UPDATES

ട്രെന്‍ഡിങ്ങ്

ജിഷ്ണു കേസ്: പ്രതികളെല്ലാം പുറത്ത്; കോടതി മുറിയില്‍ തകര്‍ന്നടിഞ്ഞത് തങ്ങളെല്ലാം ചെയ്തെന്ന സര്‍ക്കാര്‍ വാദം

ജിഷ്ണു കേസില്‍ പൊലീസ് ഇനി എന്തു ചെയ്യും?

നെഹ്‌റു കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് എഫ് ഐ ആറില്‍ നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസ് ഉള്‍പ്പെടെ അഞ്ചുപേരെയാണു പ്രതി ചേര്‍ത്തത്. കൃഷ്ണദാസ് ആയിരുന്നു ഒന്നാം പ്രതി. ഇയാളെ കൂടാതെ പിആര്‍ഒ സംഞ്ജിത്ത് വിശ്വനാഥന്‍,വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേല്‍, അധ്യാപകരായ പ്രവീണ്‍, ദിബിന്‍ എന്നിവരായിരുന്നു പ്രതിപ്പട്ടികയില്‍ ഉണ്ടായിരുന്ന മറ്റുള്ളവര്‍. ഇന്നു ഹൈക്കോടതി പ്രവീണിനും ദിബിനു മുന്‍കൂര്‍ ജാമ്യം അനുവദിച്ചതോടെ ജിഷ്ണു കേസില്‍ പ്രതി ചേര്‍ത്ത എല്ലാ പ്രതികള്‍ക്കും ജാമ്യം ലഭിച്ചിരിക്കുകയാണ്.

ഇന്നു ദിബിന്റെയും പ്രവീണിന്റെയും ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടയില്‍ കോടതിയില്‍ നിന്നുണ്ടായിരിക്കുന്ന കടുത്ത പരാമര്‍ശങ്ങള്‍ കൂടി കണക്കിലെടുത്താല്‍ ജിഷ്ണുവിന്റേത് പരപ്രേരണകൂടാതെയുള്ള ആത്മഹത്യ മാത്രമായി മാറുകയും പ്രതികളാണെന്നു പൊലീസ് പറയുന്നവരെല്ലാം തന്നെ കേസില്‍ കുറ്റവിമുക്തരാക്കപ്പെടുകയും ചെയ്യും.

ഒന്നാം പ്രതി കൃഷ്ണദാസിനാണ് കോടതി ആദ്യം മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടു സര്‍ക്കാര്‍ കോടതിയെ സമീപിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. പിന്നീടു മറ്റൊരു കേസില്‍ കൃഷ്ണദാസിനെ അറസ്റ്റ് ചെയ്തപ്പോള്‍ കോടതിയില്‍ നിന്നും രൂക്ഷവിമര്‍ശനം പൊലീസിന് കേള്‍ക്കേണ്ടിയും വന്നു.

കൃഷ്ണദാസിനും സംഞ്ജിത്തിനും മുന്‍കൂര്‍ ജാമ്യം കിട്ടുകയും മറ്റു മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്യാതിരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ജിഷ്ണുവിന്റെ കുടുംബം തിരുവനന്തപുരത്ത് ഡിജിപി ഓഫിസിനു മുന്നില്‍ സമരം ചെയ്യാന്‍ വന്നതും തുടര്‍ന്നു പല അനിഷ്ട സംഭവങ്ങളും ഉണ്ടായതും. ഡിജിപി ഓഫിസിനു മുന്നില്‍ സമരം നടന്ന അന്നു വൈകിട്ട് പിആര്‍ഒ സംഞ്ജിത്ത് വിശ്വനാഥനെ പൊലീസ് അറസ്റ്റ് ചെയ്‌തെങ്കിലും സംഞ്ജിത്തും അതിനു മുമ്പേ മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു. ആയതിനാല്‍ ചില മണിക്കൂറുകള്‍ സ്റ്റേഷനില്‍ ഇരുന്നു എന്നതൊഴിച്ചാല്‍ പൊലീസിന് അയാളെയും വിടേണ്ടി വന്നു.

ജിഷ്ണുവിന്റെ അമ്മയുടെ സമരം സംസ്ഥാനത്തെ പിടിച്ചുകുലുക്കിയതോടെ പൊലീസ് കേസിലെ മറ്റു പ്രതികളെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചു. ഇതിനു പിന്നാലെ വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേലിനെ തമിഴ്‌നാട്ടിലെ നാമക്കലിനു പരിസരത്തുള്ള ഒരു ഗ്രാമത്തില്‍ നിന്നും അറസ്റ്റ് ചെയ്തു. ശക്തിവേലുവും പ്രവീണും ചേര്‍ന്നു ജിഷ്ണുവിനെ മര്‍ദ്ദിച്ചു എന്നായിരുന്നു പൊലീസ് കണ്ടെത്തിയിരുന്നത്. എന്നാല്‍ മുന്‍കൂര്‍ ജാമ്യം പരിഗണനയിലിരിക്കെ ശക്തിവേലിനെ അറസ്റ്റ് ചെയ്തതിനെതിരേ അദ്ദേഹത്തിന്റെ ഭാര്യ കോടതിയെ സമര്‍പ്പിച്ചു. പൊലീസിനെതിരേ കോടതയിലക്ഷ്യത്തിനു കേസ് നല്‍കുകയും കോടതിയിത് സ്വീകരിക്കുകയും ചെയ്തു. പിന്നീടു ശക്തിവേലിനും കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ഇതോടെ ബാക്കിയായ പ്രതികള്‍ പ്രവീണും ദിബിനും ആയി. എന്നാല്‍ ഇവരുടെ അറസ്റ്റ് തടഞ്ഞുകൊണ്ട് കോടതി ഉത്തരവ് വന്നതോടെ പൊലീസ് വീണ്ടും വെട്ടിലായി. രണ്ടുപേരുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയുന്നതുവരെ അറസ്റ്റ് ചെയ്യരുതെന്നായിരുന്നു കോടതി ആവശ്യപ്പെട്ടിരുന്നത്. ഇന്ന് ഉച്ചയോടെ പ്രവീണിനും ദിബിനും മുന്‍കൂര്‍ ജാമ്യം അനുവദിക്കുയും ഒപ്പം ഈ കേസില്‍ പൊലീസിനെ കോടതി അതിരൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തതോടെ പൊലീസ് വീണ്ടും പ്രതികൂട്ടിലായിരിക്കുകയാണ്.

ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതികളായി പറയുന്ന ആരെയും ചോദ്യം ചെയ്യാന്‍ അനുവാദമില്ല. ജിഷ്ണു കോപ്പിയടിച്ചതായി സമ്മതിച്ചു ഒപ്പിട്ടുകൊടുത്ത രേഖ വ്യാജമാണെന്ന പൊലീസ് ആരോപണത്തില്‍ പ്രതികളെ ഒരു മണിക്കൂര്‍ മാത്രം ചോദ്യം ചെയ്യാനാണു കോടതി അനുവാദം നല്‍കിയിരിക്കുന്നത്. പ്രതികളെ അറസ്റ്റ് ചെയ്യുകയോ ജയിലില്‍ അടക്കുകയോ ചെയ്യേണ്ട യാതൊരു കാര്യവുമില്ലെന്നു വ്യക്തമാക്കിയ കോടതി കേരളത്തില്‍ ആരെയും ജയിലില്‍ അടയ്ക്കാവുന്ന സാഹചര്യമാണ് ഇപ്പോള്‍ ഉള്ളതെന്നും കുറ്റപ്പെടുത്തി.

ജിഷ്ണു കേസില്‍ പ്രതികളായി പൊലീസ് കണ്ടെത്തിയ എല്ലാവര്‍ക്കും മുന്‍കൂര്‍ ജാമ്യം അനുവദിക്കപ്പെട്ട സാഹചര്യത്തില്‍ കേസുമായി ഇനിയെങ്ങനെ മുന്നോട്ടു പോകുമെന്ന ചോദ്യമാണ് പൊലീസിനു മുന്നിലുള്ളത്. ജിഷ്ണുവിന്റെത് പരപ്രേരണയാലുള്ള ആത്മഹത്യയല്ലെന്ന നിഗമനം കോടതിയില്‍ നിന്നും വന്ന സ്ഥിതിക്കും നിലവിലെ കുറ്റപത്രം കൊണ്ട് പൊലീസിനു കാര്യമായി ഒന്നും ചെയ്യാന്‍ കഴിയില്ല. അതോടെ ആരോപണങ്ങളുടെ ഭാരം പൊലീസിനു മുകളില്‍ വീണ്ടും വര്‍ദ്ധിക്കും. അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ വന്ന വീഴ്ച്ചയും കോടതിയില്‍ സര്‍ക്കാര്‍ അഭിഭാഷകര്‍ക്ക് ഉണ്ടായ വീഴ്ചയുമാണ് ഇപ്പോള്‍ തിരിച്ചടിയായിരിക്കുന്നതെന്നു ജിഷ്ണുവിന്റെ ബന്ധുക്കള്‍ ആരോപണം ഉയര്‍ത്തി കഴിഞ്ഞു.

ജിഷ്ണു കേസില്‍ പൊലീസും ഒപ്പം സര്‍ക്കാരും ഇനിയും ഒരുപാട് വിയര്‍പ്പൊഴുക്കി വിശദീകരിക്കേണ്ടി വരും. ജിഷ്ണുവിന്റെ കുടുംബം നീതിക്ക് വേണ്ടിയുള്ള തങ്ങളുടെ പോരാട്ടം എങ്ങിനെയാണ് മുന്നോട്ട് കൊണ്ടുപോവുക എന്നത് ഉറ്റുനോക്കുകയാണ് പൊതുസമൂഹം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍