UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നിരത്ത് കയ്യടക്കി ഗോ സംരക്ഷണ സേനയുടെ രാത്രി പെട്രോളിംഗ്

Avatar

രമ ലക്ഷ്മി
(വാഷിംഗ്ടണ്‍ പോസ്റ്റ്)

യാദവ് നഗറിലെ നിലാവ് പരന്നുകിടന്ന കൃഷിയിടത്തില്‍ നിരവധി ആളുകള്‍ മരങ്ങള്‍ക്ക് പിന്നില്‍ മറഞ്ഞു നിന്നു. അവരുടെ കയ്യില്‍ നീളന്‍ കത്തികള്‍, ഹോക്കി വടികള്‍. കടുത്ത ഹിന്ദുക്കളാണ്. മതത്തിന് വേണ്ടി പോരാടാന്‍ തയ്യാറായവര്‍. 

പശുക്കളെ കള്ളക്കടത്ത് നടത്തുന്ന സംഘത്തിന്റെ വണ്ടിക്ക് വേണ്ടി കാത്തുനില്‍ക്കുകയാണവര്‍. 

‘ഞാനൊരു ഹിന്ദുവാണ്. പശുവിനെ സംരക്ഷിക്കേണ്ടത് എന്റെ കടമയാണ്,’ദൈവങ്ങളുടെ പ്രതിമകളുണ്ടാക്കുന്ന രാജേന്ദ്ര പ്രസാദ് എന്ന മുപ്പത്തിയഞ്ചുകാരന്‍ പറഞ്ഞു. ‘കശാപ്പിന് വേണ്ടി പശുക്കളെ കള്ളക്കടത്ത് നടത്താന്‍ ഞാനാരെയും അനുവദിക്കില്ല.’

‘ഒന്നുകില്‍ ഞങ്ങള്‍ അല്ലെങ്കില്‍ അവര്‍ മരിക്കും. പക്ഷേ പശു ഇറച്ചി തിന്നാന്‍ ഞങ്ങളിവിടെ ആരെയും അനുവദിക്കില്ല,’ 22കാരനായ കര്‍ഷകന്‍ വിജേന്ദ്ര സിംഗ് പറഞ്ഞു. 

ഇന്ത്യയിലെ ജനസംഖ്യയുടെ 80 ശതമാനവും ഹിന്ദുക്കളാണ്. പശുക്കള്‍ക്ക് വിശുദ്ധി കല്‍പ്പിക്കുന്നതിനാല്‍ പല ഹിന്ദുക്കളും പശു ഇറച്ചി കഴിക്കുന്നത് ഒഴിവാക്കുന്നു. പല സംസ്ഥാനങ്ങളിലും പശുക്കളെ കശാപ്പു ചെയ്യുന്നതും പശു ഇറച്ചി കഴിക്കുന്നതും നിരോധിച്ചിട്ടുണ്ട്. ഒരു ചൂടന്‍ രാഷ്ട്രീയ വിഷയം കൂടിയാണിത്. 

എന്നാല്‍, പശു ഇറച്ചി കഴിച്ചു എന്നു തെറ്റായി ആരോപിച്ചു കഴിഞ്ഞ മാസം ആള്‍ക്കൂട്ടം ഒരാളെ കൊന്നതോടെ ഇത് സംബന്ധിച്ച ദേശീയ വിവാദം ചൂടുപിടിച്ചു. സഹിഷ്ണുതയ്ക്ക് വേണ്ടിയുള്ള ആഹ്വാനങ്ങള്‍ രാഷ്ട്രീയ, പൗരസമൂഹ നേതൃത്വത്തില്‍ നിന്നും ഉയര്‍ന്നു. പശു ഇറച്ചിയുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങളും കൂടി. 

പ്രസാദും സിംഗും ഇന്ത്യയിലെ നിരവധിയായ ‘ഗോ സംരക്ഷണ’ സംഘങ്ങളിലൊന്നിലെ അംഗങ്ങളാണ്. ഈ അക്രമാസക്ത ഹിന്ദു സംഘങ്ങള്‍ രാത്രിയില്‍ പശു കള്ളക്കടത്തുകാരെ തിരഞ്ഞ് റോന്തുചുറ്റുന്നു. പകല്‍ പ്രായമായ പശുക്കള്‍ക്ക് സംരക്ഷണം നല്‍കുന്നു. 

പശുക്കളെ സംരക്ഷിക്കാനും, അവയുടെ കശാപ്പു തടയാനും, നിയമലംഘനത്തിന് ശിക്ഷ നല്‍കാനും ഇന്ത്യയുടെ മതേതര ഭരണഘടന സര്‍ക്കാരിനോട് ആവശ്യപ്പെടുന്നുണ്ട്. പക്ഷേ അധികൃതര്‍ നിയമം നടപ്പാക്കാത്തതിനാല്‍ തങ്ങള്‍ രംഗത്തിറങ്ങുന്നു എന്നാണ് പല ഹിന്ദു സംഘടനകളും പറയുന്നത്. 

‘ഞങ്ങളുടെ ദേവീദേവന്മാര്‍ പശുവിന്റെ ശരീരത്തിലാണ് കുടികൊള്ളുന്നത്,’ പശു സംരക്ഷകനും സംസ്‌കൃതാധ്യാപകനുമായ സത്യ പാല്‍ ആചാര്യ പറയുന്നു. ‘പശുക്കള്‍ ആരോഗ്യത്തോടെ ജീവിച്ചിരിക്കുന്നിടത്തോളം ഞങ്ങളുടെ നാഗരികത വളരും. ചിലപ്പോള്‍ നിയമം നടപ്പാക്കാന്‍ സര്‍ക്കാരിന്റെ കൈകളെ ഞങ്ങള്‍ക്ക് ശക്തിപ്പെടുത്തേണ്ടിവരും.’

പശു ഇറച്ചി തിന്നു എന്ന പ്രചാരണത്തെ തുടര്‍ന്ന് കഴിഞ്ഞ സെപ്തംബര്‍ മാസത്തില്‍ ഒരു സംഘം ഹിന്ദുക്കള്‍ ന്യൂഡല്‍ഹിക്ക് പുറത്ത് 50 വയസായ ഒരു മുസ്ലിമിനെ വീട്ടില്‍ നിന്നു അതിക്രമിച്ചു കയറി വലിച്ചിറക്കി കൊന്നതോടെയാണ് നിലവിലെ സംഘര്‍ഷങ്ങളുടെ തുടക്കം. പോലീസ് ഇറച്ചി പരിശോധനക്കയച്ചപ്പോള്‍ അത് ആട്ടിറച്ചിയാണെന്ന് തെളിഞ്ഞു. 

രണ്ടാഴ്ച മുമ്പ് ഹിമാചല്‍ പ്രദേശില്‍ പശുക്കളെ കൊണ്ടുവന്ന ഒരു ട്രക്  ഡ്രൈ വറെ മറ്റൊരു ഹിന്ദു സംഘം മാരകമായി ആക്രമിച്ചു. കശ്മീരില്‍ ഒരു മുസ്ലീം കൗമാരക്കാരനെ ആള്‍ക്കൂട്ടം തീവെച്ചു. കശ്മീരിലെ ഒരു മുസ്ലിം നിയമസഭാഗം പ്രതിഷേധ സൂചകമായി ‘ബീഫ് വിരുന്ന്’ നടത്തിയപ്പോള്‍ ഭരണകക്ഷിയായ ബി ജെ പിയിലെ അംഗങ്ങള്‍ സകലരും കാണ്‍കെ അയാളെ സഭയിലിട്ട് മര്‍ദ്ദിച്ചു. 

ഔട്‌ലുക് വാരിക ഈയിടെ നടത്തിയ ഒരു സര്‍വേയില്‍ കാണിക്കുന്നത് പശു ഇറച്ചി വിവാദവുമായി ബന്ധപ്പെട്ട കൊലപാതകങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബി ജെ പിയുടെയും പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചു എന്നാണ്. 

പക്ഷേ എപ്പോഴായാലും ഒരു ബി ജെ പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ തങ്ങള്‍ക്കത് ഊര്‍ജം പകരുന്നു എന്നാണ് ഗോ സംരക്ഷണ സംഘങ്ങള്‍ പറയുന്നത്. 

‘ബി ജെ പി സര്‍ക്കാരാണെങ്കില്‍ ഞങ്ങളുടെ ജോലി എളുപ്പമായി,’ രാജസ്ഥാനിലെ രാംഗഡ് പട്ടണത്തിലെ ഗോ സംരക്ഷണ സേനയുടെ തലവന്‍ നവല്‍ കിഷോര്‍ ശര്‍മ പറയുന്നു. അയാള്‍ വിശ്വഹിന്ദു പരിഷത്തിലെ അംഗം കൂടിയാണ്.

‘പശു കള്ളക്കടത്തുണ്ടെന്നു പോലീസിനെ അറിയിച്ചാല്‍ അവരത് ഗൗരവമായെടുക്കും.’

വിദ്യാര്‍ത്ഥികളും കച്ചവടക്കാരുമടക്കം വലിയൊരു രഹസ്യ ശൃംഖലയും വിവരങ്ങള്‍ നല്‍കാനായി ശര്‍മയുടെ സംഘടനയ്ക്കുണ്ട്. ബസിലും, ട്രക്കിലും, ആംബുലന്‍സിലുമൊക്കെ പശുക്കളെ കടത്തുന്ന സംഘങ്ങളില്‍ ചിലരുടെ കയ്യില്‍ അനധികൃത തോക്കുകളുമുണ്ടാകും. ഇത് പണി കൂടുതല്‍ അപകടകരമാക്കുന്നു എന്നു ശര്‍മ പറഞ്ഞു. സാമുദായിക സംഘര്‍ഷം ഉണ്ടാക്കിയതിന് 19 കേസുകളില്‍ പ്രതിയായ ശര്‍മ കന്നുകാലി കള്ളക്കടത്തിന്റെ 10 കേസുകളില്‍ സര്‍ക്കാര്‍ ഭാഗം സാക്ഷിയുമാണ്. 

ജൂലായ് മാസത്തില്‍ പട്ടണത്തിലൂടെ പശുക്കളെ കള്ളക്കടത്തു നടത്തുന്നു എന്ന വിവരം സംഘത്തിന് കിട്ടി. 

അര്‍ദ്ധരാത്രിയില്‍ സംഘാംഗങ്ങള്‍ ദേശീയപാതയിലും ഗ്രാമീണപാതകളിലും തെരച്ചില്‍ നടത്തി. ടയറുകളിലെ കാറ്റ് കളയാന്‍ മരപ്പലകയില്‍ ആണിയടിച്ചു വെച്ചു. പക്ഷേ കള്ളക്കടത്തുകാര്‍ വഴി മാറ്റിക്കൊണ്ടേയിരുന്നു. അക്ഷമനായ ശര്‍മ പോലീസിനെ വിളിച്ചു. 

ഒരു മണിക്കൂര്‍ നീണ്ട ഓട്ടപ്പാച്ചിലില്‍ പോലീസ് ട്രക് തടഞ്ഞു നിര്‍ത്തി. 

‘ശ്വസിക്കാന്‍ ഇടമില്ലാതെ എട്ട് പശുക്കളെ ഞെരുക്കി നിര്‍ത്തിയിരിക്കുകയായിരുന്നു. കഴുത്തും കാലും കെട്ടിയിട്ടുണ്ട്. നമ്മുടെ ഗോമാതാക്കളോടാണ് ഇത്തരം ക്രൂരത.’

പോലീസ് രണ്ടുപേരെ പിടികൂടി. പശുക്കളെ സംരക്ഷണ കേന്ദ്രത്തിലയച്ചു. ട്രക് കസ്റ്റഡിയിലെടുത്തു. ഈ വര്‍ഷം പ്രാദേശിക പൊലീസ് പശു കള്ളക്കടത്തിന്റെ 6 കേസുകള്‍ രേഖപ്പെടുത്തിയെന്ന് പൊലീസ് പറയുന്നു. 

പശുഇറച്ചി വില്‍ക്കുന്നു എന്ന ആരോപണം ഹരിയാനയിലെ മാംസ ഫാക്ടറികള്‍ ഉടമകള്‍ നിഷേധിച്ചു. ‘മുസ്ലിങ്ങളെ അപമാനിക്കാനുള്ള പ്രചാരണം മാത്രമാണത്’, പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു ഫാക്ടറി ഉടമ പറഞ്ഞു. 

ചില ഗ്രാമങ്ങളില്‍ പാവപ്പെട്ടവന്റെ ആഹാരമാണ് ഇതെന്ന് മറ്റുള്ളവര്‍ പറയുന്നു. 

‘കോഴിക്കും ആടിനും വില ഏറെയായതിനാലാണ് പാവപ്പെട്ട മുസ്ലിങ്ങള്‍ പശു ഇറച്ചി തിന്നുന്നത്,’ ഹരിയാനയില്‍ സാമൂഹ്യ ക്ഷേമ സമിതി നടത്തുന്ന യൂനുസ് ഖാന്‍ പറഞ്ഞു. ‘എന്നാലിപ്പോള്‍ ഹിന്ദുക്കളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നു എന്നും, അന്യായമായി കടത്തുന്നതിനാല്‍ ഇസ്ലാമിന് നിരക്കാത്തത്തുകൊണ്ട് ഒഴിവാക്കാവുന്നതാണെന്നും മുസ്ലിം മത നേതാക്കള്‍ ആളുകളോട് പറയുന്നുണ്ട്.’

അതിനിടെ പ്രസാദും സിംഗും മറ്റ് ഗോ സംരക്ഷകരും രാത്രി മുഴുവന്‍ കാത്തുനിന്നു. പശുവണ്ടികളൊന്നും വന്നില്ല. പുലര്‍ച്ചെയായപ്പോള്‍ വിവരം നല്‍കിയ കക്ഷി വിളിച്ചു. പരിശോധനയുടെ വിവരം കിട്ടിയ കള്ളക്കടത്തുകാര്‍ അന്ന് രാത്രി പോകണ്ടെന്ന് തീരുമാനിച്ചതായി അയാള്‍ പറഞ്ഞു.

എന്നാലും അതൊരു വിജയമാണെന്ന് ആളുകള്‍ പറയുന്നു. 

‘ഒരു പശുവിനെ കടത്തണമെങ്കില്‍ പോലും അവര്‍ക്ക് അവരുടെ ജീവന്‍ പണയം വയ്ക്കണം,’ ഒരു ടെലിവിഷന്‍ വില്‍പ്പനക്കാരനും ഗോ സംരക്ഷണ സംഘക്കാരനുമായ ബാബുലാല്‍ പ്രജാപതി പറഞ്ഞു. ‘അത്രയ്ക്ക് ശക്തരാണ് ഞങ്ങളിന്ന്’.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍