UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഈ കോടതി ഒരുപാടുപേരുടെ നെഞ്ചിടിപ്പ് കൂട്ടും

Avatar

അഴിമുഖം പ്രതിനിധി

ബോംബ് ഓലപ്പടക്കത്തിനുള്ളിലെ കരിമരുന്നുകൊണ്ട് ഉണ്ടാക്കിയതാണെങ്കിലും ആയുധ നിര്‍മ്മാണ ഫാക്ടറിയിലുണ്ടാക്കിയതാണെങ്കിലും ബോംബ് ബോംബ് തന്നെയാണെന്ന് ഹൈക്കോടതി. ബോംബ് എറിഞ്ഞ് ആളെ കൊല്ലണമെന്നില്ല, നാശനഷ്ടങ്ങള്‍ വരുത്തിയാലും സംഭവം ഭീകരവാദം തന്നെയെന്ന് ജസ്റ്റിസുമാരായ കെ.ടി. ശങ്കരനും കെ.പി. ജ്യോതീന്ദ്രനാഥും അടങ്ങുന്ന ഡിവിഷന്‍ ബഞ്ച് പ്രഖ്യാപിച്ചു. 

അതിനാല്‍ ഇത്തരം പ്രവൃത്തികള്‍ ഭീകരവിരുദ്ധനിയമം അഥവാ യു.എ.പി.എ നിയമം അഥവാ നിയമവിരുദ്ധ പ്രവൃത്തികള്‍ തടയല്‍ നിയമം എന്ന രാജ്യം കണ്ട ഏറ്റവും കഠിനമായ നിയമത്തിന്റെ പരിധിയില്‍ വരുമെന്ന് ഉറപ്പാക്കി. ‘പോട്ട’ക്കും ‘ടാഡ’ക്കും കാഠിന്യം പോരെന്ന് കണ്ടെത്തി കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന നിയമമാണിത്. 

കണ്ണൂര്‍ ജില്ലയിലെ കിഴക്കെ കതിരൂര്‍ സ്വദേശിയും ആര്‍.എസ്.എസ്. പ്രവര്‍ത്തകനും 1999 ല്‍ ജയരാജന്‍ ആക്രമിക്കപ്പെട്ട കേസിലെ പ്രതിയുമായ എളന്തോടത്ത് മനോജിനെ ബോംബെറിഞ്ഞ് കൊലപ്പെടുത്തിയ കേസിലാണ് ഹൈക്കോടതിയുടെ വിധിന്യായം വന്നത്. ഗൂഢാലോചനയില്‍ പങ്കുണ്ടെന്നു കണ്ടത്തി സിബിഐ പ്രതിയാക്കിയ സിപിഎം നേതാവ് പി.ജയരാജന്റെ മുന്‍കൂര്‍ ജാമ്യ അപ്പീല്‍ തള്ളിക്കളയുവാനുള്ള വിധിയായിരുന്നു ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റേത്. 

ജയരാജന്‍ സിപിഎം നേതാവ് മാത്രമല്ല സാമൂഹ്യപ്രവര്‍ത്തകനും എന്തിനേറെ, അടുത്തയിടെ രണ്ടായിരത്തിലധിം യോഗാഗുരുഭക്തന്‍മാരെ അണിനിരത്തി യോഗാഭ്യാസ പ്രകടനം നടത്തിയെന്നതടക്കമുള്ള വാദങ്ങളായിരുന്നു മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയില്‍ നിരത്തിയത്. 1999 ല്‍ തിരുവോണ ദിവസം നടന്ന ആക്രമണത്തില്‍ പരിക്കേറ്റ് വികലാംഗനായി എന്നും മനോജ് അടക്കം പ്രതികളാണെന്നും ചൂണ്ടിക്കാണിച്ചെങ്കിലും ഫലം കണ്ടില്ല.

നിയമത്തിന് മുന്നില്‍ പണ്ഡിതനെന്നോ പാമരനെന്നോ പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ തിരിച്ചു വ്യത്യാസമില്ലെന്നും എല്ലാവരും ഒരുപോലെയാണെന്നും പ്രഖ്യാപിച്ചാണ് ജയരാജന് കോടതി ജയിലിലേക്കുള്ള വഴി തെളിച്ചത്. 

അങ്ങനെ ജയരാജന്‍ അകത്തായി. അതുകൊണ്ടു തീര്‍ന്നില്ല. ‘ഭീകരവാദ പ്രവര്‍ത്തനം’ നടത്താന്‍ ആയിരങ്ങളെ കൊല്ലണമെന്നില്ല. മനുഷ്യജീവന് അപകടവും വരേണ്ടതില്ല. നാശനഷ്ട പ്രവൃത്തികള്‍ ഉണ്ടാക്കിയാലും മതിയെന്ന ഹൈക്കോടതിയുടെ പ്രഖ്യാപനം രാഷ്ട്രീയക്കാരുടെ ചങ്കിടിപ്പ് കൂട്ടിയിരിക്കുന്നു. 

കതിരൂര്‍ മനോജ് വധക്കേസില്‍ ഭീകരവിരുദ്ധ നിയമം ഉള്‍പ്പെടുത്തിയ പോലീസിന്റെ നടപടിക്കെതിരെ സിപിഎം അക്കാലത്തുതന്നെ ആക്ഷേപം ഉന്നയിച്ചിരുന്നു. ആഭ്യന്തര മന്ത്രിയും ബിജെപി നേതൃത്വവും കൂടിയാലോചിച്ചാണ് ഈ നീക്കമെന്നായിരുന്നു ആക്ഷേപം. ജയരാജനെ അകത്താക്കിയത് ആരായാലും ഈ കോടതി വിധി അവരെ തിരിഞ്ഞുകുത്തുമോ എന്ന് കാലം തെളിയിക്കും. 

പാമൊലിന്‍, ടൈറ്റാനിയം, ബാര്‍ കോഴ, സോളാര്‍ കേസുകളലിലാണ് കോടതി ഇടപെടലുകള്‍ ഭരണകക്ഷിയുടെ ചങ്കിടിപ്പ് വര്‍ദ്ധിപ്പിച്ചത്. ലവ്‌ലിന്‍, ഷുക്കൂര്‍, മനോജ് വധക്കേസുകള്‍ പ്രതിപക്ഷത്തെ മുഖ്യപാര്‍ട്ടിയായ സിപിഎമ്മിന്റെയും ചങ്കിടിപ്പ് കൂട്ടി. 

ലവ്‌ലിന്‍ കേസില്‍ പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള പ്രതികളെ കുറ്റവിമുക്തരാക്കിയ തിരുവനന്തപുരം സിബിഐ കോടതിയുടെ വിധി നിലനില്‍ക്കുമോ എന്ന കാര്യം സംശയമാണെന്ന ജസ്റ്റിസ് പി.ഉബൈദിന്റെ ഒറ്റവരി പരാമര്‍ശം ജാഥ നയിക്കുന്ന പിണറായിയെ മാത്രമല്ല ഉമ്മന്‍ചാണ്ടിയെ താഴെയിറക്കാന്‍ പണിപ്പെടുന്ന മുഴുവന്‍ പേരെയും ഞെട്ടിച്ചു. വിചാരണ കോടതിയിലെ രേഖകളൊന്നും പരിശോധിക്കാതെ ജസ്റ്റിസ് ഉബൈദ് അങ്ങനെ പറയാമായിരുന്നോ? അങ്ങനെ പറഞ്ഞതില്‍ നിയമപരമായി തെറ്റുണ്ടോ? എന്നിങ്ങനെ പോയി ചാനല്‍ ചര്‍ച്ചകളിലെ നിയമ വിദഗ്ധരുടെ അഭിപ്രായ പ്രകടനങ്ങള്‍. 

സ്ഥിരമായി കോടതിയില്‍ ഹാജരാകുന്നവരും നിയമം അറിയാവുന്നവരുമായ അഭിഭാഷകരേ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കാവൂ എന്ന് ജസ്റ്റിസ് ഉബൈദ് പിന്നീട് മറ്റൊരു കേസ് പരിഗണിക്കവെ അഭിപ്രായപ്പെട്ടു. 

ഉമ്മന്‍ ചാണ്ടിക്കും ആര്യാടനുമെതിരെ കേസെടുക്കാനുള്ള തൃശ്ശൂര്‍ വിജിലന്‍സ് ജഡ്ജി എസ്.എസ്. വാസന്റെ വിധി വന്നപ്പോള്‍ ഭരണകക്ഷികള്‍ ഒന്നാകെ വിറച്ചു. വിധി രണ്ട് മാസത്തേക്ക് ഹൈക്കോടതി മരവിപ്പിക്കുന്നതുവരെ ഈ വിറയല്‍ നീണ്ടുനിന്നു. 

സീസറിന്റെ ഭാര്യ സംശയത്തിന് അതീതയായിരിക്കണമെന്ന് ഓര്‍മ്മിപ്പിച്ച ജസ്റ്റിസ് കെമാല്‍ പാഷയുടെ വിധി വന്നതോടെ കെ.എം മാണിയുടെ മന്ത്രിക്കസേര പോയി. 

മന്ത്രി കെ.ബാബുവിനെതിരെ വാസന്‍ ജഡ്ജിയുടെ വിധി വന്നതോടെ മുഖ്യമന്ത്രിക്ക് രാജി നല്‍കി കൈകഴുകിയെങ്കിലും പിന്നീട് ഹൈക്കോടതിയില്‍ സ്വകാര്യ ഹര്‍ജി നല്‍കി വിജിലന്‍സ് കോടതി ഉത്തരവ് തല്‍ക്കാലം മരവിപ്പിച്ചാണ് രാജി തിരികെ വാങ്ങി തടിതപ്പിയത്. 

സോളാര്‍ അന്വേഷണ കമ്മിഷനില്‍ തുടരെതുടരെ വെടിപൊട്ടിച്ച് സരിത മുന്നേറുമ്പോള്‍ സോളാര്‍ താപത്തില്‍ മന്ത്രിസഭ ഉരുകിപ്പോകുമെന്ന് പ്രതിപക്ഷം ആശിക്കാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. 

ഉമ്മന്‍ചാണ്ടിക്കും ആര്യാടനുമെതിരെ സോളാര്‍ കമ്മീഷനില്‍ മൊഴി നല്‍കിയ സരിതയ്‌ക്കെതിരെയും അന്വേഷണം വേണമെന്ന് ഹര്‍ജി നല്‍കിയെങ്കിലും ജസ്റ്റിസ് ഉബൈദ് ഇടപെട്ടില്ല. പാലക്കാട്ടെ അഴിമതി വിരുദ്ധ മനുഷ്യാവകാശ സംഘടനയുടെതായിരുന്നു ആവശ്യം. ഒരു മാസം കഴിഞ്ഞ് പരിഗണിക്കാനായി കേസ് മാറ്റിവച്ചിരിക്കുകയാണ്. സോളാര്‍ കമ്മീഷന്‍ തന്നെ ഇത്തരം പരാതികള്‍ പരിശോധിക്കട്ടെയെന്നായിരുന്നു ഹൈക്കോടതി നിലപാട്. 

ഫെബ്രുവരി അവസാനവാരത്തിനായി രാഷ്ട്രീയ കേരളം ഹൈക്കോടതിയെ ഉറ്റുനോക്കുകയാണ്. അപ്പോഴാണെല്ലോ ലവ്‌ലിന്‍ കേസ് പരിഗണിക്കാമെന്ന് ജസ്റ്റിസ് ഉബൈദ് വ്യക്തമാക്കിയിട്ടുള്ളത്. ലവ്‌ലിന്‍ കേസില്‍ കക്ഷി ചേരാന്‍ സംസ്ഥാന സര്‍ക്കാരിന് എന്തധികാരമെന്ന് സിപിഎമ്മുകാര്‍ ചോദിക്കുന്നു. സര്‍ക്കാരിനും വൈദ്യുതി ബോര്‍ഡിനും ചില്ലിക്കാശ് നഷ്ടം വന്നിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ഇരുവരും ഹൈക്കോടതിയില്‍ സത്യവാങ്മൂലങ്ങള്‍ നല്‍കിയിട്ടില്ലേ. 

എന്നാല്‍ സര്‍ക്കാരിന് വന്‍ സാമ്പത്തിക നഷ്ടം ഉണ്ടാക്കിയെന്നാണ് പ്രോസിക്യൂഷന്‍ ഡയറ്കടര്‍ ടി.ആസിഫ് അലിയുടെ നിലപാട്. കേസില്‍ കക്ഷി ചേരാന്‍ അനുമതി ചോദിച്ചിട്ട് നിയമ ആഭ്യന്തരവകുപ്പ് തലവന്‍മാര്‍ സമ്മതം മൂളിയില്ലെന്ന് മാത്രമല്ല അനുമതി നിഷേധിക്കുകയും ചെയ്തു. ഇതൊന്നും വകവയ്ക്കാതെ ആസിഫ് അലി മുന്നിട്ടിറങ്ങി. സര്‍ക്കാരിനെ കേസില്‍ കക്ഷിചേര്‍ത്ത് കോടതിയില്‍ നിന്നും അനുമതി വാങ്ങി. 

ലവ്‌ലിന്‍ കേസില്‍ സി.ബി.ഐ. അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ് വാങ്ങിയത് ആസിഫ് അലിയുടെ സ്വകാര്യ ഹര്‍ജിയിലാണ്. ഇതിനാലാണ് ആസിഫ് അലിയുടെ അമിതാവേശമെന്ന് സിപിഎം കണ്ണൂര്‍ സഖാക്കള്‍ ആരോപിക്കുന്നത്. 

കേസ് സിബിഐയ്ക്ക് വിട്ടാല്‍ പിന്നെ സര്‍ക്കാരിന് കാര്യമൊന്നുമില്ലെന്ന് ജയലളിത കേസില്‍ സുപ്രീംകോടതി പറഞ്ഞത് ആസിഫ് അലി മറന്നതോ ബോധപൂര്‍വ്വം മറന്നതായി നടിക്കുന്നതോ അതോ ഇതൊരു ‘ടെസ്റ്റ് ഡോസോ?’

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍