UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വാലന്റൈന്‍ ദിനത്തില്‍ ട്വിറ്ററില്‍ ഉപദേശങ്ങള്‍ നല്‍കാന്‍ 83 വര്‍ഷമായി ഒരുമിച്ചുകഴിയുന്ന ദമ്പതികള്‍

Avatar

കോള്‍ബി ഇറ്റ്‌കോവിറ്റ്‌സ്
(വാഷിങ്ടണ്‍ പോസ്റ്റ്)

കണക്ടിക്കട്ടില്‍ തീരപ്രദേശത്തെ പട്ടണങ്ങളില്‍ സാധനങ്ങള്‍ വില്‍ക്കുന്ന കാലത്താണ് ജോണ്‍ ബീറ്റാര്‍ പരിസരവാസിയും ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുമായ ആനിയുമായി പ്രണയത്തിലായത്. രാവിലെ നടന്നുവരുന്ന ആനിക്കും കൂട്ടുകാര്‍ക്കും 1932 മോഡല്‍ ഫോര്‍ഡ് റോഡ്‌സ്റ്ററിലെത്തുന്ന ജോണ്‍ ലിഫ്റ്റ് കൊടുക്കും.

20 വയസ് കൂടുതലുള്ള ഒരാള്‍ക്ക് അവളെ വിവാഹം ചെയ്തുകൊടുക്കാനായിരുന്നു ആനിയുടെ പിതാവിന്റെ ശ്രമം. എന്നാല്‍ തന്റെ ജീവിതം ആര്‍ക്കൊപ്പമായിരിക്കണമെന്ന് ആനി തീരുമാനിച്ചുകഴിഞ്ഞിരുന്നു. അങ്ങനെ പതിനേഴാംവയസില്‍ ജോണ്‍ ബീറ്റാറിനൊപ്പം ആനി ന്യൂയോര്‍ക്കിലെ ഹാരിസണിലേക്ക് ചേക്കേറി.

എണ്‍പതുവര്‍ഷങ്ങള്‍ക്കിപ്പുറം 14 പേരക്കുട്ടികള്‍ക്കും അവരുടെ 16 മക്കള്‍ക്കുമൊപ്പം ലോകത്തിന്റെ അളവറ്റ മാറ്റങ്ങള്‍ക്കു സാക്ഷികളായി ഒരുമിച്ചുജീവിക്കുകയാണ് ഇരുവരും. ഈ വാലന്റൈന്‍ ദിനത്തില്‍ 104 വയസുള്ള ജോണ്‍ ബീറ്റാറും 100 വയസുകടന്ന ആനിയും ഒരു പുതിയ അതിര്‍ത്തി ഭേദിക്കാനാണു പരിപാടിയിടുന്നത് – ട്വിറ്റര്‍.

ക്രിസ്ത്യന്‍ സംഘടനയായ വേള്‍ഡ് മാര്യേജ് എന്‍കൗണ്ടറിന്റെ പഠനം അനുസരിച്ച് അമേരിക്കയില്‍ ‘ഏറ്റവുമധികം കാലം വിവാഹിതരായി തുടര്‍ന്ന’ ദമ്പതികളാണ് ഇവര്‍. ഈ വാലന്റൈന്‍ ദിനത്തില്‍ ട്വിറ്ററിലൂടെ മറ്റുള്ളവര്‍ക്ക് വൈവാഹികജീവിതത്തെപ്പറ്റിയും ജീവിതത്തെപ്പറ്റിയും ഉപദേശം നല്‍കാനാണ് ഇരുവരുടെയും പരിപാടി. ഹോംസര്‍വീസസ് കമ്പനിയായ ഹാന്‍ഡി ചോദ്യങ്ങള്‍ ശേഖരിക്കുകയും ബീറ്റാര്‍ – ആനി ദമ്പതികളുടെ ഉത്തരങ്ങള്‍ ട്വീറ്റ് ചെയ്യുകയും ചെയ്യും.

സാമൂഹികമാധ്യത്തിലെ നവപരീക്ഷണത്തില്‍ വലിയ പ്രതീക്ഷയൊന്നും ദമ്പതികള്‍ക്കില്ലെങ്കിലും എങ്ങനെ ഇത്രനാള്‍ വഴക്കില്ലാതെ ഒരുമിച്ചുകഴിഞ്ഞു എന്ന ചോദ്യം ഇവര്‍ക്കു സുപരിചിതമാണ്. എന്താണ് ഭക്ഷണക്രമം? എന്തൊക്കെ ജോലികളാണു ചെയ്യുന്നത്? എന്നിങ്ങനെ പോകുന്നു ഇവരെ പരിചയപ്പെടുന്നവരുടെ ചോദ്യങ്ങള്‍.

‘ആനി ഇപ്പോഴും സ്വയം പാചകം ചെയ്യുന്നു, വീട് വൃത്തിയാക്കുന്നു, വായിക്കുന്നു, കട്ടില്‍ വിരിക്കുന്നു, ചെടികള്‍ക്കു വെള്ളം കൊടുക്കുന്നു, കുടുംബ ഒത്തുചേരലുകള്‍ ഒരുക്കുന്നു’ എന്നാണ് ജോണ്‍ വിവരിക്കുന്നത്. ‘ജോണ്‍ ഇപ്പോഴും വണ്ടിയോടിക്കുന്നു, ഗ്രോസറി കൂപ്പണുകള്‍ ഉപയോഗിക്കുന്നു, കുടുംബത്തിന്റെ ‘ധനകാര്യം’ കൈകാര്യം ചെയ്യുന്നു’വെന്ന് ആനിയും പറയുന്നു.

‘ഒരുമിച്ചുജീവിക്കാന്‍ കഴിഞ്ഞത് ഞങ്ങളുടെ ഭാഗ്യമാണ്. സൗഭാഗ്യം,’ ജോണ്‍ പറയുന്നു. ദീര്‍ഘകാലജീവിതത്തിലെ മികച്ച കാര്യമെന്ത്? ‘ ഒരുമിച്ചായിരിക്കുക എന്നതുതന്നെ’.

ജോണ്‍ ബീറ്റാര്‍ സിറിയന്‍ അഭയാര്‍ത്ഥിയാണ്. അദ്ദേഹത്തിന്റെ കുടുംബം ഒന്നാം ലോകമഹായുദ്ധകാലത്താണ് സിറിയ വിട്ടത്. അന്ന് പത്തുവയസുകാരനായ ജോണിന്റെ ജീവിതം വര്‍ഷങ്ങളോളം അഭയാര്‍ത്ഥിക്യാംപുകളിലായിരുന്നു. പിതാവ് നേരത്തെ അമേരിക്കയിലെത്തിയിരുന്നു. 1919ല്‍ രക്ഷപെടലിനിടെ കാലില്‍ അണുബാധയുണ്ടായി അമ്മ മരിച്ചു. 1921ല്‍ പിതാവ് അമേരിക്കയിലെത്തിക്കുന്നതുവരെ ജോണിനും സഹോദരനും സ്വയം ഉപജീവനമാര്‍ഗം തേടേണ്ടതായി വന്നു.

ഇപ്പോഴും സിറിയന്‍ അഭയാര്‍ത്ഥികള്‍ക്കു വേണ്ടി ജോണും ആനിയും സംഭാവനകള്‍ അയയ്ക്കുന്നു.

‘പടിഞ്ഞാറന്‍ ദേശങ്ങള്‍ വാതില്‍ തുറന്നിടണമെന്നാണ് എനിക്ക് എപ്പോഴും തോന്നാറുള്ളത്. എനിക്കുമുന്നില്‍ അവ തുറക്കപ്പെട്ടു. അങ്ങനെ അല്ലായിരുന്നെങ്കില്‍………’, ജോണ്‍ പറയുന്നു.

അങ്ങനെയല്ലായിരുന്നെങ്കില്‍ ആനി ഉണ്ടാകുമായിരുന്നില്ല.

ലഭിക്കുന്ന ജീവിതംകൊണ്ട് തൃപ്തിപ്പെടുകയും അതില്‍ സന്തോഷിക്കുകയും ചെയ്യുക എന്നതാണ് ദീര്‍ഘകാല ദാമ്പത്യത്തില്‍നിന്ന് ഈ ദമ്പതികള്‍ പഠിച്ച ഒരു പാഠം.

‘വരുമാനത്തിനുള്ളില്‍ ജീവിക്കുക. ഉള്ളതില്‍ സംതൃപ്തരായിരിക്കുക’, ജോണ്‍ പറയുന്നു. ‘ ഉള്ളതില്‍ കൂടുതല്‍ ചെലവാക്കരുത്. പരസ്പരം ബഹുമാനിക്കുക.’

സാങ്കേതികവിദ്യയിലുള്ള ആശ്രയത്വമാണ് നൂറുവര്‍ഷത്തെ ജീവിതത്തില്‍ താന്‍ കണ്ട ഏറ്റവും വലിയ മാറ്റമെന്ന് ജോണ്‍ പറയുന്നു. ജോണിന് സെല്‍ഫോണുണ്ട്. പക്ഷേ അത് ഐഫോണല്ല. ‘നിങ്ങള്‍ ഫോണില്‍ ജീവിക്കുന്നു. ഫോണുകളെ വേണ്ടതിലധികം ആശ്രയിക്കുന്നു.’

എങ്കിലും ഇന്നത്തെ ഡേറ്റിങ് യാഥാര്‍ത്ഥ്യങ്ങളെപ്പറ്റി ജോണ്‍ ബോധവാനാണ്. 2016ലായിരുന്നു ആനിയെ കണ്ടുമുട്ടുന്നതെങ്കില്‍ എങ്ങനെ അവരെ സ്വാധീനിക്കുമായിരുന്നു എന്ന ചോദ്യത്തിന് ആദ്യം ഗൂഗിള്‍ ചെയ്യുമെന്നായിരുന്നു മറുപടി. ‘ പിന്നീട് ടെക്സ്റ്റ് ചെയ്യുകയോ ഫോണ്‍ ചെയ്യുകയോ ചെയ്യും.’

എന്തായാലും ജോണ്‍ ‘സൈ്വപ് റൈറ്റ് ‘ എന്നു പറഞ്ഞില്ല!

ജോണിനോടും ആനിയോടും ചോദ്യങ്ങള്‍ ചോദിക്കാന്‍ tweet @Handyയില്‍  #longestlove എന്ന ഹാഷ് ടാഗ് ഉപയോഗിക്കുക. ദമ്പതികള്‍ തിരഞ്ഞെടുക്കുന്ന ഒരു സംഘടനയ്ക്ക് സംഭാവന നല്‍കാനും ഹാന്‍ഡിക്കു പരിപാടിയുണ്ട്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍