UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മിസ്റ്റര്‍ വിദ്യാഭ്യാസ മന്ത്രി, താങ്കള്‍ നഗ്നനാണ് ഞാൻ ചെയ്തത് എന്റെ ചുമതലയാണ് – ഊര്‍മ്മിള ടീച്ചര്‍ സംസാരിക്കുന്നു മന്ത്രി മാടമ്പി ആകുമ്പോള്‍

Avatar

സാജു കൊമ്പന്‍

ഒരു നഗരത്തില്‍ ഒരു ബസുണ്ടായിരുന്നു. ഒരു പച്ച ബസ്. ആ ബസ് നിരത്തിലൂടെ ചീറിപ്പായുമ്പോള്‍ ആളുകള്‍ മൂക്കത്ത് വിരല്‍ വെച്ചു നോക്കും. കുട്ടികള്‍ ആര്‍ത്തു ചിരിക്കും. അങ്ങനെയിരിക്കെ ഒരു നാള്‍ ‘അഹന്തയും താന്‍പ്രമാണിത്തവുമുള്ള’ ഒരു സൈക്കിള്‍ അത് വഴി വന്നു. എല്ലാവരുടെയും സ്നേഹാദരങ്ങള്‍ ഏറ്റ് വാങ്ങി വരികയായിരുന്നു നമ്മുടെ ബസ്. ഒരു നിമിഷംകൊണ്ട് എല്ലാം സംഭവിച്ചു. നമ്മുടെ ബസിനെ ആ തെമ്മാടി സൈക്കിള്‍ വന്നിടിച്ചു. പക്ഷേ അത്ഭുതമെന്ന് പറയട്ടെ കണ്ടു നിന്ന നാട്ടുകാരാരും ബസിന്‍റെ കൂടെ നിന്നില്ല. അവര്‍ സൈക്കിളിന് വേണ്ടി വാദിച്ചു. കാരണം സൈക്കിള്‍ ചെറുതാണല്ലോ…

ഇങ്ങനെ പോകുന്നു ഒരു ലീഗ് എം എല്‍ എ കഴിഞ്ഞ ദിവസം പറഞ്ഞ അന്യാപദേശ കഥ. എന്താണ് ഈ കഥയുടെ സദാചാര പാഠം? അത് മനസിലാക്കാന്‍ കോട്ടണ്‍ ഹില്ലിലെ പ്രധാന അധ്യാപിക ഊര്‍മ്മിളാ ദേവി ടീച്ചറെ കണ്ടാല്‍ മതി. കുട്ടികള്‍ക്ക് നിത്യേന നിരവധി പാഠങ്ങള്‍ പറഞ്ഞു കൊടുക്കുന്ന, കഴിഞ്ഞ 30 വര്‍ഷമായി അങ്ങനെ ചെയ്തു കൊണ്ടിരിക്കുന്ന, ടീച്ചര്‍ക്ക് അത് എളുപ്പം പറഞ്ഞു തരാന്‍ പറ്റും. കാരണം ഈ കഥയിലെ സൈക്കിള്‍ ടീച്ചറും ബസ് നമ്മുടെ വിദ്യാഭ്യാസ മന്ത്രിയുമാണ്.

ജൂണ്‍ 16ന് കോട്ടണ്‍ ഹില്‍ സ്കൂളില്‍ നടന്ന ഇംഗ്ലീഷ് ക്ലബുകളുടെ ജില്ലാതല പ്രവര്‍ത്തനോത്ഘാടന ചടങ്ങാണ് പ്രശ്നങ്ങളുടെ പ്രഭവ കേന്ദ്രമായി മാറിയത്. 9.30നു തുടങ്ങുന്ന സ്കൂള്‍ അസംബ്ലി മുതല്‍ ഉച്ച ഒരു മണി വരെ, മൂന്നര മണിക്കൂര്‍ സമയം, വിദ്യാഭ്യാസ മന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ ക്ലാസില്‍ കയറാതെ കുത്തിരിക്കേണ്ടി വന്ന കുട്ടികള്‍ക്ക് വേണ്ടി സംസാരിച്ചതാണ് ഊര്‍മ്മിളാ ദേവി ടീച്ചര്‍ ചെയ്ത മഹാപാതകം. ഒരു ടീച്ചറുടെ പ്രാഥമിക ഉത്തരവാദിത്തം തന്‍റെ കുട്ടികളല്ലാതെ മറ്റാരാണ്? മന്ത്രി പരിപാടിയില്‍ പങ്കെടുക്കും എന്നു പറഞ്ഞത് 11 മണിക്ക്. എത്തിയത് 12.30നും. എന്നത്തേയും പോലെ വൈകി വന്നതില്‍ ക്ഷമാപണത്തോടെയാണ് മന്ത്രി തുടങ്ങിയത്. പക്ഷേ ആശംസാ പ്രസംഗം നടത്താന്‍ എത്തിയ ടീച്ചര്‍ കുട്ടികള്‍ക്ക് നഷ്ടമായ സമയത്തെക്കുറിച്ച് വളരെ വിനയത്തോടെ സംഘാടകരെ ഓര്‍മ്മിപ്പിച്ചു. ഇനിയെങ്കിലും ഇത്തരം പരിപാടികള്‍ സഘടിപ്പിക്കുമ്പോള്‍ കുറച്ചുകൂടി സമയനിഷ്ഠ പാലിക്കണമെന്ന് സംഘാടകരോട് നടത്തിയ ടീച്ചറുടെ അപേക്ഷയാണ് നമ്മുടെ വിദ്യാഭ്യാസ മന്ത്രിക്ക് ‘ഇകഴ്ത്തലായി’ മാറിയത്. കൂടാതെ ടീച്ചര്‍ അഹന്തയുള്ളവരും താന്‍ പ്രമാണിയുമാണെന്നും നിയമസഭയില്‍ എഴുതി വായിച്ച കുറിപ്പിലൂടെ മന്ത്രി ലോകത്തെ അറിയിച്ചു. പക്ഷേ അപേക്ഷ എങ്ങനെയാണ് അഹന്തയായി മാറുന്നതെന്ന് നാട്ടുകാര്‍ക്ക് മനസിലായതേയില്ല.

മന്ത്രി പറയുന്നത് താന്‍ റബ്ബുല്‍ അലമീനായ തമ്പുരാനെ പോലെ പരമ കാരുണികനാണ് എന്നാണ്. തന്‍റെ ദാസനായ ഉദ്യോഗസ്ഥ പ്രഭു സസ്പെന്‍ഷന്‍ ചെയ്യാന്‍ റിപ്പോര്‍ട് തന്നപ്പോള്‍ അത് സ്ഥലം മാറ്റമായി ചുരുക്കിയത് താനാണ് എന്ന് മന്ത്രി നിയമസഭയിലും മാധ്യമങ്ങളുടെ മുന്‍പിലും ആവര്‍ത്തിച്ചു. മിസ്റ്റര്‍ വിദ്യാഭ്യാസമന്ത്രി താങ്കളുടെ ഉടുതുണി അഴിഞ്ഞു വീഴുന്നത് മനസിലാക്കാനുള്ള ബൌദ്ധിക നിലവാരം പോലും താങ്കള്‍ക്കില്ലേ എന്നാണ് ഇത് കേട്ട പൊതു സമൂഹം അത്ഭുതകൂറുന്നത്.

ലീഗിന്റെ നേതാവടക്കം മന്ത്രിയായിരുന്ന കഴിഞ്ഞ യു പി എ സര്‍ക്കാര്‍ വിദ്യാഭ്യാസ അവകാശ നിയമം പാസാക്കിയ നാടാണിത്. ആ നാട്ടിലാണ് കുട്ടികളുടെ പഠിക്കാനുള്ള അവകാശത്തെക്കുറിച്ച് പറഞ്ഞ ഒരു അധ്യാപികയ്ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്നത്. കൂടാതെ സ്കൂളില്‍ അധ്യയന ദിവസങ്ങള്‍ കവര്‍ന്നിട്ട് പൊതു പരിപാടികള്‍ നടത്തരുത് എന്ന് വിദ്യാഭ്യാസ വകുപ്പിന്‍റെ ഉത്തരവുമുണ്ട്. അങ്ങനെയെങ്കില്‍ ആ പരിപാടി നടത്താന്‍ അനുവാദം കൊടുത്തതിന്റെ പേരിലായിരിക്കേണ്ട ടീച്ചര്‍ക്കെതിരെ നടപടിയെടുക്കേണ്ടത്? അപ്പോള്‍ പ്രസ്തുത പരിപാടിയില്‍ പങ്കെടുത്ത മന്ത്രിയും ഒരു കൂട്ട് പ്രതി തന്നെ.

ലീഗ് മന്ത്രിമാര്‍ എന്ത് കന്നംതിരിവ് കാണിച്ചാലും കമാന്നൊരക്ഷരം എതിര്‍ത്തു പറയാത്ത മുഖ്യമന്ത്രി ഈ സംഭവത്തിലും പഴയത് തന്നെ ആവര്‍ത്തിച്ചു. ടീച്ചര്‍ക്കെതിരെ ശിക്ഷാ നടപടി എടുത്തതിനെ ന്യായീകരിച്ച മുഖ്യമന്ത്രി മറ്റൊന്നു കൂടി വെളിപ്പെടുത്തി. വിദ്യാഭ്യാസ മന്ത്രിയെ സ്കൂളിലേക്ക് കയറ്റാതിരിക്കാന്‍ ടീച്ചര്‍ ഗേറ്റടച്ചിട്ടു എന്ന്. മാത്രമല്ല ഗേറ്റ് കീപ്പറെ ഗേറ്റില്‍ നില്ക്കാന്‍ സമ്മതിക്കാതെ തന്‍റെ മുറിയില്‍ പിടിച്ചു നിര്‍ത്തുകയും ചെയ്തു. മന്ത്രിയുടെ പാവം ഗണ്‍മാനാണ് കാറില്‍ നിന്നിറങ്ങി ആ വലിയ കവാടം തള്ളി തുറന്നത് പോലും! എന്ത് ഭോഷ്ക്കാണ് ഈ മുഖ്യന്‍ പറയുന്നത്? കേരളത്തിലെ ഏത് സ്കൂളിന്‍റെ ഗേറ്റാണ് സ്കൂള്‍ അവറില്‍ തുറന്നിടാറ്. അല്ലെങ്കില്‍ തന്നെ ഒന്നര മണിക്കൂര്‍ വൈകി വന്ന മന്ത്രി ഒന്നര മിനുട്ട് ഗേറ്റിങ്കല്‍ നിന്നുപോയാല്‍ എന്താണ് പ്രശ്നം? കുട്ടികള്‍ക്ക് വേണ്ടി അത്രയെങ്കിലും ശിക്ഷ മന്ത്രിക്ക് കൊടുത്തതിന് ടീച്ചറെ അഭിനന്ദിക്കുകയാണ് വേണ്ടത്.

30 വര്‍ഷമായി ഊര്‍മ്മിളാ ദേവി ടീച്ചര്‍ അധ്യാപന രംഗത്ത് എത്തിയിട്ട്. നാല് വര്‍ഷം മുന്‍പാണ്  കോട്ടണ്‍ ഹില്‍ സ്കൂളിന്‍റെ അഡീഷണല്‍ എച്ച് എം ആയി എത്തുന്നത്. ഇതുവരെ ടീച്ചര്‍ക്കെതിരെ എന്തെങ്കിലും പരാതി ഉണ്ടായതായി അറിവില്ല. മാത്രമല്ല ഇതിന് മുന്‍പും നിരവധി പരിപാടികളില്‍ വിദ്യാഭ്യാസ മന്ത്രിയടക്കം വിവിധ മന്ത്രിമാരോടൊപ്പം ടീച്ചര്‍ പങ്കെടുത്തിട്ടുണ്ട്. അന്നൊന്നും എന്തെങ്കിലും ‘അഹങ്കാരം’ ഈ ടീച്ചര്‍ കാണിച്ചു എന്ന് ഒരു മന്ത്രിയും പരാതി പറഞ്ഞിട്ടില്ല. ഇപ്പോള്‍ വിദ്യാഭ്യാസ മന്ത്രി പറയുന്നത് പി ടി എ ടീച്ചര്‍ക്കെതിരെ പരാതി തന്നിട്ടുണ്ട് എന്നാണ്. അത് എന്താണെന്ന് മന്ത്രി വിശദീകരിച്ചിട്ടുമില്ല. ടീച്ചര്‍ക്ക് വിശദീകരണം നല്‍കാന്‍ 15 ദിവസം സമയമുണ്ടായിട്ടും ഉടന്‍ തന്നെ നടപടി എടുക്കുകയും, ടീച്ചര്‍ ട്രിബ്യൂണലിന് നല്കിയ പരാതിയെ ദുര്‍ബലപ്പെടുത്താന്‍ പെട്ടെന്ന് തന്നെ പുതിയ അധ്യാപികയെ കോട്ടണ്‍ ഹില്ലില്‍ നിയമിക്കുകയും ചെയ്തിരിക്കുകയാണ് വിദ്യാഭ്യാസ വകുപ്പ്. കുട്ടികള്‍ക്ക് പാഠപുസ്തകങ്ങള്‍ എത്തിക്കുന്നതില്‍പ്പോലും ഇത്ര ശുഷ്ക്കാന്തി കാണിക്കാത്ത മന്ത്രി ഈ കാര്യത്തില്‍ കാണിച്ച ഉത്തരവാദിത്ത ബോധം ആരെയും വിസ്മയിപ്പിക്കുന്നതാണ്.

പട്ടിക ജാതി വിഭാഗത്തില്‍പ്പെട്ട ഒരാള്‍ എന്ന പരിഗണന മാത്രമല്ല ടീച്ചര്‍ക്ക് അര്‍ഹമായിട്ടുള്ളത്. ക്യാന്‍സറിന് ചികിത്സ നടത്തിവരികയാണ് ടീച്ചര്‍. ഭര്‍ത്താവും ഹൃദ്രോഗ ബാധിതനും. ഇത്തരം മാനുഷിക പരിഗണനകളൊക്കെ രണ്ടാമതാണ് എന്നാണ് ഉന്നത കോണ്‍ഗ്രസ് നേതാവ് രാജ് മോഹന്‍ ഉണ്ണിത്താന്‍ ഒരു ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞത്. ആംബുലന്‍സിലും സ്ട്രെച്ചറിലും തന്നെ കാണാന്‍ എത്തിയ(ച്ച) രോഗികള്‍ക്ക് കരുണാ വായ്പ്പോടെ സഹായധനം വിതരണം ചെയ്യുന്ന ഒരു മുഖ്യന്‍റെ സഹപ്രവര്‍ത്തകനാണ് രോഗിയായ ടീച്ചറോട് ഇത്ര കടുത്ത നടപടി സ്വീകരിച്ചിരിക്കുന്നത്.

1947ല്‍ നമുക്ക് സ്വാതന്ത്ര്യം കിട്ടി എന്നാണ് ചരിത്രം പറയുന്നത്. അന്ന് കൊളോണിയല്‍ ഭരണ കൂടത്തെ മാത്രമല്ല ജന്മി-നാടുവാഴിത്ത വ്യവസ്ഥിതിയെയും നമ്മള്‍ കെട്ടുകെട്ടിച്ചു എന്നാണ് ചരിത്രത്തില്‍ പഠിപ്പിക്കുന്നത്. പകരം രാജ്യത്തെ ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന, അവരുടെ പ്രതിനിധികള്‍ അധികാരത്തിലേറുന്ന, ജനാധിപത്യ സംവിധാനം നിലവില്‍ വന്നു എന്ന് രാഷ്ട്രതന്ത്രത്തിലും പഠിപ്പിക്കുന്നുണ്ട്. എന്നാല്‍ നമ്മുടെ ജനാധിപത്യ തമ്പുരാക്കാന്‍മാരുടെ ഉള്ളില്‍ ഇപ്പൊഴും ഒരു നാടുവാഴി ഉറങ്ങിക്കിടക്കുന്നുണ്ട് എന്നാണ് ഈ സംഭവം വെളിപ്പെടുത്തുന്നത്.

ബെസ്റ്റ് ഓഫ് അഴിമുഖം

കേരളം ഓടുന്നത് റിവേഴ്സ് ഗിയറില്‍ – എം.എന്‍ കാരശേരി
ഞാന്‍ കുറ്റപ്പെടുത്തുക ഇടതുപക്ഷത്തെയാണ് – ഡോ.കെ ശാരദാമണി
സംസ്ഥാന എ.ഡി.ജിപിയുടെ ജാതി ചോദിക്കുമ്പോള്‍
ജനാധിപത്യം രാജാവിന്‍റെ ഔദാര്യമല്ല
ഈ ജാതി തീരത്ത് തരരുത് ഇനിയൊരു ജന്മം കൂടി

താനൊരു പട്ടികജാതിക്കാരിയായത് കൊണ്ട് തന്നെ ഒതുക്കാനുള്ള ഗൂഢാലോചന നടന്നു എന്ന് ടീച്ചര്‍ പറയുമ്പോള്‍ ഈ മേലാളന്മാരുടെ മനസില്‍ അധികാര പ്രമത്തത ബാധിച്ച നാടുവാഴികള്‍ മാത്രമല്ല ജാതിക്കോമരങ്ങള്‍ കൂടി ഉണ്ടെന്ന് കേരളീയര്‍ തിരിച്ചറിയുകയാണ്.

ഇനി ഒരു ചോദ്യം. മന്ത്രിയുടെ മുന്‍പാകെ ഒരു തെറ്റ് ചൂണ്ടിക്കാട്ടിയ പ്രധാന അധ്യാപികയ്ക്ക് ഇതാണ് ശിക്ഷ എങ്കില്‍, മന്ത്രി എഴുതിയ ഫയലില്‍ തിരുത്തെഴുതുന്ന ഉദ്യോഗസ്ഥന്മാര്‍ക്കും ഇതുമാതിരിയുള്ള ശിക്ഷ നല്‍കുമോ? അങ്ങനെ ഉണ്ടാവുമായിരിക്കും. തിരുത്തുന്നത് ജാതിയില്‍ താണവനാണെങ്കില്‍ പ്രത്യേകിച്ചും.

കോട്ടണ്‍ ഹില്‍ സ്കൂളില്‍ നിന്ന് അച്ചടക്ക നടപടിയുടെ ഭാഗമായി സ്ഥലം മാറ്റം ചെയ്യപ്പെട്ട പ്രധാന അധ്യാപിക കെ കെ ഊര്‍മ്മിളാ ദേവി അഴിമുഖം പ്രതിനിധിയോട് പറഞ്ഞത്.

ചോ: സ്കൂളിലെ സർക്കാർ പരിപാടിയോട് എതിർപ്പുകാട്ടിയോ?

: ഒരിക്കലുമല്ല. കോട്ടൺഹിൽ സ്കൂളിൽ സർക്കാരിന് താത്പര്യമുള്ള ഏതു പരിപാടി വേണമെങ്കിലും നടത്താം. പക്ഷെ, വിദ്യാർത്ഥികളുടെ അദ്ധ്യയനം മുടക്കാതെ കൃത്യസമയത്ത് പരിപാടി നടത്താൻ സംഘാടകർ ശ്രദ്ധിക്കണമെന്നാണ് ഞാൻ പറഞ്ഞത്.

ചോ: ഗേറ്റ് അടച്ചിട്ടിട്ടെന്നും മന്ത്രിക്ക് കാത്തു നിൽക്കേണ്ടി വന്നെന്നുമുള്ള ആരോപണം?

: 16ന് ഞാനും അഡീഷണൽ ഹെഡ്മിസ്ട്രസും മന്ത്രിവരുന്നതും കാത്ത് 11.30 വരെ ഗേറ്റിലുണ്ടായിരുന്നു. ഉച്ചസമയത്ത് ഗേറ്റ് തുറന്നിട്ടാൽ പെൺകുട്ടികൾ റോഡരികിലുള്ള ഫാൻസി കടകളിലേക്ക് പോകും. വേഗം റോഡ് മുറിച്ച് കടക്കാനുള്ള കുട്ടികളുടെ ശ്രമം അപകടങ്ങളുണ്ടാക്കും. 4000ത്തോളം പെൺകുട്ടികൾ പഠിക്കുന്ന സ്കൂളല്ലേ, അവരുടെ സുരക്ഷയെ കരുതിയാണ് ഗേറ്റ് അടച്ചിടുന്നത്. മാത്രമല്ല, അന്നത്തെ ദിവസം പരിപാടിയിൽ പങ്കെടുക്കാനും മറ്റുമെത്തിയ നിരവധി വാഹനങ്ങൾ സ്കൂളിനുള്ളിൽ പാർക്ക് ചെയ്തിരുന്നു. ഇനിയും വണ്ടികൾ വന്നാൽ മന്ത്രിവാഹനത്തിന് പാർക്ക് ചെയ്യാനിടമില്ലാതാകും. അതിനാൽ മന്ത്രി വരുമ്പോൾ ഗേറ്റ് തുറന്നാൽ മതിയെന്ന് കാവലുണ്ടായിരുന്ന രണ്ട് സെക്യൂരിറ്റിക്കാരോട് നിർദ്ദേശിച്ചു. അരമണിക്കൂർ കാത്തുനിന്നിട്ടും മന്ത്രിയെ കാണാതായതോടെ ടോയ്ലറ്റിൽ പോകാനായി ഞാൻ ഓഫീസിലേക്ക് പോന്നു. അവിടെ രണ്ടുമൂന്ന് സന്ദർശകരും ഉണ്ടായിരുന്നു. മന്ത്രി വന്നപ്പോൾ സെക്യൂരിറ്റിക്കാർ എവിടെപ്പോയെന്ന് എനിക്കറിയില്ല.

ചോ: വി.ഐ.പികളെ വേണ്ടവിധം പരിഗണിച്ചില്ലേ?

: അടിസ്ഥാനരഹിതമായ ആരോപണമാണിത്. വി.ഐ.പികളെയെല്ലാം അഡീഷണൽ എച്ച്.എം, സ്റ്റാഫ് സെക്രട്ടറി എന്നിവർ സ്വീകരിച്ച് ഇരുത്തിയിരുന്നു. അതിനുവേണ്ട ഏർപ്പാടുകൾ നേരത്തെ ചെയ്തിരുന്നു.

ബെസ്റ്റ് ഓഫ് അഴിമുഖം

മധുരിക്കില്ല പതിനാറ് – ഡോ. ഖദീജ മുംതാസുമായുള്ള അഭിമുഖം
ഞങ്ങള്‍ക്കെന്താ പോസിറ്റീവ് എനര്‍ജിയില്ലേ? – അയിത്ത കേരളം ചോദിക്കുന്നു
അഴിമതിയുടെ തെമ്മാടിക്കൂട്ടം
മുഖ്യമന്ത്രീ, ഞാന്‍ പൊരുതുന്നത് ഈ നാടിന് വേണ്ടിയാണ് – ജസീറ
ഭൂസംരക്ഷണനിയമം അട്ടിമറിക്കുന്നത് ആര്‍ക്ക് വേണ്ടി?

ചോ: മന്ത്രി താമസിച്ചതിനെ വിമര്‍ശിച്ചോ?

: ഒരിക്കലുമില്ല. മന്ത്രിയെ എല്ലാവിധ ബഹുമാനത്തോടെയുമാണ് കാണുന്നത്. അദ്ദേഹം താമസിക്കുമെന്ന കാര്യം സംഘാടകരെ അറിയിച്ചിരുന്നതായി പ്രസംഗത്തിൽ പറഞ്ഞിരുന്നു. ക്ഷമയും ചോദിച്ചു. മന്ത്രി വൈകുമെന്നറിഞ്ഞിട്ടും പരിപാടിയിൽ മാറ്റം വരുത്താതിരുന്ന സംഘാടകരെയാണ് ഞാൻ വിമർശിച്ചത്. അക്കാര്യം മന്ത്രിക്കും നന്നായിട്ടറിയാം.

ചോ: സ്കൂളിന്റെ ഭരണകാര്യങ്ങളിൽ വീഴ്‌ച വരുത്തിയോ?

: കഴിഞ്ഞ മേയ് അഞ്ചിനാണ് പ്രിൻസിപ്പൽ ഹെഡ്മിസ്ട്രസായി ചാർജ്ജെടുക്കുന്നത്. അതുവരെ അക്കാദമിക് സെക്ഷന്റെ മാത്രം ചുമതലയുള്ള അഡീഷണൽ എച്ച്.എം ആയിരുന്നു. ഓഫീസ് റെക്കോഡുകൾ നോക്കിത്തുടങ്ങിയിട്ട് 40 ദിവസത്തോളമേ ആകുന്നുള്ളൂ. ഇതിനിടയിൽ യാതൊരു വീഴ്ചയും വരുത്തിയിട്ടില്ല. മിക്കപ്പോഴും രാത്രി എട്ടുമണിക്കാണ് സ്കൂളിൽ നിന്നും ഇറങ്ങുന്നത്. അന്വേഷണ ഉദ്യോഗസ്ഥ വന്നപ്പോൾ കാഷ് രജിസ്റ്ററിൽ ഒപ്പിട്ടില്ലെന്നാണ് പറയുന്നത്. 610 രൂപ റീഫണ്ട് ചെയ്തത് അക്കൗണ്ട് ഓഫീസർ രേഖപ്പെടുത്തിയിരുന്നില്ല. അത് എന്റർ ചെയ്തിട്ട് ഒപ്പിടുകയുള്ളൂ എന്നു പറഞ്ഞിരിക്കുകയായിരുന്നു. അല്ലാതെ യാതൊരുവീഴ്ചയും ഇതേവരെ ഇല്ല.

ചോ: ഉത്തരവാദിത്തത്തിൽ നിന്നും ഒഴിഞ്ഞതായും ആരോപണമുണ്ടല്ലോ?

: എന്റെ വിദ്യാർത്ഥികളോ സഹപ്രവർത്തകരോ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുവെന്ന് പറയില്ല. 30 വർഷത്തെ സർവീസിനിടയ്ക്ക് അദ്ധ്യാപകർക്ക് പരിശീലനം നൽകുന്ന ഡി.ആർ.ജി, എസ്.ആർ.ജി, എഡ്യുക്കേഷണൽ കോർ കമ്മിറ്റി അംഗം, പത്താം ക്ളാസ് പരീക്ഷാ വാല്യുവേഷൻ, റീവാല്യുവേഷൻ എക്സാമിനേഷൻ ചീഫ് തുടങ്ങി നിരവധി ചുമതലകൾ വഹിച്ചു. ഒരു പരാതിയും കേൾപ്പിച്ചിട്ടില്ല. ചുമതലകൾ കൃത്യമായി നിറവേറ്റുന്നതിനെയാണോ അഹന്തയെന്ന് പറയുന്നത്?

പി കെ ശ്യാം

ജനങ്ങളെ ജനങ്ങളാൽ ഭരിക്കപ്പെടുന്ന  വ്യവസ്ഥിതിയെന്ന ജനാധിപത്യത്തിന്റെ അടിസ്ഥാനപ്രമാണത്തിൽ അടുത്തിടെയെങ്ങാനും ഭേദഗതി വരുത്തിയോയെന്ന് സംശയിച്ചുപോകും തലസ്ഥാനത്തെ ഒരു സർക്കാർ വിദ്യാലയത്തിൽ നിന്നുള്ള വിശേഷങ്ങൾ കേട്ടാൽ. അധികാരം തലയ്ക്കുപിടിച്ച ഭരണാധികാരികൾ ജനങ്ങളെ മറന്ന് ഏകാതിപതികളായത് ‌പോലെ… സ്കൂളിലെ ചടങ്ങിന് വിദ്യാഭ്യാസമന്ത്രി വൈകിയെത്തിയതു മൂലം അരദിവസത്തെ അദ്ധ്യയനം മുടങ്ങിയത് അദ്ധ്യക്ഷപ്രസംഗത്തിൽ പരാമർശിച്ചതിന് കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിലെ പ്രിൻസിപ്പൽ ഹെഡ്മിസ്ട്രസ്സ് കെ.കെ. ഊർമ്മിളാദേവിയെ സ്ഥലംമാറ്റുകയായിരുന്നു. 

വിദ്യാഭ്യാസ മന്ത്രിയെ പ്രസംഗത്തിൽ വിമർശിച്ചതിന്റെ പേരിൽ ഊർമ്മിളദേവിയോട് 15 ദിവസത്തിനകം വിശദീകരണം നൽകാൻ സർക്കാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ മെമ്മോ ലഭിച്ച് നാലുദിവസം ആയപ്പോഴേക്കും അയിലം ഗവൺമെന്റ് സ്‌കൂളിലേക്കു സ്ഥലംമാറ്റി ഉത്തരവിറങ്ങുകയായിരുന്നു. പട്ടികജാതിക്കാരിയായ അദ്ധ്യാപിക കാൻസ‌ർ രോഗിയാണെന്നതും ഭർത്താവ് ഹൃദ്രോഗിയാണെന്നതുമൊന്നും സർക്കാർ പരിഗണിച്ചതേയില്ല. അഭിപ്രായസ്വാതന്ത്ര്യത്തിനും വിമർശനത്തിനും പൗരന് അവകാശമുള്ള രാജ്യത്ത് ഭരണാധികാരികളുടെ കിരാതനടപടിക്കെതിരെ പ്രതിഷേധം അലയടിച്ചുയരുകയാണ്. സമൂഹത്തിന്റെ എല്ലാ മേഖലയിലുമുള്ള  സംഘടനകളും രാഷ്ട്രീയഭേദമില്ലാതെ വിദ്യാർത്ഥി സമൂഹവും ഒന്നടങ്കംസർക്കാർ നടപടിക്കെതിരേ രംഗത്ത് വന്നിരിക്കുകയാണ്.  പ്രതിപക്ഷ ബഹളത്തിൽ കലങ്ങി മറിഞ്ഞനിയമസഭ നടപടികൾ തുടരാനാവാതെ പിരിയേണ്ടിവന്നു. രൂക്ഷമായ പ്രതിഷേധത്തിന്റെ അലയൊലികൾ  സമൂഹത്തിന്റെ വിവിധ കോണുകളിലും സോഷ്യൽമീഡിയയിലും ഉയരുകയാണ്. സി.പി.എം, ബിജെ. പി തുടങ്ങിയ രാഷ്‌ട്രീയ കക്ഷികളും  പോഷക സംഘടനകളും ‌ഡി.വൈ . എഫ്. ഐ, എസ്.എഫ്.ഐ, കെ.എസ്.യു, എ. ബി. വി.പി തുടങ്ങിയ യുവജന വിദ്യാർത്ഥി  സംഘടനകളും സംഭവത്തെ അപലപിച്ചിട്ടുണ്ട്. 

   

സംഭവം ഇങ്ങനെ

ജൂൺ 16നാണ് വിവാദകോലാഹലങ്ങൾക്കിടയാക്കിയ സംഭവം നടന്നത്. ജില്ലയിലെ ഹൈസ്‌കൂളുകളിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനുള്ള സമഗ്രപദ്ധതിയുടെ ഉദ്ഘാടനച്ചടങ്ങ് കോട്ടൺഹില്ലിൽ വെച്ചു നടന്നിരുന്നു. മന്ത്രി പി.കെ.അബ്ദുറബ്ബായിരുന്നു ഉദ്ഘാടകൻ. രാവിലെ 11നാണ് മന്ത്രി എത്തുമെന്നറിയിച്ചത്. ഇതു പ്രകാരം രാവിലെ സ്‌കൂൾ അസംബ്ലി കഴിഞ്ഞയുടനെ ഹൈസ്‌കൂൾ വിദ്യാർഥികളെ ഓഡിറ്റോറിയത്തിൽ എത്തിച്ചു. പക്ഷേ നിശ്ചയിച്ച സമയത്തിനെക്കാൾ ഒന്നര മണിക്കൂർ വൈകിയാണ് മന്ത്രിയെത്തിയത്. ഉദ്ഘാടനചടങ്ങ് പിന്നെയും ഒരു മണിക്കൂർ നീണ്ടു. ചടങ്ങിൽ ആശംസപ്രസംഗത്തിനിടെ ഊർമിളാദേവി വിമര്‍ശനം ഉന്നയിക്കുകയായിരുന്നു.

അധ്യയനം മുടക്കിക്കൊണ്ടു യോഗങ്ങൾ നടത്തുന്നതിനെതിരെയായിരുന്നു വിമർശനം. സ്‌കൂളിൽ പരിപാടികൾ നടത്തുമ്പോൾ അതിന്റെ സംഘാടകർ പ്രത്യേകം സമയം കണ്ടെത്തണം. മന്ത്രി എത്താൻ വൈകുമെന്നറിഞ്ഞിട്ടും വിദ്യാർഥികളെ നേരത്തെ ഓഡിറ്റോറിയത്തിൽ എത്തിച്ചതിനെയും അവർ വിമർശിച്ചു. ഉച്ചവരെ പഠനം മുടക്കിയതിലും നിശ്ചയിച്ച സമയത്തു പരിപാടി തുടങ്ങാത്തതിലും ഹെഡ്മിസ്ട്രസ് പ്രതിഷേധമറിയിച്ചു. ഹെഡ്മിസ്ട്രസിന്റെ പരാമർശങ്ങൾക്കു ചടങ്ങിൽവെച്ചു മന്ത്രി ഒന്നും പറഞ്ഞില്ല. എന്നാൽ സംഭവം കഴിഞ്ഞ് അഞ്ച് ദിവസത്തിന് ശേഷം 21ന് ഊർമ്മിളാദേവിക്ക് മെമ്മോ ലഭിച്ചു. മന്ത്രി വൈകിയെത്തിയതിനാൽ അധ്യയനം മുടങ്ങി എന്ന രീതിയിൽ സംസാരിച്ചതിനു വിശദീകരണം ആവശ്യപ്പെട്ടായിരുന്നു മെമ്മോ.15 ദിവസത്തിനകം വിശദീകരണം നൽകാനാണ് അതിൽ ആവശ്യപ്പെട്ടിരുന്നത്. 

എന്നാൽ വിശദീകരണം നൽകാൻ ഇനിയും ദിവസങ്ങൾ ബാക്കിനിൽക്കെ തിങ്കളാഴ്ച്ച സ്ഥലംമാറ്റ ഉത്തരവ് നൽകുകയായിരുന്നു. സ്ഥലം മാറ്റ ഉത്തരവു പോസ്റ്റലായി അയക്കുന്നതിനു പകരം പ്രത്യേക ദൂതൻ മുഖേന കൊടുത്തു വിടുകയാണ് ചെയ്തത്. സ്ഥലം മാറ്റത്തിനു പ്രത്യേക കാരണങ്ങളൊന്നും ഉത്തരവിൽ രേഖപ്പെടുത്തിയിട്ടില്ല. പതിവിനു വിപരീതമായി അഡീഷണൽ ഹെഡ്മിസ്ട്രസിനു ചാർജ് കൈമാറാനും ഉത്തരവിൽ ആവശ്യപ്പെട്ടിരുന്നു.  ‘വൈകുമെന്ന കാര്യം സംഘാടകരെ അറിയിച്ചുവെന്നാണ് മന്ത്രി പറഞ്ഞത്. പക്ഷെ, അവർ അത് ഞങ്ങളെ അറിയിച്ചില്ല. കൗമാരക്കാരായ പെൺകുട്ടികളെ മൂന്നു മണിക്കൂറോളം ഒരേയിരിപ്പ് ഇരുത്തുന്നത് ശരിയല്ല. കുട്ടികളുടെ പഠന സമയം നഷ്ടമാകുന്നു. അതിലുപരി ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകും. രക്ഷിതാക്കൾ വന്നുപരാതി പറയുമ്പോൾ മറുപടി പറയേണ്ടത് ഞാനല്ലേ. അതിനാൽ പ്രമുഖരുടെ സമയം കൃത്യമായി അറിഞ്ഞ് പരിപാടി നടത്തണമെന്ന് സംഘാടകരോടാണ് പറഞ്ഞത്. അക്കാര്യം മന്ത്രിക്കും മനസ്സിലായിരുന്നു.’ഊർമ്മിളാദേവി പറയുന്നു. 

ഇതൊരു പതിവ്

സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിൽ സുവർണ്ണകിരീടം ചൂടി നിൽക്കുന്ന കോട്ടൺഹിൽ സ്കൂളിൽ അദ്ധ്യയനം മുടക്കിക്കൊണ്ടുള്ള യോഗങ്ങൾ പതിവാണ്. നഗരത്തിൽ എന്തുപരിപാടി നടന്നാലും മിക്കപ്പോഴും വേദി കോട്ടൺഹിൽ സ്കൂളായിരിക്കും. ഇതിനെതിരെ പലതവണ വിദ്യാർത്ഥികളും രക്ഷിതാക്കളും ഹെഡ്മിസ്ട്രസ്സിനെ പ്രതിഷേധം അറിയിച്ചിരുന്നു. മാത്രമല്ല സ്‌കൂളിൽ പരിപാടികൾ നടത്തുമ്പോൾ അതിന്റെ സംഘാടകർ പ്രത്യേകം സമയം കണ്ടെത്താറില്ല. പലപ്പോഴും രാവിലെ പരിപാടിയുണ്ടെങ്കിൽ ഉച്ചവരെ ക്ളാസ് നടക്കില്ലെന്നതാണ് സ്ഥിതി. മാത്രമല്ല, മണിക്കൂറുകളോളം ഒരേയിരിപ്പ് ഇരുന്ന് പെൺകുട്ടികൾക്ക് യൂറിനറി ഇൻഫക്ഷനും മറ്റ് അസ്വസ്ഥതകളും ഉണ്ടാവുന്നത് പതിവാണ്. ചിലർ തലകറങ്ങി വീഴാറുണ്ട്. ഇത് പതിവായപ്പോഴാണ് രക്ഷിതാക്കൾ പരാതിയുമായി രംഗത്തെത്തിയത്. ഇക്കാര്യമാണ് ഊർമ്മിളാദേവി പ്രസംഗത്തിൽ ചൂണ്ടിക്കാട്ടിയത്.

കേരളത്തിലെ മികച്ച സ്കൂളുകളിലൊന്നായ കോട്ടൺഹിൽ സ്കൂളിന്റെ തലപ്പത്ത് പട്ടികജാതിക്കാരി ഇരിക്കേണ്ടെന്ന് കരുതുന്ന ചിലരുടെ കുത്സിത ശ്രമത്തിന്റെ ഭാഗമാണ് ഈ സ്ഥലംമാറ്റമെന്ന് ഊർമിളാദേവി പറയുന്നു. ‘സർക്കാർ എവിടെപ്പോയി ജോലി ചെയ്യാൻ പറഞ്ഞാലും തയ്യാറാണ്. പക്ഷെ, ജാതീയമായ വേർതിരിച്ച്, ചെയ്യാത്ത കുറ്റത്തിന്റെ പേരിൽ ശിക്ഷിച്ചാൽ അംഗീകരിക്കാനാവില്ല. പ്രസംഗത്തിൽ മന്ത്രിയെ വിമർശിച്ചിട്ടില്ല. ആസൂത്രണമില്ലാതെ ചടങ്ങ് സംഘടിപ്പിച്ചവരെയാണ് വിമർശിച്ചത്. നിയമസഭയിൽ മന്ത്രി അറിയിച്ചത് തെറ്റാണ്. ജോലിയിൽ വീഴ്ച വരുത്തിയിട്ടില്ല. പ്രിൻസിപ്പൽ ഹെഡ്മിസ്ട്രസ്സായി ചാർജ്ജെടുത്തത് കഴിഞ്ഞ മേയ് അഞ്ചിനാണ്. 40 ദിവസത്തിനുള്ളിൽ എങ്ങനെയാണ് സ്കൂൾ റെക്കോർഡ്സിൽ തിരിമറി കാണിക്കുക?.’-ഊർമ്മിളാദേവി ചോദിക്കുന്നു.

ബെസ്റ്റ് ഓഫ് അഴിമുഖം

പോഷകാഹാരത്തിന്റെ രാഷ്ട്രീയം
കൈക്കൂലിക്കാര്‍ സൂക്ഷിക്കുക : കണ്ണാടി വരുന്നു
സ്വര്‍ണവേട്ട: അന്ധവിശ്വാസത്തിന് കുടപിടിക്കുമ്പോള്‍
നേതാക്കളെ പറയൂ, എവിടെ നിന്നാണ് നിങ്ങളുടെ ചെലവിനുള്ള പണം?
എന്താണ് മലയാളിയുടെ പ്രശ്നം? ഡോ. എന്‍.എം മുഹമ്മദലി സംസാരിക്കുന്നു

അദ്ധ്യാപിക വീഴ്‌ചവരുത്തി: മന്ത്രി

മികച്ച ഇംഗ്ളീഷ് ക്ളബ്ബിനുള്ള അവാർഡ് കോട്ടൺഹിൽ സ്കൂളിന് നൽകുന്ന ചടങ്ങിന്റെ സംഘാടനത്തിൽ ഹെഡ്മിസ്ട്രസ് വീഴ്​ച വരുത്തിയെന്നാണ് മന്ത്രി പി.കെ.അബ്ദുറബ്ബിന്റെ വാദം.  ചടങ്ങിന്റെ വിവരമറിയിച്ചപ്പോൾ തന്നെ അവർ താല്​പര്യക്കുറവ് പ്രകടിപ്പിച്ചിരുന്നു. ഓഡിറ്റോറിയത്തിൽ വി.ഐ.പികളെ സ്വീകരിച്ച് ഇരുത്താൻ ഹെഡ്മിസ്ട്രസ്  ശ്രമിച്ചില്ല. പരിപാടി നിശ്ചയിച്ച സമയത്ത് സ്കൂൾ ഓഫീസിൽ മദർ പി.ടി.എയിൽ പെട്ടവരുമായി അവർ ചർച്ചയിലായിരുന്നു. സെക്യൂരിറ്റി  ഗാ‌ർഡുകളെ അവിടേക്ക് വിളിച്ചതിനാൽ സ്കൂൾ ഗേറ്റ് അടഞ്ഞുകിടന്നു. അതുമൂലം തനിക്ക് വാഹനത്തിൽ ഗേറ്റിന് പുറത്ത് കാത്തിരിക്കേണ്ടിവന്നു. അല്പം വൈകിയതിന് ക്ഷമാപണം നടത്തിയാണ് താൻ പ്രസംഗിച്ചതെങ്കിലും ഹെഡ്മിസ്ട്രസ് ആശംസാ പ്രസംഗത്തിൽ വിഷയം പർവതീകരിച്ച് വകുപ്പു മന്ത്രിയെ ഇകഴ്‌ത്താൻ ശ്രമിച്ചു. ഇത് അയ്യായിരത്തിലധികം പെൺകുട്ടികൾ പഠിക്കുന്ന മാതൃകാസ്ഥാപനത്തിന്റെ മേധാവിയിൽ നിന്ന് പ്രതീക്ഷിക്കാവുന്നതല്ല. സ്കൂളിലെ ദൈനംദിനകാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നതിലും ഇവരുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായെന്ന് സ്‌കൂൾ രേഖകളിൽ നിന്ന് കണ്ടെത്തി. സ്ഥാപനത്തിന്റെ സൽപേര് നിലനിറുത്താൻ ഇവരുടെ നേതൃത്വം പര്യാപ്തമല്ലെന്നാണ് അന്വേഷണം നടത്തിയ ഉദ്യോഗസ്ഥയുടെ റിപ്പോർട്ട്. തന്നിൽ അർപ്പിതമായ ഉത്തരവാദിത്വത്തിൽ നിന്നൊഴിഞ്ഞ് തൻപ്രമാണിത്തത്തോടെയും അഹന്തയോടെയുമുള്ള ഹെഡ്മിസ്ട്രസിന്റെ പ്രവർത്തനം ചടങ്ങിൽ പങ്കെടുത്തവർക്കെല്ലാം ബുദ്ധിമുട്ടുണ്ടാക്കിയെന്നാണ് റിപ്പോർട്ട്. വി.ഐ.പികളെയടക്കം അവഹേളിക്കുന്ന പെരുമാറ്റത്തിന്റെ പേരിൽ ഹെഡ്മിസ്ട്രസിനെ കർശനമായ അച്ചടക്കനടപടിക്ക് വിധേയമാക്കണമെന്നും കടമ നിറവേറ്റുന്നതിൽ പരാജയപ്പെട്ട അവരെ സർവീസിൽ നിന്ന് ഉടൻ മാറ്റിനിറുത്തണമെന്നും അന്വേഷണ ഉദ്യോഗസ്ഥ ശുപാർശ ചെയ്തിട്ടുണ്ട്. തീർത്തും ക്രമപ്രകാരമാണ് ഹെഡ്മിസ്ട്രസിനെ സ്ഥലം മാറ്റിയതെന്നും മന്ത്രി നിയമസഭയിൽ വിശദീകരിച്ചു. 

വിദ്യാഭ്യാസമന്ത്രിയെ പൂർണമായി ന്യായീകരിച്ച് മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും രംഗത്തെത്തി. അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി കൈക്കൊണ്ടിട്ടുള്ളതെന്നും  നടപടി പിൻവലിക്കില്ലെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്. പ്രധാനാദ്ധ്യാപിക സ്വീകരിച്ച എല്ലാ സമീപനങ്ങളും ശരിയായതല്ല. വിദ്യാഭ്യാസമന്ത്രി രാവിലെ 11 മണിക്ക് അവിടെ ചെല്ലുമെന്നാണ് അറിയിച്ചിരുന്നത്. നിയമസഭാ സമ്മേളനത്തിലായതിനാൽ മന്ത്രി പറഞ്ഞസമയത്തിൽ നിന്ന് ഒന്നരമണിക്കൂർ വൈകി. എന്നാൽ നോട്ടീസിൽ ഒമ്പതര മണിക്കാണ് പരിപാടിയെന്ന് അച്ചടിച്ചതിനാൽ മൂന്ന് മണിക്കൂർ വൈകിയെന്ന പ്രചാരണമുണ്ടായി. മന്ത്രി സ്കൂളിൽ വരുമെന്നറിഞ്ഞിട്ടും ഗേറ്റ് അടച്ചിടുകയും ചെയ്തു- മുഖ്യമന്ത്രി വിശദീകരിക്കുന്നു. 

ഇവിടെ രാജഭരണമോ?

വി.ഐ.പിയെ സ്വീകരിച്ചില്ലെന്ന പേരിൽ സ്ഥലംമാറ്റാൻ ഇവിടെ രാജഭരണമാണോ നടക്കുന്നതെന്നാണ് പ്രതിപക്ഷം ചോദിക്കുന്നത്. രാവിലെ ഒമ്പതരയ്ക്കുള്ള ചടങ്ങിന് മന്ത്രി എത്തിയത് പന്ത്രണ്ടരയ്ക്കാണെന്ന് വി.ശിവൻകുട്ടി നിയമസഭയിൽ പറഞ്ഞു. സ്കൂൾ സമയത്ത് ഇത്തരം ചടങ്ങുകൾ പാടില്ലെന്ന് മുൻസർക്കാരിന്റെ ഉത്തരവുണ്ട്. സഭ നടക്കുമ്പോൾ മന്ത്രിമാർ പുറത്ത് പരിപാടികൾ ഒഴിവാക്കണമെന്ന് ഇപ്പോഴത്തെ സ്പീക്കറുടെ റൂളിംഗുമുണ്ട്. സർവ്വീസിൽ നിന്ന് വിരമിക്കാൻ ഒരു വർഷം തികച്ചില്ലാത്ത കോട്ടൺഹില്ലിലെ ഹെഡ്മിസ്ട്രസ് കാൻസർരോഗിയാണ്. സ്കൂൾ തുറന്നശേഷം സ്ഥലംമാറ്റം പാടില്ലെന്ന വ്യവസ്ഥയും കാറ്റിൽപറത്തി. ഗേറ്റ് തുറന്നില്ലെന്ന പേരിൽ ഹെഡ്മിസ്ട്രസിനെ മാറ്റാൻ അവരെന്താ ഗേറ്റ്കീപ്പറാണോ? 15 ദിവസത്തെ കാരണംകാണിക്കൽ നോട്ടീസ് കൊടുത്തിട്ട് ആ സാവകാശം പോലും നൽകാതെയാണ് 3 ദിവസത്തിനകം സ്ഥലംമാറ്റിയത്. ഇത് റദ്ദാക്കണമെന്നും ശിവൻകുട്ടി ആവശ്യപ്പെട്ടു. പരിപൂർണ്ണമായ വർഗ്ഗീയത തലയ്ക്ക് പിടിച്ച അവസ്ഥയിലാണ് വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബെന്ന് സി.പി.എം അംഗം എ.കെ.ബാലൻ കുറ്റപ്പെടുത്തി.ഊർമിളാദേവിയെ പ്രതികാരബുദ്ധിയോടെ സ്ഥലംമാറ്റിയ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദൻ വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബിന് കത്ത് നൽകിയിട്ടുണ്ട്. സ്ഥലംമാറ്റിയ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചിരിക്കുകയാണ് ഊർമ്മിളാദേവി.

ഊർമ്മിള പറഞ്ഞത്(ഈ പ്രസംഗം സ്കൂളിലെ ഹാൻഡികാമിൽ റെക്കോർഡ് ചെയ്തിട്ടുണ്ട്.)

‘‘ഇംഗ്ളീഷ് ഡിസ്ട്രിക്ട് സെന്ററിലെ ബഹുമാന്യർ ശ്രദ്ധിക്കേണ്ടത്. ഒരു മീ​റ്റിംഗ് അറേഞ്ച് ചെയ്യുമ്പോൾ ഇത്രയും വലിയൊരു സ്കൂളിൽ ഇത്രയും ക്ളാസുകളിലെ അദ്ധ്യാപകരെയും വിദ്യാർത്ഥികളെയും ബുദ്ധിമുട്ടിക്കുന്ന രീതിയിലുള്ള അറേഞ്ചമെന്റ്… ഞാൻ വളരെ റിക്വിസ്റ്റ് ചെയ്യുകയാണ്,​ ഇങ്ങനെയൊരു സമയം അറേഞ്ച് ചെയ്യാൻ പാടില്ലായിരുന്നു. എങ്കിലും ഞാൻ എല്ലാ ഇംഗ്ളീഷ് അദ്ധ്യാപകരെയും ഇംഗ്ലീഷിന്റെ പുരോഗമനത്തെയും ആശംസിക്കുന്നു.’’

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍