UPDATES

ട്രെന്‍ഡിങ്ങ്

പശുവിനെക്കൊന്നാല്‍ 14 വര്‍ഷം തടവ്, ആളെക്കൊന്നാല്‍ വെറും രണ്ട് വര്‍ഷം: ഇതെന്ത് നീതി?

ഈ ചോദ്യം ചോദിക്കുന്നത് ഡല്‍ഹി അഡീഷണല്‍ സെഷന്‍സ് ജഡ്ജി സഞ്ജീവ് കുമാര്‍ ആണ്

ഈ രാജ്യത്ത് പശുവിനെക്കൊന്നാല്‍ 14 വര്‍ഷം തടവ് ശിക്ഷ ലഭിക്കും. എന്നാല്‍ അശ്രദ്ധമായി വണ്ടിയോടിച്ച് ഒരാളെ കൊന്നാല്‍ വെറും രണ്ട് വര്‍ഷം മാത്രമാണ് തടവ്. ഇതെന്ത് നീതിയാണ്? സുപ്രധാനമായ ഈ ചോദ്യം ചോദിക്കുന്നത് ഡല്‍ഹി അഡീഷണല്‍ സെഷന്‍സ് ജഡ്ജി സഞ്ജീവ് കുമാര്‍ ആണ്. ഈ അന്യായത്തിനെതിരെ നിയമനിര്‍മ്മാണം നടത്തണമെന്ന് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നിര്‍ദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്.

2008ല്‍ ബിഎംഡബ്ല്യൂ കാര്‍ ഇടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ബിസിനസുകാരനായ കാര്‍ ഉടമയ്ക്ക് രണ്ട് കൊല്ലം മാത്രം ശിക്ഷ വിധിച്ച ശേഷമാണ് അദ്ദേഹം ഇത്തരമൊരു നിരീക്ഷണം നടത്തിയത്. 2008ല്‍ ദക്ഷിണ ഡല്‍ഹിയിലുണ്ടായ അപകടത്തിലാണ് അനൂജ് ചൗഹാന്‍ കൊല്ലപ്പെടുകയും സുഹൃത്ത് മൃഗാങ്ക് ശ്രീവാസ്തവയ്ക്ക് ഗുരുതരമായ പരിക്കേല്‍ക്കുകയും ചെയ്തത്. ഹരിയാന സ്വദേശിയും ബിസിനസുകാരനുമായ ഉത്സവ് ബാഷിന്‍ ആണ് കാര്‍ ഓടിച്ചിരുന്നത്.

മനഃപൂര്‍വമല്ലത്ത നരഹത്യയായി സംഭവം പരിഗണിച്ച കോടതി മരിച്ചയാളുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപയും പരിക്കേറ്റയാള്‍ക്ക് രണ്ട് ലക്ഷം രൂപയും നഷ്ടപരിഹാരം നല്‍കാനും വിധിച്ചു. ജാമ്യം വേണമെങ്കില്‍ ബാഷിന് ഹൈക്കോടതിയെ സമീപിക്കാമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. കേസില്‍ ബാഷിന്‍ കുറ്റക്കാരനാണെന്ന് കോടതി മെയില്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇന്നലെയാണ് കേസിലെ ശിക്ഷാ വിധി പ്രഖ്യാപിച്ചത്.

നാഷണല്‍ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ അനുസരിച്ച്‌ 2015ല്‍ മാത്രം രാജ്യത്ത് 4.64 ലക്ഷം റോഡ് അപകടങ്ങളാണ് രാജ്യത്ത് ഉണ്ടായത്. അശ്രദ്ധയോടെ വാഹനമോടിച്ച് മരണത്തിന് കാരണക്കാരനായ നിലവിലെ നിയമം അനുസരിച്ച് രണ്ട് വര്‍ഷം മാത്രമാണ് ശിക്ഷ നല്‍കാന്‍ കഴിയൂ. എന്നാല്‍ ഒരു പശുവിനെ കൊന്നാല്‍ വിവിധ സംസ്ഥാനങ്ങളിലെ നിയമം അനുസരിച്ച് 5, 7, 14 എന്നിങ്ങനെയുള്ള വര്‍ഷം തടവ് ശിക്ഷ ലഭിക്കും. ഈ സ്ഥിതി മാറുന്നതിനും നിയമഭേദഗതി വരുത്തുന്നതിനും കേസ് പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തേണ്ടതുണ്ട്. അതിനായി വിധിപ്പകര്‍പ്പ് അദ്ദേഹത്തിന് അയയ്ക്കുമെന്നും കോടതി അറിയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍