UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇന്ത്യ സംഘ പരിവാറിന്‍റെ അസഹിഷ്ണുതയുടെ തടവില്‍

Avatar

ഇന്ത്യയില്‍ വര്‍ധിച്ചുവരുന്ന അസഹിഷ്ണുതയെ ശക്തമായി വിമര്‍ശിച്ച് ന്യൂയോര്‍ക്ക് ടൈംസ് നവംബര്‍ മൂന്നിനു പ്രസിദ്ധീകരിച്ച മുഖപ്രസംഗമാണിത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കു ലഭിക്കുന്ന ഏറ്റവും പുതിയ മുന്നറിയിപ്പ്, തെറ്റുതിരുത്തലിനുള്ള മനോഭാവം ഭരണത്തില്‍ എവിടെയും കാണാനില്ലെങ്കിലും.

സ്വന്തം പാര്‍ട്ടിയിലെ തീവ്രഹിന്ദു അജണ്ടക്കാരോട് സഹിഷ്ണുത കാണിക്കുകയും അവരെ പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാടില്‍ സാധാരണ പൗരന്മാരില്‍ നല്ലൊരു ശതമാനവും നിരാശയിലാണ്. ഈ നിരാശ ഇപ്പോള്‍ സാമ്പത്തികസമൂഹത്തിലേക്കും പടരുകയാണ്. പാര്‍ട്ടിയിലെ തീവ്രവാദികളെ നിയന്ത്രിക്കാത്തപക്ഷം രാജ്യാന്തരതലത്തില്‍ ഇന്ത്യയുടെ വിശ്വാസ്യത നഷ്ടമാകുമെന്ന് മൂഡിസ് അനലിറ്റിക്‌സ് മോദിക്കു മുന്നറിയിപ്പു നല്‍കിയത് കഴിഞ്ഞയാഴ്ചയാണ്. ലളിതമായി പറഞ്ഞാല്‍ രാജ്യാന്തര നിക്ഷേപകര്‍ ഇന്ത്യയിലേക്കു വരില്ലെന്നര്‍ഥം.

ഇന്ത്യയിലെ ബിസിനസ് പ്രമുഖരും കാര്യങ്ങളുടെ പോക്കില്‍ അമ്പരപ്പിലാണ്. മതന്യൂനപക്ഷങ്ങള്‍ ഭയപ്പാടിലാണെന്നതു യാഥാര്‍ഥ്യമാണെന്നു ഇന്‍ഫോസിസ് സ്ഥാപകന്‍ എന്‍. ആര്‍. നാരായണമൂര്‍ത്തി പറഞ്ഞു. രാജ്യത്തുടനീളമുള്ള സംഭവ വികാസങ്ങളില്‍ ബിസിനസ് സമൂഹത്തിന് ഉത്കണ്ഠയുണ്ടെന്നാണ് ബയോകോണ്‍ ചെയര്‍വുമണും എംഡിയുമായ കിരണ്‍ മജുംദാര്‍ ഷാ അഭിപ്രായപ്പെട്ടത്. 

പുരോഗമനവാദിയും വിഗ്രഹാരാധനയുടെ വിമര്‍ശകനുമായിരുന്ന എം എം കല്‍ബുര്‍ഗിയുടെ കൊലപാതകം, പശുവിറച്ചി കഴിച്ചെന്ന കിംവദന്തിയെത്തുടര്‍ന്ന് ഹിന്ദുതീവ്രവാദികള്‍ മുസ്ലിമിനെ കൊലപ്പെടുത്തിയ സംഭവത്തെ അപലപിക്കുമ്പോള്‍ നരേന്ദ്രമോദി കാണിച്ച വൈമനസ്യം എന്നിവ പൊതുസമൂഹത്തില്‍നിന്ന് കടുത്ത വിമര്‍ശനത്തിനിടയാക്കി.  ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലായിരുന്നു ഈ സംഭവങ്ങള്‍.

ഒക്ടോബര്‍ പകുതിയോടെ 35 എഴുത്തുകാര്‍ അവര്‍ക്കുലഭിച്ച പുരസ്‌കാരങ്ങള്‍ കേന്ദ്രസാഹിത്യ അക്കാദമിക്കു തിരിച്ചുനല്‍കി. ശാസ്ത്രജ്ഞര്‍, സാമൂഹികശാസ്ത്രജ്ഞര്‍, ചലച്ചിത്രരംഗത്തെ പ്രമുഖര്‍ തുടങ്ങി വിവിധ മേഖലയിലുള്ള മുന്നൂറോളം പേര്‍ ഇതിനകം രാജ്യത്തെ സംഭവവികാസങ്ങളില്‍ ഉത്കണ്ഠയും അമര്‍ഷവും രേഖപ്പെടുത്തി പൊതുപ്രസ്താവനകള്‍ പുറപ്പെടുവിച്ചുകഴിഞ്ഞു.

പ്രമുഖ ഹിന്ദിസിനിമാതാരമായ ഷാരുഖ് ഖാന്‍ തിങ്കളാഴ്ച അന്‍പതാംപിറന്നാളിനോടനുബന്ധിച്ച് നടത്തിയ പ്രസ്താവനയില്‍ വളരുന്ന അസഹിഷ്ണുതയെപ്പറ്റി ഇങ്ങനെ മുന്നറിയിപ്പുനല്‍കി, ‘എല്ലാമതങ്ങളും തുല്യമാണെന്നു വിശ്വസിക്കുന്നില്ലെങ്കില്‍ നമുക്ക് ഒരിക്കലും സൂപ്പര്‍ പവര്‍ ആകാന്‍ കഴിയില്ല.’

ഏതാനും ചില ഹിന്ദുതീവ്രവാദികളുടെ അസഹിഷ്ണുതയുടെ തടവിലാണ് ഇന്ത്യ എന്നതാണ് സത്യം. വിദ്വേഷമാണ് ഇന്ന് ഇന്ത്യയെ നയിക്കുന്നത്. ഭൂരിപക്ഷം ഇന്ത്യക്കാരും ആഗ്രഹിക്കുന്ന ഇന്ത്യയല്ല ഇത്. ഒരുപാട് വിദേശയാത്രകള്‍ നടത്തി വിദേശനിക്ഷേപം കൊണ്ടുവരാനുള്ള മോദിയുടെ ശ്രമങ്ങള്‍ക്കും ഇന്ത്യയുടെ ഈ പ്രതിച്ഛായ തിരിച്ചടിയാകും.

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍