UPDATES

പാര്‍ട്ടി ആരുടെത്? കേരള കോണ്‍ഗ്രസ് തര്‍ക്കത്തില്‍ നിര്‍ണായക കോടതി വിധികള്‍ ഇന്ന്

വിധി പാല സീറ്റിനുവേണ്ടിയുള്ള അവകാശവാദത്തില്‍ നിര്‍ണായകമാകും.

പാല ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജോസഫ്- ജോസ് കെ മാണി  തര്‍ക്കം രൂക്ഷമായ സാഹചര്യത്തില്‍ പാർട്ടിയിലെ അധികാരം ആർക്കെന്ന് തീരുമാനിക്കാവുന്ന  നിര്‍ണായക കോടതി വിധി ഇന്ന്. കോട്ടയം, കട്ടപ്പന കോടതികളില്‍ പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനത്തെ ചൊല്ലി നിലവിലുള്ള തര്‍ക്കത്തിലാണ് കോടതി വിധി. പാല നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ നാളെ മുതല്‍ നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണം ആരംഭിക്കും. അടുത്ത മാസം നാലാം തീയതിയാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം.

ജോസ് കെ മാണിയെ പാര്‍ട്ടി ചെയര്‍മാനായി തെരഞ്ഞെടുത്തതിനെ നേരത്തെ ഇടുക്കി മുന്‍സീഫ് കോടതി തടഞ്ഞിരുന്നു. ഇതിനെതിരെയാണ് കട്ടപ്പന കോടതിയില്‍ ജോസ് കെ മാണി വിഭാഗം അപ്പീല്‍ നല്‍കിയത്. ഈ കേസിലാണ് ഇന്ന് പാര്‍ട്ടിയെ സംബന്ധിച്ച് നിര്‍ണായക വിധി. ജോസ് കെ മാണിയെ അനുകൂലിക്കുന്ന 27 പേരെ സസ്‌പെന്റ് ചെയ്ത ജോസഫിന്റെ നടപടിക്കെതിരെ ജോസ് കെ മാണി വിഭാഗം കോട്ടയം മുന്‍സിഫ് കോടതിയില്‍ നല്‍കിയ കേസിലും ഇന്നാണ് വിധി. രണ്ട് കേസുകളിലും അനുകൂല വിധിക്കായി കാത്തിരിക്കുകയാണ് ഇരുവിഭാഗവും. പാല സീറ്റുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന തര്‍ക്കത്തില്‍ ഇന്നത്തെ രണ്ട്  കോടതിവിധികളും  നിര്‍ണായകമാകും.

പാല സീറ്റില്‍ ആര് മല്‍സരിക്കുമെന്ന തര്‍ക്കം പാര്‍ട്ടിയില്‍ രൂക്ഷമാണ്. ജോസ് കെ മാണിയുടെ ഭാര്യ നിഷയെയാണ് ഒരു വിഭാഗം മല്‍സരിപ്പിക്കാന്‍ ലക്ഷ്യമിടുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ വര്‍ക്കിംങ് കമ്മിറ്റി ചെയര്‍മാന്‍ പി ജെ ജോസഫ് തീരുമാനമെടുക്കുമെന്നാണ് എതിര്‍വിഭാഗത്തിന്റെ നിലപാട്. ഇന്നത്തെ കോടതി വിധി അനുകൂലമാകുകയാണെങ്കില്‍ പാര്‍ട്ടി ചിഹ്നം തീരുമാനിക്കുന്നതിലടക്കം അത് നിര്‍ണായകമാകും. യുഡിഎഫില്‍ അടക്കം തങ്ങളുടെ വാദം മുന്നോട്ടുവെയ്ക്കാനും വിധി അനുകൂലമാകുന്നവര്‍ക്ക് പറ്റും.

ജോസഫിന് അനുകൂലമായി വിധി വരികയും പാലയില്‍ യുഡിഎഫ് ജോസ് കെ മാണിക്ക് അനുകൂലമായി വരികയും ചെയ്താല്‍ സ്ഥാനാര്‍ത്ഥിക്ക് ചിഹ്നം അനുവദിക്കുന്ന കാര്യത്തിലടക്കം തീരുമാനം ജോസഫിന്റെതാകും. അത് ഫലത്തില്‍ രണ്ടില ജോസ് കെ മാണി വിഭാഗത്തിന് നഷ്ടപെടുന്നതിലേക്ക് പോലും നയിച്ചേക്കാം.

ജോസ് കെ മാണിക്ക് അനുകൂലമായാണ് വിധി വരുന്നതെങ്കില്‍ കീഴടങ്ങുകയോ പുറത്തുപോകുകയോ മാത്രമായിരിക്കും ജോസഫിന്റെ മുന്നിലുള്ള പോംവഴി. അനുനയ നീക്കം ജോസ് കെ മാണി വിഭാഗം നടത്തിയാലും ജോസഫ് വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുമോ എന്ന കാര്യം വ്യക്തമല്ല.

പാലയില്‍ സ്ഥാനാര്‍ത്ഥി ആരാണെന്ന കാര്യം എല്ലാവര്‍ക്കും അറിയാമെന്നായിരുന്നു റോഷി അഗസ്റ്റില്‍ ഇന്നലെ പറഞ്ഞത്. ഇതോടെയാണ് നിഷ ജോസ് കെ മാണിയായിരിക്കും പാലയില്‍ മല്‍സരിക്കുകയെന്ന വാര്‍ത്തകള്‍ക്ക് കൂടുതല്‍ പ്രധാന്യം കിട്ടിയത്.

ഇന്നലെ ചേര്‍ന്ന യുഡിഎഫ് യോഗം പാല തെരഞ്ഞെടുപ്പ് ചര്‍ച്ച ചെയ്തിരുന്നു. തര്‍ക്കം കൂടുതല്‍ വഷളാവാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നായിരുന്നു ഇരുവിഭാഗങ്ങള്‍ക്കും മുന്നണി നേതൃത്വം നിര്‍ദ്ദേശം നല്‍കിയത്.

also read:കെവിൻ വധക്കേസ്: 10 പ്രതികൾക്കും ജീവിതാവസാനം വരെ തടവ്

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍