത്ഥരോഗത്തെയല്ല നമ്മള്‍ ചികിത്സിക്കുന്നത്, രോഗലക്ഷണങ്ങളെയാണ്. അത് ശാശ്വതമായ വിമുക്തി നല്‍കില്ല. ലോക്പാല്‍ ബില്‍ പാസാക്കുമെന്നു പറഞ്ഞവര്‍പോലും ഇപ്പോള്‍ അതെക്കുറിച്ച് സംസാരിക്കുന്നില്ല, ലോകായുക്ത നിയമം കര്‍ശനമാക്കുമെന്നു പറഞ്ഞവരെയും കാണുന്നില്ല. അഴിമതിവിമുക്ത പ്രവര്‍ത്തനങ്ങള്‍ ഒരു പാര്‍ട്ടിയുടെയും പ്രകടനപത്രികയിലുമില്ല. അഴിമതി ഇല്ലാതാക്കല്‍ അവരുടെ അജണ്ടയില്‍ വന്നാല്‍ എങ്ങനെ ജീവിക്കുമെന്നാണവരുടെ ഭയം. രാഷ്ട്രീയമെന്ന തൊഴില്‍ മാത്രം ചെയ്യുന്നവരുടെ സാമ്പാദ്യം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരികയാണ്. രാഷ്ട്രീയം മാത്രമാണ് അവരുടെ വരുമാനമാര്‍ഗ്ഗമെന്നിരിക്കെ അഴിമതിക്കെതിരെ ശബ്ദിക്കാന്‍ രാഷ്ട്രീയക്കാര്‍ തയ്യാറാകില്ല. എന്നാല്‍ അഴിമതി ഇല്ലാതാക്കേണ്ടതാണ്, അതിന് സമൂഹമാണ് പ്രവര്‍ത്തിക്കേണ്ടത്.

എ സജീവന്‍
മാധ്യമ പ്രവര്‍ത്തകന്‍

മറ്റേത് വിഷയം വന്ന് മൂടിയാലും അഴിമതിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ ആരും മറക്കാറില്ല. ഈ തെരഞ്ഞെടുപ്പില്‍ അഴിമതി ജനങ്ങള്‍ക്കിടയില്‍ പ്രധാന ചര്‍ച്ചാ വിഷയം തന്നെയാണ്. അത് നാട്ടുകാരോട് സംസാരിക്കുമ്പോള്‍ നമുക്ക് മനസിലാകും. ഇങ്ങനെ പോയാല്‍ നാട് എങ്ങനെയാ നന്നാകുന്നത് എന്നാണ് അവര്‍ ചോദിക്കുന്നത്. ഈ അഴിമതികള്‍ ജനങ്ങളുടെ മനസ്സില്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നുണ്ട്.

ആരോപണങ്ങള്‍ ഉയരുമ്പോള്‍ അതിനെ മറ്റുവിഷയങ്ങള്‍ ഉയര്‍ത്തി കൊണ്ട് വന്ന് അട്ടിമറിക്കുന്നത് തുടങ്ങിയത് കെ കരുണാകരന്‍റെ രീതിയാണ്. ഇപ്പോള്‍ ബാര്‍ കോഴ, സോളാര്‍, ഭൂമി ദാന വിവാദങ്ങള്‍ ഒന്നും ജനം മറന്നിട്ടില്ല. ബാബുവും മാണിയുമൊക്കെ അഴിമതിക്കാരല്ലെന്ന് ആര് പറഞ്ഞാലും അത് വിശ്വസിക്കാത്ത മൂന്ന് ശതമാനം ജനങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്.

രാഷ്ട്രീയ വിധേയത്വവും വിരോധവും ഉള്ളവരെ മാത്രമേ അതൊക്കെ സ്വാധീനിക്കുകയുള്ളൂ. അവര്‍ ഏത് പാര്‍ട്ടിയില്‍ വിശ്വസിക്കുന്നുവെന്നതിന് അനുസരിച്ചിരിക്കും ഏത് വിധേനയുള്ള സ്വാധീനമാണെന്നുള്ളത്. നിക്ഷ്പക്ഷരായിട്ടുള്ളവര്‍ അതൊന്നും വിശ്വസിക്കില്ല. എന്തുകൊണ്ട് സരിതയ്ക്ക് എതിരെ കേസെടുത്തില്ലെന്ന് അവര്‍ ചോദിക്കും. അവര്‍ പ്രശ്‌നാധിഷ്ഠിതമായിട്ടാണ് വോട്ടു ചെയ്യുന്നത്. അതുകൊണ്ടാണ് ഭരണം മാറി മാറി വരുന്നത്. അഞ്ചുവര്‍ഷത്തിനിടയില്‍ ചെയ്യുന്ന കാര്യങ്ങള്‍ക്ക് പ്രതികരിക്കണമെന്ന് അവര്‍ തീരുമാനിക്കും. അഴിമതി ചര്‍ച്ചാ വിഷയമായോ ഇല്ലയോ എന്ന് നോക്കീട്ടല്ല അവര്‍ വോട്ടു ചെയ്യാന്‍ തീരുമാനിക്കുന്നത്. 

പിജിഎസ് സൂരജ്

പിജിഎസ് സൂരജ്

സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍